korsi

ഏകദൈവ വിശ്വാസം ക്രൈസ്തവ മതത്തില്‍

ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന വേദങ്ങള്‍ പരിശോധിക്കുന്നയാള്‍ക്ക് ത്രിയേകത്വത്തെക്കുറിച്ച വ്യക്തമായ പരാമര്‍ശമൊന്നും കാണാനാവില്ല. മാത്രമല്ല, ഏകദൈവവിശ്വാസത്തെ കുറിക്കുന്ന സുവ്യക്തവും ഖണ്ഡിതവുമായ ഒട്ടേറെ തെളിവുകള്‍ അവയില്‍ കാണാവുന്നതുമാണ്. മസീഹിന്റെയും അദ്ദേഹത്തിന്റെ ശിഷ്യരുടെയും അല്ലാഹു നിയോഗിച്ച മറ്റു പ്രാവാചകരുടെയും ദര്‍ശനം ഏകദൈവവിശ്വാസമായിരുന്നു എന്ന് കുറിക്കുന്നവയാണ് അവ.

ഏകദൈവത്വത്തിലേക്ക് ക്ഷണിക്കുന്ന സന്ദേശങ്ങളും ഉപദേശങ്ങളും കൊണ്ട് നിബിഢമാണ് പഴയനിയമം. അവയില്‍ വളരെ സുപ്രധാനമായ ചില പരാമര്‍ശങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.

– ദൈവം മൂസാ പ്രവാചകന് കല്ലിലെഴുതി നല്‍കി, ഇസ്രയേല്‍ സന്തതികളോട് സൂക്ഷിക്കാന്‍ കല്‍പിച്ച ഉപദേശങ്ങള്‍ ആവര്‍ത്തന പുസ്തകത്തില്‍ ഇപ്രകാരമാണ് വന്നിരിക്കുന്നത് ഇപ്രകാരമാണ് (ഇസ്രയേല്‍, നിങ്ങള്‍ കേള്‍ക്കുക, നമ്മുടെ രക്ഷിതാവായ നാഥന്‍ ഏകനാണ്. നിന്റെ എല്ലാ ശക്തിയും, ഹൃദയവും, മനസ്സും ഉപയോഗിച്ച് നീ നാഥനെ സ്‌നേഹിക്കുക. ഈ വചനങ്ങള്‍ ഇന്ന് ഞാന്‍ നിന്റെ ഹൃദയത്തിലേക്ക് ഉപദേശമായി നല്‍കിയിരിക്കുന്നു. താങ്കളത് സ്വന്തം മക്കള്‍ക്ക് വിശദീകരിച്ച് കൊടുക്കുക. വീട്ടിലിരിക്കുമ്പോള്‍ അത് വിവരിച്ച് കൊടുക്കുക. വഴിയില്‍ നടക്കുമ്പോഴും, ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴുമൊക്കെ ഇവ മുറുകെ പിടിക്കുക. അടയാളമായി അവ കയ്യില്‍ കെട്ടുക). ആവര്‍ത്തന പുസ്തകം 4/6-9

– (നിന്നെ ഈജിപ്തില്‍ നിന്നും പുറത്ത് കടത്തിയ ദൈവം ഞാനാകുന്നു. എന്റെ മുന്നില്‍ നിനക്ക് മറ്റൊരു ദൈവവും ഇല്ല തന്നെ). ആവര്‍ത്തന പുസ്തകം 5/6

– ദൈവം മൂസാ പ്രവാചകനും, ഇസ്രയേല്‍ സന്തതികള്‍ക്കും നല്‍കിയ ഉപദേശം അവയില്‍പെടുന്നു (ഞാനാണ് നിന്നെ ഈജിപ്തില്‍ നിന്ന് പുറത്ത് കടത്തിയ ദൈവം. ഞാനല്ലാതെ നിനക്ക് മറ്റൊരു ദൈവവും ഇല്ല. നീ ഏതെങ്കിലും ബിംബം കൊത്തിയുണ്ടാക്കുകയോ, ചിത്രം വരച്ചുണ്ടാക്കുകയോ ചെയ്യരുത്). പുറപ്പാട് പുസ്തകം 2/4-20

– രാജാക്കന്മാര്‍ ഒന്നില്‍ ഇപ്രകാരം പറയുന്നു (ദൈവം അല്ലാഹുവാണെന്നും അവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും ഭൂമിയിലുള്ള എല്ലാ ജനതയും അറിഞ്ഞുകൊള്‍ക). രാജാക്കന്മാര്‍ ഒന്ന് (60/8).

– ദാവീദിന്റെ പ്രകീര്‍ത്തനത്തില്‍ വന്നിരിക്കുന്നത് ഇപ്രകാരമാണ് (നാഥാ, നീ സൃഷ്ടിച്ച എല്ലാ സമൂഹങ്ങളും നിന്റെ അടുത്തേക്ക് വന്ന് നിന്റെ മുന്നില്‍ പ്രണാമമര്‍പിക്കുന്നതാണ്. അവര്‍ നിന്റെ നാമം വാഴ്ത്തുകയും ചെയ്യുന്നു. കാരണം അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള മഹാനാണ് നീ. നീ ഏകനായ ദൈവമാകുന്നു). പ്രകീര്‍ത്തനം 9/10-86

– യശയ്യാഹുവില്‍ ഇപ്രകാരം കാണാവുന്നതാണ് (രക്ഷിതാവ് പറഞ്ഞിരിക്കുന്നു ‘എനിക്ക് മുമ്പ് ഒരു ദൈവവും സങ്കല്‍പിക്കപ്പെട്ടിട്ടില്ല, എനിക്ക് ശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, ഞാന്‍ മാത്രമാണ് നാഥന്‍. ഞാനല്ലാത്തവര്‍ ആത്മാര്‍ത്ഥരല്ല. ഞാന്‍ സത്യം അറിയിച്ചിരിക്കുന്നു). യശയ്യാഹു 10/12-43

– (എല്ലാറ്റിനെയും സൃഷ്ടിച്ച നാഥനാണ് ഞാന്‍. ആകാശത്തെ പരത്തിയതും, ഭൂമിയെ വിരിച്ചതും ഞാന്‍ തന്നെയാണ്. എന്റെ കൂടെ മറ്റാരാണുള്ളത്?) യശയ്യാഹു 44/24

മേലുദ്ധരിച്ചവയെല്ലാം ഏകദൈവത്വത്തെ കുറിക്കുന്ന പഴയ നിയമത്തിലെ പരാമര്‍ശങ്ങളാണ്. പുതിയ നിയമം പരിശോധിക്കുമ്പോഴും ഇത്ര തന്നെ വ്യക്തമായി ഏകദൈവ വിശ്വാസം മുറുകെ പിടിക്കാനുള്ള കല്‍പനകളും നിര്‍ദേശങ്ങളും കാണാവുന്നതാണ്.

– മസീഹ് പറയുന്നതായി പുതിയനിയമം ഉദ്ധരിക്കുന്നു (നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു പിതാവുണ്ടെന്ന് പറയരുത്. കാരണം നിങ്ങളുടെ പിതാവ് ഒന്ന് മാത്രമെ ഉള്ളൂ. അവനാണ് ആകാശലോകത്തുള്ളത്. നിങ്ങള്‍ ഒട്ടേറെ ഗുരുക്കന്മാരുണ്ടെന്ന് പറയരുത്. നിങ്ങള്‍ക്ക് മസീഹെന്ന ഗുരു മാത്രമെ ഉള്ളൂ). മത്തായി 9/10-23

– മത്തായിയില്‍ തന്നെയുള്ള മറ്റൊരു പരാമര്‍ശം ഇപ്രകാരമാണ് (അപ്പോഴൊരാള്‍ മുന്നോട്ട് വന്നു പറഞ്ഞു ‘അല്ലയോ സച്ചരിതനായ ഗുരുവേ, എനിക്ക് ശാശ്വതമായ ജീവിതം ലഭിക്കാന്‍ ഞാന്‍ എന്ത് നന്മയാണ് പ്രവര്‍ത്തിക്കേണ്ടത്? അപ്പോഴദ്ദേഹം പറഞ്ഞു ‘നീയെന്താ എന്നെ സച്ചരിതനെന്ന് വിളിക്കുന്നത്? അല്ലാഹുവല്ലാതെ മറ്റൊരു സച്ചരിതനുമില്ല’). മത്തായി 17/19

– ഈശോയെ വശീകരിച്ച് കൊണ്ട് പിശാച് പറഞ്ഞു (നീ എന്റെ മുന്നില്‍ വീണ് സാഷ്ടാംഗം നമിച്ചാല്‍ ഇത് മുഴുവന്‍ നിനക്കുള്ളതാണ്’. ഇതുകേട്ട ഈശോ പറഞ്ഞു ‘നീ കടന്ന് പോവുക പിശാചേ, കാരണം അല്ലാഹു മാത്രമാണ് സുജൂദ് ചെയ്യപ്പെടേണ്ട രക്ഷിതാവെന്നും, അവന് മാത്രമെ ആരാധനകള്‍ അര്‍പ്പിക്കാവൂ എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു’).

– മസീഹ് ജൂതരോട് പറഞ്ഞു ‘നിങ്ങളുടെ പിതാവിന്റെ കര്‍മങ്ങളെക്കുറിച്ച് അറിയുന്നവരാണ് നിങ്ങള്‍. അപ്പോള്‍ അവര്‍ അദ്ദേഹത്തോട് പറഞ്ഞു ‘ഞങ്ങള്‍ വ്യഭിചാരത്തിലൂടെ പിറന്നവരല്ല. ഞങ്ങള്‍ക്ക് ഒരു ദൈവമാണ് ഉള്ളത്. അത് അല്ലാഹുവാണ്’. അപ്പോഴവരോട് ഈശോ പറഞ്ഞു ‘നിങ്ങളുടെ പിതാവ് അല്ലാഹുവാണെങ്കില്‍ നിങ്ങളെന്നെ സ്‌നേഹിച്ചിരുന്നേനെ. കാരണം അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവനാണ് ഞാന്‍. ഞാന്‍ സ്വയം വന്നവനല്ല. അവന്‍ അയച്ചതാണ് എന്നെ). യോഹന്നാ 8/41-42

ഈശോയുടെ മാത്രമല്ല, ശിഷ്യരുടെ വിശ്വാസവും ഏകദൈവത്വം തന്നെയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന യഅ്ഖൂബ് പറയുന്നത് ഇപ്രകാരമാണ് (‘അല്ലാഹു ഏകനാണെന്ന് നീ വിശ്വസിക്കുന്നു. അത് ഏറ്റം നല്ല വിശ്വാസം തന്നെ’) യാക്കോബ് 2/19

മറ്റൊരിടത്ത് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ് (യുക്തിജ്ഞനും ഏകനുമായ ദൈവമാണ് ഞങ്ങളുടെ രക്ഷകന്‍). യഹൂദാ 25

ചുരുക്കത്തില്‍ ഏകദൈവവിശ്വാസമെന്നത് ക്രൈസ്തവതയില്‍ അപൂര്‍വമായ ദര്‍ശനമല്ലെന്നും, പ്രാരംഭത്തില്‍ അത് സ്വീകരിക്കുകയും പില്‍ക്കാലത്ത് വ്യതിചലിക്കുകയുമാണുണ്ടായതെന്നുമാണ് പഴയ-പുതിയ നിയമങ്ങള്‍ നല്‍കുന്ന സൂചന.

About dr. munqid assakar

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *