SacredLotus02

ആസര്‍: ഖുര്‍ആനിന് തെറ്റുപറ്റിയോ?

ഇബ്‌റാഹീം പ്രവാചകന്റെ പിതാവിനെക്കുറിച്ച് പരാമര്‍ശിച്ച ഖുര്‍ആന്‍ അദ്ദേഹത്തിന്റെ പേര് തെറ്റായി ഉദ്ധരിച്ചിരിക്കുന്നുവെന്ന് ചിലര്‍ ആരോപിക്കുന്നു. (ഓര്‍ക്കുക, ഇബ്‌റാഹീം തന്റെ പിതാവ് ആസറിനോട് പറഞ്ഞ സന്ദര്‍ഭം: വിഗ്രഹങ്ങളെയാണോ താങ്കള്‍ ദൈവങ്ങളാക്കിയിരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു). അല്‍അന്‍ആം 74

എന്നാല്‍ ഇബ്‌റാഹീമിന്റെ പിതാവിന്റെ പേര് ആസര്‍ എന്നായിരുന്നില്ല, താരിഹ് എന്നായിരുന്നു എന്ന് ചരിത്രം പറയുന്നു. ഉല്‍പത്തി പുസ്തകത്തില്‍ ഇപ്രകാരം കാണാവുന്നതാണ് (താരിഹ് എഴുപത് വര്‍ഷത്തോളം ജീവിച്ചു. ഇബ്‌റാഹീമും, നാഹൂറും ഹാറാനും പിറന്നു). ഉല്‍പത്തി 11/26
ഈ ആരോപണത്തിനുള്ള മറുപടി ഇപ്രകാരമാണ്. ആസര്‍ എന്നത് ഇബ്‌റാഹീമിന്റെ പിതൃവ്യന്റെ പേരായിരുന്നു എന്ന് പറയപ്പെട്ടിരിക്കുന്നു. അറബി ഭാഷയില്‍ പ്രയോഗിക്കുന്ന ‘അബ്’ എന്ന പദം പിതാവ്, പിതൃവ്യന്‍, പിതാമഹന്‍ എന്നിവരെയെല്ലാം സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. പ്രസ്തുത പദത്തിന് ശേഷം മറ്റൊരു സൂചനയും നല്‍കിയിട്ടില്ലെങ്കില്‍ അത് പിതാവിനെയാണ് കുറിക്കുന്നത്. അതല്ല, ശേഷം കൃത്യമായ പേരോ മറ്റോ ചേര്‍ത്തിട്ടുണ്ടെങ്കില്‍ പിതാവ്, പിതാമഹന്‍, പിതൃവ്യന്‍ തുടങ്ങിയവരില്‍പെട്ട ആരെങ്കിലുമായിരിക്കും. ഇവിടെ ആസര്‍ എന്ന പേര് പ്രയോഗിച്ചു എന്നത് കൊണ്ട് തന്നെ അത് ഇബ്‌റാഹീമിന്റെ പിതൃവ്യനായിരുന്നുവെന്നും ആലങ്കാരികമായ അര്‍ത്ഥത്തിലാണ് ഇവിടെ പിതാവെന്ന് വിശേഷിപ്പിച്ചതെന്നും മനസ്സിലാക്കാവുന്നതാണ്.
യഥാര്‍ത്ഥ പിതാവിനെ കുറിക്കാനും, പിതാവിന്റെ പരമ്പരയില്‍പെട്ടവരെ കുറിക്കാനും ‘അബ്’ എന്ന പദം പ്രയോഗിക്കുമെന്ന് ഖുര്‍ആന്‍ തന്നെ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. (എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുകയെ’ന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു ‘ഞങ്ങള്‍ അങ്ങയുടെ ദൈവത്തെയാണ് ആരാധിക്കുക. അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏകദൈവത്തെ. ഞങ്ങള്‍ അവന് കീഴ്‌പെട്ട് കഴിയുന്നവരായിരിക്കും). അല്‍ബഖറ 133
ഇവിടെ ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരെയെല്ലാം പിതാക്കന്മാര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇബ്‌റാഹീം(അ) തന്റെ പിതാമഹനാണെന്നും, ഇസ്മാഈല്‍ തന്റെ പിതൃസഹോദരനാണെന്നും, ഇസ്ഹാഖ് തന്റെ പിതാവാണെന്നും യഅ്ഖൂബ് പ്രവാചകന് നന്നായറിയാമായിരുന്നു. ഇവിടെ ഇസ്മാഈല്‍ പ്രവാചകന്‍ പിതൃവ്യനായിരിക്കെ തന്നെ യഅ്ഖൂബ്(അ) അദ്ദേഹത്തെ പിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നു.
തിരുമേനി(സ)യുടെ ചരിത്രത്തിലും ഇപ്രകാരം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബ്ബാസ്(റ)നെ ബദ്‌റില്‍ ബന്ദിയായി പിടിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു (എനിക്ക് എന്റെ പിതാവിനെ തിരികെ തന്നാലും).
വിശുദ്ധ ഖുര്‍ആന്‍ ഇബ്‌റാഹീമിന്റെ ചരിത്രം വിവരിക്കുന്നിടിത്തെല്ലാം ‘പിതാവ് ആസര്‍’ എന്ന പ്രയോഗം നടത്തിയിട്ടില്ല എന്ന് നാമോര്‍ക്കണം. ഇവിടെ മാത്രമാണ് ഇയാളുടെ പേരുദ്ധരിച്ചിരിക്കുന്നത്. ഇവിടെ മാത്രം പേരുദ്ധരിക്കാന്‍ കാരണം അതുകൊണ്ട് ഉദ്ദേശിച്ചത് പിതൃവ്യനാണെന്ന് കുറിക്കാന്‍ മാത്രമാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന് തെറ്റ് സംഭവിച്ചിരിക്കുന്നു എന്ന് ആരോപിക്കുന്നതില്‍ ന്യായമില്ല. ഭാഷാപരമായി തീര്‍ത്തും സാധ്യതയുള്ള പ്രയോഗം മാത്രമാണ് ഇവിടെ വിശുദ്ധ ഖുര്‍ആന്‍ നടത്തിയിരിക്കുന്നത്.
ആസര്‍ എന്നത് ഇബ്‌റാഹീമിന്റെ പിതാവിന്റെ സ്ഥാനപ്പേരാണെന്ന് മറ്റൊരു അഭിപ്രായമുണ്ട്. പിതാവിന്റെ പേര് താരിഹ് എന്നായിരിക്കാം, പക്ഷെ അദ്ദേഹം ആസര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് പറയപ്പെടുന്നു. യഅ്ഖൂബ് പ്രവാചകന്‍ ഇസ്രയേല്‍ എന്ന പേരിലായിരുന്നല്ലോ അറിയപ്പെട്ടിരുന്നത്. താരിഹ് എന്നയാളുടെ സ്ഥാനപ്പേരായിരുന്നു ആസര്‍ എന്ന് ഒട്ടേറെ മുന്‍കലാ പണ്ഡിതന്മാര്‍ കുറിച്ചിട്ടുണ്ട്. ഈ അഭിപ്രായമനുസരിച്ച് വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സ്ഥാനപ്പേരുപയോഗിച്ച് അഭിസംബോധന ചെയ്തുവെന്ന് മാത്രം.

About ahmad shahid

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *