ബഹുദൈവവിശ്വാസം: നിറവും രൂപവും -1

അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങള്‍ മുഴുവനായോ, അവയില്‍ ചിലതോ അവന്റെ സൃഷ്ടികള്‍ക്ക് വകവെച്ച് കൊടുക്കുന്നതിനാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍

ശിര്‍ക്ക് അഥവാ ദൈവത്തില്‍ പങ്ക് ചേര്‍ക്കല്‍ എന്ന് വിശേഷിപ്പിക്കുന്നത്. തന്റെ അവകാശങ്ങള്‍ പങ്കുവെച്ചോ, തനിക്ക് തുല്യനായോ അല്ലാഹു ഒന്നിനെയും പടക്കുകയോ, സൃഷ്ടിക്കുകയോ ഇല്ല എന്നാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം. അല്ലാഹുവല്ലാത്തവര്‍ക്ക് ആരാധനയര്‍പിക്കുകയോ, അവര്‍ക്ക് മേല്‍ ഭരമേല്‍പിക്കുകയോ ചെയ്യുന്നവന്‍ അവനോട് പങ്ക് ചേര്‍ത്തിരിക്കുന്നു എന്ന് ഇസ്ലാം വ്യക്തമാക്കുന്നു.
ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചാലല്ലാതെ വലിയശിര്‍ക്ക് അല്ലാഹു പൊറുത്ത് നല്‍കുകയില്ല. അല്ലാഹുവിനെ സ്‌നേഹിക്കുന്നത് പോലെ മറ്റാരെയെങ്കിലും സ്‌നേഹിക്കുകയെന്നത് വ്യക്തമായ ശിര്‍ക്കാണ്. ലോകരക്ഷിതാവിന് തുല്യമായി തങ്ങളുടെ ദൈവങ്ങളെ സ്ഥാപിച്ച ബഹുദൈവ വിശ്വാസികള്‍ ഈ ഗണത്തിലാണുള്‍പെടുന്നത്. എല്ലാറ്റിനെയും സൃഷ്ടിച്ചവനും, സംരക്ഷിക്കുന്നവനും, നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണെന്ന് വിശ്വസിച്ചാല്‍ പോലും പ്രസ്തുത സമീപനം കാരണം അവര്‍ ഏകദൈവ വിശ്വാസത്തില്‍ നിന്ന് പുറത്ത് കടന്നിരിക്കുന്നു. തങ്ങള്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍ക്ക് സൃഷ്ടിക്കാനോ, അന്നം നല്‍കാനോ, ജീവിപ്പിക്കാനോ, മരിപ്പിക്കാനോ കഴിയുകയില്ലെന്ന് വിശ്വസിക്കുന്നുവെങ്കില്‍ പോലും അവക്ക് മുന്നില്‍ ആരാധനയര്‍പിക്കുന്നത് ശിര്‍ക്ക് തന്നെയാണ്. കാരണം അല്ലാഹുവിനെ സ്‌നേഹിക്കുന്നത് പോലെ അവര്‍ അവയെയും സ്‌നേഹിക്കുകയും, അവനെ മഹത്വപ്പെടുത്തുന്നത് പോലെ അവര്‍ അവയെ മഹത്വപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ്.
ജനങ്ങള്‍ അല്ലാഹുവില്‍ പല വിധത്തില്‍ പങ്ക് ചേര്‍ക്കാറുണ്ട്. ദൈവം ഒട്ടേറെയുണ്ടെന്നും, കേവലം മൂന്നാണെന്നും, രണ്ടാണെന്നുമെല്ലാം വിശ്വസിക്കുന്ന പല സമൂഹങ്ങളും ലോകത്ത് കഴിഞ്ഞ് പോയിട്ടുണ്ട്.
ഒട്ടേറെ ദൈവങ്ങളെ സ്വീകരിക്കുകയെന്നത് തന്നെയാണ് അവയില്‍ ഏറ്റവും പ്രചാരം നേടിയത്. ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ദൈവവിശ്വാസം പില്‍ക്കാലത്ത് ഒട്ടേറെ ദൈവങ്ങളെന്ന സങ്കല്‍പത്തിലേക്ക് വഴിമാറുകയാണുണ്ടായത്. ലോക ചരിത്രത്തില്‍ ആദ്യമായി രൂപപ്പെട്ട വഴിതെറ്റിയ വിശ്വാസ രൂപമാണ് ബഹുദൈവ വിശ്വാസമെന്നത്. നൂഹ് പ്രവാചകന്റെ കാലത്താണ് ഈ ഗുരുതരമായ പാപം ആദ്യമായി രംഗത്ത് വന്നത്. ഈയര്‍ത്ഥത്തില്‍ നൂഹ് പ്രവാചകന്റെ ജനത ബഹുദൈവ വിശ്വാസികളുടെ ആചാര്യന്മാരായിരുന്നു എന്ന് വിശേഷിപ്പിക്കാവുന്നതാണ്. അവരാണ് തങ്ങളില്‍ നിന്ന് മരണമടഞ്ഞു പോയ പൂര്‍വീകരെ മഹത്വപ്പെടുത്തുകയും, അവരുടെ രൂപങ്ങളുണ്ടാക്കി പ്രാര്‍ത്ഥനകളും വഴിപാടുകളും അര്‍പ്പിക്കുകയും ചെയ്ത ആദ്യ തലമുറ. തിരുമേനി(സ)യില്‍ നിന്ന് ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിച്ച സുപ്രസിദ്ധമായ ഹദീഥ് ഈ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ഇബ്‌നു തൈമിയഃ പറയുന്നു (അല്ലാഹുവും അവന്റെ ദൂതനും വിശേഷിപ്പിച്ച മുശ്‌രിക്കുകള്‍ രണ്ട് തരത്തിലുണ്ട്. നൂഹ് പ്രവാചകന്റെ സമൂഹവും, ഇബ്‌റാഹീം പ്രവാചകന്റെ സമൂഹവുമാണ് ഈ രണ്ട് വിഭാഗത്തെയും പ്രതിനിധീകരിക്കുന്നത്. പൂര്‍വികരായ മഹാന്മാരുടെ ശവകുടീരങ്ങളില്‍ ഭജനമിരിക്കുകയെന്നതായിരുന്നു നൂഹ് പ്രവാചകന്റെ ജനത ചെയ്ത ശിര്‍ക്ക്. പിന്നീട് അവര്‍ അവരുടെ ബിംബങ്ങളുണ്ടാക്കുകയും അവ ആരാധിക്കുകയും ചെയ്തു. സൂര്യ-ചന്ദ്ര നക്ഷത്രാദികളെ ആരാധിക്കുകയെന്നതായിരുന്നു ഇബ്‌റാഹീം പ്രവാചകന്റെ സമൂഹം ചെയ്ത ശിര്‍ക്ക്. അവരെല്ലാവരും ജിന്നുകളെ ആരാധിക്കുന്നവരായിരുന്നു).
ഇബ്‌റാഹീം പ്രവാചകന്റെ ജനത ഒട്ടേറെ വിഗ്രഹങ്ങളെ പൂജിച്ചിരുന്നു. അല്ലാഹുവിനെക്കൂടാതെ നിരവധി ദൈവങ്ങളെ സ്വീകരിച്ചവരായിരുന്നു അവരെന്ന് ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്. (നേരത്തെ നാം ഇബ്‌റാഹീമിന് തന്റേതായ വിവേകം നല്‍കിയിരുന്നു. നമുക്കദ്ദേഹത്തെ നന്നായറിയാമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ചതോര്‍ക്കുക: ”നിങ്ങള്‍ പൂജിക്കുന്ന ഈ പ്രതിഷ്ഠകള്‍ എന്താണ്?”. അവര്‍ പറഞ്ഞു: ”ഞങ്ങളുടെ പിതാക്കള്‍ ഇവയെ പൂജിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു: ”തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലാണ്.” അവര്‍ ചോദിച്ചു: ”അല്ല; നീ കാര്യമായിത്തന്നെയാണോ ഞങ്ങളോടിപ്പറയുന്നത്; അതോ കളിതമാശ പറയുകയോ?”.
അദ്ദേഹം പറഞ്ഞു: ”അല്ല, യഥാര്‍ഥത്തില്‍ നിങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഇതു സത്യംതന്നെ എന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ സാക്ഷ്യം വഹിക്കുന്നു. ”അല്ലാഹു തന്നെ സത്യം! നിങ്ങള്‍ പിരിഞ്ഞുപോയശേഷം നിങ്ങളുടെ ഈ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഞാനൊരു തന്ത്രം പ്രയോഗിക്കും.”). അല്‍അമ്പിയാഅ് 51-56
തന്റെ ജനതയുടെ വഴികേടിനെതിരെ ഇബ്‌റാഹീം ശക്തമായി പോരാടി. അദ്ദേഹം സ്വയം മുന്നിട്ടിറങ്ങി വിഗ്രഹങ്ങള്‍ തകര്‍ത്തു. അവയില്‍ ഏറ്റവും വലിയ വിഗ്രഹത്തെ മാത്രം അദ്ദേഹം അവശേഷിപ്പിച്ചു. തന്റെ ജനതയുടെ ബുദ്ധിയെ തൊട്ടുണര്‍ത്തുന്ന സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. പക്ഷെ എന്നാലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല.

About fouziya bint hamad

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *