789

ഗരോഡിയുടെ സത്യാന്വേഷണ യാത്ര -2

ജീവിതത്തിന്റെ ആദ്യകാലത്ത് മാര്‍ക്‌സിസത്തിന്റെ ശക്തനായ പോരാളിയായിരുന്നു റജാ ഗരോഡി. ‘വിജ്ഞാനത്തിന്റെ ഭൗതികതലം’ എന്ന വിഷയത്തില്‍ ഫ്രാന്‍സിലും, ‘സ്വാതന്ത്ര്യം’ എന്ന തലക്കെട്ടില്‍ മോസ്‌കോയിലും അദ്ദേഹം സമ്പാദിച്ച ഡോക്ടറേറ്റ് ഗവേഷണങ്ങള്‍ പ്രസ്തുത മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിന്റെ പ്രതിനിധാനങ്ങളായിരുന്നു.
ഭൗതിക തത്വചിന്തയുടെ ഗുരുക്കളായിരുന്ന മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, മാവോസേ തുങ് തുടങ്ങിയവര്‍ കൈകാര്യം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കൈകാര്യം ചെയ്ത വിഷയങ്ങളായിരുന്നു റജാ ഗരോഡിയുടെ ‘വിജ്ഞാനത്തിന്റെ ഭൗതികതലം’ എന്ന പഠനത്തിന്റെ ഉള്ളടക്കം.
ജീവന്റെ മുമ്പ് പ്രകൃതിയിലുണ്ടായ ചലനത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഗരോഡി ചലനവുമായി ബന്ധപ്പെട്ട പൊതുസിദ്ധാന്തങ്ങള്‍ വിശദീകരിക്കുക കൂടി ചെയ്തു. ഇന്ദ്രിയവസ്തുവില്‍ നിന്ന് ജീവനുള്ള പദാര്‍ത്ഥത്തിലേക്കുള്ള മാറ്റത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ജീവന്റെ തുടക്കം, വിവിധ ലിംഗങ്ങളുടെ വര്‍ഗീകരണം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ നിര്‍മാണാത്മക പങ്ക് തുടങ്ങിയവ അദ്ദേഹം വളരെ വിശദമായി കൈകാര്യം ചെയ്തു.
വിജ്ഞാനവുമായി ബന്ധപ്പെട്ട ബുദ്ധിയുടെ സ്ഥാനത്തെക്കുറിച്ച പഠനത്തില്‍ ഗരോഡി ആപേക്ഷിക യാഥാര്‍ത്ഥ്യവും, നിരുപാധിക യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം കൈകാര്യം ചെയ്തു. ഐന്‍സ്റ്റീന്‍ ഉള്‍പെടെയുള്ള ഭൗതിക ശാസ്ത്രജ്ഞരുടെ വീക്ഷണങ്ങളെയും വ്യാഖ്യാനങ്ങളെയും അദ്ദേഹം തുറന്നെതിര്‍ത്തു.
മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക ആചാര്യനായി നിലകൊണ്ടതിന് ശേഷമാണ് ഗരോഡിയുടെ ജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ‘മാര്‍ക്‌സിസത്തെക്കുറിച്ച പുനരാലോചന’ എന്ന് ഈ ഘട്ടത്തെ വിശേഷിപ്പിക്കാവുന്നതാണ്. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം സമ്മേളനത്തില്‍ 1956-ല്‍ നികിതാ ക്രൂത്‌ചേവ് നടത്തിയ രഹസ്യ പ്രഭാഷണത്തിലെ ആശയങ്ങളുമായുള്ള വിയോജിപ്പുകളാണ് ഈ ഘട്ടത്തിന്റെ പ്രാരംഭത്തിലേക്ക് നയിച്ചത്. ഗരോഡയുടെ ജീവിതത്തിലെ വൈകാരികമായ ദുരന്തമായിരുന്നു പ്രസ്തുത വിയോജിപ്പെന്ന് അദ്ദേഹത്തെക്കുറിച്ച് എഴുതിയ ഗ്രന്ഥത്തില്‍ Serge Perottino കുറിക്കുന്നുണ്ട് (ഗരോഡിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. അദ്ദേഹത്തിന്റെ പില്‍ക്കാലത്തെ എല്ലാ കണ്ടെത്തലുകളുടെ അടിസ്ഥാനവും, ഗവേഷണങ്ങളുടെയും പുതിയ അവലംബവും ഇതായിരുന്നു).
കാലഘട്ടത്തിന്റെ ആത്മാവിനോട് സംവദിക്കാത്ത, പഴയ കാലത്തിന്റെ മൂശയില്‍ ഉറച്ച് പോയ നിര്‍ജ്ജീവ മാര്‍ക്‌സിസത്തോട് ഗരോഡി 1956 മുതല്‍ നിരന്തരമായി സംവദിച്ച് കൊണ്ടേയിരുന്നു. അതേതുടര്‍ന്ന് തന്റെ ഡോക്ടറേറ്റ് പ്രബന്ധമായ ‘വിജ്ഞാനത്തിന്റെ ഭൗതികതലം’ എന്ന ഗ്രന്ഥത്തിന്റെ പുനഃപ്രസിദ്ധീകരണം അദ്ദേഹം തടഞ്ഞു. നിലനില്‍ക്കുന്ന നിര്‍ജ്ജീവ മാര്‍ക്‌സിസത്തിന് പകരം മാനവികമുഖമുള്ള ഊര്‍ജ്ജസ്വല മാര്‍ക്‌സിസത്തെക്കുറിച്ച അന്വേഷണത്തിലേക്ക് അദ്ദേഹം കടന്നു. സ്വാഭാവികമായും പാരമ്പര്യ മാര്‍ക്‌സിസത്തെ അദ്ദേഹം കടന്നാക്രമിക്കുകയും, രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
1959-ല്‍ ഗരോഡി തന്റെ സുപ്രധാന പഠനമായ ‘മനുഷ്യനെക്കുറിച്ച ചിന്തകള്‍’ പ്രസിദ്ധീകരിച്ചു. മനുഷ്യന്റെ വിവിധ മോഡലുകള്‍ അദ്ദേഹം അതിലൂടെ സമര്‍പിച്ചു. നിരീശ്വര തത്വചിന്തയിലെ മനുഷ്യന്‍, കത്തോലിക്കാ ദര്‍ശനത്തിലെ മനുഷ്യന്‍, നവീന ക്രൈസ്തവ ചിന്തയിലെ മനുഷ്യന്‍, മാര്‍ക്‌സിസ്റ്റ് തത്വചിന്തയിലെ മനുഷ്യന്‍ തുടങ്ങിയ വിവിധ തലങ്ങളില്‍ നിന്ന് അദ്ദേഹം മനുഷ്യനെ നിര്‍വചിച്ചു.
മാര്‍ക്‌സിസം ഒരു ആത്മപരിശോധന നടത്തുന്ന പക്ഷം ആധുനിക ചിന്തയില്‍ വ്യാപകമായ പ്രവണതകളെ ഉള്‍ക്കൊള്ളാനും, മനുഷ്യനെക്കുറിച്ച സക്രിയമായ ഒരു സമീപനം സമര്‍പിക്കാനും അതിന് സാധിക്കുമെന്ന് സ്ഥാപിക്കാനാണ് ഗരോഡി ഈ ഗ്രന്ഥരചന നിര്‍വഹിച്ചത്. മാര്‍ക്‌സിസം ചരിത്രത്തിന്റെ ചലനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുവെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവിധ സംഘട്ടനങ്ങളെക്കുറിച്ച് പഠിക്കാനും, അതില്‍ നിന്ന് പുതിയ വീക്ഷണങ്ങള്‍ ആവിഷ്‌കരിക്കാനും അതിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1960-ല്‍ അദ്ദേഹം മാര്‍ക്‌സിസ്റ്റ് പഠനത്തിനും ഗവേഷണത്തിനുമായി ഒരു സെന്റര്‍ സ്ഥാപിക്കുകയും ഏകദേശം പത്ത് വര്‍ഷത്തോളം അതിന്റെ തലപ്പത്ത് വിരാജിക്കുകയും ചെയ്തു. ഇക്കാലയളവിനുള്ള ലെനിന്റെ എല്ലാ കൃതികളും ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ഉത്തരവാദിത്തം. അതേവര്‍ഷം തന്നെ ഫ്രഞ്ച് തത്വചിന്തകനായിരുന്ന ജീന്‍ പോള്‍ സാര്‍ട്രെയുടെ ചിന്തകളെയും ആശയങ്ങളെയും ചോദ്യം ചെയ്ത് ‘സാര്‍ട്രെയോടുള്ള ചില ചോദ്യങ്ങള്‍’ എന്ന പേരില്‍ ഒരു ഗ്രന്ഥം അദ്ദേഹം എഴുതി. 1961-ല്‍ അവര്‍ക്കിടയില്‍ നേരിട്ട് ആശയസംവാദം നടക്കുകയും, ഗരോഡി, സാര്‍ട്രെയേ കടന്നാക്രമിക്കുകയും ചെയ്തു.

About muhammad uthman husayn

Check Also

murad-2

ഡോ. മുറാദ് ഹോഫ്മാന്‍ ഇസ്ലാമിലേക്ക് വഴി നടന്നപ്പോള്‍

ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ, മൊറോക്കോയില്‍ ജര്‍മനിയുടെ അംബസാഡറായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഡോ. മുറാദ് ഹോഫ്മാനെ ഇസ്ലാമിലേക്ക് …

Leave a Reply

Your email address will not be published. Required fields are marked *