തൗറാത്തും ഇഞ്ചീലും സുരക്ഷിതമോ?

മുന്‍കാല സമൂഹങ്ങളിലേക്ക് അല്ലാഹു അവതരിപ്പിച്ച തൗറാത്തും ഇഞ്ചീലും മനുഷ്യന്റെ കൈകടത്തലുകളില്‍ നിന്നും മറ്റും സുരക്ഷിതമാണെണ് അവയുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നത് വാദിക്കാറുണ്ട്. അവര്‍ തെളിവായി ഉദ്ധരിക്കുന്നത് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് തന്നെയുള്ള ഏതാനും വചനങ്ങളാണ്.

(നിനക്കു നാം അവതരിപ്പിച്ചുതന്നതിനെ സംബന്ധിച്ച് നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിനക്കുമുമ്പെ വേദപാരായണം നടത്തിവരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിന്റെ നാഥനില്‍ നിന്ന് സത്യമാണ് നിനക്ക് വന്നെത്തിയിരിക്കുന്നത്. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്). യൂനുസ് 94
പ്രവാചകന്‍(സ)യോട് മറ്റ് വേദങ്ങള്‍ പാരായണം ചെയ്യുന്നവരോട് ചോദിക്കാനാണ് ഇവിടെ കല്‍പിക്കുന്നത്. അവ കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിധേയമായിരുന്നുവെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം ആവശ്യപ്പെടുമായിരുന്നില്ല. പ്രവാചകന് മുമ്പ് പ്രസ്തുത വേദങ്ങളില്‍ കൈകടത്തല്‍ സംഭവിച്ചിട്ടില്ല എന്ന് ഈ വചനം വ്യക്തമാക്കുന്നു. ശേഷമാവട്ടെ അപ്രകാരം സംഭവിക്കില്ലെന്ന് (അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മാറ്റമില്ല) യൂനുസ് 64-ാം വചനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. എവിടെ വെച്ചാണ് പ്രസ്തുത വേദങ്ങളില്‍ കൈകടത്തല്‍ നടത്തിയത്? യൂറോപ്പിലോ, അതല്ല ആഫ്രിക്കയിലോ, അതുമല്ല ഏഷ്യയിലോ? ആരാണ് വേദഗ്രന്ഥം തിരുത്തിയെഴുതിയത്? ക്രൈസ്തവരോ, ജൂതന്മാരോ അതോ മറ്റു വല്ലവരോ?
പഴയ-പുതിയ വേദങ്ങളില്‍ തിരുത്തിയെഴുത്ത് സംഭവിച്ചിട്ടുണ്ടെന്ന് ജൂത-ക്രൈസ്തവര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. പാരീസ് സര്‍വകലാശാലയിലെ മതചരിത്ര വിഭാഗത്തിന്റെ തലവനും, ക്രൈസ്തവ ചരിത്രത്തില്‍ അദ്ധ്യാപകനുമായ ചാള്‍സ് ജൂനിപെര്‍ ക്രൈസ്തവ ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന ഒരു വ്യക്തി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നു (ആദ്യമായി അഭിമുഖീകരിക്കുന്ന പ്രശ്‌നം പ്രമാണത്തില്‍ തന്നെയുള്ളതാണ്. മറ്റു പ്രമാണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദുര്‍ബലമായ പരമ്പരയും, ആശയക്കുഴപ്പവും, ഉറപ്പ് വരുത്താനുള്ള പ്രയാസവുമാണ് അവയിലുള്ളത്. അവയില്‍ ഏറ്റവും പഴക്കം ചെന്നതും സുപ്രധാനവുമായിട്ടുള്ളത് ‘പുതിയ നിയമം’ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങളാണ്. അവ പോലും അവലംബിക്കുന്നതിന് മുമ്പ് സൂക്ഷ്മപരിശോധനയും നിരൂപണവും നടത്തേണ്ടതുണ്ട്).
പുതിയ നിയമത്തിലെ വൈരുദ്ധ്യങ്ങളെയായിരുന്നു ഡോ. മോറിസ് ബുക്കായ് കൈകാര്യം ചെയ്തത്. അദ്ദേഹം പറയുന്നു (ഇവയിലടങ്ങിയിരിക്കുന്ന പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ഒരു നിലക്കും സത്യപ്പെടുത്താനോ, പരസ്പരം യോജിപ്പിക്കാനോ കഴിയാത്തവയാണ്. ഈ പ്രമാണങ്ങളില്‍ പഠനഗവേഷണങ്ങള്‍ നടത്തുന്ന പലരും അവ സുസ്ഥിര ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാര്യം ബോധപൂര്‍വം അവഗണിക്കുകയാണ് ചെയ്യുന്നത്. കൂടാതെ ഒരു ഞാണിന്മേല്‍ കളിക്കാരന്റെ വൈദഗ്ദ്യത്തോടെ അവ മറച്ചുവെക്കാനും അവര്‍ ശ്രമിക്കുന്നു).
പ്രസ്തുത വേദങ്ങള്‍ മനുഷര്‍ പേന കൊണ്ട് എഴുതിയുണ്ടാക്കിയതാണെന്നത് സ്ഥിരപ്പെട്ട വസ്തുതയാണ്. ദൈവം അവ തങ്ങള്‍ക്ക് ബോധനം നല്‍കിയതാണെന്ന വാദത്തിന് തെളിവുകളൊന്നുമില്ല. ജനങ്ങളില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതും, അവരുടെ സ്മരണയില്‍ നിന്ന് ക്രോഡീകരിച്ചതുമാണ് പുതിയ നിയമത്തിലുള്ളതെന്ന് മോറിസ് ബുക്കായ് തുറന്നടിക്കുന്നു. ഇന്ന് ജനങ്ങള്‍ക്കിടയിലുള്ള തൗറാത്തും ഇഞ്ചീലും യഥാക്രമം മൂസാ, ഈസാ(അ) പ്രവാചകന്മാര്‍ക്ക് ദൈവത്തില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതിന്റെ യഥാര്‍ത്ഥ പതിപ്പ് അല്ല എന്ന് ജൂത-ക്രൈസ്തവ പണ്ഡിതന്മാര്‍ക്ക് നന്നായറിയാവുന്നതാണ്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം അവര്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണ് ചെയ്യുന്നത്.
തൗറാത്തും ഇഞ്ചീലും മാറ്റിയെഴുത്തിന് വിധേയമായിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നുണ്ട് (പദങ്ങളെ അവയുടെ സ്ഥാനത്ത് നിന്ന് അവര്‍ മാറ്റിയിരിക്കുന്നു) എന്ന് അന്നിസാഅ് 46-ാം വചനത്തില്‍ പരാമര്‍ശിച്ച ഖുര്‍ആന്‍ അല്‍ബഖറയില്‍ പറയുന്നത് ഇപ്രകാരമാണ് (അവരുടെ അടുത്ത് ദൈവദൂതന്‍ വന്നെത്തി. അദ്ദേഹം അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര്‍ ആ ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. അവര്‍ക്കൊന്നും അറിയാത്ത പോലെ). അല്‍ബഖറ 101
പഴയനിയമത്തെക്കുറിച്ച് എഡ്മണ്ട് ജാക്കബ് നടത്തിയ പഠനം മുന്നില്‍ വെച്ച് ഡോ. മോറിസ് ബുക്കായ് പറയുന്നു (പഴയ നിയമത്തിലേക്ക് മനുഷ്യന്‍ എത്രമാത്രം ചേര്‍ത്തിരിക്കുന്നു എന്ന് ഇവിടെ വ്യക്തമാകുന്നു. പഴയ നിയമത്തിലെ പ്രമാണങ്ങള്‍ക്ക് വന്ന മാറ്റങ്ങള്‍ വായനക്കാരന് ബോധ്യപ്പെടുന്നതാണ്. ഒരു നിവേദനത്തില്‍ നിന്ന് മറ്റൊരു നിവേദനത്തിലേക്ക്. ഒരു മൊഴിമാറ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും അവ മാറ്റത്തിന് വിധേയമാക്കി കൊണ്ടേയിരുന്നു).
തൗറാത്തും ഇഞ്ചീലും മാറ്റത്തിന് വിധേയമായിട്ടില്ലെന്ന് കുറിക്കുന്നതിന് ജൂത-ക്രൈസ്തവര്‍ ഉദ്ധരിക്കുന്ന യൂനുസിലെ പ്രാരംഭത്തില്‍ പരാമര്‍ശിച്ച ദൈവിക വചനത്തിന്റെ വിശദീകരണം ഇപ്രകാരമാണ്. തൗറാത്തും ഇഞ്ചീലും സുരക്ഷിതമാണെന്ന് പ്രസ്തുത സൂക്തം വ്യക്തമാക്കുന്നേയില്ല. അല്ലാഹുവിങ്കല്‍ നിന്ന് അവന്റെ ദൂതന്മാര്‍ക്ക് ദിവ്യബോധനം ലഭിക്കുന്നതില്‍ അസ്വാഭാവികതയില്ലെന്ന് സ്ഥാപിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഇപ്രകാരം ദിവ്യബോധനം താങ്കള്‍ക്ക് മാത്രമല്ല അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്നും, താങ്കള്‍ പൂര്‍വവേദക്കാരോട് അന്വേഷിച്ചാല്‍ അക്കാര്യം വ്യക്തമാകുന്നതാണെന്നും അല്ലാഹു പ്രവാചകന്‍ മുഹമ്മദ്(സ)ക്ക് വിശദീകരിച്ച് കൊടുക്കുകയാണ് ഇവിടെ.
ഇനി എപ്പോഴാണ് കൈകടത്തല്‍ നടത്തിയത് എന്നതാണ് ചോദ്യമെങ്കില്‍ നമ്മേക്കാള്‍ നന്നായി അക്കാര്യം അറിയുന്നവര്‍ ജൂത-ക്രൈസ്തവര്‍ തന്നെയാണ്. ഇനി അവയില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നറിയണമെന്നാണ് ആഗ്രമെങ്കില്‍ ഡോ. മോറിസ് ബുക്കായ് എഴുതിയ ‘പൂര്‍വവേദ പഠനം’ എന്ന ഗ്രന്ഥം പരിശോധിക്കാവുന്നതാണ്. ഈ കൈകടത്തലുകള്‍ക്ക് നേതൃത്വം നല്‍കിയത് ജൂത-ക്രൈസ്തവര്‍ തന്നെയാണ്. ക്രൈസ്തവരുടെ കൈവശമുള്ള പഴയ നിയമം ജൂതന്മാര്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല. അപ്രകാരം തന്നെയാണ് ക്രൈസ്തവരുടെ കയ്യിലുള്ള പുതിയ നിയമത്തിന്റെ കാര്യത്തില്‍ ജൂതന്മാര്‍ സ്വീകരിക്കുന്ന സമീപനവും. മൂസായുടെ മരണത്തിന് ഏതാനും നൂറ്റാണ്ടുകള്‍ക്ക ശേഷം തന്നെ തൗറാത്ത് പൂര്‍ണമായി മാറ്റിയെഴുതുകയുണ്ടായി. ക്രൈസ്തവര്‍ പുതിയ നിയമം അഥവാ ഇഞ്ചീല്‍ മാത്രമല്ല, പഴയ നിയമവും മാറ്റിയെഴുതി. ഇഞ്ചീലിന്റെ യഥാര്‍ത്ഥ പ്രതി എന്തു കൊണ്ട് അവര്‍ ഹാജരാക്കുന്നില്ല? ആരാണ് അത് വിവരത്തനം ചെയ്തതെന്ന് പ്രഖ്യാപിക്കുന്നില്ല? യഥാര്‍ത്ഥ പ്രതി മാറ്റിവെച്ച് വിവര്‍ത്തനത്തെ മാത്രം അവലംബിക്കാനുള്ള ന്യായമെന്താണ്? ക്രൈസ്തവര്‍ മറ്റുള്ളവരോട് ചോദിക്കുന്നതിന് മുമ്പ് സ്വയം ചോദിക്കേണ്ട സംശയങ്ങളാണ് ഇവ.

 

About azeez muhammad abu kalaf

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *