687

ആധുനിക ക്രൈസ്തവതയുടെ ജനനം -1

അഗ്നിയാരാധകരായ പേര്‍ഷ്യക്കാര്‍ക്കും, വിഗ്രഹാരാധകരായ റോമക്കാര്‍ക്കുമിടയില്‍ യുദ്ധമുണ്ടായപ്പോള്‍ റോമന്‍ രാജാക്കന്മാര്‍ പുതിയൊരു രീതിയുമായി മുന്നോട്ട് വന്നു. പ്രകടമായ തലങ്ങളിലെല്ലാം പേര്‍ഷ്യന്‍ സമൂഹത്തില്‍ നിന്ന് വ്യതിരിക്തമായി നിലകൊണ്ട് മതാധിഷ്ഠിത ഭരണകൂടത്തിന് ജനഹൃദയങ്ങളില്‍ ഇടം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി തുടങ്ങി. രാഷ്ട്രം ജാതിവ്യവസ്ഥയുടെ നീരാളിപ്പിടത്തില്‍ ഞെരിഞ്ഞമരുകയും അതിന്റെ പേരില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന വേളയായിരുന്നു ഇത്. ആര്‍ഭാടവും ഐശ്വരവും അനുഗ്രഹങ്ങളുമെല്ലാം ഭരണം കൈവശപ്പെടുത്തിയ വിഭാഗത്തിന് മാത്രമുള്ളതായിരുന്നു. അതേസമയം പൊതുജനം പട്ടിണി സഹിച്ച്, ദാരിദ്ര്യം ഭക്ഷിച്ച് നരകീയ ജീവിതം നയിക്കുകയായിരുന്നു. തങ്ങളുടെ വിശപ്പ് മാറ്റാന്‍ ഉതകുന്ന ഒരു തൊഴില്‍ പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. കഠിനമായ ദാഹം ശമിപ്പിക്കാന്‍ ഒരു പോംവഴിയും അവരുടെ മുമ്പിലുണ്ടായിരുന്നില്ല.
പൊതുജനങ്ങളുടെ വേദനക്ക് അല്‍പമെങ്കിലും ശമനം നല്‍കാന്‍ സാധിച്ചത് മേല്‍സൂചിപ്പിച്ച മതാധികാരികള്‍ക്കായിരുന്നു. എന്നാല്‍ സാധാരണക്കാരുടെ പട്ടിണിയും, സമ്പന്നരുടെ ദൂര്‍ത്തും വര്‍ദ്ധിക്കുകയും, ഭരണകൂടത്തിന്റെ അക്രമം പെരുകുകയും മതമേലാളന്മാരുടെ വഴികേടുമെല്ലാം ഒത്തുവന്നതോടെ മതാധികാരം ക്ഷയിക്കുകയും ദുര്‍ബലപ്പെടുകയും ചെയ്തു. മനുഷ്യന്റെ സമനില തെറ്റിച്ച പട്ടിണി അവന്റെ വിശ്വാസത്തെ ബലഹീനമാക്കി. ഓരത്ത് നിന്ന് ദൈവത്തിന് ആരാധനയര്‍പിച്ചിരുന്ന ദുര്‍ബല വിശ്വാസികളെയാണ് ഇത് കാര്യമായി ബാധിച്ചത്. ദൈവത്തെക്കുറിച്ച കൃത്യമോ, ആധികാരികമോ ആയ വിശ്വാസമില്ലാത്ത വഴിപിഴച്ച വിശ്വാസത്തിന്നുടമകളെയാണ് ഈ സാമൂഹിക അക്രമവും, ഭരണപരമായ കെടുകാര്യസ്ഥതയും, മതപരമായ വഴികേടുമെല്ലാം തകര്‍ത്ത് കളഞ്ഞത്.
മതാധികാരത്തിന്റെ തീജ്ജ്വാല പതിയെ പൂര്‍ണമായും അണഞ്ഞു. ഹൃദയങ്ങള്‍ വിശ്വാസങ്ങളില്‍ നിന്നും അകന്നു. ഹൃദയങ്ങളില്‍ രൂപപ്പെട്ട ശൂന്യതയുടെ സ്ഥാനത്ത് ബുദ്ധിയെ പ്രതിഷ്ഠിക്കാന്‍ തത്വശാസ്ത്രകാരന്മാര്‍ അഹോരാത്രം പണിയെടുത്തു. വയറിന്റെ പട്ടിണിക്ക് പകരം വെക്കാന്‍ കുറെ ബുദ്ധിപരമായ പലഹാരങ്ങള്‍ അവരൊരുക്കി. ശീലവും പെരുമാറ്റവും വ്യവസ്ഥപ്പെടുത്തുന്നതില്‍ മുന്‍കാലത്ത് മതാധികാരത്തിനുണ്ടായിരുന്ന സ്ഥാനം തത്വശാസ്ത്രം സ്വായത്തമാക്കി. അതോടെ മതബോധത്തിന് പകരം ഹൃദയങ്ങളില്‍ തത്വാശാസ്ത്ര അഭിരുചി രൂപ്പെട്ടു. അതേതുടര്‍ന്ന് മനുഷ്യ പ്രകൃതിയുടെ ഭാഗമായ മതബോധവും ആകര്‍ഷകമായ തത്വശാസ്ത്ര നുറുങ്ങുകളും പരസ്പരം കൂടിക്കലര്‍ന്ന് തുടങ്ങി. വര്‍ഷങ്ങളോളം തുടര്‍ന്ന് വന്ന ഈ ഉള്‍ച്ചേരല്‍ റോമന്‍ രാഷ്ട്രത്തിന്റെ മതത്തിന് സവിശേഷമായ ഉത്സവങ്ങളും ചടങ്ങുകളും സമ്മാനിച്ചു.
ക്രൈസ്തവതയും തത്വശാസ്ത്രവും പുരാതന വിഗ്രഹാരാധക ആചാരങ്ങളില്‍ ലയിച്ചു ചേര്‍ന്നത് ഇവിടെ വെച്ചാണ്. യഹൂദരും ക്രൈസ്തവരും വിഗ്രഹാരാധകരും അവിടത്തെ സംസ്‌കാരത്തില്‍ അലിഞ്ഞ് ചേര്‍ന്നു. അതേതുടര്‍ന്ന് മതാധിഷ്ഠിതമായ തത്വശാസ്ത്രം എന്നോ, തത്വശാസ്ത്രപരമായ മതം എന്നോ വിശേഷിപ്പിക്കാവുന്ന ഒന്ന് അവിടെ പിറന്നുവീണു. തത്വശാസ്ത്രത്തിലും വിഗ്രഹാരാധനയിലും ലയിച്ച ക്രൈസ്തവത, അല്ലെങ്കില്‍ ക്രൈസ്തവ വല്‍ക്കരിക്കപ്പെട്ട വിഗ്രഹാരാധന തത്വശാസ്ത്രത്തിന്റെ അച്ചില്‍ അലിഞ്ഞ് ചേര്‍ന്നത് തുടങ്ങി എന്തു വിശേഷണവും ഇതിന് അനുയോജ്യമായിരുന്നു.
ചുരുക്കത്തില്‍ പല ഘടകങ്ങളും കൂടിച്ചേര്‍ന്ന് ഒരു പുതിയ മിശ്ര മതത്തിന് ജനന്മേകി. അതിനെ താങ്ങി നിര്‍ത്തിയിരുന്ന തൂണുകള്‍ തത്വശാസ്ത്രത്തിന്റേതായിരുന്നു. ക്രൈസ്തവ ചര്‍ച്ചിന്റെ മതചിന്തകളെന്ന ചുമരുകളായിരുന്നു അതിന്റെ അതിരുകള്‍. പുതിയ നിയമത്തില്‍ കാണപ്പെടുന്ന വിധത്തിലാണ് അനുയായികള്‍ അതിനെ വിശദീകരിക്കാന്‍ ശ്രമിച്ചത്.

About muthavalla yusuf shibli

Leave a Reply

Your email address will not be published. Required fields are marked *