654s

എന്തുകൊണ്ട് ഇസ്ലാം അവസാനദര്‍ശനം?

സൃഷ്ടിപ്പ് തുടങ്ങുകയും മനുഷ്യന്‍ സാമൂഹികമായി ജീവിക്കുകയും ചെയ്തത് മുതല്‍ മനുഷ്യനെയും നാഥനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. മഹാന്മാരായ പ്രവാചകന്മാര്‍ കൊണ്ട് വന്ന അദ്ധ്യാപനങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്‍ ഉള്‍ക്കൊളളുന്നു എന്നതാണ് വസ്തുത.

മൂസാ, ഈസാ(അ) പ്രവാചകന്മാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ വിശുദ്ധ ഖുര്‍ആന്റെ കല്‍പനകള്‍ അംഗീകരിക്കുകയാണ് ചെയ്യുക.
ശാഖാപരമായ നിയമങ്ങളില്‍ സമൂഹങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലികമായ ഏറ്റവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വളരെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആയിരുന്നില്ല അവ.
മുഹമ്മദ് പ്രവാചകന്‍ കൊണ്ട് വരികയും ജനങ്ങള്‍ സ്വീകരിക്കുകയും ചെയ്ത സന്ദേശം ഇസ്ലാമിന്റെ ഏറ്റവും അവസാനത്തെ പതിപ്പായിരുന്നു. അന്ത്യനാള്‍ വരെയുള്ള ലോകത്തെ എല്ലാ സമൂഹങ്ങളെയും തലമുറകളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ സന്ദേശമാണ് അത്. മുന്‍കാല പ്രവാചകന്മാര്‍ കൊണ്ട് വന്ന സന്ദേശങ്ങള്‍ പ്രാദേശികവും താല്‍ക്കാലികവുമായിരുന്നു. അവയ്ക്ക് കാല-ദേശ പരിമിതികളുണ്ടായിരുന്നു. എന്നാല്‍ പ്രവാചകന്‍ മുഹമ്മദ്(സ)യുടെ സന്ദേശം ശാശ്വതവും അനശ്വരവുമാണ്.
അതിന് പ്രത്യേകമായ കാരണവുമുണ്ട്. ദൈവികവെളിപാടിന്റെ അവസാന നിര്‍ദേശങ്ങള്‍ നല്‍കി തനിക്കനുയോജ്യമായ മാര്‍ഗം കണ്ടെത്താന്‍ അല്ലാഹു മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നു. കാര്യങ്ങള്‍ ഗ്രഹിക്കാനും മനസ്സിലാക്കാനമുള്ള തന്റെ കഴിവുകള്‍ ഉപയോഗിച്ച് നന്മയും ശരിയും കണ്ടെത്തുകയെന്നതാണ് അവന്റെ ചുമതല. ദിവ്യവെളിപാട് കാലം അവസാനിച്ചുവെന്നത് ബുദ്ധിയുടെ കാലം ആരംഭിച്ചുവെന്നതിനെയാണ് കുറിക്കുന്നത്.
ഖുര്‍ആനുമായി കടന്ന് വന്ന തിരുമേനി(സ) വിശ്വാസത്തിന്റെയും ആരാധനകളുടെയും സല്‍സ്വഭാവത്തിന്റെയും അടിസ്ഥാനങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. മനുഷ്യന്റെ വ്യക്തി ജീവിതത്തെയും സാമൂഹികാചാരത്തെയും വ്യവസ്ഥപ്പെടുത്തുന്ന കൃത്യമായ പ്രമാണങ്ങള്‍ സമര്‍പിച്ചു. ഈ അടിസ്ഥാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കാല-ദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുകയില്ല.
എന്നാല്‍ അവയ്ക്ക് പുറമെയുള്ള കാര്യങ്ങള്‍ മനുഷ്യബുദ്ധിക്ക് കൂടി പങ്കുള്ളവയാണ്. ശാസ്ത്രം, നാഗരികജീവിത നിയമങ്ങള്‍ തുടങ്ങിയവയില്‍ ബുദ്ധിക്ക് യാതൊരു നിബന്ധനയുമില്ലാതെ മുന്നോട്ട് പോകാവുന്നതാണ്.
കൂടിയാലോചനാ സംവിധാനത്തെ ഉദാഹരണമായെടുക്കാം. രാഷ്ട്രീയ സ്വേഛാധിപത്യത്തിനും വ്യക്തിയാരാധനയ്ക്കും മൂക്കുകയറിടുന്നതിനുള്ള മതപരമായ സംവിധാനം കൂടിയാണ് അത്. ഈ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉതകുന്ന നിയമങ്ങള്‍ ആലോചിച്ച് നടപ്പിലാക്കാന്‍ ബുദ്ധിക്ക് അനുവാദമുണ്ട്. അക്രമവും കുഴപ്പവും തടയുന്നതിനായി സ്ഥാപിക്കപ്പെട്ട മതമൂല്യമാണ് നീതി. ഈ ലക്ഷ്യത്തെ സാമൂഹികവും, സാമ്പത്തികവും, ഭരണപരവുമായി സേവിക്കുന്ന വിധത്തിലുള്ള നിയമം നിര്‍മിക്കാന്‍ ബുദ്ധിക്ക് അനുവാദമുണ്ട്. വിശ്വാസം സംരക്ഷിക്കാനും, കലഹം അവസാനിപ്പിക്കാനുമുള്ള മതനിയമമാണ് ജിഹാദ്. കരല്‍-കട-വായു മാര്‍ഗേണ ജിഹാദിന് അവസരങ്ങളുണ്ട്. ഈ മേഖലയില്‍ എണ്ണമറ്റ ബുദ്ധിപരമായ ആവിഷ്‌കാരങ്ങള്‍ തന്നെയുണ്ട്.
ഒരു സമൂഹത്തില്‍ നടക്കുന്ന മിക്കവാറും കുറ്റകൃത്യങ്ങളുടെയെല്ലാം ശിക്ഷ ബുദ്ധിപരമായ ഗവേഷണത്തിന് വിട്ടുകൊടുക്കുകയാണ് ഇസ്ലാം ചെയ്തിരിക്കുന്നത്. വഞ്ചന, പിടിച്ചുപറി, വ്യാജനിര്‍മാണം, പലിശ, തട്ടിപ്പ് തുടങ്ങിയവക്ക് ഇസ്ലാമിക ശരീഅത്ത് നിര്‍ണിത ശിക്ഷ ഏര്‍പെടുത്തിയിട്ടില്ല എന്നത് ഉദാഹരണം. ബുദ്ധിപരമായി കാര്യങ്ങള്‍ തീരുമാനിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങള്‍ ജീവിതത്തില്‍ കടന്നുവരുന്നതാണ്. പ്രവാചകന്മാരുടെ കാലത്ത് സംഭവിക്കാത്ത പല പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്നത് അവയ്ക്കുദാഹരണങ്ങളാണ്. അപൂര്‍വമായി മാത്രം നടന്നേക്കാവുന്ന കൃത്രിമോപഗ്രഹയുദ്ധമോ മറ്റോ അല്ല ഞാന്‍ ഉദ്ദേശിച്ചത്. മനുഷ്യന്‍ സാധാരണ ജീവിതത്തില്‍ കടന്ന് വരുന്ന സംഭവങ്ങളില്‍ തന്നെ ഈ ഗണത്തില്‍പെടുന്നവയുണ്ട്. ഇത്തരം സംഭവങ്ങളെ ബുദ്ധിപരമായി പഠിക്കുകയും അവയ്ക്കുള്ള പരിഹാരം സമര്‍പിക്കുകയുമാണ് വേണ്ടത്.
ഒരു പ്രവാചകനെ കൂടി അയക്കുകയെന്നത് അല്ലാഹുവിന് കഴിയാത്ത കാര്യമൊന്നുമല്ല. ഖുര്‍ആന്‍ അല്ലാഹു സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കെ പുതിയൊരു പ്രവാചകന്റെ അദ്ധ്യാപനങ്ങള്‍ സമൂഹത്തിന് കേവലം ചര്‍വിതചര്‍വണം മാത്രമായി അവശേഷിക്കുന്നതാണ്. അതിനാല്‍ തന്നെ ലോകാവസാനം വരെ മാനവകുലത്തെ നയിക്കാനുള്ള ചുമതല വിശുദ്ധ ഖുര്‍ആനും മുഹമ്മദ് പ്രവാചകനും അല്ലാഹു നല്‍കി ആദരിക്കുകയാണ് ചെയ്തത്.
മുസ്ലിം നേതൃത്വവും പണ്ഡിതരും തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ എന്ത് കൊണ്ട് ഇസ്ലാം അവസാനദര്‍ശനം? എന്ന ചോദ്യത്തിന് പ്രസക്തിയെ ഉണ്ടാകുമായിരുന്നില്ല. പൊതുഇസ്ലാമിക ജീവിത ക്രമത്തില്‍ കാണപ്പെടുന്ന ഭീമമായ വിടവിനെയാണ് ഈ ചോദ്യം അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവുമായ പതനം മുസ്ലിം ഉമ്മത്തിനെ ലോകനേതൃപദവിയില്‍ നിന്ന് താഴെയിറക്കി എന്നതാണ് വസ്തുത.
ലോകചരിത്രത്തില്‍ ആദ്യത്തെ സംഭവമല്ല ഇത്. ‘പരിശുദ്ധമായ’ മൂഢധാരണകളുടെ പുറേത്തറി തങ്ങള്‍ തന്നെയാണ് നേതൃപദവിയിലെന്ന് വിശ്വസിച്ച വേദക്കാര്‍ക്ക് അല്ലാഹു വളരെ മനോഹരമായി നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു (ജൂതനോ ക്രിസ്ത്യാനയോ ആവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. അതവരുടെ വ്യാമോഹം മാത്രം. അവരോട് പറയൂ ‘നിങ്ങള്‍ തെളിവ് കൊണ്ട് വരിക. നിങ്ങള്‍ സത്യസന്ധരെങ്കില്‍. എന്നാല്‍ ആര്‍ സുകൃതവാനായി സര്‍വസ്വം അല്ലാഹുവിന് സമര്‍പിക്കുന്നുവോ അവന് തന്റെ നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല). അല്‍ബഖറ 111-112
പ്രവാചകന്‍ മുഹമ്മദ്(സ)യുടെ നേതൃത്വത്തില്‍ രൂപപ്പെട്ട അവസാനദര്‍ശനത്തിനും ഇവ ബാധകമാണ്. എല്ലാ നാട്ടിലും എല്ലാ കാലത്തുമുള്ള ജനങ്ങളോട് ലോകരക്ഷിതാവ് പറയുന്നത് ഇത്രയുമാണ് ‘നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ എന്നിലേക്ക് മുഖം തിരിക്കുക. നിങ്ങളുടെ ചുമതല ഭംഗിയായി നിര്‍വഹിക്കുക’.

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *