25

അവസര സമത്വം: ഇസ്ലാമിക സങ്കല്‍പം -1

ഇസ്ലാം ഏറ്റവും കൂടുതല്‍ വെറുത്ത തിന്മയാണ് സാമൂഹിക വിവേചനമെന്നത്. ഏറ്റവ്യത്യാസത്തിന്റെ എല്ലാ രൂപങ്ങളും മുഖങ്ങളും ഇസ്ലാം നിരോധിച്ചത് അത് കൊണ്ടാണ്. ജനനം,

നിറം, ഭാഷ, സമ്പാദ്യം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവ്യത്യാസം കല്‍പിക്കുന്നത് ഇസ്ലാം ഒരു നിലക്കും അംഗീകരിക്കുന്നില്ല.
കഴിവ്, അദ്ധ്വാനം തുടങ്ങിയവയില്‍ ഏറ്റവ്യത്യാസം ഉണ്ടാവുകയെന്നത് സ്വാഭാവികമാണെന്ന് ഇസ്ലാം നിരീക്ഷിക്കുന്നു. എന്നാല്‍, സമൂഹത്തിലെ എല്ലാ പൗരന്മാര്‍ക്കും അദ്ധ്വാനിക്കാനും സമ്പാദിക്കാനുമുള്ള അവസരം ഒരുപോലെ ലഭിക്കേണ്ടതുണ്ട് എന്ന് കൂടി ഇസ്ലാം നിബന്ധന വെക്കുന്നു. ഏതെങ്കിലും ഒരു വ്യക്തി അവന്റെ കഴിവ് കൊണ്ട് മറ്റുള്ളവരെ മുന്‍കടക്കുന്നുവെങ്കില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണ്. തൊഴിലിലെ വൈഭവവും, വൈദഗ്ദ്യവും മാത്രമാണ് ഒരാള്‍ക്ക് മറ്റൊരാളേക്കാള്‍ പരിഗണന നല്‍കാനുതകുന്ന ഒരേയൊരു ഘടകമെന്ന് ഇസ്ലാം വ്യക്തമാക്കുന്നു.
ഒരാളും ജന്മം കൊണ്ട് മറ്റാരേക്കാളും ഉയര്‍ന്നവനല്ല. ഉയര്‍ന്ന കുടുംബത്തിലോ, താഴ്ന്ന ജാതിയിലോ പിറന്നത് കൊണ്ട് ഒരാള്‍ക്കും അവസരം ലഭിക്കുകയോ, നിഷേധിക്കപ്പെടുകയോ ചെയ്യരുത്. ഒരു വ്യക്തിക്കും കൂടുതല്‍ ആനുകൂല്യങ്ങളോ, മഹത്വമോ വകവെച്ച് നല്‍കാവതല്ല. നിലവിലുള്ള അവകാശവും, ആനുകൂല്യവും ഏതെങ്കിലും ഒരു വ്യക്തിയില്‍ നിന്ന് തടയപ്പെടാനും പാടുള്ളതല്ല. വിവേചനത്തോടും, ജാതിസമ്പ്രദായത്തോടും പുലര്‍ത്തിയ ശത്രുത ഇസ്ലാം മറ്റൊന്നിനോടും കാണിച്ചിട്ടില്ല.
സമ്പത്ത്, അവസരം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ വീക്ഷണത്തെ ചിലര്‍ ദുര്‍വ്യാഖ്യാനിക്കുകയോ, തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുണ്ട്. (നാം നിങ്ങളില്‍ ചിലരെ മറ്റു ചിലരേക്കാള്‍ ഉയര്‍ത്തി) എന്ന ദൈവികവചനമാണ് അവര്‍ തെറ്റായി വായിച്ചത്. സമൂഹത്തില്‍ പല തട്ടുകളുണ്ടാകുന്നതിനെ ഇസ്ലാം അംഗീകരിക്കുന്നുവെന്ന് ഈ വചനം മുന്നില്‍ വെച്ച് ചിലര്‍ വാദിക്കുന്നത് കാണാവുന്നതാണ്.
നമ്മെപോലുള്ള രോഗാതുരമായ സമൂഹത്തില്‍ മാത്രമെ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുള്ളൂ!! ഇവിടെ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ച ‘ഉയര്‍ച്ച’ സമൂഹത്തിലെ വിവിധ തട്ടുകളെയോ, വിഭാഗങ്ങളെയോ അല്ല സൂചിപ്പിക്കുന്നത്. മറിച്ച് വ്യക്തിപരമായ ‘ഉയര്‍ച്ച’യെയാണ്. ജന്മസിദ്ധിയുടെയും വൈഭവത്തിന്റെയും അടിസ്ഥാനത്തിലുള്ള ഉയര്‍ച്ചയാണത്. ജനനത്തിന്റെയോ, തറവാടിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനമല്ല അത്. ജന്മസിദ്ധിയും, തൊഴില്‍ വൈഭവവും അതിന്റെ ഉടമസ്ഥന് അവകാശം സമ്മാനിക്കുന്നു. എന്നാല്‍ ഏതെങ്കിലും ഒരു വീട്ടില്‍ ജനിക്കുന്നത് കൊണ്ട് പ്രസ്തുത വ്യക്തിക്ക് മഹത്വമോ, ആനുകൂല്യമോ ലഭിക്കുകയില്ല. ജാതിവ്യവസ്ഥക്കും, ഇസ്ലാമിക ദര്‍ശനത്തിനുമിടയിലെ അടിസ്ഥാനപരമായ വ്യത്യാസമാണിത്. ഒരു നിലക്കും അവഗണിക്കാനോ, സംശയിക്കാനോ പാടില്ലാത്ത വളരെ നിര്‍ണായകമായ അടിസ്ഥാനമാണ് അത്. വിവേചന സങ്കല്‍പത്തിന്റെ അടിവേരറുക്കുന്ന വീക്ഷണമാണ് ഇസ്ലാമിന്റേത്. കഴിവിന്റെയും, യോഗ്യതയുടെയും അടിസ്ഥാനത്തിലുള്ള ഏറ്റവ്യത്യാസം മാത്രമാണ് ഇസ്ലാം അംഗീകരിക്കുന്നത്.
രോഗമുക്തനായി, ആരോഗ്യത്തോട് കൂടി പിറന്നുവീഴുകയെന്നത് സമൂഹത്തിലെ ഒരു കുഞ്ഞിന്റെയും അവകാശമാണ്. രാഷ്ട്രത്തിലെ ഏതൊരു മാതാപിതാക്കള്‍ക്കും ലഭിക്കുന്ന ജീവസുരക്ഷ എല്ലാ രക്ഷിതാക്കള്‍ക്കും ലഭിക്കേണ്ടതുണ്ട്. അവരുടെ രണ്ട് പേരുടെയും കണക്കില്‍ മാത്രമല്ല, അവരുടെ രക്തത്തില്‍ പിറക്കാനിരിക്കുന്ന കുഞ്ഞിനെ കൂടി പരിഗണിച്ചാണ് അത് നല്‍കേണ്ടത്. കാരണം കുഞ്ഞ് പിറന്ന് വീഴുന്നതിന് മുമ്പ് തന്നെ അതിന്റെ ആരോഗ്യസുരക്ഷയ്ക്കാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആരോഗ്യത്തോടെ പിറന്നു വീഴുന്ന കുഞ്ഞിനും, രോഗിയായി പിറന്ന് വീഴുന്ന കുഞ്ഞിനും ഇടയില്‍ വിവേചനം കാണിക്കുകയാണ് നാം ചെയ്യുന്നത്. ഈ രണ്ട് വിഭാഗത്തിനുമിടയില്‍ അവസരസമത്വം രൂപപ്പെടുന്നില്ലെന്നര്‍ത്ഥം.
ജനന ശേഷം രൂപപ്പെടുന്നതല്ല അവസരസമത്വമെന്നത്. സമത്വത്തിന്റെ ഏറ്റവും അവസാനത്തെ അവധിയാണ് ജനനമെന്നത്. അതിനാല്‍ ഓരോ കുഞ്ഞിനും ഈ അവസരം ഉറപ്പ് വരുത്താന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്. അവന്റെ രക്ഷിതാക്കളുടെ അവകാശം പൂര്‍ത്തീകരിച്ച് നല്‍കുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്.
ഓരോ കുഞ്ഞിനും ആവശ്യമായ പോഷക ഭക്ഷണവും, പരിചരണവും, സംസ്‌കരണവും ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രത്തിലെ കുഞ്ഞുങ്ങള്‍ക്കിടയില്‍ ഏറ്റവ്യത്യാസം ഉണ്ടാവാന്‍ പാടുള്ളതല്ല. കുഞ്ഞിന്റെ അത്യാവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കാനുള്ള സാമ്പത്തിക ചുറ്റുപാട് രക്ഷിതാക്കള്‍ക്കില്ലെങ്കില്‍, പ്രസ്തുത ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കേണ്ടതുണ്ട്.

About sayyid quthub

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *