ഹൈന്ദവ വേദങ്ങള്‍: ചെറുവിവരണം

ഹിന്ദുമതത്തിലെ ആധികാരിക രേഖയായി പരിഗണിക്കപ്പെടുന്നത് വേദങ്ങളാണ്. അതിപുരാതനമായ ഈ വേദങ്ങള്‍ രചിക്കപ്പെട്ട കാലത്തെക്കുറിച്ച് കൃത്യമോ നിര്‍ണിതമോ ആയ അഭിപ്രായമില്ല എന്നതാണ് വസ്തുത. ഏകദേശം പതിനഞ്ച് നൂറ്റാണ്ടുകള്‍ മുമ്പ് മുതല്‍ പ്രസ്തുത വേദങ്ങള്‍

നിലവിലുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ആര്യന്മാര്‍ ഇന്ത്യയിലേക്ക് ജേതാക്കളായി കടന്നുവന്നപ്പോള്‍ അവരുടെ കയ്യില്‍ വേദങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടന്നത്. ഏതാനും ചില കവിതകളുടെ ശേഖരമാണ് വേദങ്ങള്‍. മനുഷ്യരുടെ വാക്കുകളുമായി അവയ്ക്ക് യാതൊരു സാമ്യതയുമില്ലെന്നാണ് ഹൈന്ദവര്‍ അവകാശപ്പെടുന്നത്. അതുപോലുള്ളവ കൊണ്ട് വരാന്‍ മനുഷ്യര്‍ അശക്തരാണെന്ന് അവര്‍ വാദിക്കുന്നു. ഇതേക്കുറിച്ച് അല്‍ബിറൂനി പറയുന്നത് ഇപ്രകാരമാണ് (വേദങ്ങളെപ്പോലുള്ളവ രചിക്കാന്‍ തങ്ങള്‍ക്കാവുമെന്നാണ് അവരില്‍ തന്നെയുള്ള ഏതാനും ചില ഗുരുക്കന്മാരും പണ്ഡിതന്മാരും അവകാശപ്പെടുന്നത്. പക്ഷെ, വേദത്തോടുള്ള ആദരവ് കാരണം അവരതില്‍ നിന്നും വിലക്കപ്പെട്ടിരിക്കുന്നു).
അവര്‍ ഏതുനിലക്കാണ് വിലക്കപ്പെട്ടതെന്ന കാര്യം അല്‍ബിറൂനി വിശദീകരിക്കുന്നില്ല. അപ്രകാരം ചെയ്യുന്നത് നിഷിദ്ധമാക്കിയതാണോ, അതിന് കഴിയാത്ത വിധത്തിലേക്ക് അവരെ മാറ്റിയതാണോ എന്നൊന്നും നമുക്കറിയില്ല. ആദ്യത്തെയര്‍ത്ഥത്തിലാണെങ്കില്‍ വേദങ്ങള്‍ക്ക് സമാനമായ കവിതാശകലങ്ങള്‍ നമുക്ക് ലഭിക്കാനിടയുണ്ട്. കേവലം മതപരമായി നിഷിദ്ധമാക്കപ്പെട്ട കാര്യമാണെങ്കില്‍ പ്രസ്തുത കല്‍പന ധിക്കരിച്ച് അപ്രകാരം ചെയ്യാനുള്ള സാധ്യത മറ്റെല്ലാറ്റിലുമെന്ന പോലെ ഇതിലും വളരെ കൂടുതലാണ്. സമാനമായ കാവ്യങ്ങള്‍ രചിച്ച് വേദങ്ങളിലേക്ക് പകര്‍ത്തിയെഴുതാനും തങ്ങളുടെ താല്‍പര്യങ്ങള്‍ വേദങ്ങളിലൂടെ നടപ്പിലാക്കാനുമെല്ലാം മനുഷ്യര്‍ ചരിത്രത്തിലുടനീളം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ, അവ്വിധം സംഭവിച്ചതായി ഹൈന്ദവരാരും വിശ്വസിക്കുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നതിനാല്‍ തന്നെ രണ്ടാമത്തെ അഭിപ്രായത്തിന് നമുക്ക് മുന്‍ഗണന നല്‍കാവുന്നതാണ്.
നാല് ഭാഗങ്ങളായാണ് വേദങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഓരോ വേദത്തിനും പ്രത്യേകതമായ ഈണവും പാരായണ രീതിയുമുണ്ട്. അവ പാരായണം ചെയ്യേണ്ട പ്രത്യേക സദസ്സുകളും സന്ദര്‍ഭങ്ങളുമുണ്ട്. അവയില്‍ ആദ്യത്തേത് ഋഗ്വേദമാണ്. മൂന്ന് വിധത്തില്‍ ഇത് പാരായണം ചെയ്യാവുന്നതാണ്. അഗ്നി ബലിയുടെ സന്ദര്‍ഭത്തിലാണ് ഈ വേദസൂക്തങ്ങള്‍ പാരായണം ചെയ്യപ്പെടാറുള്ളത്. യജുര്‍വേദമാണ് രണ്ടാമത്തേത്. ഈ വേദവും മുന്‍വേദവും തമ്മിലുള്ള വ്യത്യാസം ഈണത്തിലും രീതിയിലുമാണ്. ഈ വേദസൂക്തങ്ങളും ബലിയും നേര്‍ച്ചയും സമര്‍പിക്കുമ്പോഴാണ് പാരായണം ചെയ്യാറുള്ളത്. മൂന്നാമത്തെ വേദഭാഗം സാമവേദമാണ്. അല്‍ബിറൂനി ഇതിനെ സാംബേദ് എന്ന് പരാമര്‍ശിച്ചിരിക്കുന്നു. ഇതിനും പ്രത്യേകമായ രീതിയും ഈണവുമുണ്ട്. പരിശുദ്ധ പാനീയം തയ്യാറാക്കുമ്പോഴും അത് കുടിക്കുമ്പോഴുമാണ് ഇത് പാരായണം ചെയ്യാറുള്ളത്. അവസാനത്തേത് അഥര്‍വവേദമാണ്. അത്താഴസമയത്ത് പാരായണം ചെയ്യുന്ന ഇവയ്ക്കും സവിശേഷമായ രീതിയുണ്ട്. ഈ നാല് വേദങ്ങളുടെയും അവതരണത്തിന് പിന്നില്‍ പ്രത്യേകമായ ഐതിഹ്യങ്ങളുണ്ടെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. ബ്രഹ്മണന്മാരാണ് പ്രസ്തുത വേദങ്ങളുടെ പാരായണം നിര്‍വഹിക്കേണ്ടത്.
ഈ നാല് വേദങ്ങളെക്കൂടാതെ ഹൈന്ദവര്‍ അവലംബിക്കുന്ന മറ്റു ഗ്രന്ഥങ്ങളെ പുരാണങ്ങള്‍ എന്നാണ് വിളിക്കാറ്. വേദങ്ങളെപ്പോലെ കാവ്യരൂപത്തിലല്ല ഇവയുള്ളത്. ഒട്ടേറെ വിഭാഗങ്ങളുള്ള ഇവയുടെ വിഷയങ്ങളും വ്യത്യസ്തങ്ങളാണ്. അവരുടെ മതനിയമങ്ങളുള്‍ക്കൊള്ളുന്നവയും, കര്‍മശാസ്ത്രം വിശദീകരിക്കുന്നവയും, ആത്മാവിനെ ബലിയവര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയുമെല്ലാം അവയിലുണ്ട്. സന്യാസിമാര്‍ മാത്രം പഠിച്ച് ഹൃദിസ്ഥമാക്കി, ആത്മീയോന്നതിക്കായി ഉപയോഗിക്കുന്നവയും അവയില്‍ കാണാവുന്നതാണ്. ലോകത്തിന്റെ ഉല്‍ഭവം, ദൈവങ്ങള്‍ വെളിപ്പെട്ടത്, സൃഷ്ടികളുണ്ടായത്, മനുഷ്യന്‍ രൂപപ്പെട്ടത്, അവന്റെ സവിശേഷതകള്‍, വിജ്ഞാനം, വെളിപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഹൈന്ദവമതത്തിന്റെ അടിസ്ഥാനങ്ങള്‍ വിശദീകരിക്കുന്നവയും അവയിലുണ്ട്.

 

About dr. muhammad abuzahra

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *