45645

അല്ലാഹുവില്‍ നിന്നുള്ള ആത്മാവ് അല്ലാഹുവിന്റെ മകനോ?

വിശുദ്ധ ഖുര്‍ആന്‍ ഈസാ പ്രവാചകനെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആത്മാവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു എന്നത് ശരിയാണ് (വേദക്കാരെ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ,

അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരാത്മാവും മാത്മമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക). അന്നിസാഅ് 171
ക്രൈസ്തവരും ഈസാ പ്രവാചകനെ അല്ലാഹുവിന്റെ ആത്മാവ് എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. പക്ഷെ, ഈസാ പ്രവാചകനെക്കുറിച്ച ഇസ്ലാമിന്റെ വീക്ഷണവും ക്രൈസ്തവരുടെ വീക്ഷണവും തമ്മില്‍ അജഗജാന്തരമുണ്ട്. ക്രൈസ്തവര്‍ ഈസാ പ്രവാചകനെ അല്ലാഹുവിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത് അല്ലാഹുവിന്റെ സത്തയില്‍ നിന്നുള്ളത് എന്നര്‍ത്ഥത്തിലാണ്. അതായത് ഈസാ(അ) അല്ലാഹുവിന്റെ തന്നെ ഭാഗമാണ് എന്നര്‍ത്ഥം. ശേഷം വിശുദ്ധ ഖുര്‍ആനും തങ്ങളുടെ അഭിപ്രായം ശരിവെക്കുന്നുവെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഈസാ പ്രവാചകനെ അല്ലാഹുവിന്റെ സത്തയുടെ ഭാഗമായി ഒരിക്കലും വിശേഷിപ്പിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്ലാമിന്റെ അടിസ്ഥാന വീക്ഷണമായ ഏകദൈവ വിശ്വാസത്തോട് യോജിക്കാത്ത സമീപനമാണ് അത്.
അല്ലാഹുവിന്റെ സത്ത അനാദിയും അവിഭജിതവുമാണ്. ഇക്കാര്യം ബുദ്ധിപരമായും പ്രാമാണികവുമായി സ്ഥിരപ്പെട്ട വസ്തുതയുമാണ്. ഈസാ അല്ലാഹുവിന്റെ സത്തയില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് അവകാശപ്പെടുന്നതോടെ അനാദിയിലേക്ക് കാലത്തെ ചേര്‍ക്കുകയും അവിഭജിതമായ ഒന്നിനെ വിഭജിക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ കാര്യത്തില്‍ ഇവ രണ്ടും അസംഭവ്യവും അസ്വീകാര്യവുമാണ്.
അല്ലാഹുവിങ്കല്‍ നിന്നുള്ള ആത്മാവാണ് ഈസാ(അ) എന്ന ഖുര്‍ആനിക പരാമര്‍ശം വളരെ വ്യക്തമാണ്. ദൈവത്തില്‍ നിന്നുള്ളത് എന്നാല്‍ ദൈവം നല്‍കിയത് എന്നാണ് അര്‍ത്ഥം. അല്ലാഹുവിന്റെ കല്‍പന പ്രകാരം ജീബ്‌രീല്‍ മാലാഖ മര്‍യമില്‍ ഊതിയതിന്റെ ഫലമായാണ് ഈസാ പ്രവാചകനുണ്ടായത് എന്ന് മാത്രമാണ് ഈ പരാമര്‍ശം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അല്ലാഹുവിന്റെ കല്‍പനപ്രകാരം അല്‍ഭുതകരമായ വിധത്തില്‍ സംഭവിച്ച കാര്യമായത് കൊണ്ട് അല്ലാഹു ആ ദൃഷ്ടാന്തത്തെ തന്നിലേക്ക് ചേര്‍ക്കുക മാത്രമാണ് ചെയ്തത്. ഇതു തന്നെയാണ് മറ്റുള്ള ആത്മാക്കളില്‍ നിന്ന് ഈസാ പ്രവാചകനെ വേര്‍തിരിക്കുന്നത്. ശുക്ലത്തില്‍ രൂപപ്പെടുന്നതിന് പകരം അല്ലാഹു തന്റെ മാലാഖയെ കൊണ്ട് ഊതിച്ചു എന്ന പ്രത്യേകതയെയാണ് പ്രസ്തുത പ്രയോഗം കുറിക്കുന്നത്.
ഇപ്രകാരം അല്ലാഹു സൃഷ്ടിച്ച വസ്തുവിനെ അല്ലാഹുവിലേക്ക് ചേര്‍ക്കുന്ന രീതി വിശുദ്ധ ഖുര്‍ആന്‍ മറ്റ് പലയിടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. ഥമൂദ് ഗോത്രത്തിന് ദൃഷ്ടാന്തമായി നല്‍കിയ ഒട്ടകത്തെ ‘അല്ലാഹുവിന്റെ ഒട്ടകം’ എന്ന് വിശേഷിപ്പിച്ചതായി ഹൂദ് അദ്ധ്യായത്തില്‍ കാണാവുന്നതാണ്.
എല്ലാ സന്താനങ്ങളിലും ജീവന്‍ രൂപപ്പെടുന്നതിന് വേണ്ടിയുള്ള കര്‍മമാണ് ‘ഊതുക’ എന്ന പ്രയോഗം ദ്യോതിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഈസാ പ്രവാചകന് മുമ്പെ ആദമിന്റെ കാര്യത്തിലും അതേ പ്രയോഗം നടത്തിയതായി കാണാവുന്നതാണ് (അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍ നിങ്ങളെല്ലാവരും അവന് പ്രണാമമര്‍പ്പിക്കുന്നവരായിത്തീരണം). അല്‍ഹിജ്‌റ് 29
ആദമിനെ അല്ലാഹു തന്റെ ആത്മാവില്‍ നിന്ന് ഊതിയതാണെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കെ അദ്ദേഹം അല്ലാഹുവിന്റെ ഭാഗമാണെന്ന് ആരും വാദിക്കാത്തത് എന്തുകൊണ്ടാണ്? അതേസമയം അപ്രകാരം തന്നെ സൃഷ്ടിക്കപ്പെട്ട ഈസാ ദൈവപുത്രനാണെന്ന് വാദിക്കുകയും ചെയ്യുന്നത് തീര്‍ത്തും വൈരുദ്ധ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് നോക്കൂ (സംശയമില്ല, അല്ലാഹുവിന്റെ അടുത്ത് ഈസായുടെ ഉപമ ആദമിന്റേതുപോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് ‘ഉണ്ടാവുക’ എന്ന് പറഞ്ഞു. അപ്പോളതാ അദ്ദേഹം ഉണ്ടാകുന്നു). ആലുഇംറാന്‍ 59
ഇതുസംബന്ധിച്ച മറ്റൊരു ദൈവിക വചനം ഇപ്രകാരമാണ് (അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ‘ഉണ്ടാകൂ’ എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്റെ അവസ്ഥ. സകല സംഗതികളുടെയും സമഗ്രാധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടങ്ങിച്ചെല്ലുന്നത് ആരുടെ അടുത്തേക്കാണോ, അവനാണ് പരിശുദ്ധന്‍!). യാസീന്‍ 82-83
‘തന്റെ ആത്മാവില്‍ നിന്നും’ എന്ന ഖുര്‍ആനിക പ്രയോഗം ഈസാ പ്രവാചകനെ ദൈവമാക്കാന്‍ തെളിവാണെങ്കില്‍ അദ്ദേഹത്തിന് മുമ്പെ ദൈവമാവേണ്ടിയിരുന്നത് ആദമായിരുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്.

About imam al-qarafi

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *