അധികാരം ഖുറൈശികളുടെ കുത്തകയോ? -2

ഡോ. യൂസുഫുല്‍ ഖറദാവി ‘അധികാരം ഖുറൈശികള്‍ക്കുള്ളതാണ്’ എന്ന ഹദീഥിനെ മറ്റൊരു തലത്തില്‍ നിന്നാണ് വിലയിരുത്തിയത്. പ്രസ്തുത ഹദീഥ് പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ധമാണെങ്കിലും, ഒരു

ഹദീഥിന്റെ പ്രശസ്തി അതിന് സ്വീകാര്യത നല്‍കുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. പ്രവാചക വിയോഗത്തിന് ശേഷം അന്‍സ്വാറുകളും മുഹാജിറുകളും ഥഖീഫഃ ബനീസാഇദയില്‍ സമ്മേളിച്ചപ്പോള്‍, ഈ ഹദീഥ് അവര്‍ക്കിടയില്‍ പ്രസിദ്ധമായിരുന്നുവെങ്കില്‍ ‘ഞങ്ങളില്‍ നിന്നൊരു അമീര്‍, നിങ്ങളില്‍ നിന്നൊരു അമീര്‍’ എന്ന വാദം അവരിലാരും ഉന്നയിക്കുമായിരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കാരണം അന്‍സ്വാറുകള്‍ ഒരിക്കലും ഖുറൈശികളില്‍പെട്ടവരല്ലല്ലോ. മാത്രവുമല്ല, പ്രസ്തുത വാദത്തിന് മറുപടിയായി ഖുറൈശികള്‍ക്ക് മാത്രമെ അധികാരം പാടുള്ളൂ എന്ന് പ്രവാചകന്‍ സൂചിപ്പിച്ചതായി ആരും ഉന്നയിക്കുകയും ചെയ്തില്ല. മറിച്ച് അബൂബക്ര്‍(റ) മറ്റു പല പരിഗണനകളും മുന്നില്‍ വെച്ച് അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കുമുള്ള മേന്മകള്‍ വ്യക്തമാക്കുകയാണ് ചെയ്തത്. ഒടുവില്‍ അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു (അറബികള്‍ക്കിടയില്‍ ഇക്കാര്യം ഖുറൈശികള്‍ക്ക് മാത്രമായാണ് വിധേയപ്പെട്ടിട്ടുള്ളത്).
ഈ ഹദീഥ് ബുഖാരിയിലോ, മുസ്ലിമിലോ ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്നും ശൈഖ് ഖറദാവി ചൂണ്ടിക്കാണിക്കുന്നു. അവ ഉദ്ധരിക്കപ്പെട്ട ഹദീഥുകളുടെ പരമ്പരയെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ സംസാരവുമുണ്ട്. ഈ ഹദീഥുമായി ബന്ധപ്പെട്ട ചര്‍ച്ച ഖറദാവി ഇങ്ങനെ ഉപസംഹരിച്ചിരിക്കുന്നു (ഇസ്ലാമിക ജീവിതവുമായി അങ്ങേയറ്റം ബന്ധമുള്ള ഒരു അടിസ്ഥാനം സ്ഥാപിക്കുന്നതില്‍ ഇത്തരം സംശയങ്ങള്‍ക്കിടമുള്ള ഹദീഥുകള്‍ സ്വീകരിക്കരുത് എന്നാണ് എന്റെ വീക്ഷണം. ധാരാളം പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ പേരില്‍ സ്വീകരിക്കപ്പെട്ട ഹദീഥാണ് ഇത്. എന്നാല്‍ ഇബ്‌നു മഹ്ദി, ഇബ്‌നുല്‍ മദീനി, ഇബ്‌നു മഈന്‍, ബുഖാരി തുടങ്ങിയ പ്രഗല്‍ഭരായ ഹദീഥ് പണ്ഡിതര്‍ ധാരാളം പരമ്പരകളില്‍ ഉദ്ധരിക്കപ്പെട്ടുവെന്നത് ഹദീഥ് സ്വീകാര്യമാകുന്നതിന് ന്യായമല്ല എന്ന അഭിപ്രായമുള്ളവരായിരുന്നു. അധികാരം ഖുറൈശികള്‍ക്കുള്ളതാണ് എന്ന് നിബന്ധന വെക്കുന്ന ഈ ഹദീഥ് ഖവാരിജുകളും മുഅ്തസലികളും മറ്റും തള്ളിക്കളഞ്ഞിരിക്കുന്നു. എന്നാല്‍ ഇവര്‍ ഇജ്മാഇന് വിരുദ്ധം പ്രവര്‍ത്തിച്ചിരിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് ചിലര്‍ വിലയിരുത്തിയിട്ടുള്ളത്. അവര്‍ക്ക് ഹാഫിള് ഇബ്‌നു ഹജര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ് ‘ഇങ്ങനെയൊരു ഇജ്മാഅ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അക്കാലത്തെ താല്‍പര്യവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് വ്യക്തമാണ്. അറബികള്‍ക്കിടയില്‍ ഖുറൈശികള്‍ക്കുണ്ടായിരുന്ന സ്ഥാനവും ഔന്നത്യവും പരിഗണിച്ചുള്ള തീരുമാനമായിരുന്നു അത്. അവരായിരുന്നു മറ്റുള്ളവരെ സംരക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്തിരുന്നത്. ഇക്കാര്യം ഇബ്‌നുഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ വിശദീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാലത്തെ താല്‍പര്യവുമായി ബന്ധപ്പെട്ട ഇജ്മാഇന് സ്ഥായിയായ വിധി നല്‍കേണ്ടതില്ല. പ്രസ്തുത ഇജ്മാഇന്റെ അവലംബമായ താല്‍പര്യം നീങ്ങിയാല്‍ ഇജ്മാഇന്റെ പ്രാമാണികതയും നീങ്ങുന്നതാണ്’).
പ്രസ്തുത ഹദീഥ് വിശുദ്ധ ഖുര്‍ആനിന്റെ ആശയത്തിന് വിരുദ്ധമാണ് എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. (ജനങ്ങളെ, തീര്‍ച്ചയായും നിങ്ങളെ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം ജനതകളും ഗോത്രങ്ങളുമാക്കി മാറ്റിയത് പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ഉന്നതന്‍ ഏറ്റവും കൂടുതല്‍ ദൈവഭക്തിയുള്ളവനാണ്). അല്‍ഹുജുറാത്ത് 13
ഇവിടെ ദൈവബോധമുള്ളവര്‍ക്കാണ് മഹത്വവും ഔന്നത്യവുമുള്ളത് എന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. കുടുംബമഹിമക്കോ, തറവാടിത്തത്തിനോ ഇസ്ലാമില്‍ യാതൊരു സ്ഥാനവുമില്ല. ഇതേ ആശയത്തെക്കുറിക്കുന്ന പ്രവാചക വചനങ്ങളും കാണാവുന്നതാണ്. അവസാന ഹജ്ജ് വേളയില്‍ തിരുമേനി(സ) നടത്തിയ പ്രഭാഷണത്തിലെ ഉപദേശം ഇങ്ങനെയായിരുന്നു (ജനങ്ങളെ, നിങ്ങളുടെ ദൈവം ഒന്നാകുന്നു. നിങ്ങളുടെ പിതാവും ഒന്ന് തന്നെയാണ്. അതിനാല്‍, അറബിക്ക് അനറബിക്ക് മേലോ, അനറബിക്ക് അറബിക്ക് മേലോ, ചുവന്നവന് കറുത്തവന് മേലോ, കറുത്തവന് ചുവന്നവന് മേലോ ദൈവബോധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല).
കുലമഹിമയുടെയോ, തറവാടിത്തത്തിന്റെയോ പേരില്‍ ദുരഭിമാനം നടത്തരുതെന്നും, ജാഹിലിയ്യാ ദുരഭിമാനങ്ങളും വര്‍ഗീയതയും വലിച്ചെറിയണമെന്നും കുറിക്കുന്ന പ്രവാചക വചനങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ഹദീഥെന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. തിരുദൂതര്‍(സ) അരുള്‍ ചെയ്തിരിക്കുന്നു (നാല് കാര്യങ്ങള്‍ ജാഹിലിയ്യത്തിന്റെ ഭാഗമാണ്. അവ ഉപേക്ഷിക്കപ്പെടുകയില്ല തന്നെ. തറവാടിന്റെ പേരിലുള്ള ദുരഭിമാനം കൊള്ളുക, കുടുംബബന്ധത്തില്‍ പേരിലുള്ള ഇകഴ്ത്തുക, നക്ഷത്രങ്ങളോട് മഴ ചോദിക്കുക, മരിച്ചവര്‍ക്ക് മേല്‍ കൂലിക്ക് കരയിപ്പിക്കുക തുടങ്ങിയവയാണവ).

About abullaise khair aabadi

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *