567

വ്യക്തിവാഴ്ചയല്ല ഇസ്ലാം -2

വഴികേടിലേക്ക് നയിക്കുന്ന കാരണങ്ങളാല്‍ നിബിഢമാണ് ഐഹിക ലോകം. വിശ്വാസത്തിന് മനുഷ്യ മനസ്സില്‍ യാതൊരു ഇടവും നല്‍കാതിരിക്കാനാണ് അത് കാര്യമായി ശ്രമിക്കുക. നിരന്തര പരിശ്രമത്തിന് ശേഷം വിശ്വാസം വല്ലതും നേടിയെടുത്താല്‍, അതിനെ ഇല്ലാതാക്കുന്നത് വരെ പോരാടുകയാണ് ഭൗതികത ചെയ്യുക. അതിനാലാണ് വിശ്വാസമെന്നത് അവിഭജിതമായ സമ്പൂര്‍ണ ഘടകമാണെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കണം വിശ്വാസിയുടെ സ്‌നേഹവും വെറുപ്പും, യുദ്ധവും സമാധാനമെന്നും പഠിപ്പിച്ചത്. ആദര്‍ശത്തെ സേവിക്കുന്നതില്‍ വികാരത്തിനുള്ള പങ്ക്, ബുദ്ധിക്കുള്ളതിനേക്കാള്‍ ഒട്ടും കുറവല്ല എന്ന് സാരം.
ഇവ്വിഷയകമായി അവതീര്‍ണമായ ഖുര്‍ആനിക വചനങ്ങള്‍ മിക്കവാറും പ്രവാചകനെ അഭിസംബോധന ചെയ്താണ് ആരംഭിക്കാറുള്ളത്. (നബിയേ, അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിക്കരുത്. അല്ലാഹു എല്ലാം അറിയുന്നവനാണ്; യുക്തിമാനും. നിനക്ക് നിന്റെ നാഥനില്‍ നിന്ന് ബോധനമായി കിട്ടുന്ന സന്ദേശം പിന്‍പറ്റുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു. അല്ലാഹുവില്‍ ഭരമേല്‍പിക്കുക. കൈകാര്യ കര്‍ത്താവായി അല്ലാഹു തന്നെ മതി). അല്‍അഹ്‌സാബ് 1-3.
സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കുന്നതിനോ, വിധേയപ്പെടുന്നതിനോ തിരുദൂതര്‍(സ) ഒരിക്കലും തുനിഞ്ഞിട്ടില്ല എന്നിരിക്കെ അദ്ദേഹത്തെ അഭിസംബോധന ചെയ്ത് ഖുര്‍ആനിക വചനം അവതരിക്കേണ്ടതില്ല. എന്നാല്‍ തിരുദൂതരെ(സ) അഭിസംബോധന ചെയ്ത് മുസ്ലിം സമൂഹത്തിലെ ഓരോ വ്യക്തിയെയും ഉല്‍ബോധിപ്പിക്കുകയെന്നതാണ് ഖുര്‍ആനിക ശൈലി.
മറ്റൊരു ഖുര്‍ആനിക കല്‍പന ഇപ്രകാരമാണ് (അല്ലാഹുവിന്റെ വചനങ്ങള്‍ നിനക്കിറക്കിക്കിട്ടിയശേഷം സത്യനിഷേധികള്‍ നിന്നെ അതില്‍നിന്ന് തെറ്റിക്കാതിരിക്കട്ടെ. നീ ജനങ്ങളെ നിന്റെ നാഥനിലേക്കു ക്ഷണിക്കുക. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുത്. അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളും നശിക്കും. അവന്റെ സത്തയൊഴികെ). അല്‍ഖസ്വസ്വ് 87-88.
ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസത്തോടും വ്യാജദൈവങ്ങളോടും യുദ്ധം പ്രഖ്യാപിച്ച് കൊണ്ടാണ് തിരുമേനി(സ) തന്റെ പ്രബോധനം ആരംഭിച്ചത്. അദ്ദേഹത്തെയാണ് വിശ്വാസികള്‍ അക്കാര്യത്തില്‍ മാതൃകയാക്കിയത് എന്നിരിക്കെ ബഹുദൈവ വിശ്വാസത്തെ പിന്തുണക്കുന്ന ഒരു സമീപനം ഒരിക്കലും പ്രതീക്ഷിക്കാനുമാവില്ല.
വിശ്വാസികള്‍ക്ക് മാതൃകയായി സമര്‍പിക്കപ്പെട്ട ഉന്നതമായ വ്യക്തിത്വമായിരുന്നു തിരുമേനി(സ). അദ്ദേഹത്തിന്റെ ചര്യകളും ജീവിതശീലങ്ങളും അനുയായികള്‍ അതിസൂക്ഷ്മമായി നിരീക്ഷിക്കുകയും, അനുകരിക്കുകയും ചെയ്തിരുന്നു. എങ്കില്‍പോലും പ്രസ്തുത പ്രവാചകനെ അഭിസംബോധന ചെയ്ത്, അദ്ദേഹത്തില്‍ നിന്ന് സംഭവിക്കാന്‍ ഒട്ടും സാധ്യതയില്ലാത്തെ വീഴ്ചകളെക്കുറിച്ച് ഖുര്‍ആന്‍ താക്കീത് നല്‍കുന്നത്, ഒരു വ്യക്തിക്കും മാനുഷികതക്ക് മുകളിലുള്ള സ്ഥാനമോ, സമ്പൂര്‍ണ അപ്രമാദിത്വമോ നല്‍കാന്‍ പാടില്ലെന്ന് കുറിക്കാന്‍ തന്നെയാണ്. ഖുര്‍ആന്‍ തിരുമേനി(സ)യെ താക്കീത് ചെയ്യുന്നത് ഇപ്രകാരമാണ് (സംശയമില്ല; നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും ബോധനമായി നല്‍കിയതിതാണ്: ‘നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ ഉറപ്പായും നിന്റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയും ചെയ്യും.’). അസ്സുമര്‍ 65.
ഇത്തരം അഭിസംബോധനാ രീതികള്‍ നമ്മുടെ കണ്ണ് തുറപ്പിക്കുന്നതിനും, വളരെ വലിയ സന്ദേശങ്ങള്‍ നമുക്ക് പകര്‍ന്ന് നല്‍കുന്നതിനുമുള്ളതാണ്. വിശ്വാസികള്‍ക്ക് സംഭവിക്കുന്ന ദൗര്‍ബല്യങ്ങളുടെ പേരില്‍ അവരെ കുറ്റപ്പെടുത്തുന്നതോടൊപ്പം, പൂര്‍ണാര്‍ത്ഥത്തില്‍ ഒരു വ്യക്തിയെ അവലംബിച്ച് നിലകൊള്ളുന്നതിനെക്കുറിച്ച് താക്കീത് നല്‍കുക കൂടി ചെയ്യുന്നു.

About muhammad al gazzali

Check Also

1

സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണതയാണ് ഏകദൈവാരാധന -2

വിജ്ഞാനത്തിന്റെ ആധികാരിക സ്രോതസ്സ് അല്ലാഹുവാണെന്ന വീക്ഷണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ആദിമ മനുഷ്യന് ദൈവം ജ്ഞാനം പകര്‍ന്ന് നല്‍കിയ ചരിത്രം …

Leave a Reply

Your email address will not be published. Required fields are marked *