അലങ്കാരം: ജാഹിലിയ്യത്തിന്റെ അഴിഞ്ഞാട്ടത്തിലും ഇസ്ലാമിന്റെ നീതിയിലും -1

പുരോഗതിയിലേക്കും, മുന്നേറ്റത്തിലേക്കും കുതിച്ച് പായുന്ന പോരാളികളില്‍ അണിചേരുന്നതില്‍ നിന്ന് ഇസ്ലാം സ്ത്രീയെ വിലക്കുകയും, അവളോട് അനീതി പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നുവെന്നത്

വര്‍ഷങ്ങളായി നമ്മുടെ കര്‍ണപുടങ്ങളില്‍ ആവര്‍ത്തിച്ചലയടിച്ച് കൊണ്ടിരിക്കുന്ന ആരോപണമാണ്. ഇസ്ലാമിക നിയമസംഹിത സ്ത്രീക്ക് മാത്രമായി ചില നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും, അവളെ വരിഞ്ഞ് മുറുക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് ആരോപകര്‍ ഉന്നയിക്കുന്ന ന്യായം. ചുറ്റുമുള്ള സമൂഹവുമായി ഇടപഴകുന്നതില്‍ നിന്നും, കൂടിക്കലരുന്നതില്‍ നിന്നും ഇസ്ലാം അവളെ വിലക്കുകയും, ഹിജാബ് ധരിച്ച് മറയോട് കൂടി മാത്രമെ പുറത്തിറങ്ങാവൂ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തത് അവളെ വീട്ടുതടങ്കലിലടക്കുന്നതിനും, അടിച്ചമര്‍ത്തുന്നതിനും വേണ്ടിയാണെന്ന് അവര്‍ അവകാശപ്പെടുന്നു. മാത്രവുമല്ല, ഇപ്രകാരം നിയമങ്ങളില്‍ ലിംഗവിവേചനം പുലര്‍ത്തിയത് തന്നെയാണ് ഇസ്ലാമിന്റെ സ്ത്രീവിരുദ്ധതയെ കുറിക്കുന്ന വ്യക്തമായ തെളിവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ബുദ്ധിശൂന്യമായ ഇത്തരം ജല്‍പനങ്ങളുമായി പല പാശ്ചാത്യ ചിന്തകരും എഴുത്തുകാരും ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രംഗപ്രവേശം നടത്തിയിട്ടുണ്ട്. ഉദാഹരണമായി മിസ്റ്റ് ജാക്ക് കുറിക്കുന്നത് ഇപ്രകാരമാണ് (സ്ത്രീയോട് ഇസ്ലാമിക സമൂഹം സ്വീകരിച്ച സമീപനം വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. അവയുടെ അടിസ്ഥാനങ്ങളെക്കുറിച്ച് സൂക്ഷ്മ ഗവേഷണം നടത്തുകയും വേണം. നമ്മുടെ തന്നെ വംശത്തില്‍ പെട്ട പല സെക്യുലറിസ്റ്റുകളും പത്ര-മാധ്യമങ്ങളിലൂടെ ഈ ആവശ്യം നിരന്തരമായി ഉന്നയിച്ച് കൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ ഹിജാബ് നിരോധിക്കുകയെന്നും, മറ്റ് ചിലപ്പോള്‍ സ്ത്രീക്ക് പാര്‍ലിമെന്റ് അംഗത്വം നല്‍കണമെന്നുമെല്ലാം അവര്‍ മുറവിളി കൂട്ടുന്നത് ഇതിന്റെ ഭാഗമാണ്. സ്ത്രീക്കും പുരുഷനും തുല്യമായ തൊഴില്‍ സാധ്യതകള്‍ നല്‍കണമെന്നതാണ് ഇവരുന്നയിക്കുന്ന മറ്റൊരു ആവശ്യം!

സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്തിറങ്ങിയ പ്രത്യയശാസ്ത്രങ്ങളും ദര്‍ശനങ്ങളുമെല്ലം വീക്ഷണങ്ങളില്‍ ചില്ലറ ചില വ്യത്യാസങ്ങളുള്ളവയാവാം. എങ്കില്‍ പോലും മിസ്റ്റര്‍ ജാക്ക് സൂചിപ്പിച്ചത് പോലെ സ്ത്രീയെക്കുറിച്ച ഇസ്ലാമിക ശരീഅത്തിന്റെ വീക്ഷണം അടിസ്ഥാനങ്ങളില്‍ നിന്ന് പഠനവിധേയമാക്കുകയാണ് വേണ്ടത്. അല്ലാതെ ഇസ്ലാമിക നിയമങ്ങളുടെ ദുര്‍വ്യാഖ്യാനമോ, ശത്രുക്കളുടെ ആരോപണമോ മുന്‍നിര്‍ത്തി ഇസ്ലാമിനെ വിമര്‍ശിക്കുകയെന്നത് ബുദ്ധിപരമോ, സത്യസന്ധമോ ആയ സമീപനമല്ല.

ഹിജാബുമായി ബന്ധപ്പെട്ട ഇസ്ലാമിക വീക്ഷണം വിശദീകരിക്കുകയാണ് ഈ കുറിപ്പ്. പൂര്‍ണാര്‍ത്ഥത്തില്‍ നീതി മുറുകെ പിടിക്കുകയും, നടപ്പാക്കുകയും ചെയ്ത ദര്‍ശനമാണ് ഇസ്ലാം. മനുഷ്യന് നേട്ടം കൊണ്ട് വരുന്നതോ, അവനില്‍ നിന്ന് ഉപദ്രവം തടയുന്നതോ അല്ലാത്ത ഒരു നിയമവും ഇസ്ലാം അവന് മേല്‍ അടിച്ചേല്‍പിച്ചിട്ടില്ല. ഈ യാഥാര്‍ത്ഥ്യത്തെക്കുറിക്കുന്ന തെളിവുകള്‍ വളരെ വ്യക്തമായി താഴെ ചേര്‍ക്കാവുന്നതാണ്.

1. എല്ലാ മനുഷ്യരോടും നഗ്നത മറക്കാന്‍ കല്‍പിച്ചത്. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു (ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍). അല്‍അഅ്‌റാഫ് 26

അലങ്കാരം സ്വീകരിക്കാനും, വസ്ത്രമുപയോഗിച്ച് നാണം മറക്കുവാനും അല്ലാഹു എല്ലാ മനുഷ്യരോടും കല്‍പിച്ചിരിക്കുന്നു. മാത്രവുമല്ല, മനുഷ്യര്‍ക്ക് ആവശ്യമായ വസ്ത്രം സജ്ജീകരിച്ചുവെന്നത് അല്ലാഹു തന്റെ മേന്മയായി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. പിശാച് ആദമിനെയും ഹവ്വയെയും നഗ്നരാക്കാന്‍ ശ്രമിച്ചപ്പോള്‍, അവരുടെ നഗ്നത മറക്കുകയാണ് അല്ലാഹു ചെയ്തതെന്ന് ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നു. നാണം മറക്കാന്‍ വസ്ത്രം മാത്രമല്ല, അലങ്കാരത്തിന് തൂവലുകളും ഇറക്കിയിരിക്കുന്നുവെന്ന് അല്ലാഹു കൂട്ടിച്ചേര്‍ത്തിരിക്കുന്നു. മനുഷ്യന്‍ അനിവാര്യമായി സ്വീകരിക്കേണ്ട വസ്ത്രവും, ആലങ്കാരികമായി അണിയേണ്ട മോടികളുമെല്ലാം അല്ലാഹു അവന് സമ്മാനിച്ചിരിക്കുന്നുവെന്ന് സാരം. ഈ വചനത്തിന്റെ പ്രാരംഭത്തിലുള്ള അഭിസംബോധനയില്‍ സ്ത്രീയും പുരുഷനും ഒരുപോലെ ഉള്‍പെട്ടിരിക്കുന്നു. അതായത് നാണം മറക്കുകയും, അലങ്കാരം സ്വീകരിക്കുകയും ചെയ്യുകയെന്നത് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ട പ്രകൃതിയുടെ തേട്ടമാണ്. ഇസ്ലാമിന്റെ അടിസ്ഥാനങ്ങളില്‍ ഏറ്റവും പ്രഥമമായത് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ട ശുദ്ധപ്രകൃതിയാണ്.

2. വിശ്വാസികളോടും വിശ്വാസിനികളോടും പാതിവ്രത്യം മുറുകെ പിടിക്കാന്‍ കല്‍പിച്ചത്. സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രം ദൈവിക വെളിപാട് അവതരിച്ചിട്ടുണ്ട്. അവളോട് ഹിജാബ് ധരിക്കാനും, ചാരിത്ര്യം സൂക്ഷിക്കാനും, ആവശ്യത്തിലധികം അണിഞ്ഞൊരുങ്ങി നടക്കാതിരിക്കാനും കല്‍പിച്ചിട്ടുണ്ട്. (നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം). അന്നൂര്‍ 31.

എന്നാല്‍ ധാര്‍മികതയുമായി ബന്ധപ്പെട്ട ഈ ശിക്ഷണശീലങ്ങള്‍ സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്കും ബാധകമാണ്. (നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്). അന്നൂര്‍ 30

സ്ത്രീകളും പുരുഷനും നിര്‍ബന്ധമായും പാലിക്കേണ്ട വസ്ത്രധാരണ മര്യാദകളാണ് ഖുര്‍ആന്‍ ഇവിടെ വരച്ച് കാണിച്ചിരിക്കുന്നത്. ഇവിടെ ലിംഗഭേദമന്യെയാണ് ഖുര്‍ആന്‍ കല്‍പനകളെല്ലാം നല്‍കിയിരിക്കുന്നത്. കൂടാതെ സ്ത്രീക്ക് അവളുടെ പ്രകൃതിപരമായ സവിശേഷതകള്‍ക്ക് അനുസരിച്ച മറ്റു ചില വിശദാംശങ്ങള്‍ കൂടി നല്‍കിയിരിക്കുന്നുവെന്ന് മാത്രം.

About idrees ahmad

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *