murad-2

ഡോ. മുറാദ് ഹോഫ്മാന്‍ ഇസ്ലാമിലേക്ക് വഴി നടന്നപ്പോള്‍

ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ, മൊറോക്കോയില്‍ ജര്‍മനിയുടെ അംബസാഡറായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഡോ. മുറാദ് ഹോഫ്മാനെ ഇസ്ലാമിലേക്ക് നയിച്ചത് യുവത്വകാലത്ത് അദ്ദേഹം വിധേയമായ ഗുരുതരമായ

വാഹനാപകടമായിരുന്നു. അപകടനില തരണം ചെയ്ത് ബോധം ലഭിച്ച അദ്ദേഹത്തോട് ഓപറേഷന്‍ നടത്തിയ ഡോക്ടര്‍ പറഞ്ഞുവത്രെ (ഇതുപോലുള്ള അപകടങ്ങളില്‍ സാധാരണയായി ആരും ജീവനോടെ രക്ഷപ്പെടാറില്ല. തീര്‍ച്ചയായും ദൈവം താങ്കള്‍ക്ക് സവിശേഷമായ എന്തോ സൂക്ഷിച്ച് വെച്ചിരിക്കുന്നു).

നിരന്തരമായ പഠന-ഗവേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം സ്വീകരിച്ചതോടെ പുതുജീവിതത്തില്‍ ദൈവം സൂക്ഷിച്ച് വെച്ച അമൂല്യമായ നിധി കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. മൊറോക്കോയിലെ നല്ലവരായ മുസ്ലിംകളുടെ കൂടെ ജീവിച്ചാണ് അദ്ദേഹം ഇസ്ലാമിനെക്കുറിച്ച് പഠിച്ചതെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമാശ്ലേഷണം പ്രഖ്യാപിച്ച അദ്ദേഹത്തിന് നേരെ ക്രൂരമായ ആക്രമമാണ് ജര്‍മന്‍ മീഡിയകള്‍ അഴിച്ചുവിട്ടത്. തന്റെ പ്രിയപ്പെട്ട മാതാവിന് അദ്ദേഹം കത്തയച്ചപ്പോള്‍ ലഭിച്ച പ്രതികരണം ഇപ്രകാരമായിരുന്നു (നീ അവിടെ അറബികളുടെ കൂടെ തന്നെ ജീവിച്ചോ).

പക്ഷെ ഹോഫ്മാന്‍ ഇവയൊന്നും പരിഗണിച്ചതേയില്ല. അദ്ദേഹം പറയുന്നു (ഇസ്ലാമാശ്ലേഷണത്തിന്റെ പേരില്‍ മീഡിയകളുടെ നേതൃത്വത്തില്‍ വളരെ കടുത്ത ആക്രമണത്തിനും, മാനഹാനിക്കും വിധേയമായപ്പോള്‍ ഞാനവയെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തത്. എനിക്കെതിരെ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളോട് ഞാന്‍ സ്വീകരിച്ച സമീപനത്തെ യഥാര്‍ത്ഥ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് പോലും സാധിച്ചില്ല. ‘നിനിക്ക് മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായമഭ്യര്‍ത്ഥിക്കുന്നു’ എന്നര്‍ത്ഥമുള്ള ദൈവിക വചനത്തിന്റെ വിശദീകരണം മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്ന് അവര്‍ തിരിച്ചറിയുമായിരുന്നു).

ഇസ്ലാം സ്വീകരിച്ചതിന് ശേഷം ഗ്രന്ഥരചനക്കായ് തന്റെ ജീവിതം നീക്കിവെക്കുകയാണ് ഡോ. ഹോഫ്മാന്‍ ചെയ്തത്. ജര്‍മന്‍ മുസ്ലിമിന്റെ ഒരു ദിവസം, മക്കയിലേക്കുള്ള വഴി, ഇസ്ലാമാണ് പരിഹാരം, ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാം തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറവിയെടുത്തു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ജര്‍മനിയില്‍ വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തുകയുണ്ടായി.

ഭൗതികതയെയും, ആത്മീയതയെയും തീര്‍ത്തും സന്തുലിതമായി സമീപിക്കാന്‍ ഇസ്ലാമിന് സാധിച്ചുവെന്ന് ഡോ. ഹോഫ്മാന്‍ ചൂണ്ടിക്കാണിക്കുന്നു (ഇഹലോകത്തെ പ്രവര്‍ത്തനങ്ങളുടെ ഫലം മാത്രമാണ് പരലോകമെന്നത്. അതിനാല്‍ തന്നെ ഐഹികലോകത്തെ കാര്യഗൗരവത്തോടെ സമീപിക്കേണ്ടിയിരിക്കുന്നു. പരലോകനേട്ടത്തിന് വേണ്ടി മാത്രമല്ല, ഇഹലോക നേട്ടങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയെ പഠിപ്പിക്കുന്നത് ഈയര്‍ത്ഥത്തിലാണ്. ‘നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്ത് ഉത്തമമായത് നല്‍കുകയും, പരലോകത്തും ഉത്തമമായത് തന്നെ നല്‍കുകയും ചെയ്യേണമേ’ എന്നാണ് ആ പ്രാര്‍ത്ഥന).

ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ വളരെ ദുരബലമായിരിക്കുമ്പോള്‍ തന്നെയും ലോകത്ത് ഇസ്ലാമിന് അതിവേഗപ്രചാരം ലഭിച്ചിരിക്കുന്നതിനുള്ള കാരണമെന്തെന്ന് അദ്ദേഹം വിശദീകരിക്കുന്നത് ഇപ്രകാരമാണ് (ഇസ്ലാമിന്റെ അതിവേഗ വളര്‍ച്ച ചരിത്രത്തിലുടനീളം കാണപ്പെട്ട പ്രതിഭാസമായിരുന്നു. കാരണം പ്രവാചകന്‍ മുഹമ്മദിന്റെ ഹൃദയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രകൃതിദര്‍ശനമാണ് ഇസ്ലാം എന്നത് തന്നെയാണ്).

(എന്നെന്നും നിലനില്‍ക്കാനും, ചെറുത്ത് നില്‍ക്കാനും സാധിക്കുന്ന സമഗ്രമായ ദര്‍ശനമാണ് ഇസ്ലാം. വിദ്യതേടല്‍ നിര്‍ബന്ധമാക്കിയ ദര്‍ശനമാണ് അത്. വിജ്ഞാനം ആരാധനയാണെന്ന് ഇസ്ലാം പഠിപ്പിച്ചു. ചരിത്രത്തിലെ ഭീകരമായ പ്രതിസന്ധികള്‍ക്ക് മുന്നില്‍ ഇസ്ലാം തലയെടുപ്പോടെ അടിയുറച്ച് നിന്നത് തങ്ങള്‍ക്ക് നേരെയുള്ള നിന്ദ്യതയായാണ് അധിക പാശ്ചാത്യരും മനസ്സിലാക്കിയത്).

പാശ്ചാത്യരുടെ കപടസമീപനത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഡോ. ഹോഫ്മാന്‍ (ബലിപെരുന്നാളിന് മുസ്ലിംകള്‍ മൃഗങ്ങളെ ബലിയറുത്ത് ത്യാഗം പ്രകടിപ്പിക്കുന്നത് പാശ്ചാത്യര്‍ കാടത്തമായി വിലയിരുത്തുന്നു. അതേസമയം തന്നെ ദൈവം തന്റെ മകനെ ബലിയെറുത്തെന്ന് അവകാശപ്പെട്ട് അവര്‍ ദുഖവെള്ളി ആചരിക്കുകയും ചെയ്യുന്നു!)

പൗരസ്ത്യ ദേശം ലോകത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുമെന്ന് പറയുന്ന അദ്ദേഹം ‘കിഴക്ക് നിന്ന് പ്രകാശം വരാനിരിക്കുന്നു’വെന്ന പ്രയോഗം ഇതിനായി കടമെടുത്തിരിക്കുന്നു.

(ഇസ്ലാമാണ് ഒരിക്കലും നശിക്കാത്ത എന്നെന്നേക്കുമുള്ള പരിഹാരം. ചിലരതിനെ പഴഞ്ഞനായി കണക്കാക്കുന്നുവെങ്കിലും അത് പുതിയതും, വരുംകാലങ്ങളെക്കൂടി കൈകാര്യം ചെയ്യുന്നതുമുാണ്. അതിനെ സ്ഥലമോ, കാലമോ പരിമിതപ്പെടുത്തുകയില്ല) എന്നാണ് ഡോ. ഹോഫ്മാന്‍ ലോകത്തോട് വിളിച്ച് പറഞ്ഞത്.

About dr.abdul muathi dallathi

Check Also

islam

ഇസ്ലാമിക പ്രബോധനത്തിന്റെ രാഷ്ട്രീയ മുഖം -6

മദീനയിലെത്തിയ തിരുമേനി(സ) പ്രഥമമായി ചെയ്ത കര്‍മം പള്ളി നിര്‍മാണമായിരുന്നു. വിശ്വാസികള്‍ക്ക് സമ്മേളിക്കാനും, പ്രാര്‍ത്ഥന നിര്‍വഹിക്കാനും, കൂടിയാലോചന നടത്താനും, മുസ്ലിംകളുടെ പ്രശ്‌നങ്ങളില്‍ …

Leave a Reply

Your email address will not be published. Required fields are marked *