injgdfx

ദൈവം ചുമതലപ്പെടുത്തിയ അമാനത്താണ് ഇസ്ലാം

അല്ലാഹുവിന്റെ ദീന്‍ ഒന്ന് മാത്രമാണുള്ളത്. എന്നാല്‍ ദൈവദൂതന്മാര്‍ കൊണ്ട് വന്ന നിയമസംഹിതയില്‍ വ്യത്യസ്തമാണ്. വളരെ സൂക്ഷ്മതയോട് കൂടി ഗ്രഹിക്കേണ്ട യാഥാര്‍ത്ഥ്യമാണിത്. തൗറാത്തിലും ഇഞ്ചീലിലും വന്ന നിയമങ്ങള്‍ക്ക് സമാനമാണ് വിശുദ്ധ ഖുര്‍ആന്റെ കല്‍പനാ-നിരോധനങ്ങളെന്നും, ഖുര്‍ആന്‍ അവയില്‍ നിന്ന് കടമെടുത്തതാണെന്നും ഓറിയന്റലിസ്റ്റുകള്‍ ആരോപണമുന്നയിക്കാറുണ്ട്.

തൗറാത്തും ഇഞ്ചീലും ഖുര്‍ആനും ഒരേയൊരു ഉറവിടത്തില്‍ നിന്ന് അവതരിച്ചതാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ സാമ്യത വിരല്‍ചൂണ്ടുന്നത്. അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളാണ് ഇവ മൂന്നും. എന്നാല്‍ തൗറാത്തും ഇഞ്ചീലും സംരക്ഷിക്കാന്‍ അതിന്റെ അനുയായികള്‍ക്ക് സാധിച്ചില്ല എന്ന് മാത്രമല്ല അവയില്‍ കൈകടത്തലുകള്‍ നടത്തുകയാണ് അവര്‍ ചെയ്തത്.
ഇസ്ലാമിന് മുമ്പുള്ള ദൈവികമതങ്ങള്‍ പ്രത്യേകമായ സാഹചര്യത്തെയും കാലഘട്ടത്തെയുമാണ് അഭിസംബോധന ചെയ്തത്. അവ പ്രതിനിധീകരിച്ചിരുന്ന കാലത്തെ ജനങ്ങളുടെ പുരോഗതിയും ഉന്നമനവുമാണ് പ്രസ്തുത വേദങ്ങള്‍ ലക്ഷ്യമാക്കിയിരുന്നത്. കാലഘട്ടത്തിന്റെയും സാഹചര്യത്തിന്റെയും വ്യത്യാസമനുസരിച്ച് സ്വാഭാവികമായും പ്രസ്തുത വിധികള്‍ ദുര്‍ബലപ്പെടേണ്ടതുണ്ട്. അതിനാലാണ് ഒന്നിന് ശേഷം മറ്റൊന്ന് എന്ന നിലയില്‍ അല്ലാഹു വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചത്. പ്രസ്തുത വേദങ്ങളൊക്കെയും ഏകദൈവ വിശ്വാസത്തിലേക്കായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. അവസാനമായി വരാനിരിക്കുന്ന പ്രവാചകനെയും വേദഗ്രന്ഥത്തെയും കുറിച്ച് മുന്‍കാല വേദങ്ങളില്‍ വ്യക്തവും പരോക്ഷവുമായ സൂചനകളുണ്ടായിരുന്നുവെന്ന് മാത്രമല്ല പ്രസ്തുത പ്രവാചകനിലും വേദത്തിലും വിശ്വസിക്കണമെന്ന നിര്‍ദേശം കൂടി അവയുടെ അനുയായികള്‍ക്ക് നല്‍കപ്പെട്ടിരുന്നു. എന്നാല്‍ ഓരോ സമൂഹവും തങ്ങള്‍ക്ക് ശേഷം വന്ന പ്രവാചകനെയും വേദത്തെയും നിഷേധിക്കുകയും കളവാക്കുകയുമാണ് ചെയ്തത്. ജൂതന്മാര്‍ ക്രൈസ്തവതയെ നിരാകരിക്കുകയും അവരുടെ വേദത്തെ തള്ളിപ്പറയുകയും ചെയ്തു. ക്രൈസ്തവര്‍ ഇസ്ലാമിനെ നിഷേധിക്കുകയും വിശുദ്ധ ഖുര്‍ആനെ കളവാക്കുകയും ചെയ്തു.
ബുദ്ധിപരമായി യാതൊരു വിധത്തിലും ഉള്‍ക്കൊള്ളാനാവാത്ത വിശ്വാസ സങ്കല്‍പമാണ് ത്രിയേകത്വം. അചഞ്ചലമായ വിശ്വാസത്തിന് മുന്നില്‍ ത്രിയേകത്വം വിഘ്‌നം സൃഷ്ടിക്കുകയാണ് ചെയ്തത്. അതിനാലാണ് ക്രൈസ്തവര്‍ക്കിടയില്‍ പോലും പലരും ത്രിത്വത്തെ നിരാകരിച്ചും, നിഷേധിച്ചും രംഗത്തെത്തിയത്. എന്നാല്‍ മനുഷ്യ പ്രകൃതിയോട് പൂര്‍ണമായി ഇണങ്ങുന്ന വിശ്വാസമാണ് ഇസ്ലാം സമര്‍പിച്ചത്. ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ വിശ്വാസദര്‍ശനമാണ് ഇസ്ലാമിന്റെ കാതല്‍.
ലോകത്തിന്റെ നേതൃത്വം അല്ലാഹു ഇസ്രയേല്‍ സന്തതികളെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അല്ലാഹുവിന്റെ പരീക്ഷണം ഏറ്റെടുത്ത് നിര്‍വഹിക്കുന്നതില്‍ ഇസ്രയേല്‍ സന്തതികള്‍ വീഴ്ച വരുത്തി. തല്‍ഫലമായി അല്ലാഹു അവരില്‍ നിന്ന് അധികാരവും പ്രവാചകത്വവും എടുത്തുമാറ്റി അവ ഇസ്മാഈല്‍ സന്തതികള്‍ക്ക് നല്‍കി. ഇസ്രയേല്‍ സന്തതികള്‍ ദൈവിക അമാനത്ത് ഏറ്റെടുത്തില്ലെന്നും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയെന്നും ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ചു.
ദൈവം തന്റെ സന്ദേശം അറബ് സമൂഹത്തെയാണ് ഏല്‍പിച്ചത്. അല്ലാഹുവിന്റെ നിയമങ്ങള്‍ കരുണയോടും നീതിയോടും കൂടി നടപ്പാക്കുക, ജീവനും സമ്പത്തും ബലിയര്‍പിച്ച് ദൈവിക സന്ദേശത്തെ ഏറ്റെടുക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അല്ലാഹു അവരെ ഏല്‍പിച്ചത്. പ്രസ്തുത ഉത്തരവാദിത്തമാണ് നിലവില്‍ ലോകമുസ്ലിംകള്‍ നിര്‍വഹിച്ച് പോരുന്നത്. അല്ലാഹു ഈ ലോകം അനന്തരമെടുക്കുന്നത് വരെ മുസ്ലിം ഉമ്മത്ത് ഈ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ തന്നെ തുടരുന്നതാണ്. ലോകത്ത് ഏതെങ്കിലും ഒരു പ്രദേശത്ത് മറ്റുള്ളവര്‍ മുസ്ലിംകളുടെ നാട് അധിനിവേശം ചെയ്തുവെന്നത് ഈ അധികാരത്തിന് തടസ്സമല്ല. ഇസ്ലാം ലോകത്ത് സ്ഥാപിതമാകുകയും ശക്തിയായി നിലകൊള്ളുകയും ചെയ്ത് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് അത്. മാത്രമല്ല, കേവലം താല്‍ക്കാലികമായ പ്രതിഭാസം മാത്രമാണിത്. വിശ്വാസികള്‍ ലോകം അതിജയിക്കുകയും ലോകത്തിന്റെ കടിഞ്ഞാണ്‍ തിരിച്ചുപിടിക്കുകയും ചെയ്യുന്നതാണ്.
വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ച് പാശ്ചാത്യരില്‍ നിന്ന് ഭിന്നമായ സമീപനമാണ് ഇസ്ലാമിനുള്ളത്. ഇസ്ലാമില്‍ നിന്നു തന്നെ നിരീശ്വരത്വത്തിലേക്കോ, മാര്‍ക്‌സിസത്തിലേക്കോ, ബഹായിസത്തിലേക്കോ മറ്റ് ഇസ്ലാം വിരുദ്ധമായ പ്രത്യയശാസ്ത്രത്തിലേക്കോ ജനങ്ങളെ വിളിക്കാന്‍ ഇസ്ലാം അതിന്റെ അനുയായികളെ അനുവദിക്കുന്നില്ല.

About anvar aljundi

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *