ദൈവിക വെളിപാടിന്റെ ഭൂമികയാണ് സുന്നത്ത് -2

ഖുര്‍ആനിക വചനങ്ങള്‍ക്ക് ജീവസ്സുറ്റ സാമൂഹിക ഘടന പ്രദാനം ചെയ്തത് പ്രവാചക ചര്യയാണ്. മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടാനും അവന് മുന്നില്‍ നാഗരികത കെട്ടിപ്പടുക്കാനുമുള്ള ഖുര്‍ആനിന്റെ അല്‍ഭുതകരമായ ശേഷി ലോകം കണ്ടറിഞ്ഞത് തിരുമേനി(സ)യുടെ

ജീവിതത്തില്‍ നിന്നാണ്. അടിസ്ഥാന തത്വങ്ങളിലൂന്നി നിന്ന് തന്നെ വിവിധ കാലങ്ങളില്‍ പൂത്തുലയാനും, ഫലം വര്‍ഷിക്കാനുമുള്ള ഇസ്ലാമിന്റെ കഴിവിനെയാണ് സുന്നത്ത് പ്രതിനിധീകരിച്ചത്.
ഇസ്ലാമിക പ്രബോധനത്തെ സംരക്ഷിക്കാനും, സഹായിക്കാനുമായി മുസ്ലിംകള്‍ കെട്ടിപ്പടുത്ത ഇസ്ലാമിക രാഷ്ട്രത്തിന്റെ ഉറവിടമായിരുന്നു അത്. മതം നിര്‍ബന്ധമാക്കിയ ശാസനകളുടെ തന്നെ തേട്ടമായ ‘നാഗരിക ബാധ്യത’കള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.
ഇസ്ലാമിക ശരീഅത്തില്‍ കേവലം ഖുര്‍ആനിന്റെ വിശദീകരണമെന്ന സ്ഥാനം മാത്രമല്ല സുന്നത്ത് അലങ്കരിക്കുന്നത്. മറിച്ച് പലപ്പോഴും ശരീഅത്ത് നിയമങ്ങളുടെ സ്രോതസ്സായി സുന്നത്ത് വര്‍ത്തിച്ചതായി കാണാവുന്നതാണ്. പ്രവാചകന്‍ തിരുമേനി(സ)യുടെ ഇജ്തിഹാദിനെ ദൈവിക വെളിപാട് അംഗീകരിക്കുന്ന പക്ഷം അവ ഇസ്ലാമിക ശരീഅത്തായി സ്ഥാപിക്കപ്പെടുന്നു. പ്രവാചകന്റെ സമീപനത്തെ തിരുത്തുക, അതേക്കുറിച്ച് മൗനം പാലിക്കുക, അതിനെ പിന്തുണച്ച് കൊണ്ട് വെളിപാടിറങ്ങുക ഇവയെല്ലാം അതിന്റെ ആധികാരികതയ്ക്കുള്ള തെളിവുകളാണ്.
നിര്‍ബന്ധമായും അനുസരിക്കേണ്ട സുസ്ഥിര അടിസ്ഥാനങ്ങളെന്തെന്നും, മാറ്റങ്ങള്‍ക്ക് വിധേയമാവുകയും, പുനരാലോചന നടത്താന്‍ അനുവാദമുള്ളതുമായ വിഷയങ്ങളെന്തെന്നും വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കിയത് തിരുസുന്നത്തായിരുന്നു.
ബുദ്ധിയുപയോഗിച്ച് ഗ്രഹിക്കാനും മനസ്സിലാക്കാനും കഴിയാവുന്ന നിയമങ്ങള്‍, വിധികള്‍, ബാധ്യതകള്‍, ആരാധനകളും, അവയല്ലാത്തവയും നിര്‍ണയിക്കുന്നതും തിരുസുന്നത്ത് തന്നെയാണ്. മനുഷ്യബുദ്ധിക്ക് കണ്ടെത്താനാവുന്ന ഭൗതിക കാര്യങ്ങളും, അവയ്ക്ക് ചെന്നെത്താന്‍ സാധിക്കാത്ത വിചാരണ, പ്രതിഫലം നല്‍കല്‍ തുടങ്ങിയ അദൃശ്യലോകത്തെ സംഭവങ്ങളും തമ്മിലെ വ്യത്യാസം തിരുസുന്നത്താണ് വ്യക്തിമാക്കിയിട്ടുള്ളത്.
ഇപ്രകാരം സുപ്രധാനമായ പല വിജ്ഞാനങ്ങളുടെയും സ്രോതസ്സായി വര്‍ത്തിക്കുന്ന തിരുസുന്നത്തിന് ഇസ്ലാമിക ചിന്താലോകത്ത് മുന്‍നിരയിലാണ് ഇടം. നിബന്ധനകള്‍ പൂര്‍ത്തിയായി സ്വീകാര്യമെന്ന് വിധിയെഴുതപ്പെട്ട സുന്നത്തുകള്‍ ഇസ്ലാമിക വിജ്ഞാനത്തിന്റെ അമൂല്യ നിധിശേഖരമാണ്. അതിസമ്പന്നമായ, ഒട്ടേറെ പ്രയോജനം ചെയ്ത, മഹത്തായ ഉറവിടമാണത്. ദൈവിക വെളിപാടിന്റെ പ്രായോഗിക സാക്ഷാല്‍ക്കാരത്തിന്റെ പരിപൂര്‍ണമായ പ്രതിനിധാനമായി തിരുസുന്നത്ത് പരിഗണിക്കപ്പെടുന്നു.
സ്വയം നിര്‍മിച്ച സിദ്ധാന്തങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതില്‍ ലോകമൊന്നടങ്കം പരാജയപ്പെട്ട് പിന്മാറുന്ന കാലത്ത്, ദൈവിക സിദ്ധാന്തത്തിന്റെ പ്രായോഗികത വളരെ ലളിതമായി സാക്ഷാല്‍ക്കരിച്ചുവെന്നതാണ് പ്രവാചകന്‍ തിരുമേനി(സ) നിര്‍വഹിച്ച ഏറ്റവും വലിയ ദൗത്യം. സമൂഹത്തിന്റെ നവീകരണവും പുനരുത്ഥാനവുമായി ബന്ധപ്പെട്ട എല്ലാ കഠിന ശ്രമങ്ങള്‍ക്കുമുള്ള മൂര്‍ത്തമായ മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ചര്യ. മുസ്ലിം ഉമ്മത്തിന്റെ നവോത്ഥാന-നവജാഗരണ ശ്രമങ്ങള്‍ പ്രവാചക പാതയില്‍ നിന്ന് വഴി മാറി സഞ്ചരിക്കുകയും, പുതിയ വഴി വെട്ടിയുണ്ടാക്കുകയും ചെയ്യുമ്പോഴാണ് അവയെല്ലാം പരാജയപ്പെട്ട് തകര്‍ന്നടിയുന്നത്.
പ്രവാചകന്‍ തിരുമേനി(സ)യുടെ മാര്‍ഗത്തെയാണ് സുന്നത്ത് അടയാളപ്പെടുത്തുന്നത് എന്ന് ചുരുക്കം. മുസ്ലിം ഉമ്മത്തിന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഏതൊരു ചര്‍ച്ചയും തിരുസുന്നത്തില്‍ നിന്ന് തുടങ്ങി, തിരുസുന്നത്തില്‍ തന്നെ അവസാനിപ്പിക്കുകയാണ് വേണ്ടത്. കാരണം ലോകത്ത് പരിപൂര്‍ണമായ അര്‍ത്ഥത്തിലുള്ള പ്രഥമമായ മുസ്ലിം സമൂഹം രൂപപ്പെട്ടത് പ്രസ്തുക മാതൃകയിലായിരുന്നു എന്ന കാര്യം വിസ്മരിക്കാന്‍ നിര്‍വാഹമില്ല തന്നെ.

About dr muhammad imara i

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *