8938436_orig

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -2

ജനാധിപത്യവുമായി യോജിക്കുന്ന ചില ഇസ്ലാമിക മൂല്യങ്ങള്‍ മുന്നില്‍ വെച്ച് ജനാധിപത്യം പൂര്‍ണമായും ഇസ്ലാമികമാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന ശ്രമം പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. ഇസ്ലാമിനും ജനാധിപത്യത്തിനുമിടയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്നും, അവ ഇരട്ട മക്കളെപ്പോലെയാണെന്നും പ്രചരിപ്പിച്ച് ഇസ്ലാമിന്റെ ആലയില്‍ ജനാധിപത്യത്തെ കെട്ടാനാണ് ചിലരുടെ ശ്രമം.
ഈ മാര്‍ഗം തന്നെയായിരുന്നു ഇതിന് മുമ്പ് സോഷ്യലിസ്റ്റ് വാദികളും നടത്തിയിരുന്നത്. ഇസ്ലാമിക ശരീഅത്ത് ദുര്‍ബലരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നുവെന്നും, തൊഴിലാളിയുടെ കൂലി പൂര്‍ണമായി കൊടുക്കാന്‍ കല്‍പിച്ചിരിക്കുന്നുവെന്നും അതിനാല്‍ തന്നെ ഇസ്ലാമും സോഷ്യലിസവും തുല്യമാണെന്നുമായിരുന്നു അവരുടെ വാദം. ചുരുക്കത്തില്‍ ദൈവം തൃപ്തിപ്പെട്ട ദര്‍ശനം സോഷ്യലിസമാണെന്ന് പ്രചരിപ്പിച്ച അവര്‍, തങ്ങളുടെ ദൗര്‍ബല്യങ്ങളും, ദോഷവശങ്ങളും മറച്ചുവെക്കുകയും ചെയ്തു. നിരീശ്വര വിശ്വാസത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെട്ട ദര്‍ശനമാണെന്ന യാഥാര്‍ത്ഥ്യം പല മുസ്ലിംകളും വിസ്മരിക്കുകയാണ് ചെയ്തത്.
ഇത് തന്നെയാണ് ജനാധിപത്യത്തിന്റെ വക്താക്കള്‍ മുസ്ലിം ലോകത്ത് ചെയ്തത്. ഇസ്ലാമിനും ജനാധിപത്യത്തിനുമിടയില്‍ പരസ്പരം കൂട്ടിക്കലര്‍ത്തുകയും, മറ്റ് ചിലര്‍ ഇസ്ലാമിലെ കൂടിയാലോചനയെയും ജനാധിപത്യത്തെയും പരസ്പരം കലര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്തത്.
പരസ്പര വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഏറ്റവും സത്യസന്ധരായ പ്രവാചകന്മാര്‍ക്കും, പ്രവാചകത്വം അവകാശപ്പെട്ട് രംഗപ്രവേശം ചെയ്ത നുണയന്മാരായ മനുഷ്യര്‍ക്കുമിടയില്‍ പോലും പല സാമ്യതകള്‍ കാണാവുന്നതാണ്. ഇത്തരം സാമ്യതകളുടെ പേരില്‍ അവരെ പരസ്പരം ചേര്‍ത്തുവെക്കാനോ, സമീകരിക്കാനോ ബുദ്ധിയുള്ള ആരെങ്കിലും തയ്യാറാവുമോ?
വ്യാജപ്രവാചകത്വ വാദികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന പല തെളിവുകളുമുണ്ടായിരിക്കുമെന്ന് ഇബ്‌നു കഥീര്‍ വിവരിക്കുന്നുണ്ട് (പ്രായോഗിക ലോകത്ത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ അവര്‍ നന്മ കല്‍പിക്കുകയോ, തിന്മ വിരോധിക്കുകയോ ചെയ്യുകയില്ല).
ചുരുക്കത്തില്‍ സത്യസന്ധര്‍ക്കും, നുണയന്മാര്‍ക്കുമിടയില്‍ പോലും ചില സമാനതകള്‍ കാണാവുന്നതാണ്. സത്യത്തിനും, നുണക്കുമിടയില്‍ പരസ്പരം യോജിക്കാന്‍ കഴിയാത്ത അകലം ഉള്ളതോടൊപ്പമാണിതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ തന്നെ ഇസ്ലാമിനും, വഴികെട്ട പല പ്രത്യയശാസ്ത്രങ്ങള്‍ക്കുമിടിയല്‍ യാദൃശ്ചികമായ ചില സാമ്യതകള്‍ കണ്ടേക്കുമെന്നര്‍ത്ഥം.
വഴികെട്ട പ്രത്യയശാസ്ത്രങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മുസ്ലിം ലോകത്ത് വിപണി കണ്ടെത്തുന്നതിനായി അവയെ ഇസ്ലാമിക ശരീഅത്തിന്റെ ചില മൂല്യങ്ങളുമായി ഏച്ചുകെട്ടുകയാണ് ഇസ്ലാം വിരുദ്ധര്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ അവയ്ക്കിടയിലെ അജഗജാന്തരം വിശ്വാസികള്‍ക്ക് മുന്നില്‍ വ്യക്തമായി സമര്‍പിക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തിനും, ഇസ്ലാമിനുമിടയിലെ വ്യത്യാസങ്ങള്‍ വിശദീകരിക്കുകയാണ് നാമിവിടെ ചെയ്യുന്നത്. മാത്രവുമല്ല, ജനങ്ങള്‍ക്ക് പരിചിതമായ കൂടിയാലോചനാ സംവിധാനത്തിന് പല അപാകതകളും ന്യൂനതകളുമുണ്ട്. അവ മുന്നില്‍ വെച്ച് ഇസ്ലാമിക ശരീഅത്ത് സമര്‍പിച്ച ശരിയായ കൂടിയാലോചന വ്യവസ്ഥയെ ആക്ഷേപിക്കുന്നത് ശരിയായ നിലപാടുമല്ല.
പരസ്പരം താരതമ്യം നടത്തുമ്പോള്‍ സംഭവിക്കാറുള്ള മുഖ്യമായ അബദ്ധങ്ങളിലൊന്നാണിത്. ശരീഅത്ത് നിയമങ്ങളില്‍ വല്ല പോരായ്മയും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരിലാണ് ഇസ്ലാമിനെ വിമര്‍ശിക്കേണ്ടത്. അല്ലാതെ, അതിനെ ഏതാനും ചിലര്‍ തെറ്റായി പ്രയോഗവല്‍ക്കരിക്കുന്നതിന്റെ ഉത്തരവാദിത്തം ശരീഅത്തിന് ഏറ്റെടുക്കാനാവില്ല.

About abdul azeez kaheel

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *