atheism

ദൈവനിരാസം: വളര്‍ച്ചയും വികാസവും -4

ക്രൈസ്തവ യൂറോപ്പ് വിശ്വാസികള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചിരുന്ന ജ്ഞാനാധികാരവും, വിശ്വാസാധികാരവുമായി ബന്ധപ്പെട്ട അദ്ധ്യാപനങ്ങള്‍ക്കെതിരെ യൂറോപ്യന്‍ ധിഷണ ഇളകി മറിഞ്ഞു. ജ്ഞാനത്തിന് മറ്റൊരു സ്രോതസ്സ് കണ്ടെത്തുക അനിവാര്യമാണെന്ന് അവര്‍ തിരിച്ചറിയുകയും, അതന്വേഷിച്ച് അവര്‍ രംഗത്തിറങ്ങുകയും ചെയ്തു. എന്നാല്‍ സ്ഥായിയും സുസ്ഥിരവുമായ ഒരു ഉറവിടം കണ്ടെത്താന്‍ അവര്‍ക്കായില്ല. അക്കാലത്ത് – പതിനാറാം നൂറ്റാണ്ടില്‍- ക്രൈസ്തവ സമൂഹം അന്വേഷിക്കുന്ന ബദല്‍ മുന്നോട്ട് വെക്കാനുള്ള ത്രാണി മുസ്ലിം ചിന്തകന്മാര്‍ക്കുമുണ്ടായിരുന്നില്ല. അവര്‍ക്ക് ബുദ്ധിപരമായ സഹായം നല്‍കാനോ, അവരുടെ കൈപിടിച്ച് പ്രസ്തുത പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനോ അവര്‍ക്ക് സാധിച്ചില്ല. കാരണം മുസ്ലിം സമൂഹവും അക്കാലത്ത് ദൗര്‍ബല്യങ്ങളുടെ പിടിയിലമര്‍ന്ന് കഴിഞ്ഞിരുന്നു. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ധൈഷണിക ശക്തി അതിനുണ്ടായിരുന്നില്ല.
യൂറോപ്യന്‍ ധിഷണക്ക് വിജ്ഞാനത്തിന്റെ ഉറവിടമായി പ്രതിഷ്ഠിക്കാവുന്ന ഒരു ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല. മതസ്രോതസ്സുകള്‍ ഉപേക്ഷിച്ച അവര്‍ക്ക് മറ്റൊരു സ്രോതസ്സ് അന്വേഷിച്ച് അലഞ്ഞ് നടക്കേണ്ട ഗതികേടാണ് ഉണ്ടായത്. ചരിത്രത്തില്‍ മാനവ സമൂഹങ്ങള്‍ പരീക്ഷിച്ച സ്രോതസ്സുകള്‍ അവര്‍ മാറിമാറി രുചിച്ച് നോക്കി. മതം, ബുദ്ധി, അനുഭവം തുടങ്ങിയവ അവയില്‍ പ്രധാനമായിരുന്നു. പിന്നീട് കുരിശ് യുദ്ധത്തിന്റെ ബുദ്ധിപരമായ ഫലങ്ങള്‍ വെളിപ്പെട്ടതിന് ശേഷം ചര്‍ച്ചിനെ പരസ്യമായി എതിര്‍ക്കുന്ന ചിന്താപ്രസ്ഥാനങ്ങള്‍ രംഗത്തുവന്നു. പോപ്പിന്റെയും കാത്തോലിക് ചര്‍ച്ചിന്റെയും അദ്ധ്യാപനങ്ങള്‍ക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ പ്രക്ഷോഭം നയിച്ചു. പാപമോചനം നല്‍കാന്‍ പോപ്പിന് അധികാരമുണ്ടെന്ന വാദത്തെ നിശിതമായി പൊളിച്ചടക്കി. വിശ്വാസവുമായ ബന്ധപ്പെട്ട ചര്‍ച്ചിന്റെ പല വീക്ഷണങ്ങളെയും കഠിനമായി വിമര്‍ശിച്ചു. വേദം അഥവാ ബൈബ്ള്‍ വിശദീകരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതുകയും, വേദവ്യാഖ്യാനമല്ല, വേദം മാത്രം മാത്രമാണ് ജ്ഞാനത്തിന്റെ സ്രോതസ്സെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ലൂഥര്‍ തന്റെ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനവുമായി കടന്നുവന്നത് ക്രൈസ്തവ യൂറോപ്പില്‍ വൈജ്ഞാനിക വിപ്ലവത്തിനും, സംവാദത്തിനും വഴിയൊരുക്കി. വിവിധ തത്വശാസ്ത്രങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചാ വിഷയമായി ക്രൈസ്തവത മാറി. ഒരു മതമെന്ന അര്‍ത്ഥത്തിലുള്ള ക്രൈസ്തവതയല്ല, കാത്തോലിക് ചര്‍ച്ച് പ്രതിനിധീകരിച്ചിരുന്ന ക്രൈസ്തവതയാണ് അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. അതേതുടര്‍ന്നുള്ള സ്വാഭാവിക പ്രതികരണമെന്ന നിലയിലായിരുന്നു യൂറോപ്യന്‍ ധിഷണയില്‍ മതം ചര്‍ച്ച ചെയ്യപ്പെട്ടത്. തത്വശാസ്ത്രങ്ങളുടെ മുഖ്യമായ ചര്‍ച്ച വിജ്ഞാനത്തിന്റെ ഉറവിടത്തെ കുറിച്ചായിത്തീര്‍ന്നു.
മധ്യകാലത്ത് മനുഷ്യന് തന്റെ ജീവിതത്തിന്റെ നിഖില മേഖലകളിലും വഴികാട്ടിയായി വര്‍ത്തിച്ചിരുന്നത് മതപരമായ അദ്ധ്യാപനങ്ങള്‍ -കാത്തോലിക് ചര്‍ച്ച് സമര്‍പിച്ച- തന്നെയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് വരെ ഈ പാരമ്പര്യ രീതി തുടര്‍ന്ന് വന്നു. അതിനിടയിലാണ് തന്റെ വിപ്ലവ ചിന്തകളുമായി മാര്‍ട്ടിന്‍ ലൂഥര്‍ പ്രത്യക്ഷപ്പെട്ടത്. അതുപോലും കാത്തോലിക് അദ്ധ്യാപനങ്ങള്‍ നിരന്തര ചര്‍ച്ചകള്‍ക്കും, സംവാദങ്ങള്‍ക്കും വിധേയമായതിന് ശേഷമായിരുന്നു. പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന്റെ പരിഷ്‌കരണങ്ങള്‍ക്ക് ശേഷവും ദൈവിക വെളിപാട് തന്നെയായിരുന്നു ജ്ഞാനത്തിന്റെ ആധികാരികമായ സ്രോതസ്സായി പരിഗണിക്കപ്പെട്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതി വരെ ഈ സ്ഥിതിവിശേഷം തുടര്‍ന്നു. പിന്നീട് യൂറോപ്യന്‍ ഫിലോസഫിയുടെ ചരിത്രത്തില്‍ ‘ജ്ഞാനോദയകാലം’ കടന്നുവന്നത്. പലതരം സവിശേഷതകളുമുള്ള കാലഘട്ടമായിരുന്നു അത്.

About dr. muhammad shama

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *