ഏകദൈവവിശ്വാസം സങ്കീര്‍ണമോ?

ഏകദൈവവിശ്വാസം ഉള്‍ക്കൊള്ളാന്‍ പ്രയാസകരമാണെന്നും വൈരുദ്ധ്യം നിറഞ്ഞതാണെന്നും ചിലര്‍ ആരോപിക്കാറുണ്ട്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്റെ ഏകദൈവവിശ്വാസത്തിലേക്കുള്ള ക്ഷണം പൊതുവെ സ്വീകരിക്കപ്പെടാത്തത് എന്നും അവര്‍ ന്യായമുന്നയിക്കുന്നു.

യാതൊരു സങ്കീര്‍ണതയോ, നിഗൂഢതയോ ഇല്ലാത്ത ദര്‍ശനമാണ് ഏകദൈവവിശ്വാസമെന്ന് അല്‍പം ചിന്തിക്കുന്നവന് മനസ്സിലാകുന്നതാണ്. പ്രയാസലേശമന്യെ ഏതൊരാള്‍ക്കും ഗ്രഹിക്കാന്‍ കഴിയുന്ന ആശയമാണ് അത്. അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ അധിപനെന്നും, അവന് ഒരു പങ്കാളിയും ഇല്ലെന്നും, അവനാണ് എല്ലാറ്റിന്റെയും രക്ഷിതാവും, ഉടമസ്ഥനുമെന്നുമാണ് ഈ ദര്‍ശനം സ്ഥാപിക്കുന്നത്. സ്രഷ്ടാവും നിയന്താവും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാണ്. മേല്‍പറഞ്ഞ അധികാരങ്ങളിലൊന്നും അവന്ന് പങ്കുകാരില്ല തന്നെ. പൂര്‍ണതയുടെ എല്ലാ വിശേഷണങ്ങളും അവന്ന് മാത്രമായുള്ളതാണ്. (അവനെപ്പോലെ മറ്റൊന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു) അശ്ശൂറാ 11. അതിനാല്‍ തന്നെ ആരാധനകള്‍ക്ക് അര്‍ഹന്‍ അവന്‍ മാത്രമാണ്. മറ്റൊരാള്‍ക്ക് ആരാധനിക്കപ്പെടാന്‍ അവകാശമില്ല.
ഈ വിശ്വാസ ദര്‍ശനത്തില്‍ എന്ത് സങ്കീര്‍ണതയാണുള്ളത്? മനുഷ്യന്റെ മനസ്സാക്ഷി സത്യപ്പെടുത്തുന്ന, അവന്ന് ഉള്‍വിളിയുണ്ടാകുന്ന കാര്യങ്ങളാണിവ. കാരണം അവന്റെ പ്രകൃതിയില്‍ തന്നെ ലയിച്ച് ചേര്‍ന്ന, അവന്റെ മനസ്സില്‍ അടിയുറച്ച യാഥാര്‍ത്ഥ്യങ്ങളാണിവ. പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നും അവന്‍ ഏകനാണെന്നതും മനുഷ്യമനസ്സിന്റെ അന്തരാളത്തില്‍ ജന്മം തൊട്ടേ പടര്‍ന്ന് പന്തലിച്ച സത്യമാണ്.
അതിനാല്‍ തന്നെ വളരെ ലളിതമായാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഈ യാഥാര്‍ത്ഥ്യത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. ബുദ്ധിപരമായ സങ്കീര്‍ണ തത്വങ്ങളോ, സൈദ്ധാന്തിക ഭാഷ്യങ്ങളോ അല്ല ഈ വിഷയത്തില്‍ അവ അവലംബിച്ചിരിക്കുന്നത്. ഓരോരുത്തരോടും തന്റെ ബുദ്ധിയെ പ്രവര്‍ത്തിപ്പിക്കാനും കാര്യഗൗരവത്തോടെ ചിന്തിക്കാനും ആവശ്യപ്പെടുന്നു ഖുര്‍ആന്‍. പ്രപഞ്ചത്തില്‍ വാരിവിതറിയിരിക്കുന്ന ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാനും, മനുഷ്യ ശരീരത്തെക്കുറിച്ച് തന്നെ ആലോചിക്കാനും ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. ദൈവത്തിന്റെയും ദൈവികതയുടെയും യാഥാര്‍ത്ഥ്യങ്ങളെയും പരമസത്യത്തെയും കുറിച്ച് മനുഷ്യന് ജ്ഞാനം നല്‍കാന്‍ പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ക്ക് സാധിക്കുമെന്നതിനാലാണ് ഇത്.
ഏകദൈവ വിശ്വാസത്തേക്കാള്‍ ലളിതമാണ് ബഹുദൈവ വിശ്വാസ സങ്കല്‍പമെന്നാണോ ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്? അല്ലാഹുവിന്റെ കൂടെ മറ്റു പല ദൈവങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ എന്തായിരുന്നു സംഭവിക്കുക? രണ്ടോ, അതിലധികമോ ദൈവങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്ന ഓര്‍ബിറ്റ് എങ്ങനെയുണ്ടായിരിക്കും? ഒട്ടേറെ അധികാരികളുള്ള ഒരു വസ്തു എങ്ങനെയാണ് വ്യവസ്ഥാപിതമാവുക? സൂര്യന്‍ കിഴക്ക് നിന്ന് ഉദിക്കണമെന്ന് ഒരു ദൈവം തീരുമാനിക്കുമ്പോള്‍, അല്ല പടിഞ്ഞാറില്‍ നിന്നാണ് ഉദിക്കേണ്ടത് എന്ന് മറ്റൊരു ദൈവം തീരുമാനിക്കുന്നുവെന്ന് വെക്കുക. എന്തും തീരുമാനിക്കാന്‍ പരമാധികാരമുള്ളവനാണല്ലോ ദൈവമാകുക? അങ്ങനെ തീരുമാനിച്ചാല്‍ പ്രപഞ്ചത്തിന്റെ ഗതിയെന്താവും? വിശുദ്ധ ഖുര്‍ആന്‍ തന്നെ ചോദിക്കുന്നുണ്ട് (ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് നശിച്ചുപോയിരുന്നേനെ. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കിയതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!). അല്‍അന്‍ബിയാഅ് 22
ആകാശഭൂമികള്‍ വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നത് അവിടങ്ങളില്‍ ഒരൊറ്റ ദൈവം മാത്രമുള്ളത് കൊണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ സ്ഥാപിക്കുന്നു. അല്‍മുഅ്മിനൂന്‍ അദ്ധ്യായത്തില്‍ ഈ വിഷയം മറ്റൊരു തലത്തില്‍ നിന്ന് അല്ലാഹു കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടേറെ ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് അല്ലാഹു വിശദീകരിക്കുന്നത് ഇപ്രകാരമാണ് (അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!). അല്‍മുഅ്മിനൂന്‍ 91
ഓരോരുത്തരും തന്റെ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും തര്‍ക്കവും സംഘട്ടനവുമാണ് ഉണ്ടാവുക. അത് പ്രപഞ്ച വ്യവസ്ഥയുടെ നാശത്തിലാണ് കലാശിക്കുക.
ബഹുദൈവവിശ്വാസത്തിന്റെ കണ്ഠത്തില്‍ വിശുദ്ധ ഖുര്‍ആന്‍ കോടാലി വെക്കുകയാണ് മേലുദ്ധരിച്ച വചനങ്ങളിലൂടെ ചെയ്തിരിക്കുന്നത്. പ്രപഞ്ചത്തിന് ഒരു അധികാരി മാത്രമെ പാടുള്ളൂ എന്ന് വ്യക്തമാക്കിയതിന് ശേഷം വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നത് ഇപ്രകാരമാണ് (അല്ലാഹുവാണോ, അതല്ല ഇവര്‍ പങ്കു ചേര്‍ക്കുന്നവരാണോ ഏറ്റവും ഉത്തമമായിട്ടുള്ളത്?). അന്നംല് 59

About muhammad al gazzali i

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *