ഇബ്‌റാഹീമിന്റെ ഹജ്ജല്ല, ജാഹിലിയ്യത്തിലേത് -2

ഇഹ്‌റാമിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞ് കഅ്ബാലയം ത്വവാഫ് ചെയ്തിരുന്നത് മക്കക്കാരും, ഖുറൈശികളും മാത്രമായിരുന്നു. മറ്റ് അറബികള്‍ -അവര്‍ തങ്ങളുടെ സഖ്യകക്ഷികളാണെങ്കില്‍ പോലും- അപ്രകാരം ചെയ്യുന്നത്

ഖുറൈശികള്‍ മോശമായി കണ്ടിരുന്നു. സബഇകള്‍, മഈനികള്‍, ഖുത്ബാനികള്‍, ഹള്‌റമികള്‍ തുടങ്ങിയവരെല്ലാം ഹിജാസുകാരെപ്പോലെ തന്നെ തങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് ചുറ്റും ത്വവാഫ് ചെയ്യാറുണ്ടായിരുന്നു.
ഖുറൈശികള്‍ ഉള്‍പെടെയുള്ള ഗോത്രങ്ങള്‍ ത്വവാഫ് നിര്‍വഹിക്കാന്‍ മറ്റുള്ളവര്‍ക്ക് വസ്ത്രം കൊടുത്തിരുന്നതിന്റെ പിന്നിലെ കാരണം വളരെ വ്യക്തമാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന വഴികളിലൊന്നായിരുന്നു ഇത്. എന്നാല്‍ അല്‍ഹില്ലഃ എന്ന് വിശേഷിപ്പിക്കപ്പെട്ട മറ്റ് ഗോത്രങ്ങള്‍ കഅ്ബാലയം നഗ്നരായി ത്വവാഫ് ചെയ്തതിന് പിന്നില്‍ മറ്റ് പല രാഷ്ട്രീയങ്ങളുമുണ്ടായിരുന്നു. വസ്ത്രം വില കൊടുത്ത് വാങ്ങാനുള്ള സാമ്പത്തിക ശേഷി അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് അതിലൊന്ന്. ഖുറൈശികളുടെ ആധിപത്യം നിരസിക്കുകയും, അവരുടെ ആനുകൂല്യങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുകയും ചെയ്യുകയെന്നതായിരുന്നു മറ്റൊരു രാഷ്ട്രീയം. ജാഹിലിയ്യത്തിന്റെ ഗോത്രപരമായ ആചാരങ്ങളും സമ്പ്രദായങ്ങളും ഊട്ടിയുറപ്പിക്കുകയെന്നതാണ് ഹജ്ജിന്റെ അടിസ്ഥാനപരമായ ലക്ഷ്യമെന്നിരിക്കെ തങ്ങളുടെ സ്ത്രീകളെ വരെ നഗ്നരായി ത്വവാഫ് ചെയ്യിക്കാന്‍ വരെ അവര്‍ തയ്യാറായിരുന്നു. ബഹുദൈവ വിശ്വാസികളുടെ ആചാരമനുസരിച്ച് ഹജ്ജിന്റെയും ഉംറയുടെയും ത്വവാഫുകള്‍ എല്ലായ്‌പ്പോഴും ആരാധനനാ മുഖത്തോട് കൂടിയുള്ളതായിരുന്നില്ല. ചില സന്ദര്‍ഭങ്ങള്‍ കോപം, വെറുപ്പ്, വിദ്വേഷം തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിക്കാനും അവരപ്രകാരം ചെയ്തിരുന്നു.
ജാഹിലിയ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും കവിതകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ശബ്ദമുയര്‍ത്തി തല്‍ബിയത്ത് ചൊല്ലിയാണ് ജാഹിലിയ്യാ അറബികള്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചിരുന്നത്. ഇബ്‌റാഹീമിയന്‍ ഹജ്ജുമായി ബന്ധപ്പെട്ട സവിശേഷ തല്‍ബിയത്ത് ജാഹിലിയ്യ ഹജ്ജിനുണ്ടായിരുന്നില്ല. മറിച്ച് തങ്ങളുടെ ബഹുദൈവവിശ്വാസത്തിന് യോജിച്ച വിധത്തില്‍ അവര്‍ തല്‍ബിയത്തില്‍ കൈകടത്തലുകള്‍ നടത്തി. അങ്ങനെയാണ് (നാഥാ, നിനക്ക് ഉത്തരം നല്‍കിയിരിക്കുന്നു. നീ ഉടമപ്പെടുത്തിയ പങ്കുകാരല്ലാതെ മറ്റൊരു പങ്കാളിയും നിനക്കില്ല).
ദൈവത്തിന് പങ്കുകാരുണ്ടെന്ന മക്കയിലെ ബഹുദൈവ വിശ്വാസികളുടെ വിശ്വാസം ഈ തല്‍ബിയത്തില്‍ വ്യക്തമാണ്. അവരുടെ വിശ്വാസത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു (അവരില്‍ ഭൂരിഭാഗവും ദൈവത്തില്‍ പങ്കുചേര്‍ക്കുന്നവരായല്ലാതെ വിശ്വസിക്കുകയില്ല). യൂസുഫ് 106
നിസാര്‍ ഗോത്രക്കാരുടെ തല്‍ബിയത്തായിരുന്നു ഇതെന്നാണ് പ്രമുഖ ചരിത്രകാരനായ ഇബ്‌നുകല്‍ബി സൂചിപ്പിക്കുന്നത്. എന്നാല്‍ ഖുറൈശികളുടേതായിരുന്നു ഇതെന്ന് ഇബ്‌നു ഇസ്ഹാഖ് അഭിപ്രായപ്പെടുന്നു. എന്നാല്‍ ജാഹിലിയ്യത്തിലെ എല്ലാ ബഹുദൈവവിശ്വാസികളുടെയും തല്‍ബിയത്ത് ഇത് തന്നെയായിരുന്നുവെന്നാണ് അസ്‌റഖിയുടെ നിരീക്ഷണം. ഓരോ വിഗ്രഹത്തിന്റെയും ആരാധകര്‍ക്ക് വ്യത്യസ്തമായ തല്‍ബിയത്തുകളുണ്ടായിരുന്നു. ലാത്ത, ഉസ്സ, മനാതഃ, ഹുബല്‍, ദൂഖല്‍സ്വഃ, ദൂകഫൈന്‍, ജഹാര്‍, മുറഹ്ഹബ്, നസ്‌റ്, യഊഖ്, വുദ്ദ്, യഗൂഥ് തുടങ്ങിയ വിഗ്രഹങ്ങള്‍ക്കെല്ലാം സവിശേഷമായ തല്‍ബിയതുകളുണ്ടായിരുന്നുവെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.
ഇസ്ലാം അവശേഷിപ്പിച്ച മതപ്രതീകങ്ങളില്‍ ഒന്നാണ് തല്‍ബിയത്. എന്നാല്‍ ഏകദൈവ വിശ്വാസത്തിന് യോജിച്ച വിധത്തില്‍ പിന്നീട് അതിന്റെ ഘടനയിലും പ്രയോഗത്തിലും മാറ്റം വരുത്തുകയുണ്ടായി. ഇസ്ലാം സമര്‍പിച്ച തല്‍ബിയതിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ് (നാഥാ, നിനക്ക് ഞങ്ങള്‍ ഉത്തരം നല്‍കിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. തീര്‍ച്ചയായും സര്‍വസ്തുതിയും, അനുഗ്രഹവും, അധികാരവും നിനക്ക് മാത്രമാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ല).
മക്കയിലെ ഹജ്ജിന്റെ സുപ്രധാന ഘടകമാക്കി ഇസ്ലാം തല്‍ബിയത്തിനെ മാറ്റി. മുമ്പ് മക്കക്ക് പുറത്ത് വെച്ച് തന്നെ തല്‍ബിയത്ത് പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. ഓരോ ഗോത്രക്കാരും തങ്ങളുടെ വിഗ്രഹത്തിന്റെ മുന്നില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷം മക്കയില്‍ എത്തുന്നതിന് മുമ്പ് തന്നെ തല്‍ബിയത്ത് ചൊല്ലുകയായിരുന്നു പതിവ്. ഈ സമ്പ്രദായം ഇസ്ലാം റദ്ദാക്കുകയാണ് ചെയ്തത്.
ചുരുക്കത്തില്‍ ബഹുദൈവവിശ്വാസത്തിന്റെയും ഗോത്രപരമായ ദുരഭിമാനത്തിന്റെയും മിശ്രിതമായിരുന്നു ജാഹിലിയ്യാ ഹജ്ജ് എന്ന് സാരം. കൂടാതെ അതിന് പിന്നില്‍ കച്ചവട താല്‍പര്യങ്ങളും, രാഷ്ട്രീയവും ദേശീയവുമായ ലക്ഷ്യങ്ങളുമുണ്ടായിരുന്നു. അതിനാല്‍ തന്നെ എല്ലാ ഗോത്രങ്ങളും ത്വവാഫിനിടയില്‍ ഇക്കാര്യങ്ങളെല്ലാം പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേക്കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം അരുള്‍ ചെയ്തത്. (ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്‍ഥന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതൊന്നുമല്ല. അതിനാല്‍ നിങ്ങള്‍ സത്യനിഷേധം സ്വീകരിച്ചതിന്റെ ശിക്ഷ അനുഭവിച്ച്‌കൊള്ളുക). അല്‍അന്‍ഫാല്‍ 35.

 

About muhammad sharqawi

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *