images

ഗരോഡിയുടെ സത്യാന്വേഷണ യാത്ര -4

കാലഘട്ടത്തിന്റെ ആത്മാവിനെ സ്വാംശീകരിക്കുന്നതില്‍ പരാജയപ്പെട്ട, നിര്‍ജ്ജീവമായ മാര്‍ക്‌സിസത്തെയാണ് റജാ ഗരോഡി കഠിനമായി വിമര്‍ശിച്ചത്. അതേസമയം തന്നെ മാനവിക മുഖമുള്ള ജീവസ്സുറ്റ മാര്‍ക്‌സിസത്തിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം. മാര്‍ക്‌സിസം അതിന്റെ പൂര്‍വനിരീശ്വര രൂപങ്ങള്‍ക്ക് വിരുദ്ധമായി മാനവസമൂഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെയും താലോലിക്കാനും, ഉള്‍ക്കൊള്ളാനും കഴിവുറ്റതാണെന്ന് അദ്ദേഹം അപ്പോഴും വിശ്വസിച്ചിരുന്നു.
‘സോഷ്യലിസത്തിന്റെ രാജ്യാന്തര മാതൃകയിലേക്ക്’ എന്ന ഗ്രന്ഥവുമായി 1968-ല്‍ ഗരോഡി രംഗപ്രവേശം ചെയ്തു. ചെക്കോസ്ലാവാക്യയിലെ സംഭവ പരമ്പരകളാല്‍ അദ്ദേഹം അങ്ങേയറ്റം സ്വാധീനിക്കപ്പെട്ടിരുന്നു. ഒടുവില്‍ Warsaw Pact നേതൃത്വം നല്‍കിയ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ചെക്കോസ്ലാവാക്യ അധിനിവേശം ചെയ്യുന്നതിലാണ് കാര്യങ്ങള്‍ കലാശിച്ചത്.
ഈ നടപടിയെ ധാരാളം മാര്‍ക്‌സിസ്റ്റുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. റജാ ഗരോഡിയും അവരില്‍പെടുന്നു. സോഷ്യലിസത്തിന്റെ വിവിധ മോഡലുകളുടെ സാധ്യതകളില്‍ വിശ്വസിക്കുന്നവനായിരുന്നു അദ്ദേഹം. ചെക്കോസ്ലാവാക്യയിലെ സംഭവവികാസങ്ങള്‍ സോവിയറ്റ് യൂണിയന്റെ അക്രമ ഭരണകൂടത്തിനെതിരായ അദ്ദേഹത്തിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി.
ഭൂരിപക്ഷം മാര്‍ക്‌സിസ്റ്റുകളും വിശുദ്ധമെന്ന് വിശ്വസിക്കുന്ന സുസ്ഥിര തത്വങ്ങളെ പ്രസ്തുത ഗ്രന്ഥത്തിലൂടെ റജാ ഗരോഡി ശക്തമായി കൈകാര്യം ചെയ്തു. കമ്യൂണിസം മുന്നോട്ട് വെച്ച് അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം എന്ന സങ്കല്‍പത്തിന് പകരം ‘പുതു ചരിത്ര സംഘം’ എന്ന ആശയം മുന്നോട്ട് വെച്ചു. ശാസ്ത്രം ഉല്‍പാദനത്തിന്റെ അടിസ്ഥാന ഘടകമായതിനാല്‍ ഗവേഷകന്മാര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെല്ലാം സാമൂഹിക മുന്നേറ്റത്തിന്റെ അവിഭജിതമായ ഘടകമായിത്തീര്‍ന്നിരിക്കുന്നുവെന്ന വീക്ഷണത്തില്‍ നിന്നായിരുന്നു അദ്ദേഹമത് രൂപപ്പെടുത്തിയത്.
അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗമെന്നത് ഇക്കാലത്ത് സമൂഹത്തിലെ പുതിയ സജീവ ശക്തികള്‍ക്ക് മുന്നില്‍ പിന്‍വാങ്ങിയിരിക്കുന്നുവെന്നായിരുന്നു ഗരോഡിയുടെ അഭിപ്രായം. തൊഴിലാളി വര്‍ഗത്തിന്റെ അധികാരാരോഹണം മുന്നോട്ട് വെക്കുന്ന പാരമ്പര്യ വീക്ഷണം നിരാകരിക്കുക വഴി ഗരോഡി കമ്യൂണിസം പരിത്യജിക്കുകയാണ് ചെയ്തതെന്ന് ചിലര്‍ ആരോപിച്ചു. ‘ഗരോഡിയും ആധുനിക വക്രീകരണവും’ എന്ന തന്റെ ഗ്രന്ഥത്തില്‍ പീറ്റര്‍ ഫെഡോസേവ് കുറിക്കുന്നത് ഇപ്രകാരമാണ് (ഗരോഡി -മാര്‍ക്‌സിസത്തെ വക്രീകരിക്കാന്‍ ശ്രമിച്ച മറ്റെല്ലാവരെയും പോലെ- തന്റെ സൈദ്ധാന്തിക വൈരുദ്ധ്യങ്ങള്‍ വഴി അതിനെ വികൃതമാക്കാന്‍ കഠിനാധ്വാനം ചെയ്തു. അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തെക്കുറിച്ച കമ്യൂണിസ്റ്റ് സങ്കല്‍പത്തെ വിശാലമാക്കുകയാണ് അദ്ദേഹം ചെയ്തത്).
ഓരോ രാഷ്ട്രത്തിനും അനുയോജ്യമായ പുതിയ സോഷ്യലിസ്റ്റ് മാതൃകകള്‍ സമര്‍പിക്കണമെന്ന ഗരോഡിയുടെ ആഹ്വാനത്തോട് ഫെഡോസേവ് പ്രതികരിക്കുന്നത് ഇങ്ങനെയാണ് (ഗരോഡി മുന്നോട്ട് വെക്കുന്ന സുതാര്യ-വൈവിധ്യമാര്‍ന്ന മാര്‍ക്‌സിസം തൊഴിലാളി വര്‍ഗത്തോടും പാര്‍ട്ടി താല്‍പര്യത്തോടും ലെനിനിസ്റ്റ് മാര്‍ക്‌സിസത്തോടും ശത്രുത പുലര്‍ത്തുന്ന അരോചക സിദ്ധാന്തം മാത്രമാണ്. ലെനിനിസ്റ്റ് മാര്‍ക്‌സിസം സാമൂഹിക പ്രത്യയശാസ്ത്രമാണെന്ന വാദ്‌തെ സുതാര്യ കമ്യൂണിസത്തിന്റെ വക്താക്കള്‍ പരസ്യമായി എതിര്‍ക്കുന്നു).

About muhammad uthman husayn

Check Also

murad-2

ഡോ. മുറാദ് ഹോഫ്മാന്‍ ഇസ്ലാമിലേക്ക് വഴി നടന്നപ്പോള്‍

ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ, മൊറോക്കോയില്‍ ജര്‍മനിയുടെ അംബസാഡറായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഡോ. മുറാദ് ഹോഫ്മാനെ ഇസ്ലാമിലേക്ക് …

Leave a Reply

Your email address will not be published. Required fields are marked *