66

മുതലാളിത്തത്തിന്റെ ജീവിത വീക്ഷണം -4

സ്രഷ്ടാവ് തന്നെയാണ് ജീവന്‍ നല്‍കുകയും ജീവിതം നിശ്ചയിക്കുകയും ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സാമാന്യബുദ്ധി നിര്‍ബന്ധിതമാണ്. ഇഴജീവികളെ സൃഷ്ടിച്ചവന്‍ തന്നെയാണ് അവയില്‍ ജീവന്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുള്ളത്. അല്ലാഹു സ്രഷ്ടാവും, എന്നെന്നും ജീവിച്ചിരിക്കുന്നവനും, അന്നം നല്‍കുന്നവനുമാണ്. ഏതൊരു ചരാചരത്തിനും ജീവന്‍ നല്‍കുന്ന ആത്മാവിനെ ഊതാന്‍ കഴിവുറ്റവനും അവന്‍ മാത്രമാണ്. പ്രസ്തുത ജീവന്‍ തിരിച്ചെടുക്കാനും ശേഷം പുനര്‍ജീവിപ്പിക്കാനും അവന് മാത്രമെ കഴിവുള്ളൂ (അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. രാപ്പകലുകള്‍ മാറിമാറി വരുന്നതും അവന്റെ നിയമമനുസരിച്ചാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?). അല്‍മുഅ്മിനൂന്‍ 80.
(അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്). അന്നൂര്‍ 45.
ഈ വചനം വിശദീകരിച്ച് കൊണ്ട് ഇമാം ഇബ്‌നു കഥീര്‍ കുറിക്കുന്നു (വ്യത്യസ്തമായ രൂപങ്ങളും, നിറങ്ങളും, ചലനരീതികളുമുള്ള ചരാചരങ്ങളെ സൃഷ്ടിക്കാനുള്ള തന്റെ പരിപൂര്‍ണമായ കഴിവിനെയും, മഹത്തായ അധികാരത്തെയും കുറിച്ച് അല്ലാഹു ഇവിടെ പരാമര്‍ശിക്കുന്നു). സ്രഷ്ടാവിനെ അപേക്ഷിച്ച് സൃഷ്ടികള്‍ എത്ര മാത്രം ദുര്‍ബലരും അശക്തരുമാണെന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നു. ഏറ്റവും ഉന്നതമായ സൃഷ്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്‍ പോലും അതിനിസ്സാരമായ ഒരു കോശം നിര്‍മിക്കാന്‍ പോലും കഴിവുറ്റവനല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് ( അല്ലാഹുവെവിട്ട് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്). അന്നഹ്ല്‍ 20.
ഭൗതികവാദികള്‍ പ്രപഞ്ചത്തെയും ജീവനെയും നിര്‍വചിക്കുമ്പോള്‍ ജീവജാലങ്ങളുടെ ശരീരത്തിലെ ഏറ്റവും ചെറിയ സൃഷ്ടിയായ കോശങ്ങളും, അചേതന വസ്തുക്കളിലെ ആറ്റവും സ്വയംഭൂവായി രൂപപ്പെടുകയാണുണ്ടായതെന്ന് വിശദീകരിക്കുന്നു. പ്രാണികള്‍, ഇഴജീവികള്‍, പക്ഷികള്‍, മനുഷ്യര്‍ തുടങ്ങിയവയെല്ലാം സൃയം സൃഷ്ടിക്കപ്പെട്ടവയാണ്. അവയവങ്ങള്‍, കോശങ്ങള്‍, ശരീരത്തിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സ്വയം രൂപ്പപ്പെട്ടവയാണ്. എന്നാല്‍ എങ്ങനെ, എപ്പോള്‍, എവിടെ വെച്ച്, ജീവന്റെ രഹസ്യം എന്ത് ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അവരുടെ അടുത്ത് ഉത്തരമേയില്ല. അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്ന വേളയില്‍ ഉത്തരം പറയാനാവാതെ ഉഴറുകയാണ് അവര്‍ ചെയ്യാറ്!!
ദൈവ വിശ്വാസത്തിന്റെ കാര്യത്തില്‍ പരിപൂര്‍ണമായ അജ്ഞതയും അവഗണനയും പുലര്‍ത്താന്‍ അവര്‍ക്കാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളെ സൃഷ്ടിച്ച, സര്‍വ ചരാചരങ്ങളുടെയും നാഥനായ ഒരു ദൈവത്തെ അവരുടെ ബുദ്ധി അറിയാതെയെങ്കിലും അംഗീകരിക്കുന്നുണ്ട്. അതിനാലാണ് ഭൂരിപക്ഷം ഭൗതിക ശാസ്ത്രജ്ഞന്മാരും ഏകനായ സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തത്. തങ്ങളെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന ഏകനായ സ്രഷ്ടാവില്‍ അവരില്‍ പലരും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്തുത സ്രഷ്ടാവിനുള്ള ആരാധനയുടെ കാര്യത്തിലാണ് അവര്‍ക്ക് ഭിന്നാഭിപ്രായമുണ്ടായിരുന്നത്.
കാരണം പ്രപഞ്ചത്തിന്റെ ഘടനയും സംവിധാനവും ഒരു സ്രഷ്ടാവില്‍ വിശ്വസിക്കുന്നത് അവര്‍ക്ക് അനിവാര്യമാക്കുകയാണുണ്ടായത്. ദൈവത്തിന്റെ പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങള്‍ അവര്‍ ചുറ്റുമുള്ള ലോകത്ത് നിറയെ ദര്‍ശിക്കുകയുണ്ടായി. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (ആകാശഭൂമികളെ പടച്ചതാരെന്നു ചോദിച്ചാല്‍ അവര്‍ പറയും ”അല്ലാഹു”വെന്ന്. പറയുക: ”സര്‍വ സ്തുതിയും ആ അല്ലാഹുവിനാണ്.” എന്നാല്‍ അവരിലേറെ പേരും അത് മനസ്സിലാക്കുന്നില്ല). ലുഖ്മാന്‍ 25.
(ചോദിക്കുക: ”ഭൂമിയും അതിലുള്ളതും ആരുടേതാണ്? നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറയൂ.” അവര്‍ പറയും: ”അല്ലാഹുവിന്റേതാണ്.” ചോദിക്കുക: ”നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?”). അല്‍മുഅ്മിനൂന്‍ 84-85.

About dr. ghazi inaya

Check Also

maxresdefault

കമ്യൂണിസത്തിന് കാലിടറിയതെവിടെ? -1

നവ സമൂഹം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യന്റെ തന്നെ ഭൗതികമോഹവും ആര്‍ത്തിയുമാണെന്നും, അതിനെ മറികടക്കാനാവുന്ന പക്ഷം ഉന്നതമായ …

Leave a Reply

Your email address will not be published. Required fields are marked *