35

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -4

മതേതരത്വം, ഭൗതികവാദം തുടങ്ങിയവയാണ് സെക്യുലറിസം എന്ന പദത്തിന് നല്‍കാവുന്ന ഏറ്റവും അനുയോജ്യമായ അര്‍ത്ഥങ്ങള്‍. മതത്തിന് പുറമെയുള്ള മാനദണ്ഡങ്ങള്‍ക്ക് മേല്‍ ജീവിതത്തെ പണിതുയര്‍ത്തുകയെന്ന തത്വത്തിലേക്കാണ് അതിന്റെ ക്ഷണം. ഭരണത്തില്‍ നിന്ന് മതമൂല്യങ്ങള്‍ മാറ്റി നിര്‍ത്തുകയെന്നതാണ് അതിന്റെ രാഷ്ട്രീയ മുഖം അര്‍ത്ഥമാക്കുന്നത്.
ജനാധിപത്യത്തെയും കൂടിയാലോചനയെയും പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ പ്രഥമമായി വേണ്ടത് അവ രണ്ടിനെയും അവയുടെ ഉറവിടത്തിലേക്ക് മടക്കുകയെന്നതാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന കൂടിയാലോചന ജീവിതം മുഴുക്കെ ദൈവിക നിയമങ്ങള്‍ക്ക് വിധേയപ്പെടുത്താന്‍ അനുശാസിക്കുന്ന ശരീഅത്തിന്റെ തന്നെ ഭാഗമാണ്. (പറയുക: ”നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. ”അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍.”). അല്‍അന്‍ആം 162-163. ചുരുക്കത്തില്‍ ശരീഅത്തിന്റെ പ്രായോഗികതയുടെ തുടര്‍ച്ചയായി മാത്രമെ കൂടിയാലോചന സംവിധാനം ഇസ്ലാമില്‍ കടന്നുവരുന്നുള്ളൂ.
ഇസ്ലാമിന്റെ ശോഭനകാലത്ത് ഭൗതികജീവിതത്തെയും രാഷ്ട്രീയത്തെയുമെല്ലാം ചേര്‍ത്ത് വെച്ച അതിസൂക്ഷ്മമായ സാക്ഷാല്‍ക്കാരമായിരുന്നു ഇസ്ലാം. അതിനാലാണ് ഇസ്ലാമിലെ ഇമാമതിനെ ഇമാം മാവര്‍ദി ‘മതത്തെ സംരക്ഷിക്കുന്നതിനും, ഭൗതികലോകത്തെ ഭരിക്കുന്നതിനും ആവിഷ്‌കരിക്കപ്പെട്ടത്’ എന്ന് വിശദീകരിച്ചത്.
എന്നാല്‍ ജീവിതത്തില്‍ നിന്ന് പരിപൂര്‍ണമായും മതത്തെ അകറ്റി നിര്‍ത്തുകയെന്നതാണ് സെക്യുലറിസത്തിന്റെ നയം. ഈ അടിസ്ഥാനത്തിന്മേല്‍ പണിതുയര്‍ത്തപ്പെട്ടത് തന്നെയാണ് അതിന്റെ രാഷ്ട്രീയ മുഖവും. അതിനാല്‍ തന്നെ ബ്രിട്ടീഷ് വിശ്വവിജ്ഞാനകോശം മതനിരാസത്തെ രണ്ടായി തിരിച്ചപ്പോള്‍ ‘കര്‍മപരമായ ദൈവനിരാസം’ എന്ന രണ്ടാമത്തെ ഇനത്തിന് ഉദാഹരണമായി സെക്യുലറിസത്തെ ഉള്‍പെടുത്തിയതായി കാണാവുന്നതാണ്. ദൈവനിരാസ പ്രവണതയുടെ പ്രായോഗിക പതിപ്പാണ് സെക്യുലറിസം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത് എന്നതിനാലാണിത്.
ഇസ്ലാമിനും സെക്യുലറിസത്തിനുമിടയിലെ അന്തരങ്ങള്‍ വ്യക്തമായിക്കഴിഞ്ഞാല്‍ അവ രണ്ടില്‍ നിന്നും പുറത്ത് വരുന്ന കൂടിയാലോചനക്കും ജനാധിപത്യത്തിനുമിടയിലെ അന്തരവും വ്യക്തമാവുന്നതാണ്. ആരെങ്കിലും കൂടിയാലോചനയെയും ജനാധിപത്യത്തെയും പരസ്പരം ചേര്‍ത്തുവെക്കാനും സമീകരിക്കാനും ശ്രമിക്കുന്നുവെങ്കില്‍, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവിക നിയമങ്ങളുടെ ആധിപത്യം അനിവാര്യമാക്കുന്ന മതത്തെയും ജീവിതത്തില്‍ നിന്ന് മതത്തെ പാടെ അകറ്റി നിര്‍ത്തുന്ന തത്വശാസ്ത്രത്തെയും സമീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്!!
ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് കേവലം ഉപരിപ്ലവമായി കാര്യങ്ങളെ വിലയിരുത്തുകയും, താരതമ്യം നടത്തുകയും ചെയ്യുന്ന പക്ഷം നാം മറ്റുള്ളവരുടെ പരിഹാസത്തിന് ഇരയാവുകയാണുണ്ടാവുക. ജനാധിപത്യത്തെ പിന്തുണക്കുകയും, അതേസമയം സെക്യുലറിസത്തോട് ശത്രുത പുലര്‍ത്തുകയും ചെയ്യുകയെന്ന വൈരുദ്ധ്യമാണ് ഇതുവഴി നാം മുറുകെ പിടിക്കുന്നത്.
കൂടിയാലോചന എന്ന ആശയത്തെ മാത്രമല്ല, മറിച്ച് അത് ഏത് മേഖലയിലാണ് നടപ്പാക്കുന്നത് എന്നത് കൂടി ഇസ്ലാമിന് ചര്‍ച്ചാ വിഷയമാണ്. ദൈവം നിശ്ചയിച്ച, വിധി കല്‍പിച്ച നിയമങ്ങളില്‍ കൂടിയാലോചന നടത്താന്‍ സൃഷ്ടികള്‍ക്ക് അവകാശമില്ല എന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വമാണ്. ഇവയ്ക്ക് പുറമെയുള്ള മേഖലകളില്‍ മാത്രമാണ് അഥവാ ഇജ്തിഹാദിന് അനുവാദം നല്‍കപ്പെട്ട വിഷയങ്ങളില്‍ മാത്രമാണ് ഇസ്ലാം കൂടിയാലോചന അംഗീകരിക്കുന്നത്. അതിനാല്‍ തന്നെ ശരീഅത്ത് നിയമത്തിന് വിരുദ്ധമായ ആശയങ്ങള്‍ സ്ഥാപിക്കുന്ന എല്ലാ തരം കൂടിയാലോചനകളും ഇസ്ലാമിക വിരുദ്ധമാണ്. അതിനാല്‍ തന്നെ പ്രവാചക സഖാക്കള്‍ കൂടിയാലോചന നടത്തുമ്പോള്‍ പ്രസ്തുത വിഷയത്തില്‍ വല്ല വെളിപാടും അവതരിച്ചിട്ടുണ്ടോ എന്ന് പ്രവാചകനോട് ആരായാറുണ്ടായിരുന്നു.

About abdul azeez kaheel

Check Also

maxresdefault

കമ്യൂണിസത്തിന് കാലിടറിയതെവിടെ? -1

നവ സമൂഹം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യന്റെ തന്നെ ഭൗതികമോഹവും ആര്‍ത്തിയുമാണെന്നും, അതിനെ മറികടക്കാനാവുന്ന പക്ഷം ഉന്നതമായ …

Leave a Reply

Your email address will not be published. Required fields are marked *