00fault

അല്ലാഹുവിന്റെ നാമങ്ങള്‍ പ്രതിനിധീകരിക്കുന്നത് -1

(അല്ലാഹു, അവനല്ലാതെ ദൈവമില്ല, അവന് മഹത്തായ നാമങ്ങളുണ്ട്) എന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. (മഹത്തായ നാമങ്ങള്‍ അല്ലാഹുവിനുള്ളതാണ്. അതിനാല്‍ നിങ്ങള്‍

അവയുപയോഗിച്ച് അവനെ വിളിക്കുക. അവന്റെ നാമങ്ങളില്‍ വക്രതയുണ്ടാക്കുന്നവരെ നിങ്ങള്‍ ഉപേക്ഷിക്കുക. അവര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നതാണ്) എന്നാണ് മറ്റൊരു ദൈവികവചനത്തിന്റെ ഉള്ളടക്കം.
ദൈവത്തിന്റെ വചനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അവയുടെ പ്രത്യേകത ബോധ്യപ്പെടുന്നതാണ്. പരിപൂര്‍ണതയെയു മഹത്വത്തെയും, ഔന്നത്യത്തെയും കുറിക്കുന്ന വിശേഷണങ്ങളാണവ. ഒരു വിശേഷണം ഒരു വ്യക്തിയില്‍ സ്ഥിരമായി കാണപ്പെടുന്നുവെങ്കില്‍ അവയെ നാമമെന്ന് വിളിക്കുന്നതാണ്. ഒരുകാലത്തും ഒരു സാഹചര്യത്തിലും വേര്‍പെടാതെ, ഒരു വ്യക്തിയില്‍ ഒരു വിശേഷണം സ്ഥായിയായി നിലനില്‍ക്കുന്നുവെങ്കില്‍ ആ വ്യക്തി പ്രസ്തുത വിശേഷണത്താല്‍ അറിയപ്പെടുകയെന്നത് സ്വാഭാവികമാണ്.
ഈയര്‍ത്ഥത്തിലുള്ള അല്ലാഹുവിന്റെ നാമങ്ങള്‍ നിരവധിയാണ്. കാരണം ദൈവത്തിന്റെ മഹത്വങ്ങള്‍ക്ക് പരിധിയോ, പരിമിതിയോ, അവസാനമോ ഇല്ല തന്നെ. ആകാശചക്രവാളങ്ങളില്‍ നക്ഷത്രങ്ങള്‍ വാരിവിതറപ്പെട്ടത് പോലെ അല്ലാഹുവിന്റെ നാമങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വിവിധ ഇടങ്ങളിലായി പരാമര്‍ശിക്കപ്പെട്ടതായി കാണാവുന്നതാണ്. മിക്കവാറും ആയത്തുകള്‍ അവസാനിക്കുന്നത് ദൈവിക വിശേഷണങ്ങളും നാമങ്ങളും കൊണ്ടാണ്. വചനത്തിലെ ഉള്ളടക്കിന് യോജിച്ച ദൈവികനാമങ്ങളാണ് അവയുടെ അവസാനത്തില്‍ ഉപയോഗിക്കാറുള്ളത്. നാമത് വഴിയെ വിശദീകരിക്കുന്നതാണ്.
(അല്ലാഹുവിന് തൊണ്ണൂറ്റിയൊമ്പത് നാമങ്ങളുണ്ട്. അവ മനപാഠമാക്കിയവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു. അല്ലാഹു ഒറ്റയാണ്. അവന്‍ ഒറ്റയാണ് ഇഷ്ടപ്പെടുന്നത്) എന്ന് ഒരു സ്വഹീഹായ ഹദീഥില്‍ വന്നിരിക്കുന്നു. മറ്റൊരു റിപ്പോര്‍ട്ട് ‘അത് ക്ലിപ്തപ്പെടുത്തിയവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരക്കുന്നു’ എന്നാണുള്ളത്. ഇവ മനപാഠമാക്കുകയും, ക്ലിപ്തപ്പെടുത്തുകയും ചെയ്യുകയെന്നത് നാം അവ ഹൃദയത്തില്‍ സൂക്ഷിക്കുയെന്ന് മാത്രമല്ല. അല്ലാഹുവിന്റെ വിവിധ നാമങ്ങളുടെ ആശയങ്ങള്‍ ഗ്രഹിക്കുകയും, അവന്റെ പൂര്‍ണതയുള്‍ക്കൊള്ളുകയും, അവ ഉപയോഗിച്ച് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുകയെന്നതാണ്. അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ വിധത്തില്‍ അവന് കീഴ്‌പ്പെട്ട്, ആരാധനയര്‍പിച്ച് ജീവിക്കുകയെന്നതാണ് അതിന്റെ യഥാര്‍ത്ഥ വിവക്ഷ.
അല്ലാഹുവിന്റെ നാമങ്ങള്‍ കേവലം തൊണ്ണൂറ്റിയൊമ്പതില്‍ പരിമിതമാണ് എന്നല്ല ഇതിന്റെ അര്‍ത്ഥം. മറിച്ച് അവ എണ്ണിതിട്ടപ്പെടുത്താനോ, നിര്‍ണയിക്കാനോ സാധിക്കുകയില്ല എന്നതാണ് വസ്തുത. അല്ലാഹുവിന്റെ സത്തയെക്കുറിച്ച ജനങ്ങളുടെ തെറ്റായ സങ്കല്‍പങ്ങളും വിശ്വാസങ്ങളും തിരുത്തുന്നതിന് വേണ്ടിയാണ് ഇസ്ലാം കടന്നുവന്നത്. ഭൂമിയിലെ വിവിധ മതദര്‍ശനങ്ങള്‍ വികൃതവും, വികലവുമായ രൂപവും, സങ്കല്‍പവുമാണ് ദൈവത്തിന് മേല്‍ കെട്ടിവെച്ചത്. ബുദ്ധിയുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത, കേള്‍ക്കുന്ന മാത്രയില്‍ തള്ളിക്കളയുന്ന വിശേഷണങ്ങളാണ് അവ. ആകാശഭൂമികളുടെ സൃഷ്ടാവ് അവയ്ക്കും മീതെയാണെന്ന് ഏതൊരാള്‍ക്കും ചിന്തിച്ചാല്‍ ബോധ്യപ്പെടാവുന്നതേയുള്ളൂ.
പിന്നീട് വേദക്കാര്‍ കടന്നുവന്നു. കൈപിരടിക്ക് പിന്നിലേക്ക് കെട്ടിവെച്ചതോ, ഒരു കാല്‍ അടുത്ത കാലില്‍ കയറ്റി വെച്ചതോ ആയ ദൈവത്തെയാണ് അവര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. മറക്കുകയും ദുഖിക്കുകയുംച ചെയ്യുന്ന ദൈവമാണ് അവരുടെ സങ്കല്‍പത്തിലുള്ളത്!! തന്റെ പ്രവര്‍ത്തനത്തിന്റെ ഭവിഷത്ത് തിരിച്ചറിയാന്‍ കഴിയാത്ത ദൈവമായിരുന്നു അവരുടേത്.
അല്ലാഹുവിന്റെ നാമങ്ങളെ വികൃതമാക്കിയ ഇവരുടെ സങ്കല്‍പങ്ങള്‍ മാറ്റി വെച്ച് യഥാര്‍ത്ഥ വിശേഷണങ്ങള്‍ സമര്‍പിക്കുക മാത്രമാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്തത്. അല്ലാഹുവിന്റെ യഥാര്‍ത്ഥ നാമങ്ങള്‍ ഉപയോഗിച്ച് മാത്രമാണ് അവന് ആരാധനയര്‍പിക്കേണ്ടതെന്ന് ഇസ്ലാം പഠിപ്പിച്ചു.
പ്രപഞ്ചത്തെയും, ജീവിതത്തെയും, വിരിക്കപ്പെട്ട ഭൂമിയെയും, വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ച് മരിച്ച് പോകുന്ന ജീവജാലങ്ങളെയും യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞ ഒരാള്‍ക്ക് മാത്രമെ ഈ നാമങ്ങളുടെ ആശയം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. ഭീമാകാരമായ അല്ലാഹുവിന്റെ അധികാരമേഖലകളെക്കുറിച്ച് അറിയാത്തവന് എങ്ങനെയാണ് അവന്റെ നാമങ്ങളുടെ ആശയം പിടികിട്ടുക?

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *