അലി(റ) ദുര്‍ബല വ്യക്തിത്വമോ? -1

അലി(റ) രാഷ്ട്രീയ വ്യക്തിത്വമായിരുന്നില്ലെന്നും, അതിനാലാണ് അദ്ദേഹത്തിന് ഖിലാഫത്തിന്റെ കാര്യത്തില്‍ പരാജയം സംഭവിച്ചതെന്നും ചില ഇസ്ലാം വിരുദ്ധര്‍ ആരോപിക്കാറുണ്ട്. അതിനാലാണ് അദ്ദേഹം വളരെ പെട്ടെന്ന്

തന്നെ തനിക്കെതിരെ തിരിഞ്ഞവര്‍ക്കെതിരില്‍ യുദ്ധത്തിനിറങ്ങിത്തിരിക്കുകയും, മുആവിയ ഉള്‍പെടെയുള്ള ഗവര്‍ണര്‍മാരെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തതെന്ന് ഇവര്‍ വിലയിരുത്തുന്നു. മാത്രവുമല്ല, സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നന്നെ ദുര്‍ബലനായിരുന്നു അലി(റ)യെന്നും അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നു. ഖിലാഫത്ത് ഏറ്റെടുക്കാനുള്ള അലി(റ)യുടെ യോഗ്യതയില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലൊന്നാണിത്.
മഹത്വവും ശ്രേഷ്ഠതയും നിറഞ്ഞ ജീവിതത്തിന് ഉടമയായിരുന്നു അലി(റ). ദീര്‍ഘദൃഷ്ടി, ശാരീരിക ശക്തിയുമുള്ള, തര്‍ക്കങ്ങളില്‍ നീതിപൂര്‍വം വിധി പറയാന്‍ കഴിവുള്ള, ചിന്താശീലവും ബുദ്ധികൂര്‍മതയും ഉള്‍ചേര്‍ന്ന പരമഭക്തനായിരുന്നു അദ്ദേഹം. തന്റെ ഖിലാഫത്ത് കാലത്തും അങ്ങേയറ്റം നീതിനിഷ്ഠയോടെ ഭരണം നടത്തുകയും പ്രജകളോട് കരുണ കാണിക്കുകയും ചെയ്തു അദ്ദേഹം. പ്രസംഗപീഠത്തില്‍ കയറി തന്റെ പ്രജകളോട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് (ജനങ്ങളെ, നിങ്ങളോട് എനിക്ക് ചില ബാധ്യതകളുണ്ട്. നീതിപൂര്‍വം വിധിക്കുക, തുല്യമായി വീതം വെക്കുക തുടങ്ങിയവ അവയില്‍പെടുന്നു. നീതിമാനായ നേതൃത്വത്തേക്കാള്‍ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു നന്മയുമില്ല).
സൂക്ഷ്മവീക്ഷണവും, കുശാഗ്രബുദ്ധിയുമുള്ള വ്യക്തിയായിരുന്നു അലി(റ). എന്നാല്‍ ഖിലാഫത്ത് സ്വര്‍ണത്തളികയില്‍് അദ്ദേഹത്തിന്റെ കൈകളില്‍ വെച്ച് കൊടുക്കേണ്ടതില്ല എന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. രാഷ്ട്രത്തില്‍ കുഴപ്പം കത്തിയാളുന്ന, പ്രതിസന്ധികള്‍ കുന്നുകൂടിയ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന് ആ ഭാരം ഏറ്റെടുക്കേണ്ടി വന്നത്. സ്വപ്‌നങ്ങളുടെ ചിറകുകള്‍ കരിച്ചു കളഞ്ഞ കലാപങ്ങളായിരുന്നു ഖിലാഫത്ത് ഏറ്റെടുക്കുന്ന വേളയില്‍ രാഷ്ട്രത്തിന്റെ പല ഭാഗങ്ങളിലും.
അപകടങ്ങള്‍ നാനാഭാഗത്ത് നിന്നും വലയം ചെയ്യുകയും മുസ്ലിം ഉമ്മത്ത് ഛിന്നഭിന്നമാവുകയും ചെയ്ത വേളയില്‍ അദ്ദേഹം എന്തുചെയ്യാനാണ്? രാഷ്ട്രത്തിലെ ഫിത്‌നഃ അടിച്ചമര്‍ത്തുന്നതിനായി പ്രവാചക സഖാക്കള്‍ തങ്ങളുടേതായ രീതിയില്‍ ഇജ്തിഹാദ് നടത്തി. സ്വാഭാവികമായും അവര്‍ക്കിടയില്‍ പല അഭിപ്രായങ്ങള്‍ രൂപപ്പെട്ടു. പ്രവാചക പത്‌നി ആഇശഃ, ത്വല്‍ഹഃ, സുബൈര്‍(റ) തുടങ്ങിയവര്‍ ഒരു പക്ഷത്ത് നിലയുറപ്പിച്ചു. മുആവിയയുടെ കൂടെ ശാംനിവാസികള്‍ അണിനിരന്നു. ഇബ്‌നു ഉമറി(റ)നെപ്പോലുള്ള മറ്റുചിലര്‍ ഒന്നിലും ചേരാതെ മാറി നിന്നു. ഖവാരിജുകള്‍ക്കും, അബ്ദുല്ലാഹ് ബിന്‍ സബഇന്റെ കൂടെയുള്ളവര്‍ക്കുമെതിരെ ഒരുമിച്ച് നില്‍ക്കേണ്ടിയിരുന്ന പ്രവാചക സഖാക്കള്‍ ഇപ്രകാരമാണ് പ്രസ്തുത അപകടത്തെ നേരിട്ടത്. എല്ലാ പ്രവാചകാനുചരന്മാരും നീതിനിഷ്ഠരും, അവരുടെ ലക്ഷ്യങ്ങള്‍ ഒന്നുമായിരിക്കെ ഇജ്തിഹാദ് നടത്താന്‍ അവര്‍ക്ക് അവകാശവുമുണ്ടായിരുന്നു.
അലി(റ)യുടെ കൂടെയോ, എതിര്‍പക്ഷത്തോ നിലയുറപ്പിച്ച സ്വഹാബാക്കള്‍ക്ക് ദുരുദ്ദേശ്യമോ, മറ്റ് താല്‍പര്യങ്ങളോ ഉണ്ടായിരുന്നുവെന്ന് ആരോപിക്കാന്‍ യാതൊരു ന്യായവുമില്ല. ഇവര്‍ തന്നെയായിരുന്നു അബൂബക്‌റി(റ)ന്റെ കൂടെ മുര്‍തദ്ദുകള്‍ക്കെതിരെ പോരാടിതെന്ന് വിസ്മരിക്കാവതല്ല. ഉമര്‍, ഉഥ്മാന്‍(റ) എന്നിവരുടെ കൂടെ ചേര്‍ന്ന് ഇസ്ലാമിക രാഷ്ട്രം പണിതുയര്‍ത്തിയതും ഇവര്‍ തന്നെയായിരുന്നു. ഇസ്ലാമിക സന്ദേശം പ്രചരിപ്പിക്കുകയും, ലോകത്തിന്റെ പല കോണുകളും വിജയം വരിച്ചതും ഇവരുടെ നേതൃത്വത്തിലായിരുന്നു. പൂര്‍വ്വികരായ മൂന്ന് ഖലീഫമാരുടെ കഴിവും പ്രാപ്തിയും ത്രാണിയും അലി(റ)ക്കും ഉണ്ടായിരുന്നു എന്നതിലും സംശയമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലത്ത് സാമൂഹിക സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു എന്നതാണ് വസ്തുത.
മുന്‍കാലത്തെ പോലെ സ്വഹാബാക്കള്‍ ഒരുമിച്ച് നിന്നില്ല എന്നത് മാത്രമാണ് പ്രസ്തുത ദുരന്തത്തിന് സഹായകമായി വര്‍ത്തിച്ചത്. അതിനാല്‍ തന്നെ ചിദ്രതയും പിളര്‍പ്പും രൂപപ്പെട്ട ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് എളുപ്പമായിരുന്നില്ല. വിശിഷ്യാ സംഘട്ടനങ്ങളും കാലുഷ്യവും നിറഞ്ഞ പ്രസ്തുത സാഹചര്യത്തില്‍.
ഖവാരിജുകള്‍ ഉള്‍പെടെയുള്ള ഇസ്ലാമിന്റെ ശത്രുക്കള്‍ ഒരു വശത്ത് ഫിത്‌നയുടെ തീ ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. ഇബ്‌നു സബഇന്റെ നേതൃത്വത്തിലുള്ള ഒരു വലിയ വിഭാഗവും അവരുടെ കൂടെയുണ്ടായിരുന്നു. യാഥാര്‍ത്ഥ്യങ്ങളറിയാതെ അവരുടെ കൂടെ നിന്ന കുറെ ദുര്‍ബലവിശ്വാസികളും കൂടി ചേര്‍ന്നതോടെ ഖലീഫയും ചെറിയ സംഘവും നന്നെ ദുര്‍ബലരായി.

About abdullah hilal

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *