ദജ്ജാലിനെക്കുറിച്ച പ്രവാചക വചനങ്ങള്‍ -1

വരുംകാലത്ത് സംഭവിക്കാനിരിക്കുന്ന കുഴപ്പങ്ങള്‍(ഫിത്‌നകള്‍), ലോകാവസാനത്തിന്റെ അടയാളങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന ധാരാളം പ്രവാചക വചനങ്ങള്‍ ഞാന്‍ വായിക്കുകയുണ്ടായി. അതില്‍

നിന്ന് കണ്ണെടുത്തപ്പോള്‍ അവയില്‍ നിറയെ അങ്ങേയറ്റത്തെ അന്ധകാരമായിരുന്നു!! മറ്റു മുസ്ലിംകളെപ്പോലെ തന്നെ ഞാനും അന്ത്യനാളും പരലോകജീവിതവും സത്യമാണെന്ന് വിശ്വസിക്കുന്നുണ്ട്. അക്കാര്യത്തില്‍ സത്യനിഷേധി മാത്രമെ സംശയം പ്രകടിപ്പിക്കുകയുള്ളൂ. എന്ന് വെച്ച് പരലോകത്ത് നടക്കാനിരിക്കുന്ന വിചാരണ, രക്ഷാശിക്ഷകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ എനിക്കറിയുകയില്ല. കാരണം മനുഷ്യ ബുദ്ധിക്കപ്പുറമുള്ള കാര്യങ്ങളാണ് അവ.

എന്നാല്‍ ലോകം അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ പരീക്ഷണങ്ങള്‍ അധികരിച്ചു കൊണ്ടേയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വഴികേടുകളുടെയും, കുറ്റകൃത്യങ്ങളുടെയും ചരിത്രത്തിലെ എല്ലാ തിന്മകളും പാപങ്ങളും നിറഞ്ഞു നില്‍ക്കുന്ന കാലമായിരിക്കുമത്!

മനുഷ്യന്‍ തന്റെ നാഥനെ വിസ്മരിക്കുകയും, അവന്റെ ബോധനം അവഗണിക്കുകയും, സ്വേഛയെ അനുസരിക്കുകയും ചെയ്യുന്ന പക്ഷം മറ്റെന്താണ് സംഭവിക്കുക! (ഉയിര്‍ത്തെഴുന്നേല്‍പുനാളിന് മുമ്പായി നാം നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാത്ത ഒരു നാടുമുണ്ടാവുകയില്ല. അത് മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയ കാര്യമാണ്). അല്‍ഇസ്‌റാഅ് 58.

(ആ നാടുകള്‍ അതിക്രമം കാണിച്ചപ്പോള്‍ നാം അവയെ നശിപ്പിച്ചു. അവയുടെ നാശത്തിനു നാം നിശ്ചിത കാലപരിധി വെച്ചിട്ടുണ്ടായിരുന്നു). അല്‍കഹ്ഫ് 59

പൊതുജനങ്ങളെ വഞ്ചിക്കുന്ന ദജ്ജാലുകള്‍ ധാരാളമായി രംഗപ്രവേശം ചെയ്യുന്നതിലും തങ്ങളുടെ മഹത്വവും, സ്വാധീനവും ദുരുപയോഗപ്പെടുത്തി ജനങ്ങളെ സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതിലും ആരും തന്നെ അല്‍ഭുതപ്പെടേണ്ടതില്ല.

ഒട്ടേറെ ദജ്ജാലുകള്‍ രംഗത്ത് വരുമെന്ന് ഹദീഥുകള്‍ വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ വഴി തെറ്റിക്കുന്ന, തിന്മകള്‍ വാരിയെറിയുന്ന ഈ ദജ്ജാലുകളെയാണ് ആയിരക്കണക്കിന് ജനങ്ങള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്!!

ഇതുമായി ബന്ധപ്പെട്ട ഹദീഥുകള്‍ ഉദ്ധരിക്കുന്നതിന് മുമ്പ് ഒരു കാര്യം പ്രത്യേകം ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മുസ്ലിംകളെന്ന നിലയില്‍ അതിരുകളില്ലാത്ത മഹത്വത്തിനും സ്തുതിക്കും അര്‍ഹനായ, എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമായ ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ് നാം. അവനാണ് നമ്മെ സൃഷ്ടിക്കുകയും, തീറ്റിക്കുകയും, ധരിപ്പിക്കുകയും, പഠിപ്പിക്കുകയും, വളര്‍ത്തുകയും ചെയ്തവന്‍. എണ്ണമറ്റ അനുഗ്രങ്ങള്‍ അവന്‍ നമുക്ക് മേല്‍ വര്‍ഷിച്ചിരിക്കുന്നു. നാമവനെ സ്മരിച്ച് കൊണ്ടേയിരിക്കുകയും, ഭൂമുഖത്ത് നിലനില്‍ക്കുന്ന കാലത്തോളം ആരാധിക്കുകയും ചെയ്യുന്നു. മരണശേഷം അവനെ കണ്ടുമുട്ടാന്‍ തയ്യാറാവുകയാണ് ഇതുവഴി നാം ചെയ്യുന്നത്. അവനെ പ്രകീര്‍ത്തിച്ചും, പുകഴ്ത്തിയും അവങ്കല്‍ മറ്റൊരു ജീവിതം തുടരുന്നതിന് വേണ്ടിയാണിത്!

പിശാചുക്കളെയും, കലഹപ്രിയരെയും പരാജയപ്പെടുത്തുന്ന ചൊവ്വായ മാര്‍ഗമാണിത്. നമ്മെ വഴിതെറ്റിക്കാന്‍ തിടുക്കം കാണിക്കുന്ന എല്ലാ ദജ്ജാലുകളെയും നാം മലര്‍ത്തിയടിക്കുന്നതും ഈ മാര്‍ഗമവലംബിച്ചാണ്!!

ഇത്രയും മുഖവുരയായി കുറിച്ചതിന് ശേഷം ദജ്ജാലിനെക്കുറിച്ച് വായിച്ചെടുത്ത വിവരങ്ങള്‍ ഞാന്‍ ഇവിടെ ചുരുക്കി വിവരിക്കാം. ചങ്ങലകളാല്‍ വരിഞ്ഞുകെട്ടിയ നിലയില്‍ ഏതോ ഒരു അറേബ്യന്‍ സമുദ്രത്തിലോ, ഇന്ത്യന്‍ സമുദ്രത്തിലോ ആണ് ദജ്ജാലുള്ളതെന്ന് ഒരു ഹദീഥ് പറയുന്നു. ആദ്യകാലത്ത് ക്രിസ്ത്യാനിയായിരുന്ന, പിന്നീട് ഇസ്ലാം സ്വീകരിച്ച തമീമുദ്ദാരി അയാളെ കാണുകയും അക്കാര്യം പ്രവാചകനെ അറിയിക്കുകയും ചെയ്തു. അന്ത്യനാളില്‍ ഫിത്‌നകളും, കലാപങ്ങളുമായി രംഗത്തിറങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ് അയാളത്രെ.

മറ്റൊരു ഹദീഥില്‍ ദജ്ജാലിനെ കുടുംബസഹിതം വിവരിച്ചിരിക്കുന്നു. അയാളുടെ മാതാപിതാക്കള്‍ സന്താനങ്ങളില്ലാതെ മുപ്പത് വര്‍ഷം ജീവിക്കുമെന്നും ഒടുവില്‍ അവര്‍ക്ക് കണ്ണ്‌പൊട്ടനായ, അങ്ങേയറ്റം ഉപദ്രവകാരിയായ, തീരെ പ്രയോജനമില്ലാത്ത മകന്‍ പിറക്കുമെന്നും ഈ ഹദീഥ് കുറിച്ചിരിക്കുന്നു!

About muhammad al gazzali

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *