ബര്‍നാബയുടെ സുവിശേഷം വിലക്കപ്പെട്ടത് എന്തുകൊണ്ട്? -2

ബര്‍നാബയുടെ സുവിശേഷം ജനങ്ങളില്‍ നിന്ന് അകറ്റുകയും, വായിക്കുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്ന രീതിയാണ് ക്രൈസ്തവ ചര്‍ച്ച് മുറുകെ പിടിച്ചിരുന്നത്. ക്രിസ്താബ്ദം 468-ല്‍

ബൈസന്റിയന്‍ രാജാവായിരുന്ന സെനോയുടെ ഭരണകാലത്ത് ബര്‍നാബയുടെ സുവിശേഷത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. ബര്‍നാബയുടെ സ്വന്തം കൈപ്പടയിലുള്ളവയായിരുന്നു. പ്രസ്തുത ഭാഗങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കിടക്കുന്നതായാണ് അദ്ദേഹത്തെ കല്ലറയില്‍ കണ്ടെത്തിയത്. എന്നാല്‍ ബര്‍നാബയുടെ കല്ലറയില്‍ കണ്ടെത്തിയ സുവിശേഷം അദ്ദേഹത്തിന്റേതല്ലന്നും, മത്തായിയുടേതാണെന്നുമുള്ള ‘അല്‍ഭുതകര’മായ വിശദീകരണമാണ് റോമന്‍ കത്തോലിക്കാ ചര്‍ച്ച് ജനങ്ങള്‍ക്ക് നല്‍കിയത്. അതേസമയം, പ്രസ്തുത പതിപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കാനോ, അവരെ ബോധ്യപ്പെടുത്താനോ ചര്‍ച്ച് തയ്യാറായില്ല എന്നത് ദുരൂഹമാണ്. ഇരുപത്തിയഞ്ച് മൈലോളം നീളമുള്ള വത്തിക്കാന്‍ ലൈബ്രറിയിലെ ഉള്ളടക്കങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ രഹസ്യമായി തന്നെ അവശേഷിച്ചു.
എന്നാല്‍ ബര്‍നാബയുടെ സുവിശേഷം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് സേക്റ്റസ് പോപ്പിന്റെ (1589-1590) കയ്യിലുണ്ടായിരുന്ന മൂലപ്രതിയില്‍ നിന്നാണ്. ഫ്രമാര്‍നിയോ എന്ന് പേരുള്ള ഒരു പുരോഹിത സുഹൃത്തുണ്ടായിരുന്നു അദ്ദേഹത്തിന്. എരന്യോസിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചതിന് ശേഷം ബര്‍നബയുടെ ഇഞ്ചീലില്‍ അദ്ദേഹം വളരെ തല്‍പരനായിത്തീര്‍ന്നു. കാരണം എര്യനോസ് ധാരാളമായി ബര്‍നാബയുടെ സുവിശേഷത്തില്‍ നിന്ന് ഉദ്ധരിക്കാറുണ്ടായിരുന്നു. അതിനിടെ ഒരിക്കല്‍ അദ്ദേഹം ഉറ്റകൂട്ടുകാരനായ പോപ്പ് സേക്റ്റസിനെ സന്ദര്‍ശിക്കാനെത്തി. രണ്ടുപേരും ഒന്നിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം പോപ്പ് ഉച്ചമയക്കത്തിലേര്‍പെട്ടു. അതേസമയം ഫ്രമാര്‍നിയോ പോപ്പിന്റെ ലൈബ്രറിയിലെ ഗ്രന്ഥങ്ങളോരോന്നായി പരിശോധിക്കുകയും ബര്‍നാബയുടെ സുവിശേഷം കണ്ടെത്തുകയും ചെയ്തു.
ബര്‍നാബയുടെ സുവിശേഷം ഒരു നിലക്കും ലഭ്യമല്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. സ്പാനിഷ് ഭാഷയിലുള്ള ഇഞ്ചീല്‍ പ്രതികളുടെ പര്യവസാനം തന്നെയാണ് ബര്‍നാബയുടെ സുവിശേഷത്തിനുണ്ടായത് എന്ന വാദവും ശരിയല്ല. കാരണം സ്പാനിഷ് പ്രതികളെല്ലാം ഇംഗ്ലണ്ടിലെ പൊതുലൈബ്രറിയിലേക്ക് സമര്‍പിക്കപ്പെട്ടപ്പോള്‍, ബര്‍നാബയുടെ സുവിശേഷത്തിന്റെ പ്രതി ഹോഫ് ലൈബ്രറിക്കാണ് നല്‍കിയത്. അധികം താമസിയാതെ ഇംഗ്ലണ്ടിലെ ലൈബ്രറിയിലുണ്ടായിരുന്ന എല്ലാ സ്പാനിഷ് പ്രതികളും അതിദുരൂഹമായി അപ്രത്യക്ഷമാവുകയും ചെയ്തു.
ഇറ്റാലിയന്‍ ഭാഷയിലെ പ്രതിയില്‍ നിന്ന് കാനെന്‍, മഡാം റേഗ് എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലീഷ് വിവര്‍ത്തനം തയ്യാറാക്കുകയും 1907-ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ അല്‍ഭുതകരമെന്നോണം പ്രസ്തുത ഇംഗ്ലീഷ് പതിപ്പ് വളരെ വേഗത്തില്‍ മാര്‍ക്കറ്റില്‍ നിന്ന് നിഗൂഢമായി അപ്രത്യക്ഷമായി. ഈ പതിപ്പില്‍ പെട്ട ആകെ രണ്ട് കോപ്പികള്‍ മാത്രമാണ് അവശേഷിച്ചത്. അവയിലൊന്ന് ബ്രിട്ടീഷ് മ്യൂസിയത്തിലും മറ്റൊന്ന് വാഷിംഗ്ടണ്‍ കോണ്‍ഗ്രസ് ലൈബ്രറിയിലുമാണുള്ളത്. ശേഷം അതിനെ മൈക്രോഫിലിം (സൂക്ഷ്മരൂപത്തില്‍ വിവരങ്ങള്‍ ചിത്രമോ, ഛായാഗ്രഹണം വഴിയോ സൂക്ഷിക്കുന്നതിനുള്ള ഫിലിം) രൂപത്തിലാക്കി മാറ്റുകയുണ്ടായി.
പില്‍ക്കാലത്ത് പാക്കിസ്ഥാനില്‍ പുതിയ ഇംഗ്ലീഷ് പതിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മറ്റു പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മേലുദ്ധരിച്ച അടിസ്ഥാന പ്രതി തന്നെ അവലംബിച്ചു. അംഗീകരിക്കപ്പെട്ട ആദ്യമൂന്ന് ഇഞ്ചീലുകള്‍ പരസ്പര സമാനമാണെന്നതും, അവ പകര്‍ത്തിയെഴുതപ്പെട്ടത് അറിയപ്പെടാത്ത പുരാതനമായ ഒരു പതിപ്പില്‍ നിന്നാണെന്നതും പ്രസിദ്ധമായ കാര്യമാണ്. പ്രസ്തുത അടിസ്ഥാനപ്രതിയെ കുറിക്കാന്‍ ഗവേഷകന്മാര്‍ ഇംഗ്ലീഷ് അക്ഷരമായ ‘ക്യു’ ആണ് ഉപയോഗിക്കാറുള്ളത്. അതായത് പ്രസ്തുത പ്രതിയുടെ രചയിതാവ് ആരാണെന്ന് പോലും ആര്‍ക്കുമറിയില്ല എന്ന് ചുരുക്കം. ഇവിടെ ഉയര്‍ന്ന് വരുന്ന പ്രസക്തമായ ഒരു സംശയമുണ്ട്. പേരറിയാത്ത ഈ അടിസ്ഥാന പ്രതി എന്ത് കൊണ്ട് ബര്‍നാബയുടെ സുവിശേഷമായിക്കൂടാ എന്നതാണ് അത്. നാല് ഇഞ്ചീലുകളില്‍ ഏറ്റവും പഴക്കം ചെന്നത് മാര്‍ക്കോസിന്റേതാണെന്നതില്‍ സര്‍വ്വരും അംഗീകരിച്ച വസ്തുതയാണ്. ബര്‍നാബയുടെ സഹോദരി പുത്രനായിരുന്നു ഈ മാര്‍ക്കോസെന്നും, അദ്ദേഹം മസീഹിനെ കണ്ടിട്ടില്ലെന്നും ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. അതായത് മസീഹിന്റെ ജീവിതത്തെയും, അദ്ധ്യാപനങ്ങളെയും സംബന്ധിച്ച് മാര്‍ക്കോസ് നല്‍കിയ എല്ലാ റിപ്പോര്‍ട്ടുകളും അദ്ദേഹം തനിക്ക് മുമ്പ് ജീവിച്ചവരില്‍ നിന്ന് ശേഖരിച്ചതാണ് എന്നര്‍ത്ഥം. സത്യപ്രബോധന യാത്രകളില്‍ പോള്‍സിനെയും ബര്‍നാബയെയും മാര്‍ക്കോസ് ധാരളമായി അനുഗമിച്ചിരുന്നു എന്ന് പുതിയ നിയമം പലയിടങ്ങളിലായി വ്യക്തമാക്കുന്നുണ്ട്. ശേഷം അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാവുകയും അതേതുടര്‍ന്ന് ബര്‍നാബയും മാര്‍ക്കോസും നേരെ സൈപ്രസിലേക്ക് പോവുകയും ചെയ്തു. പോള്‍സ് മസീഹിനെ കണ്ടിട്ടില്ലെന്നിരിക്കെ അദ്ദേഹത്തില്‍ നിന്നാണ് മാര്‍ക്കോസ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചതെന്ന നിഗമനത്തിന് അടിസ്ഥാനമില്ല. തന്റെ അമ്മാവനായ ബര്‍നാബ മസീഹനെക്കുറിച്ച് നല്‍കിയ വിവരണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് മാര്‍ക്കോസ് ചെയ്തത് എന്ന അഭിപ്രായത്തിനാണ് ബുദ്ധിപരമായ പിന്തുണയുള്ളത്. പത്രോസിന്റെ വിവര്‍ത്തകനായി മാര്‍ക്കോസ് ജോലി ചെയ്തിരുന്നുവെന്നും, അദ്ദേഹത്തില്‍ നിന്ന് ഉദ്ധരിക്കുകയാണ് മാര്‍ക്കോസ് ചെയ്തതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഈ വീക്ഷണവും ഒരു പക്ഷെ ശരിയായിരിക്കാം. ബര്‍നാബയുടെ കൂടെ ചെലവഴിച്ചതിന് ശേഷം ഈസാ പ്രവാചകന്റെ മറ്റു ശിഷ്യരുമായി അദ്ദേഹം ബന്ധം പുലര്‍ത്തിയേക്കാം.

About muhammad atha raheem

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *