zzzthouheed

സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണതയാണ് ഏകദൈവാരാധന -1

ബാഹ്യവും ആന്തരികവുമായ മതില്‍കെട്ടുകളില്‍ നിന്ന് പുറത്ത് കടക്കുകയും, എല്ലാ നിര്‍ബന്ധങ്ങളെയും മറി കടക്കുകയും, അവകാശങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് വിഘാതം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും, ബന്ധനങ്ങളില്‍ നിന്നും മോചനം നേടുകയും ചെയ്യുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് പറയാറ്. ബോധത്തോടും, സ്വന്താഭിപ്രായത്തോടും കൂടി ഒരു കര്‍മം ചെയ്യാനും, ചെയ്യാതിരിക്കാനുമുള്ള അവസരമാണത്. അതിനാല്‍ തന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഏകദൈവ വിശ്വാസം പരിപൂര്‍ണാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.
അല്ലാഹുവിനുള്ള ഇബാദത് എന്നാല്‍ അവനെ പരിപൂര്‍ണമായി അനുസരിക്കുകയും, വിധേയപ്പെടുകയും ചെയ്യുക എന്നാണര്‍ത്ഥം. ലോകത്തെ മറ്റൊരു ശക്തിക്കും വിധേയത്വമില്ലെന്ന് പ്രഖ്യാപിച്ച് അത്തരം വ്യാജഅധികാരങ്ങളില്‍ നിന്നും അധികാരികളില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ് തൗഹീദ് അഥവാ ഏകദൈവ വിശ്വാസം.
മനുഷ്യന്റെ ചിന്തയെയും, അഭിപ്രായത്തെയും, ശരീരത്തെയും, ആത്മാവിനെയും വരിഞ്ഞ് മുറുക്കുന്ന ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചന പ്രഖ്യാപനമാണ് അല്ലാഹുവിന് മാത്രമുള്ള വിധേയത്വം. അതിനാല്‍ തന്നെ അല്ലാഹുവിനുള്ള ആരാധനയും അടിമത്തവും മനുഷ്യന്‍ സ്വപ്‌നം കാണുകയോ, സങ്കല്‍പിക്കുകയോ ചെയ്യാത്ത, സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ഉന്നതമായ രീതിയാണ്. മനുഷ്യനില്‍ നിന്ന് സ്വാതന്ത്ര്യമെന്ന അനുഗ്രഹവും, നിര്‍ഭയ ജീവിതവും, സൗഖ്യവും കവര്‍ന്നെടുത്ത മറ്റ് ആരാധനാ സമ്പ്രദായങ്ങളോടുള്ള സമര പ്രഖ്യപനമാണത്.
അല്ലാഹുവിനുള്ള ആരാധന മനുഷ്യനെ കേവലം അക്രമത്തിന്റെയും, അടിമച്ചമര്‍ത്തലിന്റെയും, വിഗ്രങ്ങളുടെയും, വ്യാജദൈവങ്ങളുടെയും ചങ്ങലകളില്‍ നിന്ന് മാത്രമല്ല, സ്വന്തം മനസ്സിന്റെ അതിരില്ലാത്ത ആഗ്രങ്ങളില്‍ നിന്നും, പ്രകൃതിപരമായ ദുരയില്‍ നിന്നും കൂടി മോചിപ്പിക്കുന്നു. സ്വേഛകള്‍ക്ക് പകരം തീരുമാനമെടുക്കാനുള്ള അധികാരം ബുദ്ധിക്ക് നല്‍കാനും, അതുവഴി വ്യാജഅവകാശവാദങ്ങളില്‍ നിന്നും മുക്തമായ, പാകവും സുരക്ഷിതമായ തീരുമാനമെടുക്കാനും വിശ്വാസിക്ക് സാധിക്കുന്നു. തന്റെ വഴി ഏറ്റവും ഉചിതമായ വിധത്തില്‍ വെട്ടിത്തെളിക്കാനും, അനിവാര്യ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും ഇത് വിശ്വാസിയെ പ്രാപ്തമാക്കുന്നു.
മനുഷ്യന്റെ പ്രകൃതിപരമായ താല്‍പര്യങ്ങള്‍ അടിച്ചമര്‍ത്താനോ, പറിച്ചു മാറ്റാനോ ഉള്ളവയല്ല. മറിച്ച് അവയെ വഴികേടില്‍ നിന്ന് സംരക്ഷിക്കുകയും, ശരിയായ ഗതിയില്‍ തിരിച്ച് വിടുകയുമാണ് വേണ്ടത്. ശാരീരിക ചോദനകളെ ഇസ്ലാം ഇല്ലാതാക്കുകയല്ല, മറിച്ച് അംഗീകരിക്കുകയും, അനിവാര്യമായ തോതില്‍ അനുവദിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ പ്രസ്തുത പരിധി ലംഘിച്ച് കൊണ്ട് മനുഷ്യന്‍ തന്റെ ശാരീരിക വികാരങ്ങളെയും, ചോദനകളെയും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന പക്ഷം അത് സാമൂഹിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാവുകയും, മറ്റുള്ളവരെ ദോഷകരമായി ബാധിക്കുകയുമാണ് ചെയ്യുക.
ഇസ്ലാം ശരീരത്തെയും ആത്മാവിനെയും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. ആത്മാവിന്റെ ആഗ്രങ്ങളെയും, പ്രവണതകളെയും അംഗീകരിക്കുന്ന ഇശ്ലാം ശരീരത്തിന്റെ ആസ്വാദനങ്ങളെയും, വികാരങ്ങളെയും മാനിക്കുക കൂടി ചെയ്തിട്ടുണ്ട്. അതേസമയം അവരണ്ടിനുമിടയില്‍ മനോഹരമായ സന്തുലിതത്വം ഇസ്ലാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. ശരീരം ആത്മാവിനെയോ, ആത്മാവ് ശരീരത്തെയോ കടന്നാക്രമിക്കരുതെന്നതാണ് പ്രസ്തുത സന്തുലിതത്വത്തിന്റെ ആകത്തുക. അതിനാല്‍ തന്നെ ഇസ്ലാമിന്റെ ഈ നിലപാട് ഓരോ വ്യക്തിക്കും സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും, അവര്‍ നിര്‍ഭയത്വത്തോടെ ജീവിക്കുകയും ചെയ്യുന്നു.

About super user

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *