അധികാരം ഖുറൈശികളുടെ കുത്തകയോ? -3

കുലമഹിമയുടെയോ തറവാടിത്തത്തിന്റെയോ പേരില്‍ അഭിമാനം കൊള്ളുന്നതില്‍ നിന്ന് ഇസ്ലാം വിശ്വാസികളെ വിലക്കിയിരിക്കെ ഖുറൈശികള്‍ക്ക് മാത്രമാണ് അധികാരം കയ്യാളുന്ന അവകാശമുള്ളത്

എന്ന വാദം ദുര്‍ബലമാണെന്ന് ചില പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നു. തിരുദൂതര്‍(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് (ജാഹിലിയ്യത്തിന്റെ അഹങ്കാരം -പൂര്‍വപിതാക്കളുടെ പേരില്‍ ദുരഭിമാനം കൊള്ളുന്നത്- അല്ലാഹു നിങ്ങളില്‍ നിന്ന് ഉഛാടനം ചെയ്തിരിക്കുന്നു. ദൈവഭക്തനായ വിശ്വാസി, ദൗര്‍ഭാഗ്യവാനായ തെമ്മാടി എന്ന രണ്ട് വിഭാഗമെ മനുഷ്യരിലുള്ളൂ. നിങ്ങള്‍ ആദമിന്റെ മക്കളാണ്. ആദം മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനുമാണ്. ഗോത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ദുരഭിമാനം നടിക്കുന്നത് ഉപേക്ഷിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്. നരകത്തീയില്‍ നിന്നുള്ള തീക്കനലുകളാണ് അവ. അല്ലെങ്കില്‍ കരിവണ്ട് തന്റെ മൂക്ക് കൊണ്ട് പ്രതിരോധിക്കുന്ന ദുര്‍വാസനയേക്കാള്‍ മ്ലേഛകരമാണത്).
ഉണക്ക മുന്തിരിയെപ്പോലെ മുടി ചുരുണ്ട അബ്‌സീനിയക്കാരനായ അടിമയെ നായകനായി നിശ്ചയിച്ചാലും അദ്ദേഹത്തെ അനുസരിക്കണമെന്ന പ്രവാചക വചനത്തിന് വിരുദ്ധമാണ് അധികാരം ഖുറൈശികള്‍ക്ക് എന്ന പ്രഖ്യാപനം എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഉമര്‍ ബിന്‍ ഖത്ത്വാബ്(റ) തന്റെ അന്ത്യകാലത്ത് നടത്തിയ പ്രസിദ്ധമായ പ്രസ്താവനയും ഇവര്‍ തെളിവായി ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു (ഞാന്‍ മരിക്കാനിരിക്കുന്ന വേളയില്‍ അബൂഉബൈദഃ(റ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തെ ഞാന്‍ ഖലീഫയാക്കുമായിരുന്നു… അബൂഉബൈദ(റ) മരിച്ചതിന് ശേഷമാണ് എന്റെ മരണം സംഭവിക്കുന്നതെങ്കില്‍ ഞാന്‍ മുആദ് ബിന്‍ ജബലി(റ)നെ ഖലീഫയാക്കുമായിരുന്നു). മറ്റൊരു റിപ്പോര്‍ട്ടില്‍ അബൂഉബൈദയുടെ കൂടെ സാലിം മൗലാ അബൂഹുദൈഫയെയാണ് പരാമര്‍ശിച്ചിരിക്കുന്നത്. മുആദ് ബിന്‍ ജബല്‍(റ) ഖുറൈശി കുടുംബവേരുള്ള വ്യക്തിയല്ല എന്ന കാര്യം സര്‍വ്വാംഗീകൃതമാണ്. ഇപ്രകാരം സാലിമും യഥാര്‍ത്ഥത്തില്‍ ചെന്ന് ചേരുന്നത് അന്‍്‌സ്വാരി കുടുംബത്തിലാണ്. അതിനാല്‍ തന്നെ ‘അധികാരം ഖുറൈശികള്‍ക്കാണ്’ എന്ന പ്രവാചക വചനവും മേലുദ്ധരിച്ച പ്രമാണങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
സമത്വത്തിലും സാഹോദര്യത്തിലും പണിതുയര്‍ത്തപ്പെട്ട ഇസ്ലാമിക സമൂഹത്തിന്റെ ഭദ്രതയ്ക്ക് പോറലേല്‍പിക്കുന്നതാണ് ഖുറൈശികളുമായി ബന്ധപ്പെട്ട ഈ വചനമെന്നാണ് ചില പണ്ഡിതര്‍ സൂചിപ്പിക്കുന്നത്. ഇസ്ലാമില്‍ ശ്രേഷ്ഠതയുടെയും മഹത്വത്തിന്റെയും അടിസ്ഥാനം ദൈവബോധം അഥവാ ത്വഖ്‌വാ മാത്രമാണ്. ഏതെങ്കിലും ഗോത്രത്തിലേക്കോ, കുടുംബത്തിലേക്കോ, കുലത്തിലേക്കോ ചെന്ന് ചേരുന്നത് മുഖേനെ ആര്‍ക്കും ആദരവ് കൈവരുന്നില്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ഖുറൈശികുലത്തില്‍ പിറന്നവനായിരിക്കണം എന്ന നിബന്ധന നേതൃത്വത്തില്‍ നിന്ന് എടുത്ത് മാറ്റിയ ചില ആധുനിക പണ്ഡിതരുണ്ട്. കഴിയും പ്രാപ്തിയുമുണ്ടെങ്കില്‍ ഖുറൈശികള്‍ക്കും അല്ലാത്തവര്‍ക്കും ഇസ്ലാമിക സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കാവുന്നതാണ് എന്നാണ് ഇവരുടെ പക്ഷം. ഡോ. സ്വലാഹുദ്ദീന്‍ ദബ്ബൂസ് ഇവരില്‍ പ്രമുഖനാണ്. ഖുറൈശികള്‍ക്കാണ് നേതൃസ്ഥാനം എന്ന് വ്യക്തമാക്കുന്ന പ്രവാചക വചനങ്ങള്‍ കല്‍പനയെയോ, നിയമത്തെയോ കുറിക്കുന്നവയല്ല, മറിച്ച് കേവല പരാമര്‍ശം മാത്രമാണ് എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഈ അഭിപ്രായം തന്നെയാണ് മുഹമ്മദ് അബൂസഹ്‌റക്കുമുള്ളത്.
ഭൂരിപക്ഷ പണ്ഡിതന്മാരും നേതാവിന് ‘ഖുറൈശിയായിരിക്കണം’ എന്ന നിബന്ധന വെച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കിയ ശേഷം അബൂസഹ്‌റഃ രേഖപ്പെടുത്തുന്നു (ഈ പ്രമാണങ്ങളെല്ലാം ഖുറൈശികളുടെ ശ്രേഷ്ഠതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് എന്നതില്‍ സംശയമില്ല. തിരുദൂതര്‍(സ) അവരിലാണ് പിറന്നത് എന്നത് മതി ഖുറൈശികളുടെ മഹത്വം കുറിക്കാന്‍. എന്നാല്‍ ഖിലാഫത്ത് ഖുറൈശികളില്‍ പരിമിതമായിരിക്കണം, മറ്റുള്ളവര്‍ക്ക് പാടില്ല എന്നതിന് ഈ പ്രമാണങ്ങള്‍ തെളിവാണോ? പ്രായോഗികമായ തെളിവുകള്‍ അതിന് അനുകൂലമാണ്. പക്ഷെ അവര്‍ പ്രസ്തുത ഹദീഥിന്റെ അടിസ്ഥാനത്തിലാണ് ഖലീഫമാരെ തെരഞ്ഞെടുത്തത് എന്നതിന് തെളിവില്ല. മറിച്ച് മറ്റ് രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അവര്‍ അബൂബക്‌റിനെ ഖലീഫയായി തെരഞ്ഞെടുത്തത്. അന്‍സ്വാറുകളേക്കാള്‍ കൂടുതല്‍ മഹത്വം മുഹാജിറുകള്‍ക്ക് ഖുര്‍ആന്‍ നല്‍കി എന്നതായിരുന്നു അവയിലൊന്ന്. അന്‍സ്വാറുകള്‍ക്ക് മുമ്പെ മുഹാജിറുകളെ ഖുര്‍ആന്‍ പരാമര്‍ശിച്ചതും, അവര്‍ ദൈവികമാര്‍ഗത്തില്‍ സഹിച്ച പരീക്ഷണങ്ങളും ത്യാഗങ്ങളും ഖുര്‍ആന്‍ വിവരിച്ചതും ഇതിന് തെളിവുകളാണ്. ഇസ്ലാമിന് മുമ്പ് തന്നെ ഖുറൈശികള്‍ക്ക് അറബികള്‍ക്കിടയിലുണ്ടായിരുന്ന സ്ഥാനമാണ് രണ്ടാമത്തേത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് ശേഷവും ഈ സ്ഥാനം അവരില്‍ സുരക്ഷിതമായിരുന്നു. അതിനാലാണ് ഥഖീഫഃ ബനീസാഇദയിലെ തന്റെ പ്രഭാഷണത്തില്‍ അബൂബക്ര്‍(റ) ഇപ്രകാരം പറഞ്ഞത് ‘ഖുറൈശികളായ ഈ ഗോത്രത്തിനല്ലാതെ അറബികള്‍ വിധേയപ്പെടുകയില്ല തന്നെ’.
ഖുറൈശികളുടെ മഹത്വം വിളിച്ച് പറയുന്ന എല്ലാ ഹദീഥുകളും ഈ ആശയത്തെയാണ് കുറിക്കുന്നത്. ഈ റിപ്പോര്‍ട്ടുകളെല്ലാം പ്രവാചക കല്‍പനയെയാണോ അതല്ല, കേവല പരാമര്‍ശത്തെയാണോ കുറിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിലെ ആദ്യനാല് ഖലീഫമാരും ഖുറൈശികളായിരുന്നുവെന്നതില്‍ അഭിപ്രായഭിന്നതയില്ല. എന്നാല്‍ ഖുറൈശികളായിരിക്കുകയെന്ന് മാത്രമല്ല, അവര്‍ ദീന്‍ നടപ്പാക്കുന്ന കാലത്തോളം എന്ന ഉപാധികൂടി സ്ഥാപിച്ചിരിക്കുന്ന തിരുവചനങ്ങള്‍. അതിനാല്‍ തന്നെ ‘അധികാരം ഖുറൈശികള്‍ക്ക് മാത്രമെ’ പാടുള്ളൂ എന്ന ഖണ്ഡിതമായ കല്‍പനയല്ല, മറിച്ച് കേവലം നിലനിന്നിരുന്ന സമ്പ്രദായത്തെക്കുറിച്ച പരാമര്‍ശം മാത്രമാണഅ തിരുദൂതര്‍(സ) നടത്തിയത് എന്ന് അഭിപ്രായത്തിനാണ് മുന്‍ഗണന ലഭിക്കുന്നത്).

 

About abullaise khair aabadi

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *