101-d5wlw7t

ഇസ്ലാം മാരകരോഗമാണെന്നോ?

മാനവകുലത്തെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്ത മാരകരോഗമാണ് ഇസ്ലാമെന്നും, അതിനാല്‍ തന്നെ ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമാക്കുകയും,

കാലഘട്ടത്തിന് അനുസരിച്ച് അവ പുനര്‍വായന നടത്തണമെന്നും ചില ഇസ്ലാം വിരോധികള്‍ ആരോപിക്കാറുണ്ട്. മറ്റുള്ളവരുടെ പ്രകൃതങ്ങള്‍ക്കും അഭിരുചികള്‍ക്കും ആഗ്രഹങ്ങള്‍ക്കും വിരുദ്ധമായ പരാമര്‍ശങ്ങളും നിയമങ്ങളും ഇസ്ലാമിക ശരീഅത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രപഞ്ചനാഥനില്‍ നിന്ന് തിരുദൂതര്‍(സ) കൊണ്ട് വന്ന ഇസ്ലാമിക നിയമവ്യവസ്ഥ പൊളിച്ച് കളയണമെന്നതാണ് ഇവരുടെ ഉദ്ദേശ്യം.

ഓറിയന്റലിസ്റ്റുകള്‍ സാധാരണ ഉന്നയിക്കാറുള്ള ആരോപണമാണിത്. ഇതരമതവിഭാഗങ്ങള്‍ക്ക് മുന്നില്‍ ഇസ്ലാമിന്റെ മുഖം വികൃതമായി അവതരിപ്പിക്കുന്നതിനും മുസ്ലിംകളുടെ അഖീദക്ക് ഇളക്കം തട്ടിക്കുന്നതിനും വേണ്ടിയാണിത്.

ചരിത്രപരവും നാഗരികവുമായ ദൗത്യനിര്‍വഹണം നടത്തിയ സമ്പൂര്‍ണമായ ദര്‍ശനമാണ് ഇസ്ലാം. മാനവസമൂഹത്തിന് ഇസ്ലാം സമ്മാനിച്ച മഹത്തായ നേട്ടങ്ങള്‍ ശത്രുപക്ഷത്ത് അണിനിരന്ന നിക്ഷ്പക്ഷരായ ചിന്തകരും എഴുത്തുകാരുമെല്ലാം അംഗീകരിച്ചതാണ്. എന്നാല്‍ ഇസ്ലാമിക വിശ്വാസങ്ങളില്‍ നിന്നും ചരിത്രങ്ങളില്‍ നിന്നും തങ്ങള്‍ക്കനുകൂലമായത് പെറുക്കിയെടുത്ത്, അവ പര്‍വതീകരിക്കുകയെന്നത് ഓറിയന്റലിസ്റ്റുകളുടെ പതിവാണ്. ഓറിയന്റലിസ്റ്റ് എഴുത്തുകാരുടെ രീതികളെക്കുറിച്ച് ഡോ. മുഹമ്മദ് ഖലീഫഃ ഹസന്‍ രേഖപ്പെടുത്തുന്നു.

(ഇസ്ലാമിനും മുസ്ലിംകള്‍ക്കും വിരുദ്ധമായ പാശ്ചാത്യധൈഷണിക പ്രസ്ഥാനമാണ് യഥാര്‍ത്ഥ ഓറിയന്റലിസം. ഇസ്ലാമിക ചിന്തയില്‍ പല പ്രതിലോമപരമായ സ്വാധീനവും ചെലുത്താന്‍ ഓറിയന്റലിസത്തിന് സാധിച്ചിട്ടുണ്ട്. ഇക്കാലഘട്ടത്തിലെ വിവിധ ഇസ്ലാമിക സമൂഹങ്ങളിലും, അവയുടെ പ്രവര്‍ത്തനങ്ങളിലും ഇവ നിഴലിച്ച് കാണാവുന്നതാണ്. ഇസ്ലാമിക സംസ്‌കാരത്തിന് നേരെ നിരന്തരമായ നടന്നുകൊണ്ടിരിക്കുന്ന ധൈഷണികയുദ്ധത്തിന്റെ നേതൃസ്ഥാനം ഓറിയന്റലിസത്തിനാണുള്ളത്. ചുരുകത്തില്‍ ഓറിയന്റലിസത്തിന്റെ സ്വാധീനമില്ലാത്ത ഒരു മേഖലയും മുസ്ലിംകളുടെ ജീവിതത്തലില്ല എന്ന ദുരവസ്ഥ സംജാതമായിരിക്കുന്നു. അധിനിവേശ കാലഘട്ടത്തില്‍ മുസ്ലിം നാടുകളില്‍ നിന്ന് കൊയ്‌തെടുത്ത സാംസ്‌കാരിക നേട്ടങ്ങള്‍ പാശ്ചാത്യര്‍ സംരക്ഷിക്കുന്നതും അതിന്റെ സ്വാധീനവൃത്തം വിശാലമാക്കുന്നതും ഓറയിന്റലിസത്തിന്റെ സഹായത്താലാണ്. പൗരസ്ത്യലോകത്തിന്റെ ജീവിതരീതി പൊതുവായും, ഇസ്ലാമിക ജീവിതം പ്രത്യേകമായും പാശ്ചാത്യവല്‍ക്കരിക്കുകയെന്ന അജണ്ട നടപ്പാക്കുന്നതും ഈ പ്രസ്ഥാനം തന്നെയാണ്. ഓറിയന്റലിസം കൊണ്ട് ചില ചില്ലറ പ്രയോജനങ്ങളുണ്ടെങ്കില്‍ പോലും, അവ മുസ്ലിം സമൂഹത്തില്‍ സൃഷ്ടിച്ച പ്രതിലോമപരമായ സ്വാധീനങ്ങള്‍ അവയേക്കാള്‍ എത്രയോ ഭീകരമാണ്. പച്ചയായ പാശ്ചാത്യന്‍ ലക്ഷ്യങ്ങളാണ് ഓറിയന്റലിസത്തിനുള്ളത്. മുസ്ലിം സമൂഹത്തിന് അവയേല്‍പിച്ച ആഘാതങ്ങള്‍ അപകടകരമാണ്. ഇസ്ലാമിക സമൂഹങ്ങളെ പാശ്ചാത്യ മൂശയില്‍ വാര്‍ത്തെടുക്കുകയെന്നതാണത്).

ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മുഖം വികൃതമാക്കുന്നതില്‍ ഓറിയന്റലിസത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു (ഓറിയന്റലിസ്റ്റ് ചിന്തയുടെ പ്രതിലോമപരമായ ഫലങ്ങളിലൊന്നാണ് പാശ്ചാത്യലോകത്ത് ഇസ്ലാമിക സമൂഹത്തിന്റെ മുഖം അത് വികൃതമാക്കിയെന്നത്. ഒരുപക്ഷെ, ഓറിയന്റലിസത്തിന്റെ ഏറ്റവും അപകടകരമായ ഫലമാണിതെന്ന് വിശേഷിപ്പിക്കാവുന്നതാണ്. മുസ്ലിംകള്‍ തങ്ങളുടെ നാടുകളില്‍ സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നവരാണ്. അവയനുസരിച്ച് ജീവിക്കുന്നവരും, അവരില്‍ സംതൃപ്തിയുള്ളവരുമാണ്. എന്നാല്‍ ഇതിന് വിപരതമാണ് പുറംനാടുകളിലെ ഇസ്ലാമിന്റെ ചിത്രം. ഓറിയന്റലിസ്റ്റുകള്‍ വഴി ഇസ്ലാമിനെക്കുറിച്ച പല വ്യാജവും വികൃതവുമായ ധാരണകളാണ് അവര്‍ക്കുള്ളത്.

ദീന്‍, നാഗരികത തുടങ്ങിയ തലങ്ങളില്‍ മനുഷ്യമനസ്സില്‍ -ഓറിയന്റലിസ്റ്റുകളില്‍ നിന്ന് ഇസ്ലാമിനെ പഠിച്ച- ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്നതാണ് പ്രസ്തുത വിവരണങ്ങള്‍. ഇസ്ലാമിക സമൂഹങ്ങളെയും ഇസ്ലാമിന്റെ അടിസ്ഥാനങ്ങളെയും കുറിച്ച വിവരങ്ങളുടെ ആധികാരിക സ്രോതസ്സായി നിലവില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ഓറിയന്റലിസ്റ്റുകളാണ്. ഇതിന് വിരുദ്ധമായി ഇസ്ലാമിനെ മനോഹരമായി ചിത്രീകരിക്കുന്ന മറ്റൊരു സ്രോതസ്സുമില്ല എന്നതാണ് വസ്തുത. ഓറിയന്റലിസ്റ്റ് എഴുത്തിന്റെ മറുവശം പരിചയപ്പെടുത്തുന്ന, തൂക്കമൊപ്പിക്കാന്‍ ഉതകുന്ന മറ്റൊരു ശ്രമവും രൂപപ്പെട്ടിട്ടില്ല എന്നര്‍ത്ഥം.

ഇവ്വിഷയകമായി മുസ്ലിംകള്‍ വരുത്തിയ വീഴ്ച ഇവിടെ വ്യക്തമാണ്. പാശ്ചാത്യലോകത്ത് ഇസ്ലാമിനെക്കുറിച്ച വിജ്ഞാനങ്ങളുടെ ആധികാരികത ഓറിയന്റലിസത്തിന് വിട്ടുകൊടുത്തത് നാം മുസ്ലിംകള്‍ തന്നെയാണ്. ഇസ്ലാമിനെയും അതിന്റെ നാഗരികതയെയും സമൂഹങ്ങളെയും കുറിച്ച് ആധുനിക പാശ്ചാത്യ ഭാഷകളിലുള്ള രചനകള്‍ സജീവമാക്കുകയെന്നത് നിര്‍ബന്ധ ബാധ്യതയാണ്. മികവാര്‍ന്ന ഇസ്ലാമിക ഗ്രന്ഥങ്ങള്‍ അവരുടെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ചിത്രം അവരിലെത്തുകയുള്ളൂ. പാശ്ചാത്യ ലോകത്തെ ചിന്തകര്‍, പത്രപ്രവര്‍ത്തകര്‍, സാംസ്‌കാരികസമ്പന്നര്‍ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളും ഇസ്ലാമിനെക്കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ ഈ വഴി മാത്രമെ അവശേഷിക്കുന്നുള്ളൂ.

ഇസ്ലാമിനെക്കുറിച്ച ശരിയായ വിവരം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയെന്നതാണ് ഓറിയന്റലിസ്റ്റുകളുടെ ലക്ഷ്യം. പാശ്ചാത്യലോകത്ത് ഇസ്ലാം സ്വാധീനം ചെലുത്തുകയോ, ആധിപത്യം സ്ഥാപിക്കുകയോ ചെയ്യാതിരിക്കുന്നതിന് വേണ്ടിയാണിത്. ചുരുക്കത്തില്‍ പാശ്ചാത്യലോകത്ത് ഇസ്ലാമിന്റെ വ്യാപനം തടയുകയെന്ന് ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് ഓറിയന്റലിസ്റ്റുകള്‍. അതിനായവര്‍ ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചു. ഇസ്ലാമിനെ ദീനായോ, നാഗരികതയായോ സ്വീകരിക്കാന്‍ പാടില്ലെന്ന് പഠിപ്പിച്ചു. പാശ്ചാത്യര്‍ സ്വാഭാവികമായും ഓറിയന്റലിസ്റ്റുകള്‍ക്ക് ചെവി കൊടുക്കുന്നവരായിരുന്നു. കാരണം ഇസ്ലാമിക വിജ്ഞാനത്തില്‍ അവഗാഹമുള്ളവരാണ് ഓറിയന്റലിസ്റ്റുകളെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ തന്നെ ഇസ്ലാമിനെക്കുറിച്ച് അവര്‍ നടത്തിയിരുന്ന ഓരോ അഭിപ്രായപ്രകടനങ്ങളും സംശയലേശമന്യെ അവര്‍ സ്വീകരിച്ചു. പാശ്ചാത്യരുടെ വിശ്വാസം സമ്പാദിക്കാന്‍ അവര്‍ക്ക് സാധിച്ചു. മുസ്ലിം രാഷ്ട്രങ്ങളിലെ സാമ്പത്തികവും, രാഷ്ട്രീയവും, ധൈഷണികവുമായ കാര്യങ്ങളില്‍ ഇവര്‍ക്ക് ആധികാരിക വിവരമുണ്ടെന്ന് അവര്‍ ധരിച്ചു).

About abdul wadud yusuf

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *