wrong-way

അടിമകളെ വഴിതെറ്റിക്കുന്ന ദൈവമോ? -2

‘താന്‍ ഇഛിക്കുന്നവരെ താന്‍ വഴിതെറ്റിക്കുന്നു’ എന്ന ഖുര്‍ആനിക പരാമര്‍ശത്തിന്റെ ആശയം വളരെ വ്യക്തമാണ്. സന്മാര്‍ഗത്തില്‍ ചരിക്കുന്ന വ്യക്തിയെ ദൈവം വഴിതെറ്റിക്കുമെന്ന് അതിനര്‍ത്ഥമില്ല. സ്വയം വഴിപിഴച്ച് അധര്‍മങ്ങള്‍ പ്രവര്‍ത്തിച്ച് ജീവിക്കുന്നവരെ

അവരുടെ വഴിയില്‍ ഉപേക്ഷിക്കുകയെന്നത് ദൈവത്തിന്റെ ഉദ്ദേശ്യത്തില്‍പെട്ടതാണ് എന്ന് മാത്രമാണ് ദൈവം വഴികേടിലാക്കുന്നുവെന്ന പ്രയോഗത്തിന്റെ ആശയം. അന്ധത തെരഞ്ഞെടുക്കുകയും, സന്മാര്‍ഗം നിരസിക്കുകയും ചെയ്ത വ്യക്തികളെ നിര്‍ബന്ധപൂര്‍വം സന്മാര്‍ഗത്തിലാക്കുന്ന ചുമതല തനിക്കില്ലെന്നാണ് അല്ലാഹു ഇതിലൂടെ പ്രഖ്യാപിക്കുന്നത്. ഇതിന് വിപരീതമായി സന്മാര്‍ഗം തെരഞ്ഞെടുക്കുകയും, സുകൃതങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്നവരെ അല്ലാഹു സന്മാര്‍ഗത്തില്‍ തന്നെ നിലയുറപ്പിക്കുകയും ചെയ്യുന്നതാണ്.
ജനങ്ങള്‍ സ്വയം ദുര്‍മാര്‍ഗം തെരഞ്ഞെടുക്കുകയും അപഥ സഞ്ചാരികളായിത്തീരുകയും ചെയ്യുമ്പോഴാണ് അല്ലാഹു അവരെ ‘വഴിതെറ്റിക്കുക’യെന്ന് ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. (അവര്‍ വഴിതെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ച് കളഞ്ഞു. അധര്‍മകാരികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല തന്നെ). അസ്സ്വഫ്ഫ് 5
സന്മാര്‍ഗത്തില്‍ നിന്ന് മുഖം തിരിക്കുകയും, വഴികേട് ആഗ്രഹിച്ച് അതിനെ സ്വീകരിക്കുകയും ചെയ്തവരെയാണ് അല്ലാഹു വഴിതെറ്റിച്ചതെന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു (അവരുടെ ഹൃദയങ്ങളില്‍ രോഗമാണുള്ളത്. അതിനാല്‍ അവരുടെ രോഗം അല്ലാഹു അധികരിപ്പിച്ചു. അവര്‍ കളവാക്കിയതിനാല്‍ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്). അല്‍ബഖറഃ 10
സന്മാര്‍ഗത്തില്‍ നിന്നും, ദൈവികപ്രകാശത്തില്‍ നിന്നും ഹൃദയങ്ങള്‍ അടച്ചുവെച്ചവരുടെയും സ്ഥിതി ഇത് തന്നെയാണ്. സന്മാര്‍ഗം സ്വീകരിക്കുന്നതിന് പകരം അഹങ്കാരികളായി മുഖം തിരിക്കുകയാണ് അവര്‍ ചെയ്തത് (അന്യായമായി ഭൂമിയില്‍ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ആന്‍ തിരിച്ച് കളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് തങ്ങളുടെ വഴിയായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ചു കളയുകയും, അവയെപ്പറ്റി അവര്‍ അശ്രദ്ധ കാണിക്കുകയും ചെയ്തതിന്റെ ഫലമാണത്). അല്‍അഅ്‌റാഫ് 146
ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ തന്നോട് ഏര്‍പെട്ട കരാറുകള്‍ ലംഘിക്കുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരെ അല്ലാഹു വഴിതെറ്റിക്കുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു. (അധര്‍മകാരികളല്ലാത്ത ആരെയും അതുനിമിത്തം അവന്‍ വഴിതെറ്റിക്കുകയില്ല. അല്ലാഹുവിന്റെ ഉത്തരവ് അവന്‍ ശക്തിയുക്തം നല്‍കിയതിന് ശേഷം അതിന്ന് വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിച്ചേര്‍ക്കുവാന്‍ കല്‍പിച്ചതിനെ മുറിച്ച് കളയുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ തന്നെയാകുന്നു നഷ്ടകാരികള്‍). അല്‍ബഖറഃ 26-27
അധമപ്രവര്‍ത്തനങ്ങള്‍ക്കും, ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനും നേതൃത്വം നല്‍കുന്നത് മുഖേനെ വഴികേടിലാകാന്‍ അര്‍ഹരായവരാണിവരെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു. (ഇതില്‍ -ഖുര്‍ആനില്‍- ആദ്യ തവണ വിശ്വസിക്കാതിരുന്നത് പോലെ തന്നെ നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കുന്നതാണ്. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യുന്നതാണ്). അല്‍അന്‍ആം 110
(അവര്‍ നേര്‍മാര്‍ഗത്തിലായിത്തീരാന്‍ താങ്കള്‍ കൊതിക്കുന്നുവെങ്കില്‍, താന്‍ വഴികേടിലാക്കിയവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല തന്നെ. അവര്‍ക്ക് സഹായികളായി ആരുമില്ല താനും). അന്നഹ്ല്‍ 37
തങ്ങളുടെ മ്ലേഛവൃത്തികള്‍ കാരണം സന്മാര്‍ഗം ദര്‍ശിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ടവരെയാണ് അല്ലാഹു വഴിതെറ്റിക്കുകയെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു (വിശ്വസിക്കുകയും ദൈവദൂതന്‍ സത്യവാനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തതിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെയാണ് നേര്‍വഴിയിലാക്കുക? അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടുണ്ട്. അക്രമികളായി ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല. അല്ലാഹുവിന്റെയും മലക്കുകളുടെയും സര്‍വ്വ മനുഷ്യരുടെയും ശാപം അവരുടെ മേലുണ്ടായിരിക്കുകയെന്നതാണ് അവര്‍ക്കുള്ള പ്രതിഫലം). ആലുഇംറാന്‍ 86-87

About dr. munqid assakar

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *