ബഹുദൈവ വിശ്വാസം: നിറവും രൂപവും -2

നൂഹ് നബി(സ)യുടെ ജനതക്ക് ശേഷം വന്നവരൊക്കെയും ബഹുദൈവ വിശ്വാസത്തിന്റെ കാര്യത്തില്‍ അവരെ അനുകരിക്കുകയാണുണ്ടായത്. എത്രത്തോളമെന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം

അറേബ്യയില്‍ രൂപപ്പെട്ട സമൂഹം പോലും നൂഹ് പ്രവാചകന്റെ കാലത്തെ സദ്‌വൃത്തരെ തങ്ങളുടെ ദൈവങ്ങളായി പ്രതിഷ്ഠിച്ചു. ഇബ്‌റാഹീം, ഇസ്മാഈല്‍(അ) പ്രവാചകന്മാരുടെ മാര്‍ഗത്തിലായിരുന്ന അവര്‍ ഒട്ടും താമസിയാതെ ബഹുദൈവ വിശ്വാസത്തിലേക്ക് വഴിതെറ്റുകയായിരുന്നു. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ്, ലാത, ഉസ്സഃ, മനാതഃ, ഹുബല്‍ തുടങ്ങി നൂഹ്(അ) പ്രവാചകന്റെ സമൂഹത്തിലെ സദ്‌വൃത്തരെല്ലാം  അറേബ്യയിലെ ഓരോ ഗോത്രത്തിന്റെയും ദൈവങ്ങളായി മാറി.
ഇബ്‌റാഹീം പ്രവാചകന് ശേഷം മക്കയില്‍ ആദ്യമായി ബഹുദൈവ വിശ്വാസം പ്രചരിപ്പിച്ചത് അംറ് ബിന്‍ ലുഹയ്യ് അല്‍ഖുസാഇ ആയിരുന്നു. അദ്ദേഹമാണ് ശാമില്‍ നിന്ന് അവിടത്തെ ജനങ്ങള്‍ ആരാധിച്ചിരുന്ന വിഗ്രഹവുമായി മക്കയിലെത്തിയത്. തങ്ങള്‍ക്ക് ഉപകാരം കൊണ്ട് വരാനും, ഉപദ്രവങ്ങള്‍ തടയാനും ഈ വിഗ്രഹങ്ങള്‍ ഉപകരിക്കാറുണ്ടെന്ന് അവിടത്തെ ജനങ്ങള്‍ അവകാശപ്പെടാറുണ്ടായിരുന്നു. ഇത് കണ്ട അംറ് അവയിലൊന്നുമായി മക്കയിലേക്ക് വരികയായിരുന്നു. അതേതുടര്‍ന്നാണ് മക്കയിലെ ജനങ്ങള്‍ ബഹുദൈവ വിശ്വാസത്തിലേക്ക് തിരിച്ച് നടന്നത്.
അംറബ് ബിന്‍ ലുഹയ്യിനെക്കുറിച്ച് തിരുമേനി(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് (നരകത്തില്‍ തന്റെ ആമാശയങ്ങള്‍ വലിച്ചിഴച്ച് നടക്കുന്ന നേര്‍ച്ച മൃഗത്തിന്റെ രൂപത്തില്‍ ഞാന്‍ അംറ് ബിന്‍ ലുഹയ്യിനെ കാണുകയുണ്ടായി).
അയാള്‍ തുടങ്ങി വെച്ച ബഹുദൈവ വിശ്വാസം അറേബ്യയില്‍ പച്ച പിടിച്ചു. എല്ലാ ഗോത്രത്തിലും, കുടുംബങ്ങളിലും പ്രസ്തുത വിശ്വാസം വേരുറച്ചു. സമൂഹം ഒന്നടങ്കം ഒരു സമ്പൂര്‍ണ പരിഷ്‌കരണം തേടുന്ന സാഹചര്യം സംജാതമായി. പ്രസ്തുത നിര്‍ണായക ഘട്ടത്തില്‍ അല്ലാഹു അവരില്‍ ഒരു പ്രവാചകനെ നിയോഗിച്ചു. അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹങ്ങളിലൊന്നായിരുന്നു അതെന്ന് വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. മുഹമ്മദ്(സ) എന്ന് പേരായ ശ്രേഷ്ഠവ്യക്തിത്വത്തിനുടമയായിരുന്ന, ജനകീയനായ വ്യക്തിയെയാണ് അല്ലാഹു ആ പരിഷ്‌കരണ ഉത്തരവാദിത്തം ഏല്‍പിച്ചത്. അദ്ദേഹം തന്റെ ദൗത്യ പൂര്‍ത്തീകരണത്തിനായി രംഗത്തിറങ്ങി. മാലോകരെ അല്ലാഹുവിന്റെ ദീനിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ ചരിത്രം ഇപ്പോഴും അതിമനോഹരവും, ആകര്‍ഷകവുമായി തന്നെ നിലനില്‍ക്കുന്നു. അദ്ദേഹം സമര്‍പിച്ച ന്യായം ഇന്നും ലോകത്ത് മറുപടിയില്ലാതെ അവശേഷിക്കുന്നു. അദ്ദേഹം സമര്‍പിച്ച വേദം യാതൊരു മാറ്റത്തിരുത്തലുകളോ, കൈടകടത്തലുകളോ ഏല്‍ക്കാതെ അനശ്വരമായി പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുകയും ചെയ്യുന്നു.
ബഹുദൈവ വിശ്വാസത്തിലേക്ക് മൂക്കുകുത്തി വീണ പല സമൂഹങ്ങളെയും കുറിച്ച് പ്രസ്തുത വേദം വിവരിക്കുന്നുണ്ട്. യൂസുഫ് പ്രവാചകന്റെ കാലത്ത് നിലനിന്നിരുന്ന ബഹുദൈവ വിശ്വാസത്തെക്കുറിച്ച വിവരണം ഇങ്ങനെയാണ് (”എന്റെ ജയില്‍ക്കൂട്ടുകാരേ, വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാഥനും ഏകനുമായ അല്ലാഹുവോ?). യൂസുഫ് 39
ഇബ്‌നു കഥീര്‍ പറയുന്നു (ജയിലില്‍ തന്നോടൊപ്പമുണ്ടായിരുന്ന രണ്ട് സഹപ്രവര്‍ത്തകരോട് യൂസുഫ് പ്രവാചകന്‍(അ) പറയുന്ന വാക്കുകളാണിത്. അല്ലാഹുവിനോട് മറ്റൊന്നിനെയും പങ്ക് ചേര്‍ക്കാതെ ഏകനായി ആരാധിക്കുന്നതിലേക്ക് അവരെ ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അവര്‍ മറ്റ് വിഗ്രഹങ്ങളെക്കൂടി അല്ലാഹുവിന്റെ കൂടെ പങ്ക് ചേര്‍ക്കുന്നവരായിരുന്നു).
ബഹുദൈവ വിശ്വാസികളായി മറ്റൊരു സമൂഹത്തെക്കുറിച്ച് ഖുര്‍ആന്‍ വിവരിച്ചത് ഇങ്ങനെയാണ് (അവര്‍ അല്ലാഹുവിന് പങ്കാളികളെ ആരോപിച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ അവരുടെ പേരുകളൊന്നു പറഞ്ഞുതരിക. അല്ല; അല്ലാഹുവിന് ഭൂമിയില്‍ അറിയാത്ത കാര്യം അറിയിച്ചുകൊടുക്കുകയാണോ നിങ്ങള്‍? അതല്ല; തോന്നുന്നതൊക്കെ വിളിച്ചുപറയുകയാണോ?) അര്‍റഅ്ദ് 33

About fouziya bint hamad

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *