4gwo1_1280

ആചാരങ്ങളേക്കാള്‍ വിശാലമാണ് മതദര്‍ശനം

ദൈവത്തെ അറിയുകയും അവന് വഴിപ്പെടുകയും അവനെ കണ്ട് മുട്ടുന്നതിന് തയ്യാറാവുകയും ചെയ്യുകയെന്നതാണ് മതവിശ്വാസത്തിന്റെ കാമ്പും കാതലും. അതിനാല്‍ തന്നെ മതാദ്ധ്യാപനങ്ങളില്‍ ധാര്‍മികവും സാമൂഹികവുമായ ധാരാളം വ്യവസ്ഥകളും കല്‍പനകളും കാണാവുന്നതാണ്.

മനുഷ്യന്റെ വ്യക്തിജീവിതത്തെയും പൊതുജീവിതത്തെയും ഒരു പോലെ കൈകാര്യം ചെയ്യുന്നവയും വ്യവസ്ഥപ്പെടുത്തുന്നവയുമാണ് അവ.
ഇസ്ലാമിക അഖീദയില്‍ പടുത്തുയര്‍ത്തപ്പെട്ടതോ, ദൈവപ്രീതി കാംക്ഷിച്ചു കൊണ്ടുള്ള കര്‍മങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടതോ ആണ് ഈ അദ്ധ്യാപനങ്ങളെല്ലാം. അതിനാല്‍ തന്നെ അഖീദയെന്ന സ്തംഭം തകര്‍ന്ന് വീഴുകയോ, കര്‍മമെന്ന ലക്ഷ്യം നഷ്ടപ്പെടുകയോ ചെയ്യുന്ന പക്ഷം മേല്‍പറഞ്ഞ ധാര്‍മിക-സാമൂഹിക വ്യവസ്ഥകളെല്ലാം താറുമാറാകുന്നതാണ്. മൂല്യം നഷ്ടപ്പെട്ട കറന്‍സി കേവലം കടലാസ് മാത്രമായി ചുരുങ്ങുന്നത് പോലെ, അഖീദ നഷ്ടപ്പെട്ട മതാദ്ധ്യാപനങ്ങള്‍ക്ക് യാതൊരു വിലയും നിലയുമുണ്ടായിരിക്കുന്നതല്ല.
എല്ലാറ്റിനും മുമ്പെ, ദൈവാസ്തിത്വത്തെക്കുറിക്കുന്ന ബോധമാണ് ദീന്‍ അഥവാ ജീവിത ദര്‍ശനം. തന്റെ അടിമകള്‍ക്ക് മേല്‍ വിധി കല്‍പിക്കാനും, അവര്‍ക്കാവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കാനുമുള്ള അകാശം ദൈവത്തിനുണ്ടെന്ന് അംഗീകരിക്കുകയാണ് അതിന്റെ സ്വാഭാവികമായ തേട്ടം. മനസ്സിലെ ഈ ബോധത്തിന്റെയും, പുറമെയുള്ള പ്രഖ്യാപനത്തിന്റെയും ഫലമെന്നോണം അല്ലാഹു നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. അവ മനുഷ്യസമൂഹത്തിന് നേട്ടമാണ് എന്നത് കൊണ്ട് മാത്രമല്ല, അല്ലാഹുവിന് വിധേയപ്പെടുകയെന്ന അവനോടുള്ള ബാധ്യത പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് നാം അപ്രകാരം ചെയ്യേണ്ടത്.
കച്ചവട ഇടപാടുകളിലും മറ്റും സത്യസന്ധത പുലര്‍ത്തല്‍ മഹത്വമാണെന്ന് ഒരു പക്ഷെ ഭൗതികവാദികളും അഭിപ്രായപ്പെട്ടേക്കാം. ഒരാളോട് സത്യസന്ധത പുലര്‍ത്തി കച്ചവടം നടത്തുന്ന അയാള്‍ ദൈവത്തിന് മുന്നില്‍ ആരാധന നിര്‍വഹിക്കുകയല്ല ചെയ്യുന്നത്. കാരണം അവന് അല്ലാഹുവിനെ അറിയില്ല. അവന്റെ പ്രതിഫലങ്ങളില്‍ അവന്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുമില്ല!
എന്നാല്‍ വിശ്വാസിയുടെ സത്യസന്ധത അല്ലാഹുവിനുള്ള ആരാധനയും അനുസരണവുമാണ്. കാരണം അല്ലാഹു നല്‍കിയ കല്‍പനയുടെ ഭാഗമാണ് അതെന്ന് അവന്‍ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു (വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവെ ഭയപ്പെടുകയും സത്യസന്ധന്മാരുടെ കൂടെ ചേരുകയും ചെയ്യുക. പ്രഥമമായി അല്ലാഹുവില്‍ വിശ്വസിക്കുകയും, പിന്നീട് പ്രസ്തുത വിശ്വാസത്തില്‍ നിന്ന് സത്യസന്ധതയിലേക്ക് കുതിച്ചുയരുകയുമാണ് അവന്‍ ചെയ്യുന്നത്.
അതിനാല്‍ തന്നെ അവന്റെ വ്യക്തിപരവും സാമൂഹികവുമായ എല്ലാ സുകൃതങ്ങളും മതാദ്ധ്യാപനങ്ങളുടെയും വിശ്വാസിയുടെ ചര്യയുടെയും ഭാഗമായിത്തീരുന്നു. വിശ്വാസിയുടെ ഓരോ കര്‍മത്തിലും ഈ അദ്ധ്യാപനങ്ങള്‍ പ്രതിഫലിക്കുകയും, അവന്‍ ദൈവിക നിറത്താല്‍ ഭൂമിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. ദൈവത്തിലുള്ള വിശ്വാസമാണ് അവന്റെ കര്‍മത്തിന് പിന്നില്‍ പ്രചോദനമായി വര്‍ത്തിക്കാറുള്ളത്.
എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായ ഒരു സമീപനമാണ് ഇപ്പോള്‍ നമ്മുടെ ജനങ്ങള്‍ വെച്ച്പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. നല്ലതോ, ചീത്തയോ ആയ ഏതാനും ചില ആചാരങ്ങളും സമ്പ്രദായങ്ങളും മുറുകെ പിടിക്കുകയും അവ പൂര്‍ത്തീകരിക്കുന്നത് മഹത്വവും ശ്രേഷ്ഠതയുമായി വിലയിരുത്തുകയും ചെയ്യുന്നുവെന്നതാണ് അവരുടെ പരമ്പരാഗത രീതി. ഇവയില്‍ ചില ആചാരങ്ങള്‍ ഇസ്ലാമികമായിരിക്കാം. പക്ഷെ അത് നിര്‍വഹിക്കുന്ന ജനങ്ങള്‍ ഒരു നിമിഷം പോലും ദൈവത്തെ സ്മരിക്കുകയോ, അവനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നില്ലെന്നതാണ് വസ്തുത.
ഇത്തരം ജനങ്ങള്‍ മതത്തെ രണ്ട് ചീന്തുകളാക്കി അടര്‍ത്തിയെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ആരാധനകള്‍, വിശ്വാസങ്ങള്‍, ചടങ്ങുകള്‍ തുടങ്ങിയവ ചേര്‍ന്നതാണ് ഒന്നാമത്തെ വിഭാഗം. ഇടപാടുകള്‍കള്‍, വ്യവസ്ഥകള്‍ തുടങ്ങിയവയാണ് രണ്ടാമത്തെ വിഭാഗം. ആദ്യത്തേത് ആചരിച്ച് വരികയും രണ്ടാമത്തെ തലം പറ്റെ അവഗണിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ രീതി.
അല്ലാഹു മനുഷ്യനോട് ചെയ്യാന്‍ കല്‍പിച്ച ഏതൊരു കര്‍മത്തിന്റെയും പ്രഥമമായ തേട്ടം അല്ലാഹുവിനുള്ള അനുസരണവും, അവനോടുള്ള ബാധ്യതയും പൂര്‍ത്തീകരിക്കുകയെന്നതാണ്. അതിനാല്‍ തന്നെ ലക്ഷ്യവും, തേട്ടവും പരിഗണിക്കാതെ അവ നിര്‍വഹിക്കുന്നത് കൊണ്ട് യാതൊരു ഫലവുമില്ല തന്നെ.
വിശ്വാസിയുടെ സമൂഹത്തില്‍ ഐഛികമായി കടന്ന് വരുന്ന ഒന്നല്ല അല്ലാഹുവിലുള്ള വിശ്വാസം. മറിച്ച് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും സ്തുതിക്കുകയും ചെയ്യുകയെന്നത് മാത്രമായിരിക്കണം അവിടത്തെ ജനങ്ങളുടെ ആകെയുള്ള പ്രവര്‍ത്തനം.
പരലോകത്തെയും സ്വര്‍ഗ-നരകങ്ങളെയും കുറിച്ച സംസാരം ഒരു പക്ഷെ ചിലരെ ചിരിപ്പിച്ചേക്കാം. അതേക്കുറിച്ച സംസാരത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. മരണത്തിന്റെ സന്ദര്‍ഭത്തില്‍ മാത്രം ഉരുവിടേണ്ട വചനങ്ങളാണ് അവയെന്നാണ് അവരുടെ ധാരണ. പരലോകത്തെക്കുറിച്ച സംസാരം അനാവശ്യമെന്ന് ധരിക്കുന്ന കാലത്ത് മതബോധം ശോഷിക്കുകയാണ് ചെയ്യുക. അവിടെ മതാദ്ധ്യാപനങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയും മതത്തെ ഏതാനും ചില ആഘോഷങ്ങളായി കൊണ്ടാടുകയും ചെയ്യുന്നതാണ്.

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *