ഹുസൈന്റെ(റ) ശഹാദതിനോട് സ്വഹാബാക്കളുടെ സമീപനം -1

വിവിധ ചരിത്രസംഭവങ്ങള്‍ക്ക് വ്യത്യസ്തമായ അനുരണനങ്ങളാണ് ഉണ്ടാവുകയെന്നതില്‍ ഗവേഷകന്മാര്‍ക്ക് ഏകാഭിപ്രായമാണുള്ളത്. ചില ചരിത്ര സംഭവങ്ങളുടെ ഫലങ്ങള്‍ നൈമിഷികമായിരുന്നു.

മറ്റ് ചില സംഭവങ്ങള്‍ വളരെ നിസ്സാരമോ, താരതമ്യേനെ ദുര്‍ബലമോ ഫലമായിരിക്കും സൃഷ്ടിക്കുക. ഇനിയും ചില സംഭവങ്ങള്‍ ദീര്‍ഘദൂര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചതായി കാണാവുന്നതാണ്. ചരിത്രത്തിലുടനീളം നിരന്തരമായ ചര്‍ച്ചക്ക് വകവെച്ച, പരസ്പരം അഭിപ്രായ ഭിന്നതക്കും, അതേതുടര്‍ന്ന് രക്തമൊഴുക്കലിനും, സമൂഹത്തെ വിവിധ കക്ഷികളായി വിഭജിക്കുന്നതിനും വഴിവെച്ച സംഭവങ്ങളാണ് അവ.

ഹിജ്‌റ 62-ല്‍ മുഹര്‍റം പത്തിന് സംഭവിച്ച ഹുസൈ(റ)ന്റെ രക്തസാക്ഷിത്വം അവസാനം സൂചിപ്പിച്ച ഗണത്തില്‍പെട്ടതാണ്. അതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും മുസ്ലിം സമൂഹത്തില്‍ പ്രകടമായിക്കൊണ്ടേയിരിക്കുന്നു. മുസ്ലിം ഉമ്മത്തിനെ അഹ്‌ലുസ്സുന്നഃ വല്‍ജമാഅത്തെന്നും, ശിയാക്കളെന്നും രാഷ്ട്രീയമായി നെടുകെ പിളര്‍ത്തിയ സംഭവമാണത്. ശിയാക്കളില്‍ തന്നെ തീവ്രവിഭാക്കാരില്‍ വിശ്വാസപരമായ വ്യതിയാനം സൃഷ്ടിക്കുന്നതിനും, തങ്ങളുടെ അഭിപ്രായത്തോട് യോജിക്കാത്ത എല്ലാ മുസ്ലിംകളെയും കാഫിറുകളാക്കുന്നതിനും ഇത് വഴിവെച്ചു.

അഹ്‌ലുസ്സുന്ന വിഭാഗത്തെ ആക്രമിക്കാനും, യസീദിനോട് കൂറും ഹുസൈനോട് ശത്രുതയും പുലര്‍ത്തുന്നവരും, പ്രവാചക കുടുംബത്തെ ശത്രുക്കളായി പ്രതിഷ്ഠിച്ചവരുമാണ് അവരെന്ന് ആരോപിക്കാനും പ്രസ്തുത ചരിത്രസംഭവത്തെ ശിയാക്കള്‍ ഉപയോഗിച്ചു. മാത്രവുമല്ല, പ്രസ്തുത സംഭവത്തിന് ജീവിതസാക്ഷികളായ ചില സ്വഹാബാക്കളെയും മക്കളെയും വിമര്‍ശിക്കാനും, നിരൂപിക്കാനും ശീഈ ചരിത്രരേഖകളും മറ്റും ഈ സംഭവം മുതലെടുക്കുകയുണ്ടായി. ഹുസൈനെതിരില്‍ അവര്‍ ശത്രുത പ്രഖ്യാപിച്ചുവെന്നും, അദ്ദേഹത്തെ സഹായിക്കുന്നതില്‍ നിന്ന് വിമുഖത പ്രകടിപ്പിച്ച് പിന്തിരിഞ്ഞ് കളഞ്ഞുവെന്നും, യസീദിനെ പിന്തുണച്ചുവെന്നുമെല്ലാം അവര്‍ ആരോപിച്ചു.

എന്നാല്‍ എല്ലാ മുസ്ലിം വിഭാഗങ്ങളും പൊതുവെ അംഗീകരിക്കുന്ന ആധികാരിക ചരിത്ര രേഖകള്‍ മുന്‍നിര്‍ത്തി പ്രസ്തുത സംഭവങ്ങള്‍ വായിക്കുന്ന പക്ഷം ഈ ആരോപണങ്ങളെല്ലാം ദുര്‍ബലവും, അടിസ്ഥാനരഹിതവുമാണെന്ന് ബോധ്യപ്പെടുന്നതാണ്. ഓരോ പ്രവാചകാനുചരനും പ്രസ്തുത സന്ദര്‍ഭത്തില്‍ തങ്ങളുടെ ഇജ്തിഹാദനുസരിച്ച് വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് അതുമായി ബന്ധപ്പെട്ട സത്യസന്ധമായ റിപ്പോര്‍ട്ടുകളും വിഷയാധിഷ്ഠിത പഠനങ്ങളും വ്യക്തമാക്കുന്നു. അടിസ്ഥാനപരമായ മൂന്ന് നിലപാടുകളില്‍ അവയിങ്ങനെ സംഗ്രഹിക്കാവുന്നതാണ്.

1. ഹുസൈന്റെ പ്രക്ഷോഭത്തെ പൂര്‍ണാര്‍ത്ഥത്തില്‍ നിരാകരിച്ചവര്‍

യസീദ് ബിന്‍ മുആവിയക്കെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ ഹുസൈ(റ)ന്റെ നടപടിയെ പൂര്‍ണമായും തിരസ്‌കരിച്ചവരായിരുന്നു അവര്‍. കാര്യങ്ങള്‍ തെളിയുകയും, പ്രശ്‌നങ്ങള്‍ അടങ്ങുകയും ചെയ്യുന്നത് വരെ യസീദിനെതിരെ ഇറങ്ങിത്തിരിക്കേണ്ടതില്ല എന്നായിരുന്നു അവരുടെ അഭിപ്രായം. ആവേശത്തില്‍ എടുത്ത് ചാടുന്നത് അബദ്ധമാണെന്നും, മുസ്ലിംകള്‍ക്കിടയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് വേണ്ടതെന്നും അവര്‍ നിരീക്ഷിച്ചു. അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ) അവരില്‍ പ്രമുഖനാണ്. ഹുസൈന്‍(റ) മക്കയില്‍ നിന്ന് ഇറാഖ് ലക്ഷ്യമാക്കി പുറപ്പെട്ടിരിക്കുന്നത് അറിഞ്ഞെത്തിയ ഇബ്‌നു ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞത് ഇങ്ങനെയാണ് (താങ്കള്‍ എങ്ങോട്ടാണ് പോവുന്നത്? അദ്ദേഹം പറഞ്ഞു ‘ഇറാഖ്’. അദ്ദേഹത്തിന്റെ കയ്യില്‍ കുറച്ച് പത്രങ്ങളും, രേഖകളുമുണ്ടായിരുന്നു. ഇബ്‌നു ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു ‘താങ്കളങ്ങളോട്ട് പോവരുത്’. അദ്ദേഹം പറഞ്ഞു ‘ഇത് അവരുടെ രേഖകളും ബൈഅത്തുമാണ്’. അപ്പോള്‍ ഇബ്‌നു ഉമര്‍(റ) പറഞ്ഞു ‘അല്ലാഹു തന്റെ ദൂതന് മുന്നില്‍ ഇഹലോകവും, പരലോകവും സമര്‍പിച്ചു ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ കല്‍പിച്ചു. അദ്ദേഹം പരലോകം തെരഞ്ഞെടുക്കുകയാണ് ചെയ്തത്. തീര്‍ച്ചയും നിങ്ങള്‍ അദ്ദേഹത്തില്‍ നിന്നുള്ള രക്തക്കഷ്ണമാണ്. നിങ്ങള്‍ക്ക് ഉത്തമമായതല്ലാതെ അല്ലാഹു നിങ്ങളില്‍ നിന്ന് തിരിച്ച് വിട്ടിട്ടില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക. എന്നാല്‍ അദ്ദേഹം വിസമ്മതിക്കുകയാണ് ചെയ്തത്. അതുകണ്ട് ഇബ്‌നു ഉമര്‍(റ) അദ്ദേഹത്തെ ആലിംഗനം ചെയ്തു ഇപ്രകാരം പറഞ്ഞു ‘രക്തസാക്ഷിക്ക് ഞാന്‍ യാത്രയയപ്പ് നല്‍കട്ടെ’).

About ahmad al-usmani

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *