T_popup

ക്രൈസ്തവത: ഏകദൈവത്വത്തില്‍ നിന്ന് ത്രിയേകത്വത്തിലേക്ക് -1

ഏകദൈവ വിശ്വാസത്തിന് പില്‍ക്കാലത്ത് വൈകല്യം സംഭവിച്ചതിന്റെ ഫലമായി രൂപപ്പെട്ടതാണ് വിഗ്രഹാരാധനയും, ബഹുദൈവ വിശ്വാസവുമെന്ന് ചരിത്രഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാം, ക്രൈസ്തവത,

ജൂതമതം തുടങ്ങിയ ദൈവിക ദര്‍ശനങ്ങളെല്ലാം ഏകദൈവ വിശ്വാസമാണ് ലോകത്ത് പ്രചരിപ്പിച്ചത്. അവയില്‍ ചിലത് പിന്നീട് ബഹുദൈവ വിശ്വാസത്തേക്ക് വഴിതെറ്റുകയാണുണ്ടായതെന്ന് മതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്.
ഈ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ടാം നാം ക്രൈസ്തവതയെ പഠനവിധേയമാക്കേണ്ടത്. ഏകദൈവ വിശ്വാസത്തില്‍ നിന്ന് തുടങ്ങി ത്രിയേകത്വ വിശ്വാസത്തില്‍ എത്തിച്ചേര്‍ന്ന നീണ്ട വ്യതിചലന ചരിത്രമാണ് അതിനുള്ളത്. മസീഹിന്റെ ജീവിത കാലത്തും, അദ്ദേഹത്തിന് ശേഷമുള്ള ആദ്യ നൂറ്റാണ്ടുകളിലും ക്രൈസ്തവര്‍ ഏകദൈവ വിശ്വാസം മുറുകെ പിടിക്കുന്നവരായിരുന്നുവെന്ന് ചരിത്രം സൂചിപ്പിക്കുന്നു.
ഏകദേശം ക്രിസ്താബ്ദം 90-ല്‍ എഴുതപ്പെട്ടുവെന്ന് പറയപ്പെടുന്ന, ചര്‍ച്ച് ആധികാരികമെന്ന് അഭിപ്രായപ്പെട്ടിരുന്ന റാഇ ഹുര്‍മുസ് പുതിയ നിയമത്തില്‍ പന്ത്രണ്ട് ഉപദേശങ്ങളില്‍ ഒന്നാമതായി വിവരിക്കുന്നത് ഇങ്ങനെയാണ് (എല്ലാറ്റിനും മുമ്പെ ദൈവം ഏകനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവനാണ് എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തിരിക്കുന്നത്. എല്ലാ വസ്തുക്കളെയും അവന്‍ ഇല്ലായ്മയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവന്‍ ഈ പ്രപഞ്ചത്തിലാകമാനം ഉണ്ട്. എന്നാല്‍ പ്രപഞ്ചത്തില്‍ പരിമിതമല്ല അവന്‍). തിയോഡര്‍സാന്റെ അഭിപ്രായമനുസരിച്ച് ഏകദൈവ വിശ്വാസത്തെക്കുറിക്കുന്ന ഈ പരാമര്‍ശങ്ങള്‍ ക്രിസ്താബ്ദം 250 വരെ അവശേഷിച്ചിരുന്നു.
‘എല്ലാറ്റിനും കഴിവുറ്റ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു’ ക്രിസ്താബ്ദം 180-നും 210-നും ഇടയില്‍ ‘കഴിവുറ്റവന്‍’ എന്നതിന് മുമ്പ് ‘പിതാവ്’ എന്ന പദം ചേര്‍ക്കപ്പെട്ടു. ഒട്ടേറെ മതമേലാളന്മാരുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ഇത് സംഭവിച്ചതെന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടിരിക്കുന്നു.
പുരോഹിതന്മാരായിരുന്ന വിക്ടര്‍, സെഫിസ്യാസ് തുടങ്ങിയവര്‍ ഈ കൂട്ടിച്ചേര്‍ക്കലിനെ വിമര്‍ശിച്ചും, അത് വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതിന് തുല്യമാണെന്ന് വാദിച്ചും രംഗത്ത് വന്നു. വിശുദ്ധ വേദത്തിലേക്ക് പദങ്ങള്‍ കൂട്ടിച്ചേര്‍ക്കാനോ, അതില്‍ നിന്ന് വല്ലതും എടുത്ത് കളയാനോ ആര്‍ക്കും അവകാശമില്ലെന്ന് അവര്‍ തുറന്നടിച്ചു. മസീഹിന്റെ ദൈവികതയെ ശക്തമായി എതിര്‍ത്ത അവര്‍, ഏകദൈവ വിശ്വാസമാണ് ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങള്‍ സമര്‍പിക്കുന്ന അടിസ്ഥാനമെന്ന് വാദിച്ചു. മസീഹ് ദൈവത്തിന്റെ പ്രവാചകനാണ് എന്നതോടൊപ്പം തന്നെ മറ്റു ജനങ്ങളെപ്പോലെ സാധാരണ മനുഷ്യനായിരുന്നുവെന്നും, അല്ലാഹു അദ്ദേഹത്തിന് ശ്രേഷ്ഠത നല്‍കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വിശദീകരിച്ചു. ആഫ്രിക്കയിലും, പടിഞ്ഞാറന്‍ ഏഷ്യന്‍ പ്രദേശങ്ങളിലുമുണ്ടായിരുന്ന ചര്‍ച്ചുകളുടെ വിശ്വാസവും ഇത് തന്നെയായിരുന്നു.
മസീഹിന്റെ അദ്ധ്യാപനങ്ങള്‍ പ്രചരിക്കുകയും, അവ മറ്റ് സംസ്‌കാരങ്ങളുമായി കൂടിക്കലരുകയും, അധികാരികളുമായി അത് ഏറ്റുമുട്ടുകയും ചെയ്തപ്പോള്‍, പ്രസ്തുത സംസ്‌കാരങ്ങള്‍ അവയെ തങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുകയും, ദഹിപ്പിക്കുകയുമാണുണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഭരണാധികാരികള്‍ നടത്തിയ കടുത്ത പീഢനങ്ങള്‍ക്ക് കുറവ് വരുത്തുന്നതിനായി അവര്‍ തങ്ങളുടെ മതാധ്യാപനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. വിശിഷ്യാ ഗ്രീക്ക് സമൂഹത്തില്‍ പ്രസ്തുത അദ്ധ്യാപനങ്ങള്‍ പുതിയ ഭാഷയില്‍ അതേക്കുറിച്ച് പ്രതിപാദിക്കുകയോ, അല്ലെങ്കില്‍ ഗ്രീക്ക് സംസ്‌കാരത്തിനും ചിന്തക്കും അനുയോജ്യമായ വിധത്തില്‍ അതിനെ മാറ്റിയെഴുതുകയോ ചെയ്തു. ഗ്രീക്ക് സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസ സങ്കല്‍പം ക്രൈസ്തവതയില്‍ ത്രിയേകത്വ വിശ്വാസം രൂപപ്പെടുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചുവെന്നര്‍ത്ഥം. കൂടെ മസീഹ് മാനുഷികതയില്‍ നിന്ന് ക്രമേണ ദൈവികതയിലേക്ക് ഉയര്‍ന്നുവെന്ന വിശ്വാസ സങ്കല്‍പം പോള്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ക്രിസ്താബ്ദം 325-ല്‍ ത്രിയേകത്വ വിശ്വാസം ക്രൈസ്തവ ചര്‍ച്ചിന്റെ ഔദ്യോഗിക അഭിപ്രായമായിത്തീര്‍ന്നു. അതുവരെ ഒട്ടേറെ ക്രൈസ്തവ വിശ്വാസികള്‍ക്ക് പ്രസ്തുത അഭിപ്രായമില്ലായിരുന്നു എന്നാണ് യാഥാര്‍ത്ഥ്യം. കാരണം പ്രസ്തുത വിശ്വാസത്തെ കുറിക്കുന്ന തെളിവുകളൊന്നും തങ്ങളുടെ വേദത്തില്‍ അവര്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. ത്രിയേകത്വ വിശ്വാസ സങ്കല്‍പത്തിന്റെ മുഖ്യ വക്താക്കളിലൊരാളായിരുന്ന എഥനാസ്യൂസ് പോലും ‘മൂന്ന് ദൈവമില്ല, ഒരേയൊരു ദൈവമേയുള്ളൂ’ എന്ന് പരാമര്‍ശിക്കാനുണ്ടായ കാരണവും ഇത് തന്നെയാണ്. അതായത് അദ്ദേഹത്തിന്റെ ത്രിയേകത്വ വിശ്വാസം പൂര്‍ണ ബോധ്യത്തില്‍ നിന്നോ സംതൃപ്തിയില്‍ നിന്നോ രൂപപ്പെട്ടതായിരുന്നില്ല, മറിച്ച് കേവലം നിര്‍ബന്ധിത രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ ഫലമായിരുന്നു എന്നര്‍ത്ഥം.

About muhammad atha raheem

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *