797

യൂറോപ്പില്‍ മുതലാളിത്തം ഉദയം ചെയ്ത വിധം -1

മധ്യകാല യൂറോപ്പില്‍ -വിശിഷ്യാ അതിന്റെ അവസാനഘട്ടത്തില്‍- പലയിടങ്ങളിലായി വളര്‍ന്ന് വന്ന മുതലാളിത്ത സ്ഥാപനങ്ങള്‍ വഴിയാണ് മുതലാളിത്തം അതിന്റെ വരവറിയിച്ചത്. മുതലാളിത്ത മുഖമുള്ളതോ, അതിനോട് സാമ്യമുള്ളതോ ആയ കച്ചവടസ്ഥാപനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഉല്‍പന്നങ്ങളുടെ കൈമാറ്റങ്ങള്‍ നടന്നു. പേര്‍ഷ്യന്‍-അറബ് രാഷ്ട്രങ്ങള്‍ വഴി കിഴക്കിനെയും പടിഞ്ഞാറിനെയും പരസ്പരം ബന്ധിപ്പിച്ച് നടന്ന പട്ടിന്റെയും, സുഗന്ധവ്യജ്ഞനങ്ങളുടെയും കച്ചവട കൈമാറ്റം ഇതിനുദാഹരണമാണ്. അതേസമയം തന്നെ തെക്കന്‍ അറബ് നാടുകള്‍ക്കും (യമന്‍) വടക്കന്‍ അറബ് പ്രദേശങ്ങള്‍ക്കുമിടയില്‍ സുഗന്ധലേപനങ്ങളുടെ കൈമാറ്റവും നടന്നിരുന്നു. പതിമൂന്നും പതിനാലും നൂറ്റാണ്ടുകളില്‍ ചില യൂറോപ്യന്‍ കേന്ദ്രങ്ങള്‍ക്കിടയില്‍ കമ്പിളിയിനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ കച്ചവടം തകൃതിയായി നടന്നിരുന്നു. എന്നാല്‍ അക്കാലത്ത് പ്രശസ്തമായ കച്ചവട കേന്ദ്രങ്ങള്‍ -ഇറ്റലിയിലെ ഫ്‌ളോറന്‍സ്, ബെല്‍ജിയത്തിലെ ഫ്‌ളെന്‍ഡേര്‍സ് ഉള്‍പെടെ- അധികകാലം നീണ്ടു നില്‍ക്കുകയുണ്ടായില്ല. മറിച്ച്, തങ്ങള്‍ അഭിമുഖീകരിച്ച ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം അവ ശോഷിക്കുകയും നാമാവശേഷമാവുകയുമാണുണ്ടായത്. ചുരുക്കത്തില്‍ മധ്യകാല നൂറ്റാണ്ടിന്റെ അവസാനത്തോടെ, കൃത്യമായി രേഖപ്പെടുത്തിയാല്‍ പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തോടെയാണ് മുതലാളിത്തം ശക്തിയോട് കൂടി രംഗപ്രവേശം ചെയ്തത്.
പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ കമ്പിളി വസ്ത്രങ്ങളുടെ വ്യവസായം തഴച്ച് വളരുകയുണ്ടായി. കമ്പിളിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ അവര്‍ക്ക് അവിടെ ധാരാളമായി ലഭിച്ചിരുന്നു എന്നതും, മേത്തരം കമ്പിളി വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന നിരവധി ഫാക്ടറികള്‍ അവിടെയുണ്ടായിരുന്നുവെന്നതുമാണ് അതിന്റെ കാരണങ്ങള്‍. കമ്പിളി വ്യവസായം പ്രത്യേകമായും, അതിനോട് ചേര്‍ന്ന് വസ്ത്രങ്ങള്‍, വിരിപ്പുകള്‍ തുടങ്ങിയവയുടെ വിപണനം പൊതുവായും പതിനാറ് മുതല്‍ പതിനെട്ട് വരെ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇംഗ്ലണ്ടില്‍ വളര്‍ന്ന് വികസിച്ചു. ഫ്‌ളോറന്‍സിലെയും, ഫ്‌ളെന്‍ഡേര്‍സിലെയും കമ്പിളി വ്യവസായത്തിന്റെ കഥ കഴിച്ച സാമൂഹിക-വംശീയ ഉച്ചനീചത്വങ്ങളില്‍ നിന്ന് അകലം പാലിക്കുക വഴി ഗ്രാമപ്രദേശങ്ങളില്‍ വരെ വേരൂന്നാന്‍ ഇവയ്ക്ക് സാധിച്ചു.
ഇതേതുടര്‍ന്ന് ക്രമേണെയായി മൂലധനം കമ്പിളി-വസ്ത്ര വ്യവസായത്തോട് ചേര്‍ന്ന് ചില ഗ്രാമപ്രദേശങ്ങളില്‍ കേന്ദ്രീകരിക്കപ്പെടുകയും, മുന്‍കാലത്ത് നിലനിന്നിരുന്ന ഭൗതിക വിരക്തിയുടെ സ്ഥാനത്ത് സമ്പാദിക്കുകയെന്ന മോഹവും, ആഗ്രഹവും (മുതലാളിത്ത സ്വപ്നം) തഴച്ച് വളരുകയും ചെയ്തു. അതുവരെ ആര്‍ത്തി, ഭൗതികത്വര തുടങ്ങിയവയെ നിരുത്സാഹപ്പെടുത്തുകയും, പാപമായി ഗണിക്കുകയും ചെയ്തിരുന്ന ക്രൈസ്തവ അദ്ധ്യാപനങ്ങളുടെ സ്വാധീനത്തില്‍ ജീവിക്കുന്നവരായിരുന്നു അവര്‍. പ്രമുഖ ക്രൈസ്തവ പുരോഹിതനും, ചരിത്രകാരനുമായിരുന്ന ജെറോം പഠിപ്പിച്ചത് ‘ധനികന്‍ ഒരു പക്ഷെ കള്ളനോ, അല്ലെങ്കില്‍ കള്ളന്റെ പുത്രനോ ആയിരിക്കു’മെന്നായിരുന്നു. കടം നല്‍കിയ തുകക്ക് പകരം അതിനേക്കാള്‍ കൂടുതലോ, മറ്റ് വല്ല പ്രയോജനമോ സ്വീകരിക്കുന്നത് നിഷിദ്ധമായ പലിശയാണെന്ന് ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.
എന്നാല്‍ മദ്ധ്യകാല നൂറ്റാണ്ടിന്റെ അവസാനത്തില്‍ സംഭവിച്ച കച്ചവട-വ്യവസായ മേഖലകളിലെ മുന്നേറ്റവും പുരോഗതിയും ജനങ്ങളെ ചിന്തകളിലും വിശ്വാസങ്ങളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. അവരില്‍ പലരും തങ്ങളുടെ മുന്‍മനോഭാവങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ മറ്റ് ചിലര്‍ അവയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. മറുവശത്ത് മതാദ്ധ്യാപനങ്ങളെയും കച്ചവട നേട്ടങ്ങളെയും പരസ്പരം യോജിപ്പിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടന്നു. പലിശ നിഷിദ്ധമാണെന്ന ഇഞ്ചീലിന്റെ അദ്ധ്യാപനങ്ങളില്‍ നിന്നും കാത്തോലിക് ക്രൈസ്തവര്‍ തന്നെ പിന്‍വലിഞ്ഞു. തങ്ങളുടെ സുപ്രധാനമായ കാത്തോലിക് പട്ടണങ്ങളെല്ലാം (ജനീവ, വെനീസ്, ഫ്‌ളോറന്‍സ്) വികസിത മുതലാളിത്ത കച്ചവട കേന്ദ്രങ്ങളായി മാറിയതാണ് അവരെയതിന് നിര്‍ബന്ധിതമാക്കിയത്.

About Haider Ghaiba

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *