6755

അധിനിവേശമാണ് സെക്യുലറിസത്തിന്റെ വഴി -1

1798-ല്‍ നെപ്പോളിയന്‍ ബോണപ്പാട്ട് ഈജിപ്ത് ആക്രമിച്ചതാണ് അറബ് ലോകത്തിന് മേല്‍ ആധുനിക പടിഞ്ഞാറന്‍ അധിനിവേശയുദ്ധത്തിന്റെ പ്രാരംഭമായി വിലയിരുത്തപ്പെടുന്നത്. ലോകത്തിന്റെ പല

ഭാഗങ്ങളിലും അധിനിവേശം നാല് നൂറ്റാണ്ടുകളോളം അധികാരം സ്ഥാപിച്ചതിന് ശേഷമായിരുന്നു ഇസ്ലാമിക ലോകത്തിന്റെ ഹൃദയത്തിലേക്കുള്ള അതിന്റെ കടന്നുകയറ്റം. മുന്‍കാലത്ത് നടന്ന കുരിശുയുദ്ധങ്ങളില്‍ നിന്ന് ഭിന്നമായിരുന്നു ഈ ആക്രമണം. ബൗദ്ധിക അധിനിവേശം, ധൈഷണിക പരിഷ്‌കരണം, സ്വത്വപരിവര്‍ത്തനം തുടങ്ങിയ പുതുരീതികള്‍ ഭൂമി അധിനിവേശം, സാമ്പത്തിക ചൂഷണം, അടിമവല്‍ക്കരണം എന്നിവയുടെ കൂടെ പ്രത്യക്ഷപ്പെട്ടു.

യുദ്ധപ്പടയാളികളുടെ കൂടെ ഇറക്കുമതി ചെയ്യപ്പെട്ട പടിഞ്ഞാറന്‍ ഉല്‍പന്നമായിരുന്നു സെക്യുലറിസം. Lailque എന്ന ഫ്രഞ്ച് പദത്തിന് ആദ്യമായി അറബിയിലേക്ക് ‘അലമാനി’ അഥവാ സെക്യുലര്‍ എന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടത് 1828-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച്-അറബി നിഘണ്ടുവിലായിരുന്നു. ഈജിപ്തിലെ ഫ്രഞ്ച് സൈന്യത്തിന് സേവനം ചെയ്തിരുന്ന ഈജിപ്തുകാരനായിരുന്ന ലൂയിസ് ബക്തര്‍ ആയിരുന്നു അതിന്റെ രചയിതാവ്. പിന്നീട് അയാള്‍ പാരീസിലെ സ്‌കൂളില്‍ നിന്ന് ഈജിപ്ഷ്യന്‍ സംസാരഭാഷ പഠിക്കാനായി പ്രസ്തുത സൈന്യത്തിന്റെ കൂടെ പാരീസിലേക്ക് പുറപ്പെട്ടുവത്രെ?!! മതത്തെക്കുറിക്കുന്ന ദീന്‍ എന്ന പദത്തിന് വിപരീതമായി ഭൗതിക ലോകത്തെക്കുറിക്കുന്ന ‘ആലം’ എന്നതിലേക്ക് ചേര്‍ത്താണ് സെക്യുലറിസത്തെ കുറിക്കാന്‍ അലമാനിയ്യഃ എന്ന് പ്രയോഗിച്ചത്.

മുസ്ലിം നാടുകളിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലെല്ലാം പാശ്ചാത്യന്‍ അധിനിവേശത്തിന് അധികാരവും രാഷ്ടവും രൂപപ്പെട്ടു. രാഷ്ട്രഭരണം, ആസൂത്രണം, നാഗരികാസൂത്രണം തുടങ്ങിയ മേഖലകളിലെല്ലാം ഉണ്ടായിരുന്നു ‘ഇസ്ലാമിക മുഖം’ അടര്‍ത്തിയെടുത്ത് പതിയെ പതിയെ സെക്യുലര്‍ പ്രവണതകളും, രീതികളും പ്രതിഷ്ടിക്കാന്‍ അധിനിവേശത്തിന് സാധിച്ചു. ഇസ്ലാമിക ശരീഅത്തും അതിന്റെ കര്‍മശാസ്ത്രവും നടപ്പാക്കപ്പെട്ട നാടുകളിലെല്ലാം മനുഷ്യനിര്‍മിത നിയമങ്ങള്‍ കൃഷിചെയ്യപ്പെട്ടു.

അല്‍ജീരിയ, തുനീഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഫ്രഞ്ച് അധിനിവേശം നടക്കുകയും അവിടങ്ങളില്‍ ഇസ്ലാമിക ശരീഅത്തിന്റെ സ്ഥാനത്ത് മനുഷ്യനിര്‍മിത സെക്യുലര്‍ നിയമം നടപ്പാക്കിത്തുടങ്ങി. ഇത് തന്നെയാണ് ഈജിപ്ത് അധിനിവേശം നടത്തിയ ബ്രിട്ടനും ചെയ്തത്. സെക്യുലര്‍ ഇറക്കുമതിയുമായി രംഗത്തുവന്ന അധിനിവേശയുദ്ധത്തെക്കുറിച്ച് അബ്ദുല്ലാഹ് നദീം പറയുന്നു (യൂറോപ്പില്‍ നിന്ന് ഒരു രാഷ്ട്രവും അധിനിവേശത്തിന്റെ പേരില്‍ പൗരസ്ത്യദേശത്തെ ഒരു രാഷ്ട്രത്തിലും പ്രവേശിച്ചിട്ടില്ല. മറിച്ച് പരിഷ്‌കാരത്തിന്റെയും നാഗരിവല്‍ക്കരണത്തിന്റെയും പേരിലായിരുന്നു അവര്‍ കടന്നുകയറ്റം നടത്തിയത്. ആദ്യമായി രംഗപ്രവേശം നടത്തിയപ്പോള്‍ നാട്ടുവാസികളുടെ മതകാര്യങ്ങളിലും, വരുമാനത്തിലും ഇടപെടുകയില്ലെന്നായിരുന്നു വാഗ്ദാനം. പിന്നീട് ഈ രണ്ട് വിഷയങ്ങളില്‍ ക്രമേണെ മാറ്റം വരുത്തി തുടങ്ങി. അല്‍ജീരിയയിലും, തുനീഷ്യയിലും ഫ്രാന്‍സ് ചെയ്തത് ഇതിനുദാഹരണമാണ്. ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ നിയമങ്ങള്‍ ചില വിഷയങ്ങളില്‍ ഫ്രാന്‍സ് അവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുകയുണ്ടായി. മാത്രവുമല്ല, ഇസ്ലാമിക ശരീഅത്തിന്റെ നിയമങ്ങളെ അവര്‍ റദ്ദാക്കുകയും, സ്വന്തം നിയമങ്ങള്‍ അവിടെ പ്രചരിപ്പിക്കുകയും ചെയ്തു. അവ നടപ്പിലാക്കുന്നതിന് തങ്ങള്‍ക്കിഷ്ടപ്പെട്ട ജഡ്ജുമാരെ അവര്‍ ഉപയോഗപ്പെടുത്തി. പ്രതിഷേധ സ്വരങ്ങള്‍ നന്നേ ദുര്‍ബലമാണെന്ന് കണ്ടപ്പോള്‍ ഇസ്ലാമിക വിരുദ്ധമായ നിയമങ്ങള്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങി).

ഒരു രാഷ്ട്രത്തില്‍ സെക്യുലര്‍ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നതോടെ മതനിയമങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെടുകയും, ഇസ്ലാമിക ശരീഅത്തിനെ ഇല്ലായ്മ ചെയ്യുകയുമാണുണ്ടാവുക. മനുഷ്യനിര്‍മിത സെക്യുലര്‍ നിയമങ്ങള്‍ ശരീഅത്തിനെ അടിസ്ഥാനമാക്കിയല്ല ‘നേട്ടങ്ങള്‍’ നിര്‍വചിക്കുന്നത്. ദൈവത്തിന്റെ അവകാശങ്ങളും, പരിധികളും മുന്‍നിര്‍ത്തിയല്ല മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ വിധി കല്‍പിക്കുന്നത്. ഇതില്‍ നിന്ന് ഭിന്നമായി ഇസ്ലാമിക ശരീഅത്തിന്റെ പിടിയില്‍ നിന്ന് മനുഷ്യനെ കെട്ടഴിച്ച് വിടുന്ന ‘മാനവ സ്വാതന്ത്ര്യം’ എന്ന ആകര്‍ഷക സങ്കല്‍പം ഉദ്‌ഘോഷിച്ച് കൊണ്ടാണ് പടിഞ്ഞാറന്‍ കൊളോണിയലിസം മുസ്ലിം ലോകത്ത് യുദ്ധം അഴിച്ചുവിട്ടത്. ലോകത്തിന്റെ നായകന്‍ മനുഷ്യനാണെന്നും, അവനാണ് നാഗരികാസൂത്രണം നിര്‍വഹിക്കേണ്ടതെന്നും, ഇസ്ലാം മുന്നോട്ടുവെക്കുന്ന ദൈവിക പ്രാതിനിധ്യത്തിന് അടിത്തറയില്ലെന്നുമാണ് സെക്യുലറിസം ലോകത്തോട് വിളിച്ചു പറഞ്ഞത്. ദൈവിക നിയമങ്ങളുടെ ചട്ടക്കൂടില്‍ സൃഷ്ടികളുടെ സ്വാതന്ത്ര്യത്തെ തളച്ചിടുകയാണ് ഇസ്ലാം ഉള്‍പെടെയുള്ള മതങ്ങള്‍ ചെയ്യുന്നതെന്നും അത് സിദ്ധാന്തിച്ചു.

 

About dr muhammad imara

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *