7858

ഇസ്ലാമിക പ്രബോധനത്തിന്റെ രാഷ്ട്രീയ മുഖം -1

ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ മുഹമ്മദ് നബി(സ)യുടെ നിയോഗത്തിന്റെ തന്നെ കൂടെപ്പിറപ്പായിരുന്നു. ഉന്നത സ്വഭാവശീലങ്ങളുടെ പൂര്‍ത്തീകരണവും, പൂര്‍വവേദങ്ങള്‍ക്ക് മേലുള്ള അവസാനവാക്കും,

മാനവരാശിക്ക് സുവിശേഷകനും മുന്നറിയിപ്പുകാരനുമായാണ് അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചത്. അന്ധകാരത്തില്‍ നിന്ന് പ്രകാശങ്ങളിലേക്ക് മാലോകരെ വഴി നടത്തി, അവര്‍ക്ക് കാരുണ്യമായി അദ്ദേഹം രംഗപ്രവേശം ചെയ്തു. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളും വിധി വിലക്കുകളും അനുസരിച്ച് അദ്ദേഹം അവരെ നയിക്കുകയും, ഭരിക്കുകയും ചെയ്തു.

മഹത്തായ രാഷ്ട്രീയ തത്വങ്ങള്‍ അതിസൂക്ഷ്മമായ വിധത്തില്‍ വരച്ചു വെച്ചതിന് ശേഷമാണ് തിരുദൂതര്‍(സ) ഇഹലോകവാസം വെടിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിലൂടെ കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്. ഒന്നും രണ്ടും അഖബഃ ഉടമ്പടികളിലും, ഇസ്ലാമിക പ്രബോധനത്തിന്റെ പ്രഥമ ഘട്ടത്തിലും ഈ രാഷ്ട്രീയ മുഖം വളരെ വ്യക്തമായിരുന്നു. പ്രബോധന ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വിവിധ വാഗ്ദാനങ്ങളുമായി തന്റെയടുത്തെത്തിയ ഖുറൈശി പ്രമാണിമാര്‍ക്ക് അദ്ദേഹം മറുവാഗ്ദാനം നല്‍കുകയാണ് ചെയ്തത്. തിരുമേനി(സ)യുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ‘ഞാന്‍ നിങ്ങള്‍ക്ക് ഒരു വചനം പറഞ്ഞു തരാം. അതുവഴി അറബികളെയും അനറബികളെയും കീഴ്‌പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്’.  ഇതുകേട്ട അബൂജഹ്ല്‍ പറഞ്ഞുവത്രെ ‘ഒന്നല്ല, പത്ത് വാചകങ്ങള്‍ പറഞ്ഞാലും’. തിരുമേനി(സ) അദ്ദേഹത്തിന് നല്‍കിയ മറുപടി ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു ‘അല്ലാഹുവല്ലാതെ ഇലാഹില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക. അവനെക്കൂടാതെ നിങ്ങള്‍ ആരാധിക്കുന്നവയെ ഉപേക്ഷിക്കുകയും ചെയ്യുക’.

മക്കയിലായിരിക്കെ തിരുമേനി(സ) നടത്തിയ ഈ പ്രസ്താവന ഇസ്ലാം രാഷ്ട്രീയ ദര്‍ശനം കൂടിയാണെന്ന് വ്യക്തമാക്കുന്നു. രാഷ്ട്രീയ ചിന്തകളും മറ്റും ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. അല്ലാതെ ഖുറൈശികളുടെ പീഢനമോ, ഹിജ്‌റയോ, യഹൂദരുമായുള്ള ഇടപഴകലോ യാദൃശ്ചികമായി രൂപപ്പെടുത്തിയ നയമായിരുന്നില്ല അത്.

ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ ഇസ്ലാമിക പ്രബോധനത്തിന്റെ കൂടെ തന്നെ താത്വികമായി രൂപപ്പെട്ട സംവിധാനമാണ്. ഇസ്ലാമിക രാഷ്ട്ര നിര്‍മാണത്തിലൂടെ അതിന്റെ പ്രായോഗികത തിരുമേനി(സ) ലോകത്തിന് പകര്‍ന്ന് നല്‍കുകയും ചെയ്തു. തികഞ്ഞ ആസൂത്രണവും, മികവുറ്റ തയ്യാറെടുപ്പുമില്ലായിരുന്നുവെങ്കില്‍ തിരുമേനി(സ)ക്ക് അതിന് സാധിക്കുമായിരുന്നില്ല എന്നതിനാല്‍ തന്നെ മദീനയിലെ ഇസ്ലാമിക രാഷ്ട്രമാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പ്രാരംഭം എന്ന വാദം അടിസ്ഥാനരഹിതമാണ്. കാരണം രാഷ്ട്രവും, അതിന്റെ രൂപീകരണം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഇസ്ലാമിക പ്രബോധനത്തിന്റെ ഫലമായി വിശ്വാസി സംഘം രൂപപ്പെട്ടതിന് ശേഷം മക്ക സാക്ഷ്യം വഹിച്ചത് ബുദ്ധിപരവും, രാഷ്ട്രീയവുമായ സംഘട്ടനങ്ങള്‍ക്ക് തന്നെയാണ്. ആ പോരാട്ടങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഫലമായിരുന്നു മദീനയില്‍ പ്രവാചക നേതൃത്വത്തില്‍ രൂപം കൊണ്ട ഇസ്ലാമിക രാഷ്ട്രം.

മക്കാ കാലഘട്ടത്തില്‍ അവതരിച്ച ദൈവിക വചനങ്ങള്‍ സൂക്ഷ്മമായ വായനക്ക് വിധേയമാക്കിയാല്‍ അവയില്‍ പ്രസ്തുത രാഷ്ട്രീയ മുഖം നിഴലിച്ച് നില്‍ക്കുന്നതായി കാണാവുന്നതാണ്. ‘അടുത്ത ബന്ധുക്കള്‍ക്ക് താങ്കള്‍ മുന്നറിയിപ്പ് നല്‍കുക’, ‘ബഹുദൈവ വിശ്വാസികളില്‍ നിന്ന് പിന്തിരിഞ്ഞ് കളയുകയും, കല്‍പന നിറവേറ്റുകയും ചെയ്യുക’ തുടങ്ങിയ അര്‍ത്ഥമുള്ള വചനങ്ങള്‍ ഉദാഹരണം.

ബഹുദൈവ വിശ്വാസികളുടെ വിഗ്രഹങ്ങളെ ബഹിഷ്‌കരിച്ചും, അവര്‍ കെട്ടിപ്പടുത്ത സാമൂഹിക സംവിധാനത്തെ ചോദ്യം ചെയ്തുമാണ് ആദ്യകാല രാഷ്ട്രീയ-പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തിരുമേനി(സ) തുടക്കമിട്ടത്. ശത്രുക്കളുടെ ഭാഗത്ത് നിന്നുള്ള ആക്രമണവും പീഢനവും വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അവരുടെ വിശ്വാസം കൂടുതല്‍ ശക്തിപ്പെടുകയും സുദൃഢമാവുകയുമാണ് ചെയ്തത്. തങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞ ഖുറൈശികള്‍ അബൂത്വാലിബിനെ മധ്യസ്ഥനാക്കി പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. പ്രസ്തുത ഉദ്യമത്തിന് തിരുമേനി(സ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു (അല്ലാഹുവാണ, അവര്‍ എന്റെ വലതു കയ്യില്‍ സൂര്യനെയും, ഇടതു കയ്യില്‍ ചന്ദ്രനെയും വെച്ച് തന്നാല്‍ പോലും അല്ലാഹു വിജയിപ്പിക്കുകയോ, സ്വയം നശിക്കുകയോ ചെയ്യുന്നത് വരെ ഈ ദൗത്യം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല).

About ihsan abdul munim

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *