431387

ബുദ്ധ-ഇസ്ലാം മതങ്ങള്‍ക്കിടയിലെ താരതമ്യം-4

ജീവനുള്ള ഒരു സൃഷ്ടിയെയും ഉപദ്രവിക്കുകയോ, ദ്രോഹിക്കുകയോ ചെയ്യരുതെന്നതാണ് ബുദ്ധ അദ്ധ്യാപനങ്ങളുടെ കാതല്‍. അതിനാല്‍ തന്നെ ഇസ്ലാമിലെപ്പോലെ പ്രതിക്രിയാ സംവിധാനം

ബുദ്ധമതത്തില്‍ ഇല്ല. മറ്റ് ജീവികളുടെ ജീവന്‍ ഹനിക്കുകയോ, അവയെ മുറിവേല്‍പിക്കുകയോ, വേദനിപ്പിക്കുകയോ ചെയ്യരുതെന്നാണ് ബുദ്ധമതം അതിന്റെ അനുയായികളോട് കല്‍പിക്കുന്നത്. കൊലയാളിയെ ശിക്ഷിക്കേണ്ടത് പ്രതിക്രിയയിലൂടെയല്ല, മറിച്ച് സംസ്‌കരണത്തിലൂടെയാണെന്ന് ബുദ്ധമതം നിരീക്ഷിക്കുന്നു. ശ്രീ ബുദ്ധയുടെ വചനം ഇപ്രകാരമാണ് (ജനങ്ങളില്‍ ആരെങ്കിലും എന്നോട് മോശമായി വര്‍ത്തിച്ചാല്‍ ഞാനതിന് പകരം സ്‌നേഹം നല്‍കുകയാണ് ചെയ്യുക. അവരുടെ ഭാഗത്ത് നിന്ന് തിന്മ അധികരിക്കുമ്പോഴെല്ലാം എന്റെ ഭാഗത്ത് നിന്ന് സദുദ്ദേശ്യവും സല്‍പ്രവര്‍ത്തനവുമാണ് അധികരിക്കുക).

ഇതിന് വിരുദ്ധമായി ഇസ്ലാം (കണ്ണിന് കണ്ണ്, പല്ലിന് പല്ല്) പ്രതിക്രിയ നിര്‍ബന്ധമാക്കുകയാണ് ചെയ്തിട്ടുള്ളത്. ആരെങ്കിലും അന്യായമായി മറ്റാരുടെയെങ്കിലും കണ്ണ് ചൂഴ്‌ന്നെടുത്താല്‍, കുറ്റവാളിയുടെ കണ്ണ് പകരം ചൂഴ്‌ന്നെടുക്കണമെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. കൂടാതെ മോഷ്ടാവിന്റെ കൈ മുറിക്കുക, വിവാഹിതനായ വ്യഭിചാരിയെ എറിഞ്ഞ് കൊല്ലുക തുടങ്ങിയ ശിക്ഷകളും ഇസ്ലാമിക നിയമസംഹിതയിലുണ്ട്.

സ്വയം പ്രതിരോധിക്കാന്‍ പോലും സഹജീവികളുടെ ജീവന്‍ ഹനിക്കരുതെന്നതാണ് ബുദ്ധമതാധ്യാപനം. ശ്രീ ബുദ്ധന്‍ പറയുന്നത് ഇപ്രകാരമാണ് (ഇരുതല മൂര്‍ച്ചയുള്ള വാള്‍ കൊണ്ട് കൊള്ളക്കാര്‍ നിന്റെ അവയവങ്ങള്‍ ഇഞ്ചിഞ്ചായി മുറിച്ചെടുക്കുമ്പോള്‍, ശത്രുതക്ക് തിരിച്ചടി നല്‍കാന്‍ നീ ആലോചിക്കുന്നുവെങ്കില്‍ പോലും നീയെന്റെ അദ്ധ്യാപനങ്ങള്‍ പിന്‍പറ്റിയിട്ടില്ല).

എന്നാല്‍ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അവിടത്തെ രാഷ്ട്രീയ അധികാരമാണ് യുദ്ധത്തിലേര്‍പെടാനും, ശത്രുക്കളെ ബന്ധികളാക്കാനും, വധിക്കാനും അനുവാദം നല്‍കുന്നത്. ഇസ്ലാമിലെ പോലെ തന്നെ മതകേന്ദ്രീകൃത അധികാരം ബുദ്ധമതത്തിലുമില്ല. ക്രൈസ്തവതയിലാണ് തദടിസ്ഥാനമുള്ള മതാധികാരമുള്ളത്. അതിനാല്‍ തന്നെ യുദ്ധതത്വങ്ങള്‍, ആത്മപ്രതിരോധത്തിനായി വധിക്കുക തുടങ്ങിയവ നടപ്പാക്കുന്നതില്‍ വിവിധ ബുദ്ധവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. ശ്രീലങ്കയില്‍ ന്യൂനപക്ഷ ഹിന്ദുക്കള്‍ ഭൂരിപക്ഷ ബുദ്ധന്മാര്‍ക്കെതിരെ ആയുധം പ്രയോഗിച്ചപ്പോള്‍ ഇരുഭാഗത്ത് നിന്നുമായി ഏകദേശം അമ്പതിനായിരം പേരുടെ ജീവനഷ്ടത്തിന് വഴിയൊരുക്കി ബുദ്ധന്മാര്‍ തിരിച്ചടിക്കുകയുണ്ടായി.

ബുദ്ധമത വിശ്വാസികള്‍ ഇസ്ലാമുമായി വിയോജിക്കുന്ന മറ്റുപല ഘടകങ്ങളുമുണ്ട്. ലോകത്തിന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട സങ്കല്‍പം അവയിലൊന്നാണ്. ബുദ്ധമതത്തിന് മുമ്പെ ഇന്ത്യയില്‍ പ്രചാരം സിദ്ധിച്ച ഹൈന്ദവ ദര്‍ശനമനുസരിച്ച് ബ്രഹ്മാവാണ് ലോകം പടച്ചത്. എന്നാല്‍ ബുദ്ധ തന്റെ ശിഷ്യന്മാരോട് പറഞ്ഞത് ഇപ്രകാരമാണ് (ബ്രഹ്മാവ് വല്ലതും പടച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹമല്ല ഈ ലോകം സൃഷ്ടിച്ചത്. ലോകം ഒരിക്കലും അവസാനിക്കുന്നില്ല, ശാശ്വതമായി നിലനില്‍ക്കുകയാണ് ചെയ്യുക. അവസാനമില്ലാത്ത ഒന്നിനും തുടക്കവുമുണ്ടാവുകയില്ല).

ആറ് ദിവസങ്ങള്‍ കൊണ്ട് ഇല്ലായ്മയില്‍ നിന്ന് പ്രപഞ്ചത്തെ പടച്ചത് അല്ലാഹുവാണ് എന്ന് ഇസ്ലാം പറയുന്നു. കാഹളം മുഴക്കപ്പെടുന്ന ദിവസം ഈ ലോകം അവസാനിക്കുമെന്നും ഇസ്ലാം സിദ്ധാന്തിക്കുന്നു. അല്ലാഹു ആകാശഭൂമികളെ ചുരുട്ടുകയും, പര്‍വതങ്ങള്‍ പഞ്ഞിപോലെ പാറിക്കളിക്കുകയും ചെയ്യും.

About kamil najjar

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *