45

ഗരോഡിയുടെ സത്യാന്വേഷണ യാത്ര -3

കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തെ കടന്നാക്രമിച്ച് ‘കമ്യൂണിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍: സ്റ്റാലിന്റെ തത്വശാസ്ത്ര അബദ്ധങ്ങള്‍’ എന്ന തലക്കെട്ടിന് കീഴില്‍ റജാ ഗരോഡി 1962 ജൂണില്‍ ഫ്രാന്‍സില്‍ വെച്ച് ഒരു പ്രഭാഷണം നിര്‍വഹിക്കുകയുണ്ടായി. അക്കാലത്തെ സോവിയറ്റ് യൂണിയന്‍ നായകനായിരുന്നു എയ്ല്‍ചേവിനെ പരിഹസിച്ച് കൊണ്ട് 1964 ല്‍ ഗരോഡി രംഗത്ത് വന്നു. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തെ തന്നെ പൊളിച്ച് കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ക്രൈസ്തവത നിലനില്‍ക്കുന്ന കാലത്തോളം കമ്യൂണിസത്തിന് ലോകത്തെവിടെയും വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാര്‍ക്‌സിസത്തിന്റെ പരിമിതികളും പോരായ്മകളും തുറന്ന് കാണിക്കുന്ന വിമര്‍ശനമായിരുന്നു അത്.
സോവിയറ്റ് യൂണിയന്റെ നേതാവിന് നേരെ ഒരു കമ്യൂണിസ്റ്റ് കടുത്ത വിമര്‍ശനം അഴിച്ച് വിടുന്നത് ചരിത്രത്തില്‍ ആദ്യമായിരുന്നു. അതിനാല്‍ തന്നെ ഗരോഡിക്കും, മാര്‍ക്‌സിസത്തിന്റെ പ്രായോഗിക മാതൃകയായ സോവിയറ്റ് യൂണിയനുമിടയിലെ പിളര്‍പ്പ് ഏറെക്കുറെ ഉറപ്പായി. ഇരുപതാമത്തെ കോണ്‍ഫറന്‍സ് വഴി സ്റ്റാലിന്റെ ഭീകര കുറ്റകൃത്യങ്ങള്‍ ഗരോഡി മനസ്സിലാക്കിയതായിരുന്നു പ്രസ്തുത അകല്‍ച്ചയുടെ മൂലകാരണം.
ഇക്കാലത്ത് തന്നെയാണ് കലാ-സാഹിത്യ വിമര്‍ശനവുമായി ബന്ധപ്പെട്ട തന്റെ പ്രസിദ്ധമായ ‘മറയില്ലാത്ത പ്രായോഗികത’എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. ക്ലാസിക്കല്‍ സോഷ്യലിസത്തിന്റെ പ്രായോഗിക സിദ്ധാന്തത്തിന് നേരെ മൂര്‍ച്ചയേറിയ വിമര്‍ശനം ഉന്നയിക്കുന്നതായിരുന്നു ഇതിന്റെ ഉള്ളടക്കം. കലയെയും സാഹിത്യത്തെയും പിറകോട്ട് വലിക്കുന്ന, കലാസൃഷ്ടിയുടെ കഴുത്തിന് പിടിച്ച്, ശ്വാസം മുട്ടിക്കുന്ന സൈദ്ധാന്തിക ഉള്ളടക്കങ്ങളെ അദ്ദേഹം ഇഴകീറി നിരൂപിച്ചു.
‘കാലത്തിനേറ്റ മുഖത്തടി’ എന്നാണ് ജാല്‍ അല്‍അശ്‌രി ഈ ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. അദ്ദേഹം കുറിക്കുന്നു (സാഹിത്യ നിരൂപണവുമായി ബന്ധപ്പെട്ട മികച്ച ഗ്രന്ഥമാണ് എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. ചക്രവാളത്തോളും വിശാലത പുലര്‍ത്തുന്ന നിരൂപകനോട്/ ആഴമേറിയ നിരീക്ഷണമുള്ള ചിന്തകനോടുള്ള കൂടിക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ കൂടെയുള്ള നിമിഷങ്ങള്‍. സാഹിത്യ വിമര്‍ശനത്തെ കേവലം തത്വങ്ങളും സിദ്ധാന്തങ്ങളുമായി സമര്‍പിക്കുന്നതിന് പകരം മനുഷ്യനും സംഭവലോകത്തിനുമിടയിലെ/ കലാകാരനും കലാപ്രവര്‍ത്തനത്തിനുമിടയിലെ/ വ്യക്തിക്കും ചുറ്റുമുള്ള ലോകത്തിന്റെ സംഭവാനകള്‍ക്കുമിടയിലെ സംവാദമാക്കുന്ന ഡൈനാമികായ രീതിശാസ്ത്രമാണ് അദ്ദേഹം സമര്‍പിച്ചത്. ‘ഒരു സിദ്ധാന്തം അറിയപ്പെടേണ്ടത് കര്‍മങ്ങള്‍ വഴിയാണ്, അല്ലാതെ കര്‍മങ്ങള്‍ക്ക് മുമ്പെയല്ല’ എന്ന വളരെ ശ്രദ്ധേയമായ തത്വമാണ് ഗരോഡി മുന്നോട്ട് വെച്ചത്.
1966-ല്‍ ‘ഇരുപതാം നൂറ്റാണ്ടിന്റെ മാര്‍ക്‌സിസം’ എന്ന പേരില്‍ മറ്റൊരു ഗ്രന്ഥരചന കൂടി നിര്‍വഹിച്ചു. മാര്‍ക്‌സിസത്തിന്റെ സുസ്ഥിരവും സര്‍വാംഗീകൃതവുമായ പല വീക്ഷണങ്ങളെയും സവിശേഷമായ ശൈലിയില്‍ വിമര്‍ശിക്കുന്നതായിരുന്നു ഈ ഗ്രന്ഥം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വന്തം ദര്‍ശനത്തോടുള്ള അപ്രീതിയും, വിയോജിപ്പും അധികരിച്ച് കൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം സ്ഥാപിച്ചു.
മതചൂഷണത്തിനെതിരെ രംഗത്ത് വന്ന മാര്‍ക്‌സിസ്വം സ്വന്തമായ ആചാരങ്ങളും, അനുയായികളുമുള്ള ഔദ്യോഗിക മതമായി മാറുകയാണ് ചെയ്തതെന്ന് ഈ ഗ്രന്ഥത്തിലുടെ ഗരോഡി തുറന്നടിച്ചു. മാത്രവുമല്ല, കമ്യൂണിസ്റ്റ് ആചാര്യനായ ഏംഗല്‍സിന്റെ വാക്കുകള്‍ക്ക് വിരുദ്ധമാണ് ഈ നയമെന്നും അദ്ദേഹം വ്യക്തമാക്കി (നമ്മുടെ സിദ്ധാന്തത്തിന് ദൈവികമായ ഒരു പരിവേഷവുമില്ല. ഹൃദയത്തില്‍ സൂക്ഷിച്ച് വെച്ച്, ഉപകരണത്തെപ്പോലെ ഇടക്കിടെ ഉരുവിടുന്ന സ്‌തോത്രങ്ങള്‍ നമുക്കില്ല. മറിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ മാത്രമാണത്).
‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തെ അദ്ദേഹം പൊളിച്ചടക്കി. (മതം സ്ഥല-കാല ഭേദമന്യെ മനുഷ്യനെ പ്രവര്‍ത്തനങ്ങളില്‍ നിന്നും, പോരാട്ടത്തില്‍ നിന്നും തിരിച്ചുവിടുകയാണ് ചെയ്തതെന്ന വാദം ചരിത്ര യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമാണ്).

About muhammad uthman husayn

Check Also

murad-2

ഡോ. മുറാദ് ഹോഫ്മാന്‍ ഇസ്ലാമിലേക്ക് വഴി നടന്നപ്പോള്‍

ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ, മൊറോക്കോയില്‍ ജര്‍മനിയുടെ അംബസാഡറായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഡോ. മുറാദ് ഹോഫ്മാനെ ഇസ്ലാമിലേക്ക് …

Leave a Reply

Your email address will not be published. Required fields are marked *