re-tasty

ആധുനിക നിരീശ്വര പ്രസ്ഥാനത്തിന്റെ ചരിത്രം -4

യൂറോപ്പിലെ ശാസ്ത്രീയ വിപ്ലവം ലോകത്തെ മതചിന്തയെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുകയെന്നത് പ്രസക്തമായ ചോദ്യമാണ്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായാലും, സൂര്യന് ചുറ്റും വലംവെക്കുന്ന ചെറിയ ഒരു ഗോളമായാലും അത് മതവിശ്വാസത്തിന് മുന്നില്‍ വിലങ്ങു തടിയാവുന്നതെങ്ങനെ? ഇവയൊന്നും പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന വാദത്തെ ഖണ്ഡിക്കുന്നവയല്ലല്ലോ!!
അരിസ്‌റ്റോട്ടിലിന്റെ ചലനനിയമം മുറുകെ പിടിച്ച്, ന്യൂട്ടന്റെ ചലനസിദ്ധാന്തം നാം വേണ്ടെന്ന് വെച്ചാല്‍ പോലും ധാര്‍മിക തലത്തില്‍ നീതിയോ, സത്യസന്ധതയോ, വിശ്വസ്തതയോ ആയി അത് പരിഗണിക്കപ്പെടുകയില്ലല്ലോ?
ലോകം നേരിട്ട ദൈവനിഷേധ പ്രവണതയും മതവിശ്വാസത്തിന്റെ നിരാകരണവും ഒരിക്കലും ശാസ്ത്രീയ മുന്നേറ്റത്തിന്റെ സ്വാഭാവിക ഫലമായിരുന്നില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. മറിച്ച് തത്വശാസ്ത്രപരവും, മാനസികവുമായ പ്രശ്‌നമായിരുന്നു അത്. അതിലേക്ക് നയിച്ച ഏതാനും ചില കാരണങ്ങള്‍ ഇവിടെ സൂചിപ്പിക്കാവുന്നതാണ്.
1. ക്രൈസ്തവ ചര്‍ച്ചില്‍ നിന്ന് ശാസ്ത്രജ്ഞന്മാര്‍ അനുഭവിച്ച പീഢനങ്ങളും, മര്‍ദനങ്ങളും പൊതുവെ മതത്തോട് ശത്രുതാ മനോഭാവം പുലര്‍ത്തുന്നതിലേക്ക് അവരെ നയിച്ചു. ഈ നിലപാട് തന്നെ പൊതുജനങ്ങളിലും കാര്യമായി സ്വാധീനിച്ചു.
2. ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ സൗരയൂഥത്തിന്റെ നിര്‍മാണ കാലത്തേക്ക് മടക്കുകയാണ് ന്യൂട്ടണ്‍ ചെയ്തതെങ്കില്‍, പ്രപഞ്ചവ്യവസ്ഥയുടെ ഒരു ഘട്ടത്തിലും ദൈവസാന്നിദ്ധ്യമില്ലെന്ന് വാദിക്കുകയാണ് ലാപാസ് ചെയ്തത്. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന ചര്‍ച്ചിന്റെ വീക്ഷണത്തിന് വിരുദ്ധമായിരുന്നു ഇവയെല്ലാം. ദൈവവും മനുഷ്യനും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നും അതിനാല്‍ തന്നെ ദൈവം അവനെ ധാരാളമായി പരിഗണിക്കുകയും ചെയ്യുന്നുവെന്നുമാണ് ചര്‍ച്ച് പഠിപ്പിച്ചത്.
കൂടാതെ ദൈവസാമീപ്യത്തെക്കുറിച്ച ബോധം മനുഷ്യ ജീവിതത്തില്‍ ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലിനെ സംബന്ധിച്ച വിശ്വാസം ഹൃദയങ്ങളില്‍ ജനിപ്പിക്കുന്നതിന് കാരണമാവുന്നു. ഇടിമിന്നലുകള്‍ മതത്തിന്റെ ശത്രുക്കളെ നശിപ്പിക്കുകയും, ഭൂകമ്പങ്ങള്‍ കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം പ്രതിഭാസങ്ങളുടെ ശാസ്ത്രീയ വിശകലനങ്ങള്‍ ദൈവത്തെക്കുറിച്ച ബോധം ഉളവാക്കാന്‍ ഉപകരിക്കുന്നവയല്ല.
3. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രം സ്വാഭാവികമെന്ന് വിശേഷിപ്പിക്കുക വഴി അവക്ക് പിന്നിലെ ലക്ഷ്യത്തെയും, കാരണത്തെയും കുറിച്ച അന്വേഷണം ഉപേക്ഷിക്കപ്പെടുന്നു. മാത്രവുമല്ല, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, കൊടുങ്കാറ്റ് തുടങ്ങിയവ പ്രവചിക്കുന്നതിലും ശാസ്ത്രം ഒരു പരിധിയോളം വിജയം വരിച്ചു. മാനവ സമൂഹത്തിന് വളരെയധികം ഉപകരിച്ച കാര്യങ്ങളായിരുന്നു അവ. സമുദ്രം ഇളകി മറിയുമെന്ന് ഭയപ്പെടുന്ന വേളയില്‍ അതില്‍ നിന്ന് അകലം പാലിക്കാനും, കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ മുന്‍കരുതകലുകള്‍ സ്വീകരിക്കാനും ഇത് സഹായിച്ചു.
4. പ്രകൃതി പ്രതിഭാസങ്ങളുടെ ഭൗതിക വിശദീകരണങ്ങളും, പ്രാപഞ്ചികസംഭവങ്ങള്‍ക്ക് നിശ്ചിത ലക്ഷ്യമില്ലെന്ന വാദവും പ്രപഞ്ചം മുഴുവന്‍ പ്രത്യേകിച്ച് കാരണമോ, ലക്ഷ്യമോ ഇല്ലാതെ രൂപപ്പെട്ടതാണെന്ന തെറ്റായ ധാരണ പരത്തി.
5. മനുഷ്യനെ യാതൊരു ലക്ഷ്യവുമില്ലാതെയാണ് ദൈവം സൃഷ്ടിച്ചത് എന്നിരിക്കെ, അവന്റെ ജീവിതത്തിന് ധാര്‍മിക ചിട്ടകള്‍ (ചെയ്യാന്‍ പാടില്ലാത്തതും നിര്‍ബന്ധമായും ചെയ്യേണ്ടവയും) നിശ്ചയിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. ചുരുക്കത്തില്‍ ഇപ്രകാരം ശാസ്ത്രീയ വിപ്ലവം പ്രപഞ്ചത്തിന് ഒരു ധാര്‍മിക വ്യവസ്ഥയുണ്ടെന്നും, പ്രസ്തുത ധാര്‍മിക മൂല്യങ്ങള്‍ മനുഷ്യന്റെ ഇഹലോക ക്ഷേമം കൂടി മുന്‍നിര്‍ത്തിയുള്ളവയാണെന്നുമുള്ള വാദം പൊളിച്ച് കളയുകയാണുണ്ടായത്.

About dr. amr shareef

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *