ഹദീഥുകള്‍ രേഖപ്പെടുത്തിയത് രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമോ?

പ്രവാചകന്‍ മുഹമ്മദ്(സ)യില്‍ നിന്നുള്ള ഹദീഥുകള്‍ (വാക്ക്, പ്രവര്‍ത്തി, മൗനാനുവാദം) രണ്ട് നൂറ്റാണ്ടുകളോളം രേഖപ്പെടുത്താതിരിക്കുകയും അതിന് ശേഷം ജനങ്ങളുടെ വാമൊഴിയില്‍ നിന്നും ശേഖരിക്കുകയുമാണ് ചെയ്തതെന്ന് ഓറിയന്റലിസ്റ്റുകള്‍ ആരോപിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനമായ ഹദീഥില്‍ സംശയം ജനിപ്പിക്കുകയെന്നത് ഓറിയന്റലിസ്റ്റുകളുടെ ആക്രമണരീതിയാണ്.

തങ്ങളുടെ ആഗ്രഹങ്ങളോട് യോജിക്കുന്ന ഹദീഥുകള്‍ മാത്രമാണ് പണ്ഡിതന്മാര്‍ ക്രോഡീകരിച്ചതെന്നും, കാണുന്നവരില്‍ നിന്നെല്ലാം ഹദീഥുകള്‍ സ്വീകരിക്കുകയായിരുന്നു അവരുടെ പതിവെന്നും ഓറിയന്റലിസ്റ്റുകള്‍ ആരോപിക്കുന്നു. പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു എന്നോ, പ്രവാചകന്‍(സ) പറയുന്നതായി ഇന്നയാള്‍ കേട്ടത് എനിക്ക് ലഭിച്ചുവെന്നോ ഉള്ള വാദങ്ങള്‍ അവര്‍ അപ്പടി സ്വീകരിക്കുകയാണ് ചെയ്തതെന്നും അതിനാല്‍ തന്നെ ഹദീഥുകള്‍ അവലംബിക്കപ്പെടേണ്ട പ്രമാണമല്ലെന്നും അവര്‍ അവകാശപ്പെടുന്നു. മാത്രമല്ല, ഇസ്ലാമിക സമൂഹത്തില്‍ രൂപം കൊണ്ട ചില വിഭാഗങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഹദീഥുകള്‍ കെട്ടിയുണ്ടാക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും, യഥാര്‍ത്ഥ ഹദീഥുകളില്‍ നിന്ന് ഇവയെ വേര്‍തിരിക്കാന്‍ മാര്‍ഗമൊന്നുമില്ലെന്നും ഇവര്‍ വാദിക്കുന്നു.

ഹദീഥ് ക്രോഡീകരണം പ്രവാചക കാലത്ത് തന്നെ ആരംഭിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഹദീഥ് നിവേദകരുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇസ്ലാമിന്റെ ആദ്യകാലത്ത് തന്നെ ഹദീഥുകള്‍ വളരെ വിശാലമായ തലത്തില്‍ തന്നെ ക്രോഡീകരിക്കപ്പെട്ടിരന്നു എന്ന് മനസ്സിലാകുന്നതാണ്. ഹദീഥുകള്‍ വ്യത്യസ്ത വിഭാഗങ്ങളായി വേര്‍തിരിച്ചത് പോലും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന് മുമ്പായിരുന്നു. ഹിജ്‌റ 120-നും 130-നും ഇടയിലായിരുന്നു അത്. മഅ്മര്‍ ബിന്‍ റാശിദ്, സുഫ്‌യാന്‍ ഥൗരി, ഹിശാം ബിന്‍ ഹസ്സാന്‍, ഇബ്‌നു ജുറൈജ് തുടങ്ങി ഒട്ടേറെ പേര്‍ക്ക് സ്വന്തമായ ഹദീഥ് സമാഹാരമുണ്ടായിരുന്നു.
ഹദീഥുകള്‍ സ്വീകരിക്കുന്നതിന് അതുമായി ബന്ധപ്പെട്ട പണ്ഡിതര്‍ കര്‍ശന നിബന്ധനകളും ഉപാധികളും വെച്ചിരിക്കുന്നു. വിശ്വസ്തതയും കൃത്യതയും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ ഒരു ഹദീഥ് അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. ഹദീഥ് നിവേദനം ചെയ്യുന്നവനും ഒരുപാട് നിബന്ധനകളുണ്ടായിരുന്നു. അദ്ദേഹം സത്യസന്ധനും വിശ്വസ്തനും നീതിമാനുമാണെന്ന് ഉറപ്പ് വരുത്താനുള്ളവയായിരുന്നു അവയൊക്കെയും. അദ്ദേഹത്തിന്റെ എല്ലാ ഇടപാടുകളും ഉത്തരവാദിത്ത ബോധവും നിരീക്ഷണവിധേയമാക്കിയിരുന്നു. പ്രസ്തുത വ്യക്തിയുടെ ഓര്‍മശക്തിയും, മനപാഠത്തിനുള്ള കഴിവും, എഴുത്ത് പാടവവുമെല്ലാം കര്‍ശനമായി പരിശോധിക്കുമായിരുന്നു. പ്രവാചകനില്‍ നിന്ന് കേട്ട വചനം ഒരു അക്ഷരം പോലും തെറ്റാതെ മറ്റുള്ളവര്‍ക്ക് എത്തിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇത്. ഈ നിബന്ധനകളും ഉപാധികളും പരിശോധിച്ചതിന് ശേഷമായിരുന്നു ഒരു ഹദീഥ് സ്വഹീഹാണെന്നോ, ശരിയാണെന്നോ, ദുര്‍ബലമാണെന്നോ വിധിച്ചിരുന്നത്.
മേല്‍പറഞ്ഞവയില്‍ മാത്രം പരിമിതമായിരുന്നില്ല ഹദീഥ് പണ്ഡിതന്മാര്‍ ഹദീഥ് സ്വീകരിക്കുന്നതിന് വെച്ച ഉപാധികള്‍. ഹദീഥ് നിവേദനത്തിലെ പരമ്പരയിലെ എല്ലാ വ്യക്തികള്‍ക്കും മേല്‍പറഞ്ഞ നിബന്ധനകള്‍ നിര്‍ബന്ധമായിരുന്നു. പരമ്പരയില്‍ ആരെങ്കിലും കണ്ണി മുറിയുകയോ, അല്ലെങ്കില്‍ അറിയപ്പെടാത്തവനാകുകയോ, അതുമല്ലെങ്കില്‍ അദ്ദേഹം ജീവിതത്തിലെപ്പോഴെങ്കിലും മറവി സംഭവിച്ചവനോ ആണെങ്കില്‍ പ്രസ്തുത ഹദീഥ് സ്വീകരിക്കാറുണ്ടായിരുന്നില്ല.
ഹദീഥുകളുടെ പരമ്പര പരിശോധിച്ച് തുടങ്ങിയത് ഓറിയന്റലിസ്റ്റുകള്‍ ആരോപിക്കുന്ന പോലെ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലായിരുന്നില്ല. മറിച്ച് ഹിജ്‌റ 35-ല്‍ ഫിത്‌നയുണ്ടായപ്പോള്‍ പ്രവാചകാനുചരന്മാര്‍ ആദ്യം ചെയ്തത് ഹദീഥുകളെ സംരക്ഷിക്കുകയെന്നതായിരുന്നു. നിവേദന പരമ്പര പരിശോധിക്കുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് അവരന്ന് പകര്‍ന്ന് നല്‍കിയത്. മാസങ്ങളോളം മരുഭൂമിയിലുടെ നടന്നും, കുതിരപ്പുറത്തും യാത്ര ചെയ്ത് ഹദീഥ് പരമ്പരയിലെ വ്യക്തികളെക്കുറിച്ച് വിവരം ശേഖരിക്കുകയായിരുന്നു അവര്‍ ചെയ്തത്.

 

About anvar mahmood sanathi

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *