ruler2

ആധുനിക നിരീശ്വരവാദ ചിന്തകള്‍ -1

ആധുനിക കാലത്ത് പാശ്ചാത്യരില്‍ മതവിശ്വാസം ദുര്‍ബലമാക്കിയതിന് പിന്നിലെ സുപ്രധാന കാരണം ആദ്ധ്യാത്മികതയെ പാടെ നിരാകരിക്കുന്ന തത്വശാസ്ത്രങ്ങളുടെ കുത്തൊഴുക്കും, അറിവിനെ -മാനവ ശാസ്ത്രത്തില്‍ പോലും- കേവലം അനുഭവത്തില്‍ പരിമിതപ്പെടുത്തിയ ജ്ഞാന സമ്പാദന രീതിയുമായിരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. ആധുനിക ദൈവനിരാസ പ്രവണതയുടെ പ്രയാണത്തെക്കുറിച്ച ചര്‍ച്ച, ഇരുപത്-ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലെ ദൈവനിഷേധ പ്രവണതയെ പ്രതിനിധീകരിച്ച തത്വശാസ്ത്രങ്ങളെക്കുറിച്ച വിവരണങ്ങളിലേക്കാണ് നമ്മെ നയിക്കുക. പ്രസ്തുത തത്വശാസ്ത്രങ്ങള്‍ ആധുനിക ലോകത്തിന് സമര്‍പിച്ച Logical Positivism, New Atheism തുടങ്ങിയ ചിന്താരീതികളുടെ വിശകലനങ്ങളാണ് അവയുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കടന്നെത്താന്‍ നമ്മെ സഹായിക്കുക.
ഫ്രഞ്ച് തത്വചിന്തകനായിരുന്ന Auguste Comte യാണ് പ്രകൃതിപ്രതിഭാസങ്ങളെയും, ഭൗതിക യാഥാര്‍ത്ഥ്യങ്ങളെയും ഭൗതികമായി വിലയിരുത്തുന്ന Logical Postivism ത്തിന്റ സ്ഥാപകനായി അറിയപ്പെടുന്നത്. ‘കാണാനും നിരീക്ഷിക്കാനും സാധിക്കാത്തവ, നിലനില്‍ക്കുന്നേയില്ല’ എന്നായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ച അടിസ്ഥാന തത്വം. ദൈവം ഉള്‍പെടെയുള്ള എല്ലാ അദൃശ്യ വിശ്വാസങ്ങളെയും നിരസിക്കുകയെന്നതായിരുന്നു അദ്ദേഹം ഇതുകൊണ്ടുദ്ദേശിച്ചത്.
പിന്നീട് ബ്രിട്ടീഷ് തത്വശാസ്ത്രജ്ഞനായിരുന്ന Sir Alfred Ayer 1936-ല്‍ Logical Positivism ത്തെ മനുഷ്യനിര്‍മിത തത്വശാസ്ത്രത്തിന്റെ ഒരു ശാഖ എന്ന നിലയില്‍ വികസിപ്പിച്ച് കൊണ്ട് മുന്നോട്ട് വന്നു. ഏതൊരു സാങ്കല്‍പിക-ശാസ്ത്രീയ പ്രശ്‌നവും അനുഭവത്തിലൂടെയോ, ഗണിത ഗവേഷണത്തിലൂടെയോ, തര്‍ക്കശാസ്ത്രത്തിലൂടെയോ സ്ഥിരപ്പെട്ടാല്‍ മാത്രമെ സ്വീകരിക്കാനാവൂ എന്ന ആശയത്തെക്കുറിക്കുന്ന The verification Principle എന്ന തത്വത്തിന്മേലാണ് ഇത് നിലകൊള്ളുന്നത്. അതിനാല്‍ തന്നെ മേല്‍പറഞ്ഞ മാര്‍ഗങ്ങള്‍ക്ക് പുറമേയുള്ള ഏതൊരു സങ്കല്‍പത്തിനും വിശ്വാസത്തിനും യാതൊരു അടിത്തറയോ, സ്വീകാര്യതയോ ഇല്ലെന്നും ഈ സിദ്ധാന്തം പ്രചരിപ്പിച്ചു.
സ്വാഭാവികമായും ദൈവം, ആത്മാവ്, മതവിശ്വാസം, ദൈവനിരാസം തുടങ്ങിയ പ്രയോഗങ്ങള്‍ക്കെല്ലാം അര്‍ത്ഥവും ആശയവും നഷ്ടപ്പെട്ടു. കാരണം അവയുടെ ശരിയും തെറ്റും പരീക്ഷണത്തിലൂടെയോ, ഗണിത ശാസ്ത്ര ഗവേഷണത്തിലൂടെയോ, തര്‍ക്കശാസ്ത്രത്തിലൂടെയോ സ്ഥാപിക്കപ്പെടുകയില്ല. അതിനാല്‍ തന്നെ ‘ദൈവം ഉണ്ട്’ എന്ന പ്രയോഗത്തിന് അര്‍ത്ഥമില്ല. അതോടെ വിശ്വാസിയായ മനുഷ്യനും, ദൈവനിഷേധിയായ മനുഷ്യനും അത്തരം ബുദ്ധിക്ക് മുന്നില്‍ തുല്യരാണ്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം Logical Positivism ത്തിന്റെ ഗുരു Sir Alfred Ayer തന്നെ ഈ തത്വശാസ്ത്രം വൈരുദ്ധ്യങ്ങളാണ് നിബിഢമാണ് എന്ന് പ്രഖ്യാപിച്ചതോടെ അതിന്റെ കാലം കഴിഞ്ഞു. അതിലെ അബദ്ധങ്ങള്‍ പരിഹരിച്ച് കുറ്റമറ്റതാക്കുന്നതിനായി നിരവധി വര്‍ഷങ്ങളില്‍ കഠിനാധ്വാനം ചെയ്തതിന് ശേഷമായിരുന്നു ഇത്! ഭൗതിക ശാസ്ത്രം, രസതന്ത്രം തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന പഞ്ചേന്ദ്രിയങ്ങള്‍ അവലംബിച്ച് കൊണ്ടുള്ള പരീക്ഷണ സിദ്ധാന്തം ധാര്‍മികത, മൂല്യം തുടങ്ങിയവ ഉള്‍പെടുന്ന മാനവ ശാസ്ത്രത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം Iyer ക്ക് അംഗീകരിക്കേണ്ടി വന്നു. മാത്രവുമല്ല, ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ മാനദണ്ഡം മുന്‍നിര്‍ത്തി മതവിശ്വാസങ്ങള്‍ മനസ്സിലാക്കാനോ, സ്ഥാപിക്കാനോ സാധിക്കുകയില്ല. ‘ദൈവം എല്ലായിടത്തുമുണ്ട്’ എന്ന മതതത്വത്തെ ന്യൂട്ടന്റെയോ, ഐന്‍സ്റ്റീന്റെയോ ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളിലൂടെയോ സ്ഥാപിക്കുകയെന്നത് അസാധ്യവും അബദ്ധജഢിലവുമാണ്. അതിനാല്‍ അവസാനം ഗത്യന്തരമില്ലാതെ, തന്റെ Logical Positivism മൃതിയടഞ്ഞതായും, മറവ് ചെയ്യപ്പെട്ടതായും Iyer ക്ക് തന്നെ പ്രഖ്യാപിക്കേണ്ടി വന്നു.

About dr. amr shareef

Check Also

maxresdefault

കമ്യൂണിസത്തിന് കാലിടറിയതെവിടെ? -1

നവ സമൂഹം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യന്റെ തന്നെ ഭൗതികമോഹവും ആര്‍ത്തിയുമാണെന്നും, അതിനെ മറികടക്കാനാവുന്ന പക്ഷം ഉന്നതമായ …

Leave a Reply

Your email address will not be published. Required fields are marked *