ബൈബ്ള്‍ പ്രവചിച്ച ദൈവദൂതന്‍ -1

മൂസായും മുഹമ്മദും പ്രവാചകന്മാരാണെന്ന് അവരുടെ കാലത്തെ ജനത അംഗീകരിച്ചിരുന്നു. അതേസമയം തന്നെ യഹൂദര്‍ മൂസായെ അതികഠിനമായ വിധത്തില്‍ ദേഹോപദ്രവമേല്‍പിക്കുകയും,

പീഢിപ്പിക്കുകയും ചെയ്തിരുന്നു. (രാത്രി മുഴുവന്‍ ജനം ഉറക്കെ നിലവിളിച്ചു. അവര്‍ മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തു. അവര്‍ പറഞ്ഞു: ഈജിപ്തില്‍വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍! ഈ മരുഭൂമിയില്‍വച്ചു ഞങ്ങള്‍ മരിച്ചെങ്കില്‍!). സംഖ്യ 14: 1-2

എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ അവര്‍ മൂസായെ അംഗീകരിക്കുകയും അദ്ദേഹം ദൈവദൂതനാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. (അങ്ങനെ ആ ദിവസം കര്‍ത്താവ് ഇസ്രായേല്‍ക്കാരെ ഈജിപ്തുകാരില്‍ നിന്നു രക്ഷിച്ചു. ഈജിപ്തുകാര്‍ കടല്‍തീരത്തു മരിച്ചുകിടക്കുന്നത് ഇസ്രായേല്‍ക്കാര്‍ കണ്ടു.   കര്‍ത്താവ് ഈജിപ്തുകാര്‍ക്കെതിരേ ഉയര്‍ത്തിയ ശക്തമായ കരം ഇസ്രായേല്‍ക്കാര്‍ കണ്ടു. ജനം കര്‍ത്താവിനെ ഭയപ്പെട്ടു. കര്‍ത്താവിനെയും അവിടുത്തെ ദാസനായ മോശയെയും വിശ്വസിക്കുകയും ചെയ്തു). പുറപ്പാട് 14: 30-31

ഈജിപ്തില്‍ നിന്ന് ഇസ്രയേല്‍ സന്തതികളെ രക്ഷപ്പെടുത്തിയത് അല്ലാഹു അവരെ ഇടക്കിടെ ഓര്‍മിപ്പിക്കുന്ന ശാശ്വത മുഅ്ജിസത്ത് ആയിരുന്നു (അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടു വന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്). പുറപ്പാട് 20: 2-3

സമാനമായിരുന്നു അറേബ്യയില്‍ നിയുക്തനായ മുഹമ്മദ്(സ) പ്രവാചകന്റെ അനുഭവം. അവിടത്തെ ബഹുദൈവ വിശ്വാസികള്‍ അദ്ദേഹത്തെ നിരന്തരമായി പീഢിപ്പിക്കുകയും, ഉപദ്രവിക്കുകയും ചെയ്തു. പതിമൂന്ന് വര്‍ഷം അദ്ദേഹം അവരെ ഏകദൈവ വിശ്വാസത്തിലേക്ക് പ്രബോധനം നടത്തി അവിടെ ചെലവഴിച്ചു. ശത്രുക്കളുടെ ഭാഗത്ത് നിന്നുള്ള പീഢനം സഹിക്കവയ്യാതെ ഒടുവില്‍ തനിക്ക് ഏറ്റവും പ്രിയങ്കരമായ മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നാല്‍ സ്വന്തം വിയോഗത്തിന് മുമ്പ് തന്നെ അദ്ദേഹം കൊണ്ട് വന്ന സന്ദേശം അറേബ്യന്‍ സമൂഹം ഒന്നടങ്കം സ്വീകരികരിക്കുകയും, അദ്ദേഹത്തെ ദൈവദൂതനായി അംഗീകരിക്കുകയും ചെയ്തു.

ബൈബ്‌ളിന്റെ വിശദീകരണം അനുസരിച്ച് (അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല) -യോഹന്നാന്‍ 1: 10- ഈസാ പ്രവാചകനെ സ്വന്തം ജനത സ്വീകരിച്ചിട്ടില്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു. ഇത് ബൈബ്ള്‍ തന്നെ സ്ഥാപിക്കുന്ന യാഥാര്‍ത്ഥ്യമാണെങ്കില്‍ അതില്‍ വന്നിട്ടുള്ള സന്തോഷവാര്‍ത്ത ഈസായെക്കുറിച്ചല്ല, മറിച്ച് മുഹമ്മദിനെക്കുറിച്ചുള്ളതാണ്. കാരണം ഇവിടെ മൂസാ പ്രവാചകന്‍ ഈസായോടല്ല, മുഹമ്മദി(സ)നോടാണ് വിശേഷണങ്ങളില്‍ യോജിക്കുന്നത്.

മൂസായും, മുഹമ്മദും പ്രവാചകന്മാരായിരുന്നു എന്നത് പോലെ തന്നെ നായകന്മാരുമായിരുന്നു. അതായത് ഈ രണ്ട് പ്രവാചകന്മാര്‍ക്കും സ്വന്തം ജനതക്ക് മേല്‍ അധികാരമുണ്ടായിരുന്നു. ആത്മീയമായ അധികാരമായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. അതിന് രാജാവിനെപ്പോലെ കിരീടമണിയിക്കപ്പെടുകയോ, രാജാവെന്ന് അഭിസംബോധന ചെയ്യുകയോ വേണ്ടതില്ല. ജനങ്ങള്‍ക്ക് മേല്‍ വിധി കല്‍പിക്കാനും നടപ്പാക്കാനും അധികാരം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അയാള്‍ അവരുടെ നായകന്‍ തന്നെയാണ്. ഈയര്‍ത്ഥത്തില്‍ ഇസ്രയേല്‍ ജനതയുടെ നായകനായിരുന്നു മൂസാ(അ). സാബത്ത് നാളില്‍ വിറക് ശേഖരിക്കാന്‍ പോയ ഇസ്രയേലിയെ എറിഞ്ഞ് കൊല്ലാന്‍ മൂസാ കല്‍പിച്ചത് ഇതിനുദാഹരണമാണ്. (അപ്പോള്‍ കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആ മനുഷ്യന്‍ വധിക്കപ്പെടണം. പാളയത്തിനു പുറത്തുവച്ച് ജനം ഒന്നു ചേര്‍ന്ന് അവനെ കല്ലെറിയട്ടെ. കര്‍ത്താവു കല്‍പിച്ചതുപോലെ ജനം പാളയത്തിനു വെളിയില്‍ വച്ച് അവനെ കല്ലെറിഞ്ഞുകൊന്നു). സംഖ്യ 15: 36

മൂസായുടെ കല്‍പന പ്രകാരം വധശിക്ഷ നടപ്പാക്കിയ മറ്റ് പല സംഭവങ്ങളും ബൈബ്ള്‍ സൂചിപ്പിക്കുന്നുണ്ട്. (ഇസ്രായേല്‍ക്കാരിയില്‍ ഈജിപ്തുകാരനു ജനിച്ച ഒരുവന്‍ ഇസ്രായേല്‍ ജനത്തിനിടയില്‍ വന്ന് പാളയത്തില്‍വച്ച് ഒരു ഇസ്രായേല്‍ക്കാരനുമായി വഴക്കിട്ടു. ഇസ്രായേല്‍ സ്ത്രീയുടെ മകന്‍ തിരുനാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. അവര്‍ അവനെ മോശയുടെ അടുക്കല്‍ കൊണ്ടുവന്നു. അവന്റെ അമ്മയുടെ പേര്‍ ഷെലോമിത്ത് എന്നായിരുന്നു. അവള്‍ ദാന്‍ ഗോത്രത്തിലെ ദിബ്രിയുടെ മകളായിരുന്നു. അവര്‍ അവനെ കര്‍ത്താവിന്റെ ഹിതം അറിയുന്നതുവരെ തടവില്‍ വച്ചു. കര്‍ത്താവ് മോശയോടു കല്‍പിച്ചു: ശാപവാക്കു പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടു പോകുക. അവന്‍ പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയില്‍ കൈവച്ചതിനുശേഷം ജനം അവനെ കല്ലെറിയട്ടെ. എന്നിട്ട് ഇസ്രായേല്‍ ജനത്തോടു പറയുക, ദൈവത്തെ ശപിക്കുന്നവന്‍ തന്റെ പാപം വഹിക്കണം). ലേവ്യര്‍ 24: 10-16.

മുഹമ്മദ് പ്രവാചകനും ഈ അധികാരം ഉണ്ടായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. (എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന്‍ തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ സത്യവിശ്വാസികളാവുകയില്ല; തീര്‍ച്ച). അന്നിസാഅ് 65.

സമൂഹത്തിന്റെ നേതൃത്വമില്ലാതെ കേവലം പ്രവാചകത്വം മാത്രം നല്‍കിയ ചില ദൂതന്മാരെക്കുറിച്ച് ബൈബ്ള്‍ വിവരിക്കുന്നുണ്ട്. ലൂത്വ്, ഡാനിയേല്‍, ഉസൈര്‍, യോഹന്നാ തുടങ്ങിയവര്‍ ഈ ഗണത്തില്‍പെടുന്നു. യാദൃശ്ചികമെന്നോണം ഈസാ പ്രവാചകനും ഈ പ്രവാചകസംഘത്തിലാണ് ഉള്‍പെടുന്നത്. മസീഹാണെന്ന് കരുതി പിടികൂടിയ വ്യക്തിയെ അവര്‍ റോമന്‍ രാജാവിന് മുന്നില്‍ കൊണ്ട് ചെല്ലുകയും, അദ്ദേഹം മസീഹിന്റെ അപരന് മേല്‍ വിധി കല്‍പിക്കുകയുമാണ് ചെയ്തതെന്ന് ബൈബ്ള്‍ തന്നെ വിവരിക്കുന്നുണ്ട്. മാത്രവുമല്ല, മസീഹ് തന്നെ ഇക്കാര്യം സുതരാം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് (യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല). യോഹന്നാന്‍ 18: 36.

About ahmad deedath

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *