862521

ഭൗതികവിരക്തി: ഇസ്ലാമിലും ഹൈന്ദവതയിലും -2

ഭൗതികവിരക്തി ജീവിതത്തിന്റെ പല ഘട്ടങ്ങളനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്ന വീക്ഷണമാണ്

ഹൈന്ദവദര്‍ശനത്തിനുള്ളത്. ബ്രഹ്മചര്യയാണ് ആദ്യഘട്ടം. ഇത് പഠനത്തിന്റെ ഘട്ടമാണ്. ദൈവബോധം മുറുകെ പിടിച്ച് പഠനം തുടരുകയാണ് വേണ്ടത്. സത്യസന്ധ പുലര്‍ത്തി, ആത്മാര്‍ത്ഥതയോടെ തന്റെ ഗുരുവിന് സേവനം നിര്‍വഹിക്കുകയെന്നതും ഈ ഘട്ടത്തിലെ ബാധ്യതയാണ്.
വിശുദ്ധി തേടാന്‍ ആഗ്രഹിക്കുന്നയാള്‍ തന്റെ ഇണയെയും കൂട്ടി വാനപ്രസ്ഥ ജീവിതം നയിക്കാന്‍ തയ്യാറാവുന്നതാണ് രണ്ടാമത്തെ ഘട്ടം. വളരെ ശാന്തതയോടും സംതൃപ്തിയോടും കൂടി പ്രയാസങ്ങളും വിഷമങ്ങളും സഹിച്ച് കൊടുംവനത്തില്‍ ജീവിതം നയിക്കുകയെന്നതാണ് ഇത് കൊണ്ടര്‍ത്ഥമാക്കുന്നത്.
മൂന്നാമത്തെ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നത് സന്യാസമാണ്. തന്റെ സര്‍വസമ്പത്തും, വ്യക്തിബന്ധവും പരിത്യജിച്ച്, ലളിതപൂര്‍ണമായ ജീവിതം നയിക്കുന്ന ഘട്ടമാണിത്. കയ്യില്‍ വടിയൂന്നി, ദാഹം ശമിപ്പിക്കാന്‍ ചെറിയ ഒരു പാനപാത്രം കൂടെ വെച്ച്, തോല്‍വസ്ത്രമോ, മറ്റോ ധരിച്ചാണ് സന്യാസി ജീവിതം നയിക്കാറുള്ളത്.
ഹൈന്ദവ വേദങ്ങളനുസരിച്ച് ഭൗതികവിരക്തി നേടിയെടുക്കാന്‍ നാല് മാര്‍ഗങ്ങളുണ്ട്. ജ്ഞാന-യോഗയാണ് ഒന്നാമത്തേത്. ചിന്തയിലും ആലോചനയിലും മുഴുകുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഐഹികലോകവുമായി ഹൃദയബന്ധം കാത്ത്‌സൂക്ഷിക്കുന്നത് അജ്ഞത കാരണമാണെന്നും, അതിനാല്‍ ജ്ഞാനം കൊണ്ട് ആ ബന്ധം അറുത്ത് മാറ്റുകയാണ് വേണ്ടതെന്നും ഈ സിദ്ധാന്തം വിശദീകരിക്കുന്നു.
കര്‍മ-യോഗയാണ് രണ്ടാമത്തെ രീതി. തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച് കര്‍മത്തിലൂടെ ലക്ഷ്യത്തിലെത്തിച്ചേരുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കര്‍മം, ആലോചന, ആഗ്രഹം തുടങ്ങിയവാണ് ഭൗതികപരിത്യാഗം സമ്മാനിക്കുന്നത് എന്ന വീക്ഷണമാണ് ഈ പ്രയോഗം സമര്‍ത്ഥിക്കുന്നത്.
ഭക്തി-യോഗയാണ് മൂന്നാമത്തേത്. വിശ്വാസം, പ്രണയം തുടങ്ങിയവയാണ് ഇതിലെ ഘടകങ്ങള്‍. മറ്റ് യോഗാ ഇനങ്ങള്‍ പരിശീലിക്കാത്ത വ്യക്തികള്‍ക്ക് ദൈവസാമീപ്യം തേടുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ന്ന രീതിയാണിത്.
നാലാമത്തേത് രാജ-യോഗ എന്നറിയപ്പെടുന്നു. രാജമാര്‍ഗത്തിലൂടെ ദൈവത്തിലേക്കെത്തുകയെന്നതാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. യോഗകളില്‍ ഏറ്റവും പ്രയാസകരവും പ്രസിദ്ധവുമായ ഇനമാണിത്.
ഐഹിക ലോകത്തെ വെറുക്കുകയും, അതിനോടുള്ള പ്രിയത്തില്‍ നിന്നും ഹൃദയത്തെ മുക്തമാക്കുകയും, അതിന്റെ പ്രാധാന്യത്തെ അവമതിക്കുകയും ദൈവത്തെ പ്രണയിക്കുകയും ചെയ്യുകെയന്നതാണ് ഭൗതിക വിരക്തി കൊണ്ടുദ്ദേശിക്കുന്നത് എന്ന കാര്യം ഇരുദര്‍ശനങ്ങളും അംഗീകരിച്ചിരിക്കുന്നു. പക്ഷെ, ഭൗതികപരിത്യാഗത്തിന്റെ മുന്നുപാധികളില്‍ ഇരുദര്‍ശനങ്ങള്‍ക്കിടയിലും കാതലായ വ്യത്യാസമുണ്ട്.
ഐഹികവിഭവങ്ങള്‍ പൂര്‍ണമായി പൂര്‍ണമായി ത്യജിക്കുകയെന്നതാണ് ഹൈന്ദവ ദര്‍ശനത്തില്‍ ഭൗതികവിരക്തിക്ക് വേണ്ട നിബന്ധന. സമ്പത്ത് മുഴുവന്‍ ഉപേക്ഷിച്ച്, കീറിത്തുന്നിയ വസ്ത്രം ധരിച്ച് ജീവിക്കുകയാണ് അവര്‍ ചെയ്യാറ്.
ഭൗതിക വിരക്തി കൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യങ്ങളുടെ കാര്യത്തിലും ഇരുദര്‍ശനങ്ങളും യോജിച്ചിരിക്കുന്നു. ഇഹലോകത്തെ നിസ്സാരമായി ഗണിക്കുക, പരലോകത്തിന് മുന്‍ഗണന നല്‍കുക, ഹൃദയത്തില്‍ ദൈവസ്‌നേഹം നിറക്കുക, ദൈവത്തിന്റെ പ്രതിഫലം കാംക്ഷിക്കുക തുടങ്ങിയവയെല്ലാം ഇവയില്‍പെടുന്നു.
ഭക്ഷണത്തിലെ വിരക്തിയാണ് യഥാര്‍ത്ഥ ഭൗതികപരിത്യാഗത്തിന്റെ സുപ്രധാന അടിസ്ഥാനം. ദൈവത്തിലേക്ക് അവന്റെ അടിമയെ വഴിനടത്തുന്ന ഘടകമാണിത്. കാരണം മനുഷ്യനുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പ്രശ്‌നങ്ങളും ഭക്ഷണത്തോടുള്ള ആര്‍ത്തിയില്‍ നിന്നും ആഗ്രഹത്തില്‍ നിന്നുമുണ്ടാവുന്നതാണ്. അതിനാല്‍ തന്നെ ദൈവികമതങ്ങളെല്ലാം വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നതിനെയും, സ്വാദിഷ്ടമായ ഭക്ഷണത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനെയും പ്രോല്‍സാഹിപ്പിച്ചിരിക്കുന്നു.
ഭൗതികപരിത്യാഗ സംസ്‌കാരത്തിന്റെ അടയാളമാണ് ലളിതമായ വേഷവിധാനമെന്നത്. വസ്ത്രങ്ങളുടെ എണ്ണം, വില, അവ ധരിക്കുന്ന രീതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം മതാധ്യാപനങ്ങള്‍ കാണുന്നത് ഇതിനാലാണ്. പ്രസ്തുത വിഷയങ്ങളിലെല്ലാം ഐഹികപ്രമത്തത ഹൃദയത്തില്‍ കുടിയേറുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ മതവിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഹൃദയം ഐഹികതയോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കിെ കമ്പിളിയോ, ചകിരിനാരോ കൊണ്ട് നിര്‍മിച്ച പരുപരുത്ത വസ്ത്രം ധരിക്കുന്നത് കൊണ്ട് മാത്രം യാതൊരു പ്രത്യേകതയുമില്ലെന്നാണ് ഇസ്ലാം നിരീക്ഷിക്കുന്നത്.

About althaf al-wafi

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *