appges

അടര്‍ത്തിയെടുക്കാവുന്നതല്ല ഇസ്ലാമിക ദര്‍ശനം

സമ്പൂര്‍ണമായ ജീവിതശൈലിയാണ് ഇസ്ലാം. മറ്റു മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെയോ, ചിന്താസരണികളുടെയോ കൂട്ടിച്ചേര്‍ക്കലുകള്‍ ഇസ്ലാമിന് ആവശ്യമില്ല. ഇസ്ലാമികദര്‍ശനം പൂര്‍ണതയെത്തിയിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ അസന്നിഗ്ദമായി

പ്രഖ്യാപിച്ചിരിക്കുന്നു (ഇന്നേദിവസം നാം നിങ്ങള്‍ക്ക് നിങ്ങളുടെ ദര്‍ശനം പൂര്‍ത്തീകരിച്ച് തന്നിരിക്കുന്നു. നിങ്ങളുടെ മേല്‍ എന്റെ അനുഗ്രഹം പരിപൂര്‍ണമായിരിക്കുന്നു. ഇസ്ലാമിനെ നാം നിങ്ങള്‍ക്ക് ജീവിതരീതിയായി തൃപ്തിപ്പെട്ട് നില്‍കിയിരിക്കുന്നു). അല്‍മാഇദഃ 3
വിശ്വാസം, ജീവിതവീക്ഷണം, ആരാധന, നിയമം തുടങ്ങി മാനവകുലത്തിന്റെ ജീവിതത്തിന് ആവശ്യമായ എല്ലാം അല്ലാഹു പൂര്‍ത്തിയാക്കിയെന്ന് പ്രഖ്യാപിച്ച ‘ദീനി’ല്‍ ഉള്‍പെടുന്നു. ഈ ദീനില്‍ പ്രവേശിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും അതിന്റെ എല്ലാ വിശദാംശങ്ങളിലും വിശ്വസിക്കാന്‍ ബാധ്യസ്ഥനാണ്. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം മുതല്‍ അദൃശ്യവിശ്വാസം വരെ ചെന്നെത്തുന്ന സുദീര്‍ഘമായ ശൃംഘലയാണത്.
ഈ ദീനിനെ പിളര്‍ത്തുന്നതിനോ, അതിന്റെ ഏതെങ്കിലും ചില നിയമങ്ങളില്‍ മാത്രം വിശ്വസിച്ച് മറ്റു ചിലത് തള്ളിക്കളയുന്നതിനോ ഉള്ള ശ്രമം ഈ ദീനിന്റെ നാശത്തിന് വഴിവെക്കുന്നതാണ് (തങ്ങളുടെ ദീനിനെ പിളര്‍ത്തുകയും പാര്‍ട്ടികളായി മാറുകയും ചെയ്ത ചിലരുണ്ട്. താങ്കള്‍ക്ക് അവരുടെ കാര്യത്തില്‍ ഒന്നുമില്ല. അവരുടെ കാര്യം അല്ലാഹുവിലേക്കുള്ളതാണ്. പിന്നീട് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അവന്‍ അവരെ അറിയിക്കുന്നതാണ്). അല്‍അന്‍ആം 159
പിളര്‍പ്പ്, ഭിന്നത തുടങ്ങിയവയില്‍ നിന്ന് അതിശക്തമായ ഭാഷയില്‍ ഖുര്‍ആന്‍ മുസ്ലിം ഉമ്മത്തിനെ വിലക്കിയിരിക്കുന്നു. കാരണം ദീനില്‍ പിളര്‍പ്പുണ്ടാക്കുന്നത് അക്രമവും തോന്നിവാസവുമാണ്. വെറുപ്പ്, വിദ്വേഷം, അസൂയ തുടങ്ങിയ സൃഷ്ടിക്കാനെ ഇതുപകരിക്കുകയുള്ളൂ. തിരുമേനി(സ) പറയുന്നതായി അബുദ്ദര്‍ദാഅ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു (നോമ്പ്, നമസ്‌കാരം, ദാനധര്‍മം തുടങ്ങിയവയേക്കാള്‍ മഹത്തരമായതെന്തെന്ന് ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? അവര്‍ അതെയെന്ന് പറഞ്ഞപ്പോള്‍ തിരുമേനി(സ) പ്രതിവചിച്ചു ‘പരസ്പരം രജ്ഞി്പ്പുണ്ടാക്കുക. കാരണം പര്‌സപരം വിയോജിപ്പുണ്ടാകുന്നത് മതത്തെ നശിപ്പിച്ച് കളയുന്നതാണ്’. തിര്‍മിദി
ഈ ജീവിതദര്‍ശനമാണ് മുസ്ലിം ഉമ്മത്തിനെ ഉല്‍പാദിപ്പിക്കുന്നത്. ഈ ദീനിന്റെ അതേ പ്രകൃതമായിരിക്കും മുസ്ലിം സമൂഹത്തിന്റെ പ്രകൃതം. അതിന്റെ മുഖ്യ നിബന്ധന പരസ്പരം ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടത്തെയോ, പരസ്പരം പിന്തുണക്കുന്ന അവയവങ്ങളെപ്പോലെയോ ആയിരിക്കുമെന്നത് തന്നെയാണ്. അതിനാലാണ് മറ്റു മുസ്ലിംകളുടെ കാര്യം പരിഗണിക്കാത്തവന്‍ മുസ്ലിമോ, വിശ്വാസിയോ അല്ലെന്ന് തിരുമേനി(സ) അരുള്‍ ചെയ്തത്.
മുസ്ലിം സമൂഹം അതിന്റെ ഐക്യവും യോജിപ്പും കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഇസ്ലാമും അപ്രകാരം ഐക്യത്തോട് കൂടി നിലനില്‍ക്കേണ്ടതാണ്. അപ്പോഴാണ് സമൂഹത്തിനും ദൈവികസന്ദേശത്തിനുമിടയില്‍ നാഗരിക യോജിപ്പ് രൂപപ്പെടുകയും അത് ശക്തിയോടും ഭദ്രതയോും ഇലാസ്തികതയോടും കൂടി ആഗോളപ്രതിഭാസമായി വികസിക്കുകയും ചെയ്യുന്നത്.
ഈ ദീനിനെ പിളര്‍ത്താനുള്ള ശ്രമം മനുഷ്യ ശരീരത്തില്‍ നിന്ന് ഒരു അവയവം മാത്രം മുറിച്ചെടുത്തതിന് ശേഷം അത് പഴയ പോലെ തന്നെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കണമെന്ന് വാദിക്കുന്നതിന് തുല്യമാണ്. ഇസ്ലാമിന്റെ ഏതെങ്കിലും ഒരു ഭാഗം മുറിച്ചെടുത്ത് -വിശിഷ്യാ ഭരണവും ജീവിതരീതിയും- തല്‍സ്ഥാനത്ത് മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ വികസിപ്പിച്ച നിയമങ്ങളും രീതികളും നടപ്പിലാക്കുന്നത് ഇത് പോലെയാണ്. ഇസ്ലാമിന് ഇവരുടെ സഹായം ആവശ്യമില്ല തന്നെ. ഇസ്ലാം എപ്പോള്‍ ശിര്‍ക്ക് -മറ്റുള്ളവരുടെ കൂട്ടുപങ്കാളിത്തം- കൊണ്ട് മലിനമായോ അന്ന് മുതല്‍ ഇസ്ലാമിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. പ്രസ്തുത മാലിന്യത്തില്‍ നിന്ന് മുക്തമാകുന്നത് വരെ അത് തന്നെയാണ് ഇസ്ലാമിന്റെ അവസ്ഥ. അതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി ഇപ്രകാരം അരുള്‍ ചെയ്തത് (അവര്‍ ശിര്‍ക്ക് ചെയ്യുന്ന പക്ഷം അവരുടെ കര്‍മങ്ങള്‍ പാഴായിപ്പോകുന്നതാണ്). അല്‍അന്‍ആം 88
ശൂന്യതയെയും, നിശ്ചലനത്തെയും നിരാകരിക്കുന്നതാണ് ജീവിതത്തിന്റെ പ്രകൃതം. ജീവിതമെപ്പോഴും മുന്നോട്ട് തുള്ളുകയും ചലിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു. ഇസ്ലാമിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് അവിടെ മറ്റു വല്ല പ്രത്യയശാസ്ത്ര നിയമങ്ങളും സ്ഥാപിക്കപ്പെടുന്നതോടെ അത് ചലിക്കാന്‍ വിസമ്മതിക്കുന്നു. ഇസ്ലാം അവയെ മനുഷ്യേഛകളെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ദൈവികനിയമം ഒരിക്കലും മനുഷ്യേഛകളെ പങ്കാളിയായി സ്വീകരിക്കുകയില്ല എന്നത് വ്യക്തമാണ്. മാത്രവുമല്ല, ഒരു വ്യക്തിയെ ഇസ്ലാമില്‍ മിന്ന് പുറത്താക്കുന്ന ഗുരുതരമായ പാപമായാണ് ഇസ്ലാം ഈ കര്‍മത്തെ വിലയിരുത്തിയിരിക്കുന്നത്.
മാലോകര്‍ക്കായി സംവിധാനിക്കപ്പെട്ട ദര്‍ശനം എങ്ങനെയാണ് നിഷ്‌ക്രിയമാവുക? ദീന്‍, മനുഷ്യന്‍, ജീവിതം തുടങ്ങിയ ഘടകങ്ങള്‍ പരസ്പരം ഇഴചേര്‍ന്ന് മുന്നോട്ട് പോവുകയാണ് ചെയ്യുക. അതിന്റെ സ്വഭാവികമായ സല്‍ഫലമാണ് അല്‍ഖിലാഫത്ത് എന്നുള്ളത്. അല്ലാഹുവിന്റെ കല്‍പനപ്രകാരം ഭൂമി പരിപാലിക്കുകയെന്നതാണ് അതിന്റെ ഉദ്ദേശ്യം.

About ahmad thaha

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *