d3dqpsm

അവകാശവാദമല്ല; ജനസമ്മതിയാണ് ഖിലാഫത്ത്

ഇസ്ലാമിക ആദര്‍ശത്തെ പ്രതിരോധിക്കുകയും ഇസ്ലാമിക നിയമസംഹിത നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രത്തിനെയാണ് ഇസ്ലാമിക രാഷ്ടമെന്നോ, ഭരണമെന്നോ പേര് വിളിക്കുന്നത്. അതിനാല്‍ തന്നെ ദൈവാധികാരത്തിന് പോറലേല്‍പിക്കാത്ത വിധത്തിലുള്ള അധികാരമാണ് ജനങ്ങള്‍ക്ക് അഥവാ രാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ളത്. പ്രസ്തുത രാഷ്ട്രത്തിന്റെ മേധാവിയെയും നായകനെയും തെരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള അധികാരം അവര്‍ക്കാണുള്ളത്.

തങ്ങളെ ഭരിക്കേണ്ട, തങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യേണ്ട, തങ്ങളുടെ നന്മകളെ മാനിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യേണ്ട ഭരണാധികാരിയെ പൗരന്മാര്‍ തന്നെയാണ് തെരഞ്ഞെടുക്കേണ്ടത്.
‘അധികാര സ്രോതസ്സ്’ എന്ന പ്രയോഗം ആധുനികമാണ്. ഇസ്ലാം ഇത്തരം സാങ്കേതിക പ്രയോഗങ്ങള്‍ക്കല്ല പ്രാമുഖ്യം നല്‍കുന്നത്. യാഥാര്‍ത്ഥ്യത്തെയും, പ്രായോഗികതയെയുമാണ് ഇസ്ലാം പരിഗണിക്കുന്നത്. ഇസ്ലാമിക രാഷ്ട്രത്തില്‍ അധികാരത്തിന്റെ സ്രോതസ്സ് കേവല ഭരണാധികാരിയോ, പൗരന്മാരോ മാത്രമല്ല. ഭരണാധികാരി അഥവാ ഖലീഫയെ തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് തന്നെയാണ്. പ്രവാചകവിയോഗത്തിന് ശേഷം അനുചരന്മാര്‍ സ്വീകരിച്ച സമീപനത്തില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. അപഹരിച്ചെടുത്ത ഖിലാഫത്തധികാരമോ, സൈനിക അട്ടിമറിയോ, അനന്തരമെടുത്ത ഖിലാഫത്തോ അല്ല ഇസ്ലാമിലുള്ളത്. ഇസ്ലാമിക രാഷ്ട്രത്തിലെ ഏറ്റവും യോഗ്യതയുള്ള വ്യക്തിക്ക് തീര്‍ത്തും സ്വതന്ത്രമായി ബൈഅത്ത് ചെയ്യുന്ന രീതിയാണ് പ്രവാചക സഖാക്കള്‍ പഠിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് ഇദ്ദേഹം പ്രവര്‍ത്തിക്കുകയും നീതി നടപ്പിലാക്കുകയും ചെയ്യുന്നുവെങ്കില്‍ അദ്ദേഹത്തെ അനുസരിക്കേണ്ടത് ദീനി ബാധ്യതയാണ്. അതല്ല, പിശാചിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് അനുസരണമോ, മഹത്വമോ ഇല്ല.
ഈ നേതൃസ്ഥാനത്തേക്ക് യോഗ്യനാണെന്ന് പൂര്‍ണ ബോധ്യമുള്ള വ്യക്തിക്ക് സ്വന്തത്തെ അതിന് വേണ്ടി നിര്‍ദേശിക്കാവുന്നതാണ്. പ്രസ്തുത സ്ഥാനത്തേക്ക് വേണ്ട യോഗ്യതകള്‍ മറ്റൊരു വ്യക്തിയിലാണ് കാണുന്നതെങ്കില്‍ അദ്ദേഹത്തെ നിര്‍ദേശിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്.
യൂസുഫ് പ്രവാചകന്റെ ചരിത്രം സുപ്രസിദ്ധമാണ്. സാമ്പത്തിക വകുപ്പ് ഏറ്റെടുക്കാന്‍ അദ്ദേഹം സ്വയം തയ്യാറായി. അദ്ദേഹം രാജാവിനോട് പറഞ്ഞു (യൂസുഫ് പറഞ്ഞു: രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്). യൂസുഫ് 55
യര്‍മൂക്കില്‍ വെച്ച് റോമക്കാരുമായി നടന്ന ആദ്യ ഏറ്റുമുട്ടലില്‍ മുസ്ലിം സൈന്യത്തിന്റെ നേതൃത്വം ഖാലിദ് ബിന്‍ വലീദ്(റ) സ്വയം ചോദിച്ചുവാങ്ങുകയാണ് ചെയ്തത്. കാരണം പ്രസ്തുത യുദ്ധത്തില്‍ വിജയിക്കാനാവശ്യമായ തന്ത്രങ്ങള്‍ തന്റെയടുത്തുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പ്രവാചകവിയോഗത്തെ തുടര്‍ന്ന് മുസ്ലിം ഉമ്മത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിന് അബൂബക്‌റി(റ)നെ നിര്‍ദേശിച്ചത് ഉമര്‍ ബിന്‍ ഖത്താബ്, അബൂഉബൈദതുല്‍ ജര്‍റാഹ്(റ) തുടങ്ങിയവരായിരുന്നു.
ഇതിന് വിരുദ്ധമായ ചരിത്രങ്ങളുമുണ്ടെന്നത് ശരി തന്നെയാണ്. പക്ഷെ അവയ്ക്ക് പ്രത്യേകമായ കാരണങ്ങളുമുണ്ടായിരുന്നു. അബൂദര്‍റ്(റ) നേതൃത്വം ആഗ്രഹിച്ചുവെങ്കിലും തിരുമേനി(സ) നല്‍കുകയുണ്ടായില്ല. കാരണം അദ്ദേഹം തീര്‍ത്തും ദുര്‍ബല മനസ്‌കനായിരുന്നു എന്നതായിരുന്നു. നേതൃത്വം അതിയായ ആഗ്രഹിച്ച ചിലരെ തിരുമേനി(സ) മാറ്റി നിര്‍ത്തിയതും ഇതിനുദാഹരണമാണ്.
വലിയ വലിയ സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയാണ്. സ്വന്തം കഴിവില്‍ അങ്ങേയറ്റത്തെ ശുഭാപ്തി വിശ്വാസമുള്ളവരും ധാരാളമുണ്ട്. പക്ഷെ, ഇസ്ലാമിക രാഷ്ട്രത്തില്‍ ജനങ്ങള്‍ തന്നെയാണ് ഭരണാധികാരിയെ നിശ്ചയിക്കേണ്ടത്. കാരണം തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കാന്‍ കൂടുതല്‍ യോജിച്ചത് ആരാണെന്ന് ജനങ്ങള്‍ക്ക് തന്നെയാണ് നന്നായി അറിയുക.
തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണാധികാരിയെ സ്വീകരിക്കാന്‍ ഇസ്ലാം പൊതുജനങ്ങളെ നിര്‍ബന്ധിക്കുന്നു എന്ന് സങ്കല്‍പിക്കുന്നത് അവിവേകമാണ്. ഇന്നയിന്ന കുടുംബത്തില്‍ നിന്നുള്ള ഭരണാധികാരിയെ സ്വീകരിക്കണമെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു എന്ന വീക്ഷണവും തീര്‍ത്തും അബദ്ധജഢിലമാണ്.
ആദ്യകാല ഇസ്ലാമിക രാഷ്ട്രത്തെ ‘ഖിലാഫതുര്‍റാശിദഃ’ എന്നായിരുന്നു വിളിച്ചിരുന്നത് എന്നതില്‍ എല്ലാ മുസ്ലിംകളും ഏകാഭിപ്രായക്കാരാണ്. ഇസ്ലാമിക ചരിത്രത്തില്‍ പിന്നീട് വന്ന പാരമ്പര്യ ഭരണാധികാരികളും, സ്വേഛാധിപതികളും ഖിലാഫതു റാശിദഃയിലെ റുശ്ദ് അഥവാ സന്മാര്‍ഗം നശിപ്പിച്ചു കളഞ്ഞു എന്നതിലും അവര്‍ ഒരേ അഭിപ്രായക്കാര്‍ തന്നെയാണ്.
തിരുമേനി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു വചനം ഇവിടെ പ്രസക്തമാണ്. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാതെ അവര്‍ക്ക് ഇമാമായി നമസ്‌കരിക്കുന്നയാളുടെ ആരാധന അല്ലാഹു സ്വീകരിക്കുകയില്ല എന്നാണ് പ്രസ്തുത ഹദീഥ് പറയുന്നത്. എല്ലാവര്‍ക്കും ലളിതമായി നിര്‍വഹിക്കാന്‍ കഴിയുന്ന നമസ്‌കാരത്തിന്റെ കാര്യം ഇപ്രകാരമാണെങ്കില്‍ പിന്നെ, പ്രയാസകരമായ ഭരണം ജനങ്ങളുടെ പിന്തുണയില്ലാതെ ഏറ്റെടുക്കുന്നവരുടെ കാര്യം എത്ര കഷ്ടമാണ്!
ഇസ്ലാമിക രാഷ്ട്രത്തിന്റെ നേതൃത്വമെന്നത് തീര്‍ത്തും ഭാരിച്ച ഉത്തരവാദിത്തമാണ്. അനര്‍ഹരായ ആളുകള്‍ അവിടങ്ങളില്‍ കയറിപ്പറ്റിയതാണ് കിഴക്കും പടിഞ്ഞാറും ഇസ്ലാമിന്റെ പതാക താഴ്ന്നു കിടക്കാന്‍ കാരണമായത്.
ഫറോവനിസത്തില്‍ നിന്നും, കൈസറിസത്തില്‍ നിന്നും വളരെ അകലെയാണ് ഇസ്ലാമിക ഖിലാഫത്ത്. സമൂഹം തെരഞ്ഞെടുക്കുന്ന നായകനാണ് ഖലീഫ. ഇസ്ലാമിക ദര്‍ശനത്തിനോടും സന്ദേശത്തോടും എത്രമാത്രം കൂറ് പുലര്‍ത്തുന്നു എന്ന മാനദണ്ഡമനുസരിച്ചാണ് പ്രസ്തുത സ്ഥാനത്തേക്ക് ഒരു വ്യക്തി തെരഞ്ഞെടുക്കപ്പെടേണ്ടത്.

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *