maxresdefault

കമ്യൂണിസത്തിന് കാലിടറിയതെവിടെ? -1

നവ സമൂഹം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യന്റെ തന്നെ ഭൗതികമോഹവും ആര്‍ത്തിയുമാണെന്നും, അതിനെ മറികടക്കാനാവുന്ന പക്ഷം ഉന്നതമായ സാമൂഹിക നിര്‍മാണം സാധ്യമാവുമെന്നുമാണ് കമ്യൂണിസം കണക്ക്കൂട്ടിയത്. മാര്‍ക്‌സ് മുന്നോട്ട് വെച്ച സിദ്ധാന്തങ്ങള്‍ നടപ്പിലാക്കുക വഴി മനുഷ്യന്‍ അവനിലെ സ്വാര്‍ത്ഥതയും, ഭൗതിക നേട്ടങ്ങള്‍ സ്വായത്തമാക്കുന്നതിനുള്ള മോഹവും പാടെ വലിച്ചെറിഞ്ഞ്, തന്റെ വര്‍ഗത്തിന്റെ നേട്ടത്തിനെയും ഉന്നമനത്തിനെയും കുറിച്ച് ബോധവനാവുകയും ചെയ്യുമെന്ന് കമ്യൂണിസ്റ്റുകള്‍ സങ്കല്‍പിച്ചു. വ്യക്തി താല്‍പര്യങ്ങള്‍ക്ക് മേല്‍ സാമൂഹിക താല്‍പര്യത്തിന് -വര്‍ഗതാല്‍പര്യത്തിന്- തൊഴിലാളി മുന്‍ഗണന നല്‍കുമ്പോഴാണ് സ്വര്‍ഗരാജ്യം കെട്ടിപ്പടുക്കാനാവുകയെന്നും കമ്യൂണിസ്റ്റുകള്‍ ആശിച്ചു.
എന്നാല്‍ ശാസ്ത്രത്തിനും, തത്വശാസ്ത്രത്തിനും വിരുദ്ധമായിരുന്നു ഈ സങ്കല്‍പമെന്ന കാര്യം കമ്യൂണിസ്റ്റുകള്‍ ഉള്‍ക്കൊണ്ടില്ല. കമ്യൂണിസവും, സോഷ്യലിസവും നടപ്പാക്കപ്പെട്ട രാഷ്ട്രങ്ങളിലെ ഇതുവരെയുള്ള അനുഭവങ്ങള്‍ മേല്‍വാദം അടിസ്ഥാനരഹിതവും അബദ്ധജഢിലവുമാണെന്നാണ് പഠിപ്പിച്ചത്. അവിടങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ സ്വാര്‍ത്ഥതകളില്‍ നിന്ന് അകന്ന് നില്‍ക്കാനോ, കൈക്കൂലി ഉള്‍പെടെയുള്ള സാമ്പത്തിക തിരിമറികള്‍ ഉപേക്ഷിക്കാനോ തയ്യാറായില്ല. യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയോ, അവയുമായി ഏതെങ്കിലും നിലയില്‍ ബന്ധം പുലര്‍ത്തുകയോ ചെയ്യുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്.
കിഴക്കന്‍ സോഷ്യലിസ്റ്റ് യൂറോപ്പിലെയും, സോവിയറ്റ് യൂണിയനിലെയും സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥകളെ പുനഃസംവിധാനം ചെയ്തവതരിപ്പിക്കുന്ന നയ(Peristroika)ത്തിന്റെ ഉപജ്ഞാതാവായ ഗോര്‍ബച്ചോവ് തന്റെ ഗ്രന്ഥത്തില്‍ കുറിച്ച വരികള്‍ ഇപ്രകാരമാണ് (നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ അങ്ങേയറ്റം ദൗര്‍ബല്യം സംഭവിച്ചിരിക്കുന്നു. നിയമവിരുദ്ധവും, അക്രമപരവുമായ പല ഘടകങ്ങളും നേതൃതലത്തില്‍ തന്നെ പ്രകടമായിരിക്കുന്നു. സമൂഹത്തില്‍ വ്യവസ്ഥ പാലിക്കുന്നതിനും, ഭരണകെടുകാര്യസ്ഥതക്കെതിരെ പോരാടുന്നതിനും നിയുക്തരായ കോടതി, Public Prosecution തുടങ്ങിയ മേഖലകളില്‍ വര്‍ത്തിക്കുന്നവര്‍ പോലും ധാരാളമായി കുറ്റകരമായ പ്രവര്‍ത്തികളിലേര്‍പെടുന്നു. നിയമലംഘനങ്ങള്‍ക്കെതിരായ പോരാട്ടത്തിലെ വളരെ പ്രാഥമികമായ നിലപാടുകളില്‍ പോലും അവര്‍ അടിയറവ് പറഞ്ഞിരിക്കുന്നു. നിയമം സംരക്ഷിക്കുന്നതിനായി രൂപപ്പെട്ട തലങ്ങളില്‍ നിയമലംഘനങ്ങളും വഴിവിട്ട പ്രവര്‍ത്തനങ്ങളും ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു).
യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സോഷ്യലിസ്റ്റ് പ്രസ്ഥാന നേതാക്കള്‍ തങ്ങള്‍ക്ക് വേണ്ട ഭൗതിക ആഢംബരങ്ങളെല്ലാം സ്വായത്തമാക്കുകയും അവ സാധാരണക്കാര്‍ക്ക് വിലക്കുകയും ചെയ്യുന്നവരായിരുന്നു. അതിമനോഹരമായ ഭവനങ്ങളും, വിലകൂടിയ വസ്ത്രങ്ങളും വാഹനങ്ങളും, മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നവരായിരുന്നു അവര്‍. അന്തരിച്ച യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് Josip Broz Tito പത്തിലേറെ ആഢംബര കൊട്ടാരങ്ങളുടെയും, എണ്ണമറ്റ മേത്തരം വാഹനങ്ങളുടെയും ഉടമയായിരുന്നുവെന്നത് ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ചരിത്ര യാഥാര്‍ത്ഥ്യമാണ്. 1967-ല്‍ അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകനോട് ഞാന്‍ ഇക്കാര്യം അന്വേഷിക്കുകയുണ്ടായി. സാധാരണ ജനങ്ങള്‍ക്ക് വ്യക്തിയുടമസ്ഥാവകാശം പാടില്ലെന്ന് നിഷ്‌കര്‍ശിക്കുന്ന സോഷ്യലിസ്റ്റ് നേതാവിന് ഇവയൊക്കെ ആവാമോ എന്നായിരുന്നു എന്റെ സംശയം. അയാള്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു (ഈ മാര്‍ഗത്തില്‍ ഒട്ടേറെ ത്യാഗം സഹിച്ച വ്യക്തിയാണ് പ്രസിഡന്റ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് ഇപ്പോള്‍ ആസ്വദിച്ച് ജീവിക്കാന്‍ അവകാശമുണ്ട്)!!
ചുരുക്കത്തില്‍ നേതാക്കളും അനുയായികളും ത്യാഗങ്ങള്‍ അനുഭവിക്കുന്നതും പോരാടുന്നതും, അതുവഴി വേണ്ടുവോളം തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഭൗതികനേട്ടങ്ങള്‍ സമ്പാദിക്കാനുമാണ്. എങ്കില്‍ പിന്നെ പ്രസ്തുത മാര്‍ഗത്തില്‍ ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച പൊതുജനങ്ങള്‍ക്ക് മാത്രം പ്രസ്തുത ആഢംബരങ്ങളും സുഖസൗകര്യങ്ങളും വിലക്കുന്നതിന്റെ ന്യായമെന്താണ്? യാഥാര്‍ത്ഥ്യം ഇങ്ങനെയാണെങ്കില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയും മുതലാളിത്തവും തമ്മില്‍ എന്ത് അന്തരമാണുള്ളത്?

About Haider Ghaiba

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *