hands

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -3

കൂടിയാലോചന എന്നര്‍ത്ഥം വരുന്ന ശൂറാ എന്ന പദം പൂര്‍ണാര്‍ത്ഥത്തില്‍ ശര്‍ഇയ്യായ പ്രയോഗമാണ്. അല്ലാഹു തന്റെ വേദത്തില്‍ പ്രവാചകന് നല്‍കുന്ന കല്‍പനയാണിത് (കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക). ആലുഇംറാന്‍ 159. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുകയും നമസ്‌കരിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ വിശേഷണമായി വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം മറ്റൊരിടത്ത് സൂചിപ്പിച്ചിരിക്കുന്നു (തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ്). അശ്ശൂറാ 38.
ചുരുക്കത്തില്‍ കൂടിയാലോചനയെക്കുറിക്കുന്ന ശൂറാ പൂര്‍ണാര്‍ത്ഥത്തില്‍ ഖുര്‍ആനിക പദമാണ്. സ്വലാത്, സകാത്, സൗം, ഹജ്ജ് തുടങ്ങിയവ പോലുള്ള ഉദ്ദേശ്യം വ്യക്തമായ ഖുര്‍ആനിക പ്രയോഗമാണത്. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമാണ് ജനാധിപത്യത്തെക്കുറിക്കുന്ന ഡെമോക്രസി. രണ്ട് വ്യത്യസ്ത പദങ്ങള്‍ കൂടിച്ചേര്‍ന്ന ഗ്രീക്ക് സാങ്കേതിക പദമാണിത്. ജനങ്ങളുടെ ഭരണം എന്നാണ് അതിന്റെ അര്‍ത്ഥം.
വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ബഹുദൈവ വിശ്വാസികളായിരുന്നു ഗ്രീക്കിലുണ്ടായിരുന്നത്. വഴികെട്ട തത്വശാസ്ത്രങ്ങളില്‍ അഭിരമിക്കുന്നവരായിരുന്നു അവര്‍. പിന്നീട് യൂറോപ്യന്‍ ചിന്തയുടെ തണലില്‍ നിരീശ്വര വിശ്വാസം പൊതിഞ്ഞ് നില്‍ക്കുന്ന ജനാധിപത്യത്തെ വികസിപ്പിച്ചെടുക്കുകയാണ് അവര്‍ ചെയ്തത്. അതിന്റെ ഏറ്റവും വികസിത രൂപമാണ് നാമിന്ന് കാണുന്ന ജനാധിപത്യ സംവിധാനം.
എന്നിരിക്കെ ശരീഅത്തിലധിഷ്ഠിതമായ കൂടിയാലോചനയെയും, യൂറോപ്യന്‍ ഗ്രീക്ക് നാഗരികതയുടെ സംഭാവനയായ ജനാധിപത്യത്തെയും തമ്മില്‍ എങ്ങനെയാണ് തുലനം ചെയ്യുക!! അവ രണ്ടിന്റെയും ഉറവിടത്തിനിടയില്‍ തന്നെ കാതലായ വ്യത്യാസമുണ്ടെന്ന് വ്യക്തം. അടിസ്ഥാനപരമായ ഈ വ്യത്യാസം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ മാത്രമെ അതിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ട മറ്റ് വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് വസ്തുത.
ശരീഅത്ത് അധിഷ്ടിതമായ കൂടിയാലോചനാ സംവിധാനത്തിന്റെ പൂര്‍ത്തീകരണം ശരീഅത്ത് നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കുക വഴി മാത്രമെ സാധ്യമാവുകയുള്ളൂ. കാരണം കൂടിയാലോചന സ്വയം തന്നെയും ശരീഅത്ത് നിയമങ്ങളുടെ ഭാഗമാണല്ലോ.
അതിനാലാണ് കൂടിയാലോചനയുടെ വിധികളെക്കുറിച്ച പണ്ഡിതന്മാരുടെ ചര്‍ച്ചകളില്‍ മാറ്റി നിര്‍ത്താനാവാത്ത ഘടകമായി ഇസ്ലാമിക ശരീഅത്ത് ഉദ്ധരിക്കപ്പെടുന്നത്. അല്ലാഹു മനുഷ്യന് തൃപ്തിപ്പെട്ട് നല്‍കിയ മറ്റ് ശരീഅത്ത് നിയമങ്ങളെപ്പോലെ തന്നെയാണ് ഇസ്ലാമിലെ കൂടിയാലോചനയും എന്ന് സാരം. അല്ലാഹുവിന്റെ നിയമങ്ങള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളില്‍ പരിപൂര്‍ണമായും, സുരക്ഷിതമായും നടപ്പാക്കുന്നതിന് അനുസരിച്ച് കൂടിയാലോചനയും സുരക്ഷിതമായി നടപ്പാക്കപ്പെടുകയാണുണ്ടാവുക. കാരണം ഇസ്ലാമിക ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണവുമായി അത് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നാല്‍ ജനാധിപത്യം നേരിട്ട് ബന്ധം പുലര്‍ത്തുന്നത് സെക്യുലറിസം അഥവാ മതേതരത്വവുമായാണ്. അതായത് ഏതെങ്കിലും ഒരു മതത്തിന്റെ നിയമങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിക്കുകയെന്നത് അതിന്റെ സുപ്രധാന അടിസ്ഥാനമാണ്. അതിനാലാണ് ജനാധിപത്യത്തില്‍ അധികാരം ജനങ്ങളുടെ -മതത്തിന്റെയല്ല- കയ്യിലേല്‍പിക്കപ്പെട്ടത്. സെക്യുലര്‍ പരിസ്ഥിതിയില്‍ മാത്രം നിലനില്‍പുള്ള ജനാധിപത്യത്തിന് ജനാധികാരം അംഗീകരിക്കുകയെന്നത് നിവൃത്തികേടിന്റെ ഭാഗമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

About abdul azeez kaheel

Check Also

democracy (1)

അറബ് ലോകത്ത് ജനാധിപത്യത്തിന്റെ ഭാവി?

ഭൂരിപക്ഷ അറബ് നാടുകളിലും ജനാധിപത്യഭരണത്തിനും, മാറ്റത്തിനുമായി പോരാട്ടവും, വിപ്ലവവും നടക്കുന്ന വേളയില്‍ ജനാധിപത്യത്തെക്കുറിച്ച ചര്‍ച്ച കൂടുതല്‍ പ്രയാസകരവും സങ്കീര്‍ണവുമാണെന്നാണ് ഞാന്‍ …

Leave a Reply

Your email address will not be published. Required fields are marked *