eye of needle

കമ്യൂണിസത്തിന് മുസ്ലിം നാടുകളിലേക്ക് വഴിയൊരുക്കിയത്

ഒട്ടേറെ മുസ്ലിം രാഷ്ട്രങ്ങളില്‍ കമ്യൂണിസം എത്തിച്ചേരുകയും, അതിന്റെ വേരുറപ്പിക്കുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത. യഥാര്‍ത്ഥ ഇസ്ലാമിന്റെ ഭൂമിയില്‍

വേരുറപ്പിക്കാനുള്ള യാതൊരു സാധ്യതയും കമ്യൂണിസത്തിനുണ്ടായിരുന്നില്ല. യൂറോപ്പിലും റഷ്യയിലും അതിന് വേരോട്ടം ലഭിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടായിരുന്നു. കാരണം ഇസ്ലാമെന്ന യഥാര്‍ത്ഥ പരിഹാരം അവിടങ്ങളില്‍ മാതൃകയായി ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ്.
എന്നാല്‍ മുസ്ലിം രാഷ്ട്രങ്ങളിലെ ഇതില്‍ നിന്ന് ഭിന്നമാണ്. അവരുടെ കയ്യില്‍ ദൈവിക ദര്‍ശനമായ ഇസ്ലാം ഉണ്ടായിരിക്കെ മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രത്തിന്റെ ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല.
ആകാശത്ത് നിന്നുള്ള വെളിപാടിന്റെ പിന്‍ബലത്തില്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശനത്തെ വ്യാജമായ പ്രത്യയശാസ്ത്രങ്ങള്‍ കടന്നാക്രമിക്കുകയും, അതിന് മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യാനുണ്ടായിരുന്ന കാരണങ്ങള്‍ പരിശോധിക്കുന്നത് ഉചിതമാണ്. കമ്യൂണിസം മുസ്ലിം നാടുകളില്‍ സ്വാഗതം ചെയ്യപ്പെടാനുണ്ടായ ഏതാനും ചില കാരണങ്ങള്‍ വിശദീകരിക്കുകയാണിവിടെ.
മുസ്ലിം ഭൂരിപക്ഷം യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്ന് വഴിതെറ്റുകയും തങ്ങളുടെ മതത്തെക്കുറിച്ച് പൂര്‍ണമായും അജ്ഞരാവുകയും ചെയ്തതാണ് മുഖ്യമായ കാരണങ്ങളിലൊന്ന്. മുസ്ലിംകള്‍ വിശ്വാസത്തെ മുറുകെ പിടിക്കുകയും, അടിയുറച്ച് ഇസ്ലാമില്‍ നിലകൊളളുകയും ചെയ്ത കാലത്തൊന്നും ശത്രുക്കള്‍ക്ക് ഇസ്ലാമിക സമൂഹത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.
യഥാര്‍ത്ഥ ദീനില്‍ നിന്ന് വ്യതിചലിച്ചതോടെ മുസ്ലിം മനസ്സുകളില്‍ ദൗര്‍ബല്യവും നിരാശയും കടന്നുകയറുകയും, അപകര്‍ഷതാബോധം അവരെ അലട്ടുകയും ചെയ്തു. പ്രതാപം മറ്റുള്ളവരുടെ മുന്നില്‍ അടിയറ വെച്ച മുസ്ലിംകള്‍ നിന്ദ്യരായി തലകുനിച്ച് നിലകൊണ്ടതോടെ മറ്റു പ്രത്യയശാസ്ത്രങ്ങള്‍ക്ക് കുതിച്ച് കയറാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയും ചെയ്തു.
മുസ്ലിം ഉമ്മത്തിന് ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമുണ്ടായിരുന്നുവെങ്കില്‍ പുറമെ നിന്നുള്ള ശക്തികളെ ചെറുത്ത് നില്‍ക്കാനും പ്രതിരോധിക്കാനും അതിന് സാധിക്കുമായിരുന്നു. പ്രതാപം മുറുകെ പിടിക്കുന്ന സമൂഹം മറ്റു പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ജനതകളില്‍ നിന്നും സ്വതന്ത്രമായി സ്വയം എഴുന്നേറ്റു നില്‍ക്കാനാണ് ശ്രമിക്കുക. മറ്റുള്ളവരുടെ കയ്യില്‍ അകപ്പെടാതിരിക്കാനും, പ്രതാപം ബലികഴിക്കാതിരിക്കാനുമാണ് അവര്‍ ശ്രമിക്കുക.
യൂറോപ്യന്‍ ആക്രമണത്തിന് മുന്നില്‍ മുസ്ലിം ലോകം പരാജയപ്പെട്ടുവെന്നതായിരുന്നു കമ്യൂണിസത്തിന്റെ കടന്നുകയറ്റത്തിന് വഴിയൊരുക്കിയ മറ്റൊരു ഘടകം. ഭൗതികമായ ശക്തിയും, ആയുധശേഷിയും നേടിയെടുത്ത യൂറോപ്യന്‍മാര്‍ നേരെ മൂന്നാം ലോക രാഷ്ട്രങ്ങളിലേക്കാണ് തങ്ങളുടെ കണ്ണുകളയച്ചത്. തങ്ങളുടെ വ്യവസായിക ഉല്‍പന്നങ്ങള്‍ ചെലവഴിക്കാനുള്ള മാര്‍ക്കറ്റായി അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളെ വിലയിരുത്തി.
തങ്ങളുദ്ദേശിച്ചത് ഏറ്റവും കുറഞ്ഞ വിലയ്‌ക്കോ, വിലകൊടുക്കാതെയോ ലഭിക്കാന്‍ ആഗ്രഹിച്ച യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നേരെ സൈനിക ആക്രമണം നടത്തി സമ്പത്ത് കൊള്ളയടിക്കുകയെന്ന തന്ത്രം സ്വീകരിച്ചു. സൈനികമായും രാഷ്ട്രീയായും വ്യാവസായികമായും വളരെയധികം പിന്നാക്കാവസ്ഥയിലായിരുന്ന മുസ്ലിം ലോകത്തിന് പ്രസ്തുത ആക്രമണങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. മുസ്ലിം ലോകം ഏറ്റുവാങ്ങിയ ഭീമമായ സൈനിക പരാജയം അവരുടെ വിശ്വാസത്തെ ബാധിക്കുകയും, അവരില്‍ അപകര്‍ഷതാബോധം അടിച്ചേല്‍പിക്കുകയും ചെയ്തു. തങ്ങളെ പരാജയപ്പെടുത്തിയ യൂറോപ്യരെ മാതൃകാപുരുഷന്മാരായി മുസ്ലിംകള്‍ വാഴ്ത്തുകയും അവരുടെ ജീവിതശൈലിയും സ്വഭാവശീലങ്ങളും അനുകരിക്കാന്‍ മത്സരിക്കുകയും ചെയ്തു. യൂറോപ് വികസിച്ചത് മതത്തെ ഉപേക്ഷിച്ച് നിരീശ്വരതെയ പുല്‍കിയത് കൊണ്ടാണെന്നും, പ്രസ്തുത മാര്‍ഗം സ്വീകരിച്ചാലെ തങ്ങള്‍ക്കും പുരോഗതിയാര്‍ജ്ജിക്കാന്‍ കഴിയുകയുള്ളൂവെന്നും മുസ്ലിം സാമാന്യജനം വിശ്വസിച്ചുപോയി.
കൂടെ മുസ്ലിംകള്‍ ഭിന്നിക്കുകയും, പരസ്പരം കലഹിക്കുകയും ചെയ്തതോടെ മതവിശ്വാസത്തേക്കാള്‍ ഉത്തമം മതനിരാസമാണെന്ന വീക്ഷണത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. മുസ്ലിംകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഇസ്ലാമിന്റെ പോരായ്മയായി ശ്ത്രുക്കള്‍ എടുത്തുന്നയിച്ചതോടെ യഥാര്‍ത്ഥ വിശ്വാസത്തെക്കുറിച്ച് അജ്ഞരായിരുന്ന മുസ്ലിംകള്‍ ഭൗതികപ്രത്യയശാസ്ത്രങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങി.

About muhammad bin ibrahim hamd

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *